സവാള വിഷയത്തിൽ പൊതുവിതരണ വകുപ്പ് മന്ത്രിയെ കളിയാക്കാൻ വരട്ടെ

0
99

Dr.T.M Thomas Isaac

സവാള വിലക്കയറ്റം തടയാൻ 75 ടൺ സവാള നാഫെഡ് വഴി വാങ്ങി ന്യായവിലയ്ക്ക് വിൽക്കുന്നൂവെന്ന് കൃഷി മന്ത്രിയും പൊതുവിതരണ വകുപ്പ് മന്ത്രിയും പറഞ്ഞതിനെ ചിലർ കളിയാക്കുന്നത് വായിച്ചു.75 ടൺ സവാള എന്നു പറഞ്ഞാൽ അത് 75000 കിലോഗ്രാം മാത്രമാണ്. അതായത് ഒരു പഞ്ചായത്തിന് ശരാശരി 75 കിലോ. ഒരു വാർഡിന് ചുരുങ്ങിയത് ഒരു ടൺ സവാള ആവശ്യമായി വരുമത്രേ. എന്നുവച്ചാൽ ഒരാഴ്ചത്തേയ്ക്ക് 25000 ടൺ. അവിടെയാണ് വെറും 75 ടണ്ണുമായി ഒരു സംസ്ഥാന സർക്കാർ വിലക്കയറ്റം പിടിച്ചു നിർത്താൻ വരുന്നത്. അതായത് മാർക്കറ്റ് ഡിമാന്റിന്റെ വെറും 0.3 ശതമാനം. ബാക്കി 99.7 ശതമാനം കരിഞ്ചന്തക്കാരുടെ കൈയ്യിൽ. ഇങ്ങനെ പോകുന്നു സാമ്പത്തിക ശാസ്ത്ര വിശകലനം.

With eye on 2019, BJP govt in Maha woos onion growers | India News,The  Indian Expressബിഎയ്ക്ക് പഠിക്കുന്ന ഒരു സാമ്പത്തികശാസ്ത്ര വിദ്യാർത്ഥിയോട് ചോദിച്ചാൽ മേൽപ്പറഞ്ഞതിന്റെ വിഡ്ഢിത്തം അവർ വിശദീകരിച്ചുതരും. ഡിമാന്റ് രേഖയും സപ്ലൈ രേഖയും മുട്ടുന്നിടത്താണ് വില വീഴുക. മാർജിനൽ ഡിമാന്റും മാർജിനൽ സപ്ലൈയുമാണ് വില നിശ്ചയിക്കുക. അല്ലാതെ മൊത്തം സപ്ലൈയും മൊത്തം ഡിമാന്റും അല്ല. 75 ടണ്ണേ വാങ്ങുന്നുള്ളൂവെങ്കിലും അത് സപ്ലൈ കർവിനെ വലത്തോട്ടു നീക്കും. വില കുറയും. പക്ഷെ, ഇനിയും ഇറക്കുമതി ചെയ്യേണ്ടിവരും. ആര് പറഞ്ഞു ഒരു പ്രാവശ്യം 75 ടൺ ഇറക്കുമതി ചെയ്യുന്നതുകൊണ്ട് സവാള വാങ്ങൽ നിർത്തുമെന്ന്?

കേരളത്തിലെ മുഴുവൻ ആളുകൾക്കും സവാള വാങ്ങിക്കൊടുത്താലേ വില താഴുകയുള്ളൂവെന്നൊക്കെയുള്ള പമ്പരവിഡ്ഢിത്തം വിളമ്പല്ലേ. ഇന്ത്യയിൽ ഭക്ഷ്യവിലക്കയറ്റം രൂക്ഷമാണ്. 7 – 10 ശതമാനം വീതം ചില്ലറ ഭക്ഷ്യവില ഉയരുന്നുണ്ട്. പക്ഷെ, കേരളത്തിൽ എന്തുകൊണ്ട് ഈ കഴിഞ്ഞ 5 വർഷക്കാലത്തിനിടയിൽ ഒരിക്കൽപ്പോലും പ്രതിപക്ഷത്തിന് വിലക്കയറ്റത്തെക്കുറിച്ച് ഒരു അടിയന്തരപ്രമേയംപോലും അവതരിപ്പിക്കാൻ കഴിയാതെ പോയി എന്നതിനെക്കുറിച്ച് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അതിന്റെ മുഖ്യകാരണം ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പിന്റെ കാര്യക്ഷമമായ കമ്പോള ഇടപെടലാണ്. കേരളത്തിലുള്ള മുഴുവൻ ആളുകൾക്കും ആവശ്യമായ ഭക്ഷ്യോൽപ്പന്നങ്ങൾ സിവിൽ സപ്ലൈസ് വാങ്ങിക്കൊടുത്തതു കൊണ്ടല്ലല്ലോ. കമ്പോള ഇടപെടൽ എന്നു പറഞ്ഞാൽ നാട്ടിൽ ആവശ്യമുള്ള മുഴുവൻ ഭക്ഷ്യസാധനങ്ങളും സർക്കാർ നേരിട്ടു വാങ്ങി നൽകൽ അല്ല. വില താഴ്ത്താൻ മാർജിനിലുള്ള ഇടപെടലാണ്.

തൊഴിലും വരുമാനവും ഒന്നും ഇല്ലാത്ത ഇക്കാലത്ത് വിലക്കയറ്റംകൂടി ഉണ്ടായാലുള്ള സ്ഥിതി എന്താണ്? അതുകൊണ്ടാണ് പണത്തിനു വലിയ ബുദ്ധിമുട്ടുണ്ടെങ്കിലും എല്ലാ മാസവും എല്ലാവർക്കും കിറ്റ് നൽകാൻ 100 ഇന പരിപാടിയുടെ ഭാഗമായി തീരുമാനിച്ചത്. സെപ്തംബർ മാസത്തെ കിറ്റ് വിതരണം പൂർത്തിയായി. ഒക്ടോബറിലെ വിതരണം 26 മുതൽ ആരംഭിക്കും. ഒരു പരാതി എവിടെ നിന്നെങ്കിലും ഉണ്ടായോ? ഇതിന് ജനങ്ങൾ നൽകുന്ന വലിയ അംഗീകാരം മനസ്സിലാക്കിയാണ് ഓണക്കാലത്ത് ചില പോരായ്മകൾ പർവ്വതീകരിച്ച് ഈ ഇടപെടലിനെയാകെ താറടിക്കാൻ ചിലർ ശ്രമിച്ചത്. സെപ്തംബർ മാസത്തിൽ ഇതിനുള്ള ഒരവസരവും സൃഷ്ടിച്ചില്ല.

എങ്ങനെ? ടെണ്ടറിൽ മാനുഫാക്ച്ചറേഴ്സിനെ മാത്രമേ പങ്കെടുക്കാൻ അനുവാദം നൽകിയുള്ളൂ. ഡീലേഴ്സിനെ എല്ലാം ഒഴിവാക്കി. അതോടൊപ്പം പയർ തുടങ്ങി സംസ്കരണം ആവശ്യമില്ലാത്ത ഉൽപ്പന്നങ്ങളാവട്ടെ നാഫെഡ് വഴി അഖിലേന്ത്യാടിസ്ഥാനത്തിൽ ടെണ്ടർ വിളിച്ചാണ് വാങ്ങിയത്. ഇത്തവണ ചെറുപയർ വാങ്ങിയത് രാജസ്ഥാനിൽ നിന്നാണ്. ഇതുപോലെ ഓരോ ഉൽപ്പന്നവും.
സവാള വാങ്ങിയതും നാഫെഡ് വഴിയാണ്. ഇപ്പോൾ 75 ടൺ എത്തി. വില താഴ്ത്താൻ എത്ര വേണമോ അത് ഇനിയും ഇറക്കുമതി ചെയ്യും. ആഴ്ചതോറും 25000 ടൺ വാങ്ങാതെ വില താഴ്ത്തുന്ന വിദ്യ അനുഭവത്തിൽ നിന്നും പഠിച്ചോളൂ.