മമതാബാനർജിയുടെയും ലാലു പ്രസാദ് യാദവിന്റെയും പേരു പറഞ്ഞ് അതിഥിത്തൊഴിലാളികളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചത് ആരെന്ന് പോലീസ് കണ്ടെത്തുക തന്നെ ചെയ്യും

80
Dr.T.M Thomas Isaac
ഉത്തരേന്ത്യൻ നഗരങ്ങളിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികളുടെ ദീനതയാർന്ന പാലായനത്തെക്കുറിച്ചുള്ള പോസ്റ്റിൽ ഇന്നലെ ഞാൻ എഴുതി: “നമ്മുടെ കേരളം വേറിട്ടൊന്നാകണം. അതിഥിത്തൊഴിലാളികൾക്ക് ഭക്ഷണവും ചികിത്സയും സുരക്ഷിത താവളവും ഒരുക്കേണ്ട ചുമതലയെക്കുറിച്ച് ആവർത്തിച്ച് ഓർമ്മിപ്പിക്കുന്നുണ്ട്, മുഖ്യമന്ത്രി പിണറായി വിജയൻ. അവരുടെ കാര്യം തൊട്ട് തെരുവു മൃഗങ്ങളുടെ കാര്യത്തിൽ വരെ മനുഷ്യസാധ്യമായ പരമാവധി കരുതൽ. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി കാണിച്ച മാതൃക വായിച്ചപ്പോൾ അഭിമാനമാണ് തോന്നിയത്.” ഈ സഹകരണ സംഘം സ്വീകരിക്കുന്ന സമീപനത്തെക്കുറിച്ച് വിശദീകരിക്കുകയുണ്ടായി. ഇത്രയേറെ കരുതലുണ്ടായിട്ടും എന്തുകൊണ്ട് പായിപ്പാട് നടന്നതുപോലുള്ള ഒരു പ്രതിഷേധമുണ്ടായി? എന്തേ മിണ്ടാട്ടമില്ലെന്നു ചോദിച്ച് സംഘി വെട്ടുകിളിക്കൂട്ടങ്ങൾ ഇറങ്ങിയിട്ടുണ്ട്. ഈ ആപത്ഘട്ടത്തിൽ നമ്മുടെ നാട്ടിലുള്ള ഓരോ അതിഥി തൊഴിലാളിയുടെയും മനസ്സിലുള്ള വിങ്ങൽ വീടിനെക്കുറിച്ചാണ്. പണിയില്ലാതെ ഇവിടെ കഴിയുന്നതിനേക്കാളും എന്തുകൊണ്ടും സ്വന്തം വീട്ടിലേയ്ക്ക് പോകുന്നതാണല്ലോ. അതുകൊണ്ട് ഇങ്ങനെയൊരു ആവശ്യം അവർ ഉന്നയിക്കുന്നതിൽ എനിക്ക് അത്ഭുതമില്ല. പക്ഷെ, ഇത് ഉപയോഗപ്പെടുത്തി പൊടുന്നനെയുണ്ടായ ലോക്ക്ഡൗൺ കാലത്ത് കേരളം എടുക്കുന്ന കരുതലിനെ പരിഹസിക്കാനും നിസ്സാരവൽക്കരിക്കാനും ബിജെപി നേതാക്കൾ നടത്തുന്ന പരിശ്രമം വിലപ്പോവില്ല.
ലോക്ക്ഡൗണിന്റെ രണ്ടാംദിവസം 1474 ലേബർ ക്യാമ്പുകൾ പ്രാദേശിക സർക്കാർ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സന്ദർശിച്ച് ശുചിത്വവും ഭക്ഷ്യസ്ഥിതിയും പരിശോധിച്ചു. 35 പുതിയ ലേബർ ക്യാമ്പുകൾ തുടങ്ങി. ഈ പ്രവർത്തനം തുടർന്നുള്ള ദിവസങ്ങളിലും നടക്കുകയാണ്. ഇന്ന് ഇപ്പോൾ 1213 കമ്മ്യൂണിറ്റി കിച്ചണുകൾ ആരംഭിച്ചു കഴിഞ്ഞു. ഇവയിൽ നിന്ന് 91,038 ഊണുകൾ നൽകി. അതിഥിത്തൊഴിലാളികൾക്ക് സൗജന്യഭക്ഷണം നൽകണമെന്ന് പറഞ്ഞിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള അന്വേഷണങ്ങൾ ഏകോപിപ്പിക്കുന്നതിന് സംസ്ഥാനതലത്തിൽ ഒരു പ്രത്യേക ഉദ്യോഗസ്ഥനെയും നിയോഗിച്ചിട്ടുണ്ട്. പോരായ്മകളുണ്ടാകാം. എല്ലാ സ്ഥലങ്ങളിലും ഒരുപോലെയാകണമെന്നില്ല. പോരായ്മകൾ തിരുത്തി കാര്യങ്ങൾ മുന്നോട്ടുകൊണ്ടുപോകാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. ഇതിനിടയിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് പലവട്ടം പറയുന്നത് കേട്ടു. പഞ്ചായത്തുകളെ ചുമതലയേൽപ്പിച്ച് സംസ്ഥാന സർക്കാർ കൈകഴുകിയിരിക്കുകയാണ്. ഒരു പണവും പഞ്ചായത്തുകൾക്ക് കൊടുക്കുന്നില്ല. കേരളത്തിലെ പ്രാദേശിക സർക്കാരുകൾ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളുടേതുപോലെയല്ല. ഇവ ഓരോന്നിന്റെയും ശരാശരി ബജറ്റ് എല്ലായിനങ്ങളുംകൂടിചേരുമ്പോൾ 3-5 കോടി രൂപയാണ്. ഇതിൽ ചെറിയൊരു ഭാഗം കേന്ദ്രാവിഷ്കൃത പദ്ധതികളാണ്. ബാക്കിയെല്ലാം സംസ്ഥാന സർക്കാർ നൽകുന്നതാണ്. ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ ജനങ്ങൾക്കുവേണ്ടി ചെലവഴിക്കാനാണ് ഈ പണം. കേരളത്തിലെ ഒരു തദ്ദേശഭരണ സ്ഥാപനങ്ങളും ഇതിനോട് എതിർപ്പ് പ്രകടിപ്പിച്ചിട്ടില്ല. പിന്നെ, ഓരോ ഊണിനും 10 രൂപ സബ്സിഡിയുണ്ട്. സഹായവിലയ്ക്ക് സർക്കാർ അരി നൽകുന്നതാണ്. സ്ഥിരനിക്ഷേപത്തിൽ ഒരു പങ്ക് കുടുംബശ്രീയുടേതാണ്. ശരിയാണ്. സാമ്പത്തിക ബുദ്ധിമുട്ടുകൊണ്ട് കൊടുത്തു തീർക്കാനുള്ളത് എല്ലാം കൊടുത്തു തീർത്തിട്ടില്ല. വെട്ടിക്കുറച്ച വായ്പ പോട്ടെ. കേന്ദ്ര നികുതി വിഹിതം പോട്ടെ. നിയമാനുസൃതം സംസ്ഥാനത്തിന് അർഹതപ്പെട്ട 3000 കോടി രൂപ ജിഎസ്ടി നഷ്ടപരിഹാരം കേന്ദ്രം തന്നാൽ ഒരു പരാതിയുമില്ലാതെ ഈ പ്രശ്നം പരിഹരിക്കാനാകും.
എന്താണ് പായിപ്പാട് ഉണ്ടായത്? പായിപ്പാട് ഗ്രാമത്തിൽ 3500ഓളം അതിഥിത്തൊഴിലാളികളുണ്ട്. ഇവരിൽ മഹാഭൂരിപക്ഷവും കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ പണിക്കു പോകുന്നവരാണ്. 168 വീടുകളിലായിട്ടാണ് ഇവരുടെ താമസം. ഓരോ വീടുകളിലും ഏതാണ്ട് 20 പേർ വച്ച്. ഇത്രയധികം ആളുകൾ ഒരു വീട്ടിൽ താമസിക്കാൻ പാടുണ്ടോയെന്നകാര്യം ഇവിടെ ഇപ്പോൾ ചർച്ച ചെയ്യുന്നില്ല. വീട്ടുടമസ്ഥന് ഓരോരുത്തരം വാടക കൊടുക്കണം. പണി ഇല്ലാതായതോടെ പല രീതികളിലുള്ള അസ്വസ്ഥതകൾ ഉടലെടുത്തു. ഇത് പാർട്ടി പ്രവർത്തകർ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തി. കളക്ടറും തഹസിൽദാരും അടക്കമുള്ള ഉദ്യോഗസ്ഥരും പാർട്ടി പ്രവർത്തകരുമെല്ലാം പായിപ്പാട് പഞ്ചായത്തിൽ പോയിരുന്നു. കളക്ടർ തന്നെ പല വീടുകളും സന്ദർശിച്ചു. വീട്ടുടമസ്ഥരുടെ പ്രതിനിധികളും കുറച്ച് അഥിതിത്തൊഴിലാളികളുമെല്ലാമായി ഒരു യോഗം ചേർന്നു. പാചകം ചെയ്ത ഭക്ഷണം വേണ്ട. പാചകത്തിനുള്ള സാമഗ്രികൾ കൊടുത്താൽ മതിയെന്നു തീരുമാനമായി. അത് ഇന്നു മുതൽ കൊടുക്കാൻ ഏർപ്പാട് ചെയ്യുകയും ചെയ്തു. ഒരു തൊഴിലാളിയേയും വാടക കുടിശികയുടെ പേരിലോ മറ്റോ പുറത്താക്കരുതെന്ന കാര്യത്തിലും ധാരണയായി. അങ്ങനെയാണ് ഇന്നലെ പിരിഞ്ഞത്.
പിന്നെ, ഇന്ന് എങ്ങനെ ഇതുപോലെ പ്രതിഷേധമുണ്ടായി? ഇത് അന്വേഷിക്കേണ്ട കാര്യമാണ്. ഒട്ടേറെ കാര്യങ്ങൾ അന്വേഷിക്കാനുണ്ടെന്നു മാത്രം പറയട്ടെ. ആരാണ് വാട്സ്ആപ്പ് മെസേജുകൾ പ്രചരിപ്പിച്ചത്? എങ്ങനെയാണ് ഒരു ചാനലിന്റെ മാത്രം ആൾക്കാർ രാവിലെ പായിപ്പാട് എത്തിയത്? എങ്ങനെയാണ് പായിപ്പാടിനു പുറത്തും പത്തനംതിട്ടയിലും താമസിക്കുന്നവർ ഇവിടെ പ്രകടനത്തിനു വന്നത്? എങ്ങനെയാണ് ഒരു എസ്ഡിപിഐ പ്രവർത്തകൻ തുടക്കം മുതൽ തന്നെ സംഭവങ്ങൾ ലൈവ് ചെയ്യാൻ തുടങ്ങിയത്?
ഇതോടുബന്ധപ്പെട്ട് തിരുവനന്തപുരത്ത് സന്നദ്ധപ്രവർത്തകനായി പ്രവർത്തിക്കുന്ന ടിസി രാജേഷ് എന്ന മാധ്യമപ്രവർത്തകന്റെ പോസ്റ്റ് പ്രസക്തമാണെന്ന് എനിക്ക് തോന്നി. “കേരളത്തിലെ അതിഥി തൊഴിലാളികളെ തിരിച്ചുകൊണ്ടുപോകാൻ മമതാ ബാനർജി പ്രത്യേകം ട്രെയിൻ വിട്ടിട്ടുണ്ടെന്നും ഇന്ന് കൊച്ചിയിൽ നിന്ന് പ്രസ്തുത ട്രെയിൻ പുറപ്പെടുമെന്നും ഇന്നലെ തിരുവനന്തപുരത്തെ ചില ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാംപിൽ ചെന്നു ചിലർ പറഞ്ഞിരുന്നു. കൊച്ചിയിലേക്കു പോകാൻ വാഹനം അന്വേഷിച്ച അവരെ കാര്യമറിഞ്ഞ കരാറുകാർ വിവരങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്തി പിന്തിരിപ്പിക്കുകയായിരുന്നു. അതിനുശേഷം ലാലു പ്രസാദ് യാദവിന്റെ പാർട്ടിയുടെ കേരളഘടകം ഭാരവാഹികളാണെന്നു പറഞ്ഞ് ചിലരെത്തി അവർക്ക് അരിയും സാധനങ്ങളും വിതരണം ചെയ്തിരുന്നതായും പറയുന്നു. ഇതു രണ്ടും ഒരേ കൂട്ടരാണോ എന്നറിയില്ല. ഇവരുടെ തൊഴിലുടമ ഇക്കാര്യങ്ങൾ പറഞ്ഞ് ഇന്നലെ വൈകിട്ട് എനിക്ക് വാട്‌സാപ്പ് ചെയ്തിരുന്നു. പക്ഷേ, പായിപ്പാട്ടെ ഇന്നത്തെ പ്രശ്‌നങ്ങൾ കാണുമ്പോൾ ആ സന്ദേശത്തിന് വേണ്ടത്ര ഗൗരവം ഞങ്ങളാരും നൽകാതെ പോയോ എന്നൊരു സംശയം. തൊഴിലുടമയും ഇതേ ആശങ്ക ഇപ്പോൾ എന്നോട് പങ്കുവച്ചതേയുള്ളു”.
മമതാബാനർജിയുടെയും ലാലു പ്രസാദ് യാദവിന്റെയും പേരു പറഞ്ഞ് അതിഥിത്തൊഴിലാളികളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചത് ആരെന്ന് പോലീസ് കണ്ടെത്തുക തന്നെ ചെയ്യും. അവർ തന്നെയാണോ പായിപ്പാട്ടെ നാടകം സംവിധാനം ചെയ്തത് എന്നും കണ്ടെത്തണം? അവർ ആരായാലും അതിഥി സംസ്ഥാനത്തൊഴിലാളികളെക്കൊണ്ടൊരു സർക്കാർ വിരുദ്ധ പ്രക്ഷോഭം മാത്രമല്ല മനസിൽ കരുതിയത്. രോഗത്തിന്റെ വ്യാപനവും കൂട്ടമരണവും കൂടി അവരുടെ ലക്ഷ്യമാകണം.
മാധ്യമങ്ങളും ഉത്തരവാദിത്വബോധത്തോടെ പെരുമാറേണ്ട സന്ദർഭമാണിത്. ന്യൂസ് 24 എടുത്ത സംയമനവും അതിന് അരുൺ കുമാർ നൽകിയ വിശദീകരണവും അഭിനന്ദീയമാണ്.
അതിഥി സംസ്ഥാനത്തൊഴിലാളികളെ തെറ്റിദ്ധരിപ്പിച്ച് നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കു പ്രേരിപ്പിക്കുന്നവർക്കെതിരെ ഒരു വിട്ടുവീഴ്ചയുമില്ലാതെ നടപടിയെടുക്കാതെ നിർവ്വാഹമില്ല. എല്ലാ ആരോഗ്യസുരക്ഷാ നിർദ്ദേശങ്ങളെയും അവഗണിച്ചാണ് കടുത്ത നിയന്ത്രണങ്ങൾ നിലനിൽക്കുന്ന ഇക്കാലത്ത് അവരെ തെരുവിലിറക്കിയത്. അവരോടു മാത്രമല്ല, മുഴുവൻ കേരളീയരോടുമുള്ള വെല്ലുവിളിയാണ്.