
മെയ് 17 വെള്ളിയാഴ്ച ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ച് തുറന്നത് കേരള മുഖ്യമന്ത്രി പിണറായി വിജയൻ മണി മുഴക്കിയതോടെയാണ്. പല സ്റ്റോക്ക് എക്സ്ചേഞ്ചുകളിലും ഏതെങ്കിലും വ്യക്തിയെയോ സ്ഥാപനങ്ങളെയോ ആദരിക്കുന്നത് അവരെ വ്യാപാര മുഹൂർത്തത്തിന് മണി മുഴക്കാൻ ക്ഷണിച്ചുകൊണ്ടാണ്. ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിലെ മാർക്കറ്റ് ഓപ്പണിംഗ് ചടങ്ങ് പ്രസിദ്ധമാണ്. അപൂർവ ബഹുമതിയാണത്. അതു വഴി തുറക്കപ്പെടുന്ന കമ്പനിയ്ക്ക് പ്രചാരണം ലഭിക്കുന്നതും കൂടുതൽ നിക്ഷേപകരുമായി ബന്ധപ്പെടുന്നതും എളുപ്പമാണ്. ആദ്യമായിട്ടാണ് ഇന്ത്യയിലെ ഒരു മുഖ്യമന്ത്രി ലണ്ടൻ മാർക്കറ്റ് ഓപ്പണിംഗ് ചടങ്ങിലേയ്ക്ക് ക്ഷണിക്കപ്പെടുന്നത്.
കൃത്യം 7.40ന് മുഖ്യമന്ത്രി പിണറായി വിജയൻ്റെ നേതൃത്വത്തിലുള്ള കേരള പ്രതിനിധി സംഘം സ്റ്റോക്ക് എക്സ്ചേഞ്ചിലെത്തി. എക്സ്ചേഞ്ച് അധികൃതരും നമ്മുടെ ഏജൻ്റ് ബാങ്കായ സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്കിൻ്റെയും ആക്സിസ് ബാങ്കിൻ്റെയും പ്രതിനിധികളും ചേർന്ന് കേരള സംഘത്തെ വിഐപി സ്യൂട്ടിലേയ്ക്ക് വരവേറ്റു.
കൃത്യം 7.58ന് മുഹൂർത്തച്ചടങ്ങിനു വേണ്ടി സ്റ്റോക്ക് എക്സ്ചേഞ്ചിലെ ബാൽക്കണിയിലേയ്ക്ക് സംഘത്തെ കൊണ്ടുപോയി. അവിടെ നിന്നുള്ള കാഴ്ച എന്നെ അത്ഭുതപ്പെടുത്തി. താഴത്തെ പിറ്റിൽ ബ്രോക്കർമാരുടെയോ ഇടപാടുകാരുടെയോ ബഹളമേയില്ല. ആകെയുള്ളത്, ഒരു വമ്പൻ സ്ക്രീൻ. ഒരു വലിയ കിഫ്ബി ലോഗോ, സ്റ്റോക്കിന്റെ വിലവിവരങ്ങൾ നൽകുന്ന റോളിംഗ് സ്ക്രീൻ എന്നിവ മാത്രം. പരിപൂർണ നിശബ്ദതയും.
ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ച് പൂർണമായും ഓൺലൈനിലാണ്. ബ്രോക്കർമാരും ഇടപാടുകാരും പിറ്റിൽ വരേണ്ട ആവശ്യമില്ല. എക്സ്ചേഞ്ചിലെ അവരുടെ മുറികളിൽനിന്നോ അല്ലെങ്കിൽ ഓഫീസിൽ നിന്നോ ഓൺലൈനായി വാങ്ങുകയും വിൽക്കുകയും ചെയ്യാം.
രണ്ടാമത്തെ കൌതുകം ഏതെങ്കിലും തരത്തിലുള്ള മണിയുടെ അഭാവമായിരുന്നു. ബെൽ റിംഗിഗ് സെറിമണി എന്നാണ് ഈ ചടങ്ങിൻ്റെ പേര്. എന്നാൽ പരമ്പരാഗത മണിയോ ഒരു ഇലക്ട്രോണിക് സ്വിച്ചോ പോലും അവിടെയില്ല. കൃത്യം എട്ടു മണിയ്ക്കാണ് ചടങ്ങ്. ആകെ ചെയ്യേണ്ടത് ഇത്ര മാത്രം. കിഫ്ബിയുടെയും കേരള സർക്കാരിൻ്റെയും ലോഗോയുള്ള ഒരു ഗ്ലാസ് പ്ലേറ്റ് മുമ്പിലുള്ള ചില്ലു ടാങ്കിൽ എടുത്തു വെയ്ക്കണം.
മുഖ്യമന്ത്രി അതു നിർവഹിച്ചതോടെ സ്ക്രീനിൽ മുഖ്യമന്ത്രിയുടെയും കിഫ്ബിയുടെയും പേരുകൾ തെളിഞ്ഞു. സ്ക്രീനിൽ ആഘോഷാരവങ്ങൾ. ആദ്യമായി ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ച് ബോർഡിൽ മിഴി തുറന്നു; “കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോഡിന്റെ മസാല ബോണ്ട് ഉദ്ഘാടനത്തിലേയ്ക്ക് ബഹുമാനപ്പെട്ട മുഖ്യമന്ത്രിയെ സ്വാഗതം ചെയ്യുന്നു”.
ഏതാനും മാസങ്ങൾക്കുള്ളിൽ കിഫ്ബി ഡോളർബോണ്ട് ഇറക്കുന്നതിന് തീരുമാനിച്ചിരിക്കുകയാണല്ലോ
അതെ. ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്ത മസാലാ ബോണ്ടുകൾ വിജയകരമായി വിൽപന നടത്തിയതിന് ആദരിക്കുന്നതിനുവേണ്ടിയാണ് മാർക്കറ്റ് ഓപ്പണിംഗ് ചടങ്ങിൽ കേരള മുഖ്യമന്ത്രിയെ ക്ഷണിച്ചത്. വിജയകരമായ വിൽപന പൂർത്തീകരിച്ച ഉടൻതന്നെ ഏപ്രിൽ ആദ്യമാണ് അവർ ചടങ്ങിനുവേണ്ടി ക്ഷണിച്ചത്. പക്ഷേ, തിരഞ്ഞെടുപ്പ് അസൌകര്യം മൂലം മെയ് മാസത്തേയ്ക്ക് മാറ്റിയതാണ്. ഇതിൽ പങ്കെടുക്കുന്നതുകൊണ്ടുള്ള ഗുണം നേരത്തെ സൂചിപ്പിച്ചു കഴിഞ്ഞു. കമ്പോളത്തിൽ ബോണ്ടിറക്കി വായ്പയെടുക്കുന്നത് മാർച്ച് മാസത്തെ മസാല ബോണ്ട് ഇഷ്യൂ കൊണ്ട് അവസാനിക്കുന്നില്ല. അടുത്തു തന്നെ ഡോളർ ബോണ്ടിനും തുടർന്ന് ഡയസ്പോറാ (പ്രവാസി) ബോണ്ടിനും പരിപാടിയുണ്ട്. ഈ ചടങ്ങു വഴി കിഫ്ബിയുടെ സാന്നിധ്യവും സ്ഥാനവും നിക്ഷേപകരെ അറിയിക്കുന്നതിനും അവരുമായി ചർച്ചകൾ നടത്തുന്നതിനും സഹായിക്കും.
അഞ്ചു ദിവസത്തെ നോട്ടീസ് നൽകി, നാട്ടുകാരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിയ ശേഷമാണ് പ്രതിപക്ഷ നേതാവ് ചടങ്ങിനു തലേന്ന് മേൽപ്പറഞ്ഞ വിമർശനം ഉന്നയിച്ചിട്ടുള്ളത്. ഞാൻ പറഞ്ഞപോലെ മസാല ബോണ്ട് പബ്ലിക് ഇഷ്യൂ അല്ല പ്രൈവറ്റ് ഇഷ്യൂവാണ് എന്ന കണ്ടുപിടിത്തവും അദ്ദേഹം നടത്തിയിട്ടുണ്ട്. അന്തർദേശീയ ധനകാര്യ ഇടപാടുകൾ എങ്ങനെയാണ് നടക്കുന്നത് എന്നതു സംബന്ധിച്ച് അദ്ദേഹത്തിന്റെ ഉപദേശകരുടെ ധാരണയില്ലായ്മ മൂലമാണ് പ്രതിപക്ഷ നേതാവ് ഓരോരോ കണ്ടുപിടിത്തങ്ങളുമായി ഇറങ്ങുന്നത്.
======