നമ്മുടെ രാജ്യത്ത് ഇതുവരെ കാണാത്തൊരു വലിയ ജനകീയ ഇടപെടലാണ് കേരളത്തിൽ സാക്ഷ്യംവഹിക്കുന്നത്

82
Dr.T.M Thomas Isaac
ഒരാഴ്ചകൊണ്ട് എല്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും ഒന്നോ അധികമോ കമ്മ്യൂണിറ്റി കിച്ചണുകൾ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇവിടെ നിന്ന് 20 രൂപയ്ക്ക് ഊണിന്റെ പകർച്ച പാത്രം കൊണ്ടുവന്നു വാങ്ങാം. ക്ഷമിക്കണം. പകർച്ചാവ്യാധിയുടെ കാലം കഴിയുന്നതുവരെ ഭക്ഷണശാലയിൽ ഇരുന്നു കഴിക്കാനാവില്ല. തലേന്ന് എട്ട് മണിക്കുമുമ്പേ എസ്എംഎസ് വഴിയും വാട്സാപ്പ് വഴിയോ ബുക്ക് ചെയ്താൽ ഊണ് ഹോം ഡെലിവറിയായി നൽകും. 5 രൂപ സർവ്വീസ് ഫീസ് നൽകേണ്ടി വരുമെന്നു മാത്രം.
എന്നാൽ ഇതിനുപോലും പണമില്ലാത്ത അഗതികൾ എന്തുചെയ്യും? ഭക്ഷണശാലയുമായോ പഞ്ചായത്തുമായോ ബന്ധപ്പെടാൻ ഇവർ മടിക്കണ്ട. സൗജന്യമായി ഊണ് വീട്ടിൽ എത്തിച്ചുതരും.
അതിഥിത്തൊഴിലാളികളെ താമസിപ്പിച്ചിരിക്കുന്ന സ്ഥലങ്ങളിൽ അവർക്ക് ഭക്ഷണം എത്തിച്ചുകൊടുക്കും. അവരുടെ കോൺട്രാക്ടർമാർ അതിന്റെ വില നൽകിയാൽ സന്തോഷം.
തെരുവുകളിൽ അന്തിയുറങ്ങുന്നവരെ കല്യാണമണ്ഡപങ്ങളിലോ മറ്റോ സൗകര്യമൊരുക്കി അവിടെ അന്തിയുറങ്ങാൻ ഏർപ്പാടുണ്ടാക്കണം. അവിടെ ഭക്ഷണവും നൽകണം. ആലപ്പുഴയിലെ അത്താഴക്കൂട്ടം ഇങ്ങനെയുള്ളവർക്ക് ഭക്ഷണം നൽകുന്ന ഒരു സംഘടനയാണ്.
ഇതെല്ലാം നടക്കുന്ന കാര്യമാണോയെന്നായിരിക്കും പലരും ചിന്തിക്കുക. നമ്മുടെ കരുത്ത് നമ്മൾ തിരിച്ചറിയണം. തദ്ദേശഭരണ സ്ഥാപനങ്ങളാണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ട കണ്ണി. അവരാണ് കമ്മ്യൂണിറ്റി കിച്ചണുള്ള സ്ഥലം ഒരുക്കുക. നല്ലൊരുപങ്ക് തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് ഇപ്പോൾ കമ്മ്യൂണിറ്റി ഹാളും കിച്ചണും ഉണ്ടെന്നതാണ് വാസ്തവം. ഭക്ഷണശാലകൾക്ക് വാടകയും ഇലക്ട്രിസിറ്റി, വാട്ടർ ചാർജ്ജുകൾ പ്ലാൻ ഫണ്ടിൽ നിന്നും നൽകാൻ അനുവാദമുണ്ട്. സൗജന്യമായി ഭക്ഷണം വേണ്ടവരുടെ ലിസ്റ്റ് തയ്യാറാക്കുക, അവരുടെ ഭക്ഷണത്തിന് 20 രൂപ വച്ച് വില ഭക്ഷണശാലയ്ക്ക് നൽകുക, വിതരണത്തിനുള്ള ഏർപ്പാട് ഉണ്ടാക്കുക ഇവയൊക്കെ തദ്ദേശഭരണ സ്ഥാപനങ്ങളുടെ ചുമതലയാണ്. അവരുടെ തനത് ഫണ്ട് ഇതിനായി വിനിയോഗിക്കുന്നതിനു തടസ്സമില്ല. വിതരണത്തിനുള്ള വോളന്റിയർമാരെ വാർഡ് അടിസ്ഥാനത്തിൽ തെരഞ്ഞെടുത്ത് അവർക്ക് പ്രത്യേക ബാഡ്ജ് നൽകണം.
തദ്ദേശഭരണ സ്ഥാപനം പോലെ തന്നെ നിർണ്ണായകമാണ് കുടുംബശ്രീയും. കുടുംബശ്രീയ്ക്ക് ഇപ്പോൾ തന്നെ 1479 ഹോട്ടലുകൾ കുടുംബശ്രീ കഫേ എന്ന പേരിൽ നിലവിലുണ്ട്. അവയ്ക്കു പലതിനും കമ്മ്യൂണിറ്റി കിച്ചണായി രൂപാന്തരപ്പെടാൻ പ്രയാസമില്ല. ഇതിനുപുറമേ കുടുംബശ്രീയ്ക്ക് 946 കാറ്ററിംഗ് സംരംഭക യൂണിറ്റുകളുണ്ട്. ഇവയിൽ മികച്ചവയെ കമ്മ്യൂണിറ്റി കിച്ചണുകളുടെ നടത്തിപ്പ് ഏൽപ്പിക്കുന്നതിന് യാതൊരു പ്രയാസവുമുണ്ടാവില്ല. കുടുംബശ്രീ മിഷനിൽ നിന്ന് ഓരോ യൂണിറ്റിനും ആവശ്യമായ പാത്രങ്ങളും മറ്റും ലഭ്യമാക്കും. കൂടാതെ, 50000 രൂപ തുടക്കച്ചെലവുകൾക്കു വേണ്ടിയും. ഊണ് ഒന്നിന് 10 രൂപ വച്ച് കുടുംബശ്രീ മിഷന്റെ സബ്സിഡിയുണ്ട്. ഇത് സംരംഭകത്വ യൂണിറ്റിനാണ് ലഭ്യമാക്കുക.
പാതിരപ്പള്ളിയിലും മണ്ണഞ്ചേരിയിലും ചേർത്തലയിലും ഇപ്പോൾ തന്നെ പാലിയേറ്റീവ് സംഘടനകളുടെ ആഭിമുഖ്യത്തിൽ കമ്മ്യൂണിറ്റി കിച്ചണുകൾ പ്രവർത്തിക്കുന്നുണ്ട്. ഇതുപോലെ മറ്റു പ്രദേശങ്ങളിൽ സന്നദ്ധസംഘടനകളും മറ്റും നടത്തുന്ന കിച്ചണുകളുമുണ്ടാകാം. ഇവയുമായി പാർട്ട്ണർഷിപ്പിൽ കുടുംബശ്രീ ഭക്ഷശാലകൾ ആരംഭിക്കുന്നതിനു തടസ്സങ്ങളൊന്നുമില്ല. ഇവിടെ വിവരിച്ചതുപോലുള്ള ഭക്ഷണവിതരണം ഇതിനകം ആലപ്പുഴയിൽ നടന്നുകൊണ്ടിരിക്കുകയാണ്. അവിടുത്തെ ഭക്ഷണശാലകളിൽ നിന്നും 20 രൂപയ്ക്ക് ഭക്ഷണപ്പൊതികൾ വാങ്ങാം. നേരത്തെ ബുക്ക് ചെയ്താൽ ഹോം ഡെലിവറിയുണ്ടാകും. 1000 വീട്ടുകാർക്ക് ഇപ്പോൾ വീട്ടിൽ സൗജന്യഭക്ഷണം നൽകുന്നുണ്ട്. ഇപ്പോൾ ആലപ്പുഴ ജനറൽ ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഇവരാണ് ഭക്ഷണം നൽകുന്നത്.
നമ്മുടെ രാജ്യത്ത് ഇതുവരെ കാണാത്തൊരു വലിയ ജനകീയ ഇടപെടലാണ് കേരളത്തിൽ സാക്ഷ്യംവഹിക്കുന്നത്. എല്ലാം അടച്ചുപൂട്ടിയാലും കേരളത്തിൽ ഒരാളുപോലും പട്ടിണി കിടക്കില്ലെന്ന് നമ്മൾ ഉറപ്പുവരുത്താൻ പോവുകയാണ്.
(ഫോട്ടോകളെല്ലാം കൊറോണ കാലത്തിനു മുമ്പുള്ളവയാണ്)