ഭാഗ്യം! ബീഫ് കഴിക്കാനുള്ള അനുമതി കുമ്മനം രാജശേഖരൻജി കേരളീയർക്കു നൽകി

33

ധനകാര്യമന്ത്രി തോമസ് ഐസക്കിന്റെ ഫേസ്ബുക് പോസ്റ്റ്

ഭാഗ്യം! ബീഫ് കഴിക്കാനുള്ള അനുമതി കുമ്മനം രാജശേഖരൻജി കേരളീയർക്കു നൽകി. ഇനി നമുക്കാവശ്യം ചോറു കഴിക്കാനും വെള്ളം കുടിക്കാനും ശ്വസിക്കാനുമുള്ള അനുവാദമാണ്. അതിനുള്ള സ്വാതന്ത്ര്യവും കേരളീയർക്കുണ്ടെന്ന് താമസംവിനാ അദ്ദേഹം ഉത്തരവു പുറപ്പെടുവിക്കുമായിരിക്കും. നമ്മുടെ ഭാഗ്യമെന്നല്ലാതെ എന്തു പറയാൻ?

അടിച്ച വഴിയേ ഓടിയില്ലെങ്കിൽ ഓടിയ വഴിയേ അടിക്കുക എന്നൊരു ചൊല്ലുണ്ട്. അതാണിപ്പോൾ കുമ്മനവും സംഘവും ചെയ്യുന്നത്. നാഗപ്പൂരിലെ കാര്യാലയത്തിൽ തയ്യാറാക്കിയ മെനു കേരളീയർക്ക് നിർബന്ധമാക്കാൻ അവർ ഒരുപാടു കഷ്ടപ്പെട്ടതാണ്. പക്ഷേ, ഫലമൊന്നുണ്ടായില്ല. എന്താണ് കേരളമെന്ന് സംഘപരിവാറിന് നന്നായി മനസിലായി. ഉത്തരേന്ത്യയിലെ അടുക്കള പരിശോധനയും ബീഫ് കണ്ടാൽ വീട്ടുകാരെ തല്ലിക്കൊല്ലലുമൊന്നും കേരളത്തിൽ നടക്കില്ലെന്ന് അനുഭവത്തിൽ ബോധ്യപ്പെട്ടു. അങ്ങനെയാണ് ബീഫിന്റെ കാര്യത്തിൽ കേരളീയർക്കു മാത്രമായി ഇളവു നൽകാൻ ബിജെപി നിർബന്ധിതമായത്.

May be an image of 1 person and text that says "സംഘപരിവാർ ഫാസിസത്തിന് കേരളമാണ് മറുപടി എന്ന് ഇന്ത്യയ്ക്ക് ഒരിക്കൽക്കൂടി ബോധ്യമാവുകയാണ്. ഇന്ത്യയിലെമ്പാടും ഗോവധ നിരോധനത്തിൻ്റെ പേരിൽ കലാപവും കൊലപാതകങ്ങളും നടത്തുന്ന ബിജെപിയ്ക്ക് കേരളത്തിൽ ആ ആവശ്യം ഉന്നയിക്കാൻ ധൈര്യമില്ല. എന്നു മാത്രമല്ല, പരസ്യമായി അതു സമ്മതിച്ച് പിൻമാറുകയും ചെയ്യുന്നു."ബീഫ് ഉലര്‍ത്തിന്റെ ചിത്രം പാചകക്കൂട്ടു സഹിതം കേരള ടൂറീസം ട്വിറ്റര്‍ പേജില്‍ പോസ്റ്റ് ചെയ്തപ്പോഴുണ്ടായ കോലാഹലം ഓർമ്മയില്ലേ. എന്തെല്ലാം ബഹളമായിരുന്നു. കേരളത്തിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ സംസ്ഥാനത്തെ ഹിന്ദുക്കള്‍ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ് എന്നു പറഞ്ഞായിരുന്നു കര്‍ണാടക ബിജെപി ജനറല്‍ സെക്രട്ടറി ശോഭ കരണ്‍ദ്‌ലജെ പടയ്ക്കിറങ്ങിയത്. കുമ്മനം രാജശേഖരൻ അക്കാലത്ത് മൌനവ്രതത്തിലായിരുന്നു.

സംഘപരിവാർ ഫാസിസത്തിന് കേരളമാണ് മറുപടി എന്ന് ഇന്ത്യയ്ക്ക് ഒരിക്കൽക്കൂടി ബോധ്യമാവുകയാണ്. ഇന്ത്യയിലെമ്പാടും ഗോവധ നിരോധനത്തിന്റെ പേരിൽ കലാപവും കൊലപാതകങ്ങളും നടത്തുന്ന ബിജെപിയ്ക്ക് കേരളത്തിൽ ആ ആവശ്യം ഉന്നയിക്കാൻ ധൈര്യമില്ല. എന്നു മാത്രമല്ല, പരസ്യമായി അതു സമ്മതിച്ച് പിന്മാറുകയും ചെയ്യുന്നു. പൊറോട്ടയും ബീഫും മൂക്കുമുട്ടെ തട്ടുന്നവരാണ് കേരളത്തിലെ മഹാഭൂരിപക്ഷം ബിജെപി പ്രവർത്തകരും എന്ന് ആർക്കാണ് അറിയാത്തത്? ആർഎസ്എസുകാർ പോലും നാഗപ്പൂരിലെ മെനു തിരസ്കരിച്ച നാടാണ് കേരളം.

ഇപ്പോഴെന്താ സ്ഥിതി? കേരളീയർ ബീഫ് കഴിക്കുന്നതിൽ ബിജെപിയ്ക്ക് പ്രശ്നമില്ല, പക്ഷേ, ഇന്ത്യയിൽ മറ്റാരെയും കഴിക്കാൻ അനുവദിക്കില്ല. ഇതെന്തു നിലപാടാണ്. മുൻ കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനത്തിന്റെ പ്രസ്താവനയാണ് ഇതു കേട്ടപ്പോൾ എനിക്കോർമ്മ വന്നത്. വിനോദസഞ്ചാരികള്‍ സ്വന്തം രാജ്യത്ത് നിന്ന് ബീഫ് കഴിച്ചിട്ട് ഇന്ത്യയിലേക്ക് വന്നാല്‍ മതിയെന്ന് അദ്ദേഹം ഒരിക്കൽ ഉപദേശിച്ചിരുന്നു.കുമ്മനം രാജശേഖരന്റെ പുതിയ പ്രസ്താവനയുടെ പശ്ചാത്തലത്തിൽ കണ്ണന്താനം നിലപാട് ഇങ്ങനെ തിരുത്തുമായിരിക്കും: ബീഫ് കഴിക്കണമെന്നുള്ള വിനോദ സഞ്ചാരികൾക്ക് ഇനി കേരളത്തിലേയ്ക്ക് വരാം. ഇവിടെ വന്ന് ബീഫ് കഴിച്ച ശേഷം മറ്റു സ്ഥലങ്ങളിലേയ്ക്ക് സഞ്ചരിക്കാം.സംഘപരിവാറിന്റെ ആജ്ഞകൾക്ക് കീഴടങ്ങുന്ന നാടല്ല കേരളം എന്ന സന്ദേശം കുമ്മനം രാജശേഖരന്റെ നാവിൽ നിന്നു തന്നെ ഇന്ത്യയ്ക്കു ലഭിക്കുന്നു എന്നത് ചെറിയ കാര്യമല്ല.