ലോകത്ത് ഏറ്റവും വലിയ സാമ്പത്തിക തകർച്ച നേരിടുന്ന രാജ്യമാണ് ഇന്ത്യ

52

Dr.T.M Thomas Isaac

ലോകത്ത് ഏറ്റവും വലിയ സാമ്പത്തിക തകർച്ച നേരിടുന്ന രാജ്യമാണ് ഇന്ത്യ. ഈ ധനകാര്യ വർഷത്തിന്റെ ആദ്യപാദത്തിൽ ഇന്ത്യയിലെ സാമ്പത്തിക വരുമാനം 24 ശതമാനമാണ് ഇടിഞ്ഞത്. എന്തുകൊണ്ട്?ഇത് അടിവരയിടുന്നത് നമ്മുടെ ഉത്തേജകപാക്കേജിന്റെ ദൗർബല്യത്തിലേയ്ക്കാണ്. ഇന്ത്യയുടെ 21 ലക്ഷം കോടി രൂപയുടെ പാക്കേജ് മുഖ്യമായും ബാങ്കുകളിൽ നിന്നുള്ള വായ്പയെ അടിസ്ഥാനമാക്കിയുള്ളതാണ്. ബാങ്കുകളാണെങ്കിൽ വായ്പ നൽകാനുള്ള മൂഡിലല്ല. കൂടുതൽ വായ്പകൾ നൽകുന്നത് എങ്ങനെ ഒഴിവാക്കാം? കുടിശികയായ വായ്പകൾ ഇനിയും മൊറട്ടോറിയം നൽകാതെ എങ്ങനെ തിരിച്ചുപിടിക്കാം അതാണ് അവരുടെ ചിന്ത. അതുകൊണ്ട് ഉത്തേജക പാക്കേജ് പ്രായോഗികമായിട്ടില്ല. ഫലമോ ?

കെട്ടിട നിർമ്മാണമേഖലയിൽ 50 ശതമാനമാണ് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വളർച്ചയിടിഞ്ഞത്. വ്യാപാരം, ഹോട്ടൽ തുടങ്ങിയ മേഖലകളുടെ 47 ശതമാനം, മാനുഫാക്ച്ചറിംഗ് വ്യവസായത്തിൽ 39 ശതമാനം, പൊതുഭരണ, വൈദ്യുതി, ധനകാര്യ മേഖല തുടങ്ങിയ രംഗങ്ങളിൽ 10 ശതമാനത്തിൽ താഴെയേ ഇടിവുണ്ടായിട്ടുള്ളൂ. കാർഷിക മേഖലയിൽ മാത്രമാണ് പച്ചപ്പ്. 3.4 ശതമാനം വളർച്ചയുണ്ടായിട്ടുണ്ട്.അമേരിക്കയിൽ 33 ശതമാനം സാമ്പത്തിക തകർച്ചയുണ്ടായി. ബാക്കി ഏതാണ്ട് എല്ലാ വികസിത രാജ്യങ്ങളും 10 ശതമാനത്തിനും 20 ശതമാനത്തിനും ഇടയ്ക്കാണ് തകർച്ച. ചൈനയും വിയറ്റ്നാമും മാത്രമാണ് വേറിട്ടു നിൽക്കുന്നത്. ഈ രണ്ട് രാജ്യങ്ങളിലും 3 ശതമാനത്തോളം വളർച്ച ഉണ്ടായിട്ടുണ്ട്.ഇങ്ങനത്തെയൊരു സാഹചര്യത്തിൽ സാമ്പത്തിക ഉത്തേജനത്തിന് സർക്കാർ ചെലവുകൾ ഉയർത്തണമെന്നാണ് സാമ്പത്തിക ശാസ്ത്രം പഠിപ്പിക്കുന്നത്. എന്നാൽ ഇന്ത്യാ സർക്കാർ സംസ്ഥാനങ്ങളെക്കൊണ്ട് ചെലവ് ചുരുക്കിക്കാൻ ഇറങ്ങിത്തിരിച്ചിരിക്കുകയാണ്. സംസ്ഥാനങ്ങളെല്ലാം ബജറ്റ് തയ്യാറാക്കിയിട്ടുള്ളത് ജി.എസ്.ടി വരുമാനത്തിൽ 14 ശതമാനം വർദ്ധനവ് ഉണ്ടാകുമെന്ന അനുമാനത്തിലാണ്.

എന്നാൽ ഈ വർഷം ജി.എസ്.ടി വളരില്ലെന്നു മാത്രമല്ല, 30 ശതമാനമെങ്കിലും കുറയും. എന്നുവച്ചാൽ 2.3 ലക്ഷം കോടി രൂപ നഷ്ടപരിഹാരം നൽകണം. എങ്കിലേ ബജറ്റിൽപ്പറഞ്ഞ കാര്യങ്ങൾ ചെയ്യാൻ കഴിയൂ. പക്ഷെ, ഇന്ത്യാ സർക്കാർ പറയുന്നത് കോവിഡുമൂലമുള്ള നഷ്ടം തരാൻ പറ്റില്ല. അത് ദൈവത്തിന്റെ വികൃതിയാണ്. അങ്ങനെയുള്ളവയ്ക്കൊക്കെ നഷ്ടപരിഹാരം നൽകാൻ നിയമത്തിൽ വകുപ്പില്ല പോലും.അപ്പോൾ സംസ്ഥാന സർക്കാരുകൾ എന്തു ചെയ്യണം? അവർ ചെലവു ചുരുക്കണം. മാന്ദ്യകാലത്ത് ഈ തലതിരിഞ്ഞ നയവുമായി മുന്നോട്ടുപോയാൽ ഈ സാമ്പത്തിക തകർച്ച അടുത്ത പാദത്തിലും തുടരും.