കേന്ദ്രധനമന്ത്രി നിർമ്മലാ സീതാരാമന്റെ പത്രസമ്മേളനം ബാക്കിപത്രം നിരാശയും നിർവികാരതയും മാത്രമാണ്

63
രാജ്യം കടന്നുപോകുന്ന അസാധാരണ സാഹചര്യത്തെ എങ്ങനെ നേരിടണമെന്നറിയാതെ പകച്ചു നിൽക്കുകയാണ് കേന്ദ്രസർക്കാർ. കേന്ദ്രധനമന്ത്രി നിർമ്മലാ സീതാരാമന്റെ പത്രസമ്മേളനം ബാക്കിപത്രം നിരാശയും നിർവികാരതയും മാത്രമാണ്. എന്താണവർ ആകെ ചെയ്തത്? ആദായ നികുതി റിട്ടേണടയ്ക്കാനുള്ള തീയതി നീട്ടി. ആധാറും പാൻകാർഡും ബന്ധിപ്പിക്കുന്നതിനുള്ള തീയതി നീട്ടി. പിന്നെ സ്ഥിരവരുമാനമുള്ളവർക്കും ജിഎസ്ടി രജിസ്ട്രേഷനുള്ളവർക്കും ചില ഇളവുകൾ. തീർന്നു, രാജ്യം കാത്തിരുന്ന കേന്ദ്രധനമന്ത്രിയുടെ പ്രഖ്യാപനങ്ങൾ. സമ്പദ്ഘടന ലോക്ക് ഡൌണാകുമ്പോൾ സ്ഥിരവരുമാനക്കാർ നേരിടുന്ന ചില അസൌകര്യങ്ങൾക്ക് കുറിപ്പടിയെഴുതി അവർ കൈകഴുകി. വലിയ പ്രഖ്യാപനം വൈകുന്നേരം പ്രധാനമന്ത്രി നടത്തുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. അക്കാര്യം അപ്പോൾ നോക്കാം.
കോടിക്കണക്കിന് ദിവസക്കൂലിക്കാർ നാളെയെന്ത് എന്ന ചിന്തയുമായി അന്ധാളിച്ച് വീട്ടിലിരിക്കുമ്പോൾ കേന്ദ്ര ധനമന്ത്രിയുടെ പ്രഖ്യാപനങ്ങളെന്തൊക്കെയാണ്? സേവിങ്സ് അക്കൗണ്ടുകളുടെ മിനിമം ബാലൻസ് നിബന്ധന ഒഴിവാക്കി. മറ്റ് ബാങ്കുകളുടെ എടിഎം ഉപയോഗത്തിനു നിയന്ത്രണമില്ല. അടുത്ത മൂന്നുമാസത്തേക്ക് ഡെബിറ്റ് കാര്ഡ് ഉപയോഗിച്ച് ഏതു ബാങ്കിന്റെ എടിഎമ്മില്നിന്നും പണം പിന്വലിക്കാം. പണം പിൻവലിക്കുന്നതിന് അധിക ചാര്ജ് ഈടാക്കുകയില്ല.
എന്നാൽ നമ്മുടെ സഹകരണ മേഖലയ്ക്ക് വല്ല ഇളവുമുണ്ടോ? ഒന്നുമില്ല. ഈ പ്രതിസന്ധി ഘട്ടത്തിൽ സാമൂഹ്യക്ഷേമ പെൻഷൻ നൽകാൻ 1200 കോടി രൂപ കേരള സർക്കാരിന് സഹകരണ ബാങ്കുകളാണ് നൽകിയത്. അതിന് രണ്ടു ശതമാനം ഇൻകം ടാക്സ് കൊടുക്കണം. ബാങ്കിനാണെങ്കിൽ ആ പ്രശ്നമില്ല. അവർക്ക് ഇളവുണ്ട്. അതായത് പ്രതിസന്ധിഘട്ടത്തിൽ കേരള സർക്കാരിനെ സഹായിച്ചതിന് നമ്മുടെ സഹകരണ മേഖലയ്ക്ക് കേന്ദ്രസർക്കാരിന്റെ വക പിഴ ശിക്ഷ.
യഥാർത്ഥത്തിൽ ഇന്ത്യ നേരിടുന്ന പ്രശ്നമെന്താണ്? വീട്ടിലിരിക്കുന്ന കോടിക്കണക്കിന് ദിവസക്കൂലിക്കാരുടെ ജീവിതം എങ്ങനെ തള്ളി നീക്കുമെന്നതാണ്? അവർക്കു ഭക്ഷണവുംം വെള്ളവും മറ്റ് അത്യാവശ്യ സാധനങ്ങളും വാങ്ങാനുള്ള പണം എങ്ങനെ കൊടുക്കും? അവരും മനുഷ്യരാണല്ലോ. അപ്രതീക്ഷിതമായി ജീവിതം വഴിമുട്ടിപ്പോയവരോട് കേന്ദ്രസർക്കാരിന് എന്തു കടമയാണ് നിർവഹിക്കാനുള്ളത്?
ഇത്രയേറെ നിരാശപ്പെടുത്തിയ പ്രഖ്യാപനമില്ല. സ്ഥിരവരുമാനമുള്ള ആളുകൾ, കമ്പനികൾ, ചില അസൌകര്യങ്ങൾ ഒഴിവായിക്കിട്ടി. കാതലായ പ്രശ്നം ഇതല്ല. സാധാരണക്കാർക്ക് എന്ത്. പണിയില്ല. പാടില്ല. വീട്ടിലിരിക്കുക. കൈകാര്യം ചെയ്യും.
ഈ പ്രതിസന്ധിയുടെ നിഴൽ വീണു തുടങ്ങിയപ്പോഴേ ഞങ്ങൾ കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയ എത്രയോ ആവശ്യങ്ങളുണ്ട്. ജനങ്ങളുടെ കയ്യിൽ എങ്ങനെ പണമെത്തിക്കും എന്നതാണ് ആദ്യം ഉത്തരം കണ്ടെത്തേണ്ട ചോദ്യം. അതിനെന്തു മാർഗമാണ് കേന്ദ്രസർക്കാരിന്റെ കൈയിൽ. രാജ്യമെമ്പാടുമുള്ള ഗോഡൌണുകളിൽ അരിയുൾപ്പടെയുള്ള ധാന്യവിതരണം കാര്യക്ഷമമല്ല. അതെങ്ങനെ പരിഹരിക്കും?
അരി തരൂ എന്ന് കേരളം പല തവണ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടതാണ്. ഇപ്പോഴല്ലെങ്കിൽ എപ്പോഴാണ് അത് വിതരണം ചെയ്യുക? തൊഴിലുറപ്പ് കൂലി വർദ്ധിപ്പിക്കണമെന്നും വഴി വിതരണം ചെയ്യുന്ന തുക ഇരട്ടിയാക്കിക്കൂടേ? ഇങ്ങനെ സാധാരണക്കാരുടെ കയ്യിൽ പണമെത്തിക്കാൻ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന കാര്യങ്ങളുണ്ട്. അത് ചെയ്യണം. സംസ്ഥാനത്തിന് ചെയ്യാൻ കഴിയുന്നതിൽ പരിമിതികളുണ്ട്. സംസ്ഥാനത്തിനാകട്ടെ നിരവധി കാര്യങ്ങൾ ചെയ്യാനുണ്ട്. നവകേരളനിർമാണമടക്കം, കേരളത്തിന്റെ അടിസ്ഥാനമേഖലയിൽ ചെയ്യേണ്ട കാര്യത്തിനൊപ്പം, എല്ലാ സാമ്പത്തികമേഖലകളെയും സഹായിക്കേണ്ടി വരും.
പക്ഷേ, സംസ്ഥാനസർക്കാരിന് നികുതി കൂട്ടാൻ കഴിയില്ല. മാത്രമല്ല, നികുതി കൂട്ടി വരുമാനമുണ്ടാക്കുന്നത് ശരിയായ രീതിയാണെന്ന് ഞങ്ങൾക്ക് അഭിപ്രായവുമില്ല. പക്ഷേ, സംസ്ഥാനത്തിന്റെ വായ്പാ പരിധി കൂട്ടിയാൽ വലിയൊരു സഹായമാകും. അതു ചെയ്യാൻ കൂട്ടാക്കുന്നതില്ല.
കേന്ദ്രത്തിനു മുമ്പാകെ ഞങ്ങൾ മുന്നോട്ടു വെച്ച നിർദ്ദേശങ്ങളോട് എന്തെങ്കിലും പ്രതികരണം ശ്രീമതി നിർമലാ സീതാരാമനിൽ നിന്നും ഉണ്ടാകുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു. ആ പ്രതീക്ഷ അസ്ഥാനത്തായി. ജനങ്ങളാകെ ഭീതിയിലും അരക്ഷിതാവസ്ഥയിലും ആശങ്കയിലും കഴിയുമ്പോൾ, ഇത്തരമൊരു ക്രൂരമായ നിസംഗതയ്ക്ക് എങ്ങനെ കഴിഞ്ഞുവെന്ന് മനസിലാകുന്നില്ല. മനുഷ്യത്വമുള്ളവർ സാധാരണ ഗതിയിൽ ചെയ്യുന്നതൊന്നും കേന്ദ്രസർക്കാർ ചെയ്യുന്നില്ല എന്ന് ജനങ്ങൾ കണ്ണു തുറന്നു കാണുകയാണ്.
പ്രതിസന്ധികാലത്ത് ജനങ്ങളുടെ കയ്യിൽ പണമെത്തിക്കുമെന്ന വാഗ്ദാനത്തിന്റെ ആദ്യഘട്ടം കേരള സർക്കാർ പാലിക്കുകയാണ്. 2019 ഒക്ടോബർ, നവംബർ മാസങ്ങളിലെ പെൻഷൻ ഈ മാസം 27 ാം തീയതി മുതൽ വിതരണം ആരംഭിക്കും. ഇതിനുള്ള ഉത്തരവ് ഇന്ന് പുറത്തിറങ്ങി. സാമൂഹ്യ സുരക്ഷാ പെൻഷനായി 1069 കോടിരൂപയും വെൽഫെയർ ബോർഡ് വഴി 149 കോടി രൂപയുമാണ് വിതരണം ചെയ്യുക. മസ്റ്റെർ ചെയ്ത എല്ലാപേർക്കും ഈ പെൻഷൻ ലഭിക്കും.
കേന്ദ്രം തരാനുള്ള 3000 കോടി രൂപയുടെ ജിഎസ്ടി കുടിശിക ഈ അടിയന്തര ഘട്ടത്തിൽ തരുമെന്ന് അവസാനനിമിഷം വരെ പ്രതീക്ഷിച്ചതാണ്. എന്നാൽ കേന്ദ്രം ആ പണം തന്നില്ല. ഈ പ്രതിസന്ധി ഘട്ടത്തിൽ നമുക്കു താങ്ങായത് സഹകരണ മേഖലയാണ്.
സമ്പദ് വ്യവസ്ഥ മുഴുവൻ ലോക്ക് ഔട്ട് ആയി സാധാരണ ജനങ്ങൾ മുഴുവൻ വീടിനുള്ളിൽ കഴിയാൻ നിർബന്ധിക്കപ്പെടുന്ന അടിയന്തര സാഹചര്യം നേരിടാൻ കേന്ദ്രം മടിച്ചു നിൽക്കുന്ന സാഹചര്യത്തിലാണ് കേരള സർക്കാർ അടിയന്തരമായി തീരുമാനമെടുത്തത്. കേന്ദ്രധനമന്ത്രി നിർമ്മലാ സീതാരാമൻ നടത്തിയ പ്രഖ്യാപനവും രാജ്യത്ത് നിരാശയാണ് പടർത്തിയിരിക്കുന്നത്. സാമ്പത്തിക പാക്കേജ് ഉടൻ പ്രഖ്യാപിക്കുമെന്ന പ്രഖ്യാപനമല്ലാതെ മറ്റൊന്നും അതിലില്ല.
കടുത്ത സാമ്പത്തിക ഞെരുക്കത്തിലാണ് സംസ്ഥാനങ്ങൾ. നികുതി വരവ് വൻതോതിൽ ഇടിയുന്ന സാഹചര്യത്തിലും ഇതുപോലുള്ള സാമാശ്വാസ ഇടപെടലുകൾക്ക് കേരള സർക്കാർ മടിച്ചു നിൽക്കുന്നില്ല. വീട്ടിലുള്ളിൽ ലോക്ക് ഡൌൺ ചെയ്യപ്പെട്ട സാധാരണ മനുഷ്യരുടെ കൈവശം പണം എത്തിയേ തീരൂ. കൂലിപ്പണിക്കാരുടെയും ദിവസവേതനക്കാരുടെയും കുടുംബങ്ങളിൽ അത്യാവശ്യത്തിന് ഭക്ഷണമെങ്കിലും വാങ്ങാനുള്ള പണം ലഭിച്ചിരിക്കുമെന്ന് ഈ സർക്കാർ ഉറപ്പു വരുത്തും. ബാക്കിയുള്ള പെൻഷൻ തുകയും കുടിശികയില്ലാതെ വിഷുവിനു മുമ്പ് വിതരണം ചെയ്യും. കൂടാതെ പിന്നീട് മസ്റ്ററിങ് പൂർത്തിയാക്കിയവർക്ക് നൽകാനുള്ള കുടിശ്ശികയും അതോടൊപ്പം വിതരണം ചെയ്യും.