Featured
ഈ വേലത്തരമെല്ലാം ഏതെങ്കിലും വടക്കേ ഇന്ത്യൻ സംസ്ഥാനത്തു മതി
ഇൻകം ടാക്സിന്റെ കിഫ്ബിയിലെ റെയ്ഡ് ശുദ്ധതെമ്മാടിത്തമെന്നാണ് ഞാൻ ഇന്നലെ വിശേഷിപ്പിച്ചത്. ഒരു ഇംഗ്ലീഷ് പത്രം ഇതിനെ തർജ്ജിമ ചെയ്തത് ‘ഹൂളിഗനിസം’ (hooliganism) എന്നാണ്
164 total views

കേരളം ധനകാര്യ മന്ത്രി Dr.T.M Thomas Isaac ന്റെ സോഷ്യൽ മീഡിയ പോസ്റ്റ്
ഇൻകം ടാക്സിന്റെ കിഫ്ബിയിലെ റെയ്ഡ് ശുദ്ധതെമ്മാടിത്തമെന്നാണ് ഞാൻ ഇന്നലെ വിശേഷിപ്പിച്ചത്. ഒരു ഇംഗ്ലീഷ് പത്രം ഇതിനെ തർജ്ജിമ ചെയ്തത് ‘ഹൂളിഗനിസം’ (hooliganism) എന്നാണ്. കൃത്യം! അതുതന്നെയാണ് ഞാൻ ഉദ്ദേശിച്ചത്. തങ്ങൾക്ക് ഇഷ്ടമില്ലാത്ത ഒന്നിനെ കരിവാരി തേയ്ക്കുക. നശിപ്പിക്കാൻ നോക്കുക. കിഫ്ബിയിൽ നടന്നത് ഇതെല്ലാം തന്നെയാണെന്ന് ഈ വിശദീകരണം വായിക്കുമ്പോൾ നിങ്ങളും അംഗീകരിക്കും.
കിഫ്ബിയുടെ മറുപടി ഇതാണ് – ആദായ നികുതി സെക്ഷൻ 194 പ്രകാരം കരാറുകാരന് “തുക കൈമാറാൻ ഉത്തരവാദിത്വമുള്ള വ്യക്തി”യാണ് റ്റി.ഡി.എസ് കിഴുവു ചെയ്യാനും ബാധ്യസ്ഥപ്പെട്ടിരിക്കുന്നത്. ഇപ്രകാരം ഉത്തരവാദിത്വം കരാറുകാരെ ടെണ്ടർ വിളിച്ചു നിശ്ചയിക്കുന്ന എസ്.പി.വികൾക്കാണ്. കിഫ്ബിയും കരാറുകാരും തമ്മിൽ നിയമപരമായ ബന്ധമില്ല. അവരാണ് നികുതി പിടിക്കുകയും അടയ്ക്കുകയും ചെയ്യേണ്ടത്.
https://www.facebook.com/thomasisaaq/videos/181421020290574
പക്ഷെ, കിഫ്ബിയുടെ നടപടിക്രമ പ്രകാരം കിഫ്ബി നേരിട്ടു കരാറുകാരുടെ ബാങ്ക് അക്കൗണ്ടിലേയ്ക്ക് പണം നൽകുകയാണ് ചെയ്യുന്നത്. അപ്പോൾ കിഫ്ബിയാണ് നികുതി പിടിക്കുന്നതിനും അടയ്ക്കുന്നതിനും ചുമതലപ്പെട്ടത് എന്നാണ് ഇൻകം ടാക്സ് വകുപ്പിന്റെ മറുവാദം.
ഇത് ഐറ്റി ആക്ടിന്റെയും കിഫ്ബി നടപടിക്രമങ്ങളുടെയും തെറ്റായ വ്യാഖ്യാനമാണെന്നാണ് കിഫ്ബി മറുപടി. എസ്.പി.വിയാണ് ടെണ്ടർ വിളിച്ച് കരാറുകാരനെ നിശ്ചയിക്കുന്നത്. എസ്.പി.വി പണത്തിനുവേണ്ടി കിഫ്ബിക്കു ബില്ല് അയക്കുമ്പോൾ മൊത്തം തുകയോടൊപ്പം ഇൻകം ടാക്സ്, ക്ഷേമനിധി വിഹിതം, ജി.എസ്.ടി, സെസ് എന്നിവയ്ക്കുള്ള തുക പ്രത്യേകമായി കാണിച്ചിരിക്കണം. ഇതു കിഴിച്ചു കരാറുകാരനു നൽകേണ്ട ബാക്കി തുകയും പ്രത്യേകമായി കാണിക്കണം. നികുതി വിഹിതം എസ്.പി.വിക്കു കിഫ്ബി നേരിട്ടു നൽകും. ബാക്കി തുക കരാറുകാരന്റെ അക്കൗണ്ടിലേയ്ക്ക് ഇട്ടുകൊടുക്കുകയും ചെയ്യും. കരാറുകാരനു പണം നൽകുന്നത് കിഫ്ബിയാണെങ്കിലും അതു എസ്.പിവിക്കു വേണ്ടി ചെയ്യുന്ന ഒരു ഏജൻസി സേവനം മാത്രമാണ്.
ഈ നടപടിക്രമങ്ങൾ സംബന്ധിച്ച് കേരള സർക്കാർ കൃത്യമായ ഉത്തരവ് ഇറക്കിയിട്ടുണ്ട്. ഓരോ പ്രവൃത്തിക്കും ടെണ്ടർ വിളിക്കുമ്പോൾ ബിഡ്ഡ് ഡോക്യുമെന്റിലും ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. കരാറുകാരനുമായിട്ടുള്ള എഗ്രിമെന്റിലും ഇതു വിശദീകരിക്കുന്നുണ്ട്. കരാറിന്റെ നികുതി വിഹിതം കിഫ്ബിയെ അറിയിക്കുകയും വാങ്ങുകയും ആദായ അടയ്ക്കാനുമുള്ള ചുമതല എസ്.പി.വിക്കാണ്. അഴിമതി ഒഴിവാക്കുന്നതിനും കാലതാമസമില്ലാതെ കരാറുകാർക്കു പണം നൽകുന്നതിനു വേണ്ടിയുമാണ് ഇത്തരമൊരു സംവിധാനം ഏർപ്പെടുത്തിയിട്ടുള്ളത്.
42 എസ്.പി.വികൾ 2400 പാക്കേജുകൾ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. ഇവയുടെയെല്ലാം കണക്ക് തയ്യാറാക്കുന്ന ഭാരം കിഫ്ബിക്ക് ഏറ്റെടുക്കാനാവില്ല. അവ ചെയ്യേണ്ടത് എസ്.പി.വികളാണ്. അതിനാണ് അവർക്ക് സെന്റേജ് നൽകുന്നത്. ഇൻകം ടാക്സ് ആക്ടു പ്രകാരം എസ്.പി.വികളാണ് ജോലി തീർത്ത വകയിൽ “തുക കൈമാറാൻ ഉത്തരവാദിത്വമുള്ള വ്യക്തി”.
ഇങ്ങനെ ഇതിനകം 73 കോടി രൂപ നികുതിയടയ്ക്കുന്നതിനു വേണ്ടി എസ്.പി.വികൾക്കു കൈമാറിയിട്ടുണ്ട്. അവർ ആദായ നികുതി വകുപ്പിന് അടച്ചിട്ടില്ലെങ്കിൽ അത് അവരോടു ചോദിക്കണം. അല്ലാതെ കിഫ്ബിയുടെ മേക്കിട്ടു കയറുകയല്ല വേണ്ടത്. എന്നിരുന്നാലും ഒരു കാര്യം വ്യക്തമാക്കാം. ഇടയ്ക്കിടെ എസ്.പി.വികളെ കിഫ്ബി ഇൻസ്പെക്ട് ചെയ്യാറുണ്ട്. നികുതിയും മറ്റു നിയമപരമായ കിഴിവുകളും അടച്ചോയെന്നതും പരിശോധനയിൽ ഉൾപ്പെടും. ഇന്നേവരെ ഒരു തട്ടിപ്പു കേസും കണ്ടിട്ടില്ല. അങ്ങനെ 73 കോടി രൂപ വാങ്ങി കൈയ്യിൽ വച്ചിട്ടാണ് കിഫ്ബിയിൽ റെയ്ഡ് ചെയ്യാൻ ഇറങ്ങിപ്പുറപ്പെട്ടത്.
ഇതുസംബന്ധിച്ച് ആദായ നികുതി വകുപ്പ് ചോദിച്ച ചോദ്യങ്ങൾക്കെല്ലാം ഫെബ്രുവരി മാസത്തിൽ കൃത്യമായ ഉത്തരങ്ങളും വിശദീകരണങ്ങളും നൽകിയതാണ്. ഇനി വേറെ അധികം രേഖകൾ വേണമെങ്കിൽ അവയും ലഭ്യമാക്കാമെന്ന് വ്യക്തമാക്കിയിട്ടുള്ളതുമാണ്. കിഫ്ബിയുടെ കണക്കുകളും രേഖകളുമെല്ലാം ഓൺലൈനാണ്. പ്രോജ്ക്ട് ആൻഡ് ഫിനാൻസ് മാനേജ്മെന്റ് സിസ്റ്റത്തിന്റെ പാസുവേർഡ് ഇൻകം ടാക്സുകാർക്കു നൽകാമെന്നും പറഞ്ഞതാണ്. എത്ര വേണമെങ്കിലും സമയമെടുത്ത് അവർ രേഖകളൊക്കെ പരിശോധിച്ചുകൊള്ളട്ടെ.
പക്ഷെ, ഇൻകം ടാക്സുകാർക്ക് അതൊന്നും പോരാ. റെയ്ഡ് തന്നെ വേണം. 15 പേരുടെ ടീം. ഇൻകം ടാക്സ് കമ്മീഷണർ മഞ്ജിത് സിംഗ് തന്നെ നേതാവ്. 12 മണിക്ക് റെയ്ഡ് ആരംഭിച്ചു. അപ്പോഴേയ്ക്കും മാധ്യമങ്ങൾക്കെല്ലാം വിവരം ലഭിച്ചിരുന്നു. രാത്രി 9 ആയിട്ടും ഒന്നും കിട്ടിയില്ല. ആകെയൊരു ചമ്മൽ. കിഫ്ബിയിലെ സോഫ്ടുവെയർ അധിഷ്ഠിതമായ ഫിനാൻഷ്യൽ മാനേജ്മെന്റ് സിസ്റ്റം ഇൻകം ടാക്സ് സംഘത്തെ വിസ്മയിപ്പിച്ചുവെന്നു വേണം പറയാൻ. അപ്പോൾ അതുവരെ തിരുവനന്തപുരത്തു എവിടെയോ ഇരുന്ന് ഫോണിലൂടെ നിർദ്ദേശം കൊടുത്തിരുന്ന സാക്ഷാൽ മഞ്ജിത് സിംഗ് തന്നെ നേരിട്ടു രംഗപ്രവേശനം ചെയ്തു. അദ്ദേഹം കിഫ്ബി സിഇഒയെ രാത്രി 11.30 വരെ ചോദ്യം ചെയ്തു. ഇന്ത്യൻ നികുതി ചരിത്രത്തിലെ ഏറ്റവും വലിയ അവാർഡായ സഹാറ കേസിന്റെ സൂത്രധാരൻ ഡോ. കെ.എം. എബ്രഹാം ഉണ്ടോ വഴങ്ങുന്നു. ഒരു കിഴിഞ്ചും വിട്ടുകൊടുക്കാൻ തയ്യാറായില്ല. അവസാനം കുറച്ചു കൂടുതൽ രേഖകൾ ആവശ്യപ്പെട്ടുകൊണ്ട് മടങ്ങുന്നു. സോഫ്ടുവെയറുകളുടെ പാസുവേർഡ് അവർക്കു വേണ്ട. രേഖകളുമായിട്ട് നേരിട്ടുതന്നെ എത്തണം.
എന്തിന് ഈ പൊറാട്ടു നാടകം? ഡൽഹിയിലുള്ള രാഷ്ട്രീയ യജമാനൻമാരുടെ ചാവേർപടകളായി ഇൻകം ടാക്സ് വകുപ്പ് അധപതിക്കരുത്. ഒരു മിനിമം പ്രൊഫഷണൽ നിലവാരമെങ്കിലും പുലർത്തണ്ടേ?
ലക്ഷ്യം വളരെ കൃത്യം. തെരഞ്ഞെടുപ്പു കാലത്ത് കിഫ്ബിയുടെ മേൽ ചെളിവാരിയെറിയുക. സിഎജി, ഇഡി, ഇപ്പോൾ ഇൻകം ടാക്സ് തുടങ്ങിയവർ മാറി മാറി പരിശോധിച്ച് സ്ഥാപനത്തിന്റെ വിശ്വാസ്യതയെ തകർക്കുക. കിഫ്ബി എന്തോ പ്രതിസന്ധിയിലാണെന്നു വരുത്തി വായ്പ നൽകുന്ന ധനകാര്യ സ്ഥാപനങ്ങളെ പിന്തിരിപ്പിക്കുക. ടെണ്ടറുകളിൽ പങ്കെടുക്കുന്നതിൽ നിന്നും കരാറുകാരെ നിരുത്സാഹപ്പെടുത്തുക. കേരളത്തിന്റെ വികസന കുതിപ്പിനെ തകർക്കുക.
ഇനി കിഫ്ബിയിലേയ്ക്കുള്ള ഇഡിയുടെ വരവിനായി കാത്തിരിക്കുകയാണ്. ഈസ്റ്റർ ഒഴിവിനു മുമ്പ് എത്താനാണ് പരിപാടിയെന്നു തോന്നുന്നു. ഒരു കാര്യം ഇവരോടെല്ലാമായി പറയാനുണ്ട് – ഈ വേലത്തരമെല്ലാം ഏതെങ്കിലും വടക്കേ ഇന്ത്യൻ സംസ്ഥാനത്തു മതി. നിങ്ങളുടെ വിരട്ടലൊന്നും കേരളത്തിൽ ചെലവാകില്ല.
165 total views, 1 views today