എഞ്ചിനീയർ ദമ്പതിമാരുടെ പരിസ്ഥിതി സൗഹാർദ്ദ ഉത്പന്നങ്ങൾ

97
Dr.T.M Thomas Isaac
ശരണ്യയും ദേവകുമാറും എഞ്ചിനീയർമാരാണ്. ഇരുവർക്കും ഗൾഫിലായിരുന്നു ജോലി. ശരണ്യ ഒരു വാട്ടർ പ്രൂഫിംഗ് കമ്പനിയിലും ദേവകുമാർ ടെലികോം കമ്പനിയിലും. പക്ഷെ, ഇപ്പോൾ തൊഴിൽ പാള പാത്രങ്ങൾ ഉണ്ടാക്കലാണ്.
നിവർത്തികേടുകൊണ്ടല്ല. വിവാഹം കഴിഞ്ഞപ്പോൾ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിൽ തൊഴിൽ തുടങ്ങുന്നതിനെക്കുറിച്ചായി ആലോചന. വലിയ ആദർശ സ്വപ്നങ്ങളായിരുന്നു. തങ്ങളുടെ സംരംഭം പ്രകൃതിയോട് ഇണങ്ങിയതാകണം. നാട്ടുകാർക്ക് തൊഴിൽ നൽകണം. നാട്ടിലെ വിഭവങ്ങളിൽ മൂല്യവർദ്ധനവരുത്തണം. അങ്ങനെയാണ് പാപ്ല (PAPLA) എന്ന സ്റ്റാർട്ട് അപ്പ് കമ്പനിയിൽ എത്തിച്ചേർന്നത്.
ദേവകുമാറിന്റെ വീട് മടിക്കൈയിലാണ്. അതുകൊണ്ട് ഫാക്ടറിക്ക് സ്ഥലം കണ്ടെത്തിയത് നീലേശ്വരത്താണ്. കാസർഗോഡ് സുലഭമായ വിഭവമാണ് കവുങ്ങിൻ പാള. അതുകൊണ്ട് പാളകൊണ്ട് പ്ലേറ്റ്, സ്പൂൺ, തൊപ്പി, ബാഡ്ജ് തുടങ്ങിയ ഉൽപ്പന്നങ്ങളാണ് ഉണ്ടാക്കുകയാണ് സംരംഭം. പാളക്ക് ആകൃതി നൽകാൻ യന്ത്ര അച്ചുകൾ ഉപയോഗപ്പെടുത്തുന്നു. വായ്പയടക്കം ഏതാണ്ട് 20ലക്ഷം രൂപ ഇതുവരെ മുതൽമുടക്കിയിട്ടുണ്ട്. ബാലാരിഷ്ടതകൾ ഏറെയുണ്ട്. കപ്പാസിറ്റി മുഴുവൻ ഉപയോഗിക്കാൻ കഴിയുന്നില്ല. ഓർഡറുകൾ കൂടുതൽ ലഭിക്കണം. തുടക്കത്തിൽ ഇങ്ങനെയൊക്കേയാകൂ എന്ന സമാധാനത്തിലാണ് ഇരുവരും. തികഞ്ഞ ശുഭാപ്തി വിശ്വാസികൾ. കൂടുതൽ പ്രകൃതിസൗഹൃദ ബദൽ ഉൽപ്പന്നങ്ങൾക്ക് രൂപം കൊടുക്കാനുള്ള ഒരുക്കത്തിലാണ് പാപ്ല. പ്ലാസ്റ്റിക് നിരോധനം ഇത്തരം ബദൽ ഉൽപ്പന്നങ്ങളുടെ ആവശ്യം വർദ്ധിപ്പിക്കുമെന്ന് തീർച്ചയാണല്ലോ.
തിരുവനന്തപുരത്തെ ഹരിതസംഗമം 2020ലാണ് ഇരുവരെയും പരിചയപ്പെടുന്നത്. പ്ലേറ്റിന്റെ വില ഒരു പ്രശ്നമാണെന്നു തോന്നി. ചോറ് വിളമ്പാവുന്ന ഒരു പ്ലേറ്റിന് 10 രൂപ വില വരും. ഇപ്പോൾ ഒറ്റത്തവണയേ ഉപയോഗിക്കുന്നുള്ളൂ. ഇത് പല തവണയാക്കാൻ കഴിയണം. തടസ്സം, പാളയുടെ വിടവുകളിലെല്ലാം ഭക്ഷ്യാവശിഷ്ടങ്ങൾ പറ്റിപ്പിടിച്ചിരിക്കും എന്നുള്ളതാണ്. ഇതിനൊരു പ്രതിവിധി ഇല പ്ലേറ്റും പാള പ്ലേറ്റും സംയോജിപ്പിക്കുകയായിരിക്കില്ലേ? ഇലകൊണ്ടുള്ള ഒരു പ്ലേറ്റിന് ഒരു രൂപയേ വില വരൂ. പക്ഷെ, ചോറും മറ്റും ഇതിൽ വിളമ്പാൻ പ്രയാസമാണ്. പാള പ്ലേറ്റിൽ ഇല പ്ലേറ്റ് വിതാനിക്കുക. ഭക്ഷണം കഴിഞ്ഞാൽ ഇലപ്ലേറ്റ് കളയുക. പാള പ്ലേറ്റ് കഴുകി പുനരുപയോഗിക്കാം. അഞ്ചോ, ആറോ തവണ ഉപയോഗിക്കുന്നതിന് ഒരു പ്രയാസവുമുണ്ടാവില്ല. അപ്പോൾ ഒരു വിളമ്പലിന് 2-3 രൂപയേ ചെലവു വരൂ.
ചിലർക്ക് ഒരു ധാരണയുണ്ട്. പ്രകൃതിസൗഹൃദ ബദൽ ഉൽപ്പന്നങ്ങൾ മറ്റു തൊഴിലൊന്നും ഇല്ലാത്തവരുടെ ഉപജീവന പണിയാണെന്ന്. ഈ ധാരണയെ തിരുത്തുകയാണ് ഹരിതസംഗമത്തിലെ ഒട്ടനവധി അഭ്യസ്തവിദ്യരായ യുവസംരംഭകർ.
Advertisements