ലോകസമ്പദ്ഘടനകൾ തകർച്ചയിലേയ്ക്ക്, എന്നാൽ ലോകമെമ്പാടും ഓഹരിവിലകൾ മുകളിലേയ്ക്ക്, എന്തുകൊണ്ട്?

0
99

Dr.T.M Thomas Isaac

ലോകസമ്പദ്ഘടനകൾ തകർച്ചയിലേയ്ക്ക്, എന്നാൽ ലോകമെമ്പാടും ഓഹരിവിലകൾ മുകളിലേയ്ക്ക്. എന്തുകൊണ്ട്?

രോഗവ്യാപനത്തിന്റെ ആദ്യഘട്ടത്തിൽ ഓഹരിവിലകൾ ഇടിഞ്ഞതിനു വിശദീകരണം ആവശ്യമില്ല. എന്നാൽ മെയ് മാസത്തിൽ ഓഹരിവിലകൾ ഉയർന്നുതുടങ്ങി. ഇപ്പോൾ ജൂൺ അവസാനിക്കുമ്പോൾ പല രാജ്യങ്ങളിലും ജനുവരി മാസത്തെ നിലയിലേയ്ക്ക് ഉയർന്നു കഴിഞ്ഞു. ഇന്ത്യയിലും ഈ പ്രവണത വളരെ ദൃശ്യമാണ്. ഇതിനു കാരണമെന്ത്?

വികസിത രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകളെല്ലാം വലിയ തോതിൽ പണം അച്ചടിച്ച് ഇറക്കിക്കൊണ്ടിരിക്കുകയാണ്. സാധാരണക്കാർക്കു മാത്രമല്ല, കമ്പനികൾ ഇറക്കുന്ന ബോണ്ടുകൾ വാങ്ങി അവരെയും വലിയ തോതിൽ സഹായിക്കുന്നുണ്ട്. കമ്പനികൾക്കും മറ്റും കിട്ടുന്ന ഭീമമായ പണം അവരുടെ രാജ്യത്ത് മുതൽ മുടക്കുന്നില്ല. ഓഹരി കമ്പോളത്തിലേയ്ക്കാണ് പോകുന്നത്. ഇതിനു പുറമേ കൂടുതൽ സുരക്ഷിതത്വം തോന്നുന്ന വികസ്വര രാജ്യങ്ങളിലെ ഷെയർ മാർക്കറ്റ് പോലുള്ള കമ്പോളങ്ങളിൽ നിക്ഷേപിക്കുന്നു. ഇങ്ങനെ വലിയ തോതിൽ വിദേശമൂലധനം ഇന്ത്യയിലേയ്ക്ക് ഈ കാലയളവിൽ ഒഴുകിയെത്തുന്നതുമൂലമാണ് നമ്മുടെ വിദേശനാണയ ശേഖരം 500 ബില്യൺ ഡോളർ കവിഞ്ഞത്.

ഇന്ത്യാ സർക്കാരാവട്ടെ ഈ വിദേശനാണയ ശേഖരം ഈടുവച്ച് വിദേശത്തു നിന്നും വായ്പകൾ എടുക്കുന്നുണ്ട്. ഇതുവഴിയും ഇന്ത്യയിലേയ്ക്ക് ഡോളർ ഒഴുകുന്നുണ്ട്. ഇതും വിദേശ നിക്ഷേപകർക്ക് ഇന്ത്യയിൽ മുതൽമുടക്കുന്നതിന് സുരക്ഷിതബോധം നൽകുന്നു. ഇങ്ങനെ ഇവർ ഷെയർ മാർക്കറ്റിൽ മുതൽ മുടക്കുന്നതുകൊണ്ടാണ് ഷെയർ വില ഉയർന്നുകൊണ്ടിരിക്കുന്നത്.