കഴിഞ്ഞ ദിവസം ഉത്തരവ് കത്തിച്ച് അപഹാസ്യരായ അധ്യാപക സംഘടനയ്ക്ക് അംഗങ്ങളുടെ മറുപടി. ഈ സംഘടനയിൽ അംഗമായതിൽ ലജ്ജിക്കുന്നു എന്ന് തുറന്നടിക്കുകയാണ് മുഹമ്മ സിഎംഎസ് എൽപി സ്കൂളിലെ ഹെഡ്മിസ്ട്രസ് ജോളി ടീച്ചർ. ടീച്ചറെയും സഹോദരി ജെസി ടീച്ചറെയും കുറിച്ച് മുമ്പ് ഞാനെഴുതിയിട്ടുണ്ട്. അക്കവും അക്ഷരവും പാട്ടുകളിലൂടെ കുട്ടികളെ പഠിപ്പിക്കുന്ന ജെസി ടീച്ചറെ മറന്നിരിക്കാൻ ഇടയില്ല. സംസ്ഥാന അധ്യാപക അവാർഡ് ജേത്രിയാണ് ജോളി തോമസ്. താൻ അംഗമായ സംഘടനയുടെ ചെയ്തി, ജോളി ടീച്ചറിൽ എത്ര മാനസികവിക്ഷോഭമാണ് ഉണ്ടാക്കിയത് എന്ന് വാട്സാപ്പ് ഗ്രൂപ്പിൽ അവരെഴുതിയ കുറിപ്പു വായിച്ചാൽ മനസിലാകും. കേരളത്തിലെ മഹാഭൂരിപക്ഷത്തിന്റെ പൊതുവികാരമാണത്.
കഴിഞ്ഞ പ്രളയകാലത്ത് സാലറി ചലഞ്ചിനെതിരെ തന്റെ സംഘടന നിലപാടെടുത്തപ്പോൾ ജോളി തോമസും സഹപ്രവർത്തകരും ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന നൽകി. ഉത്തരവ് കത്തിക്കലിൽ പ്രതിഷേധിച്ച് ജോളി ടീച്ചർ തന്റെ സംഘടനയിൽ നിന്ന് രാജിവെച്ചുകൊണ്ട് വാട്സാപ്പ് ഗ്രൂപ്പിലെഴുതിയ കുറിപ്പ് താഴെ കൊടുക്കുന്നു. ”കഴിഞ്ഞ ദിവസം ഫേസ്ബുക്കിലും മാധ്യമങ്ങൾ വഴിയും കാണുകയും കേൾക്കുകയും ചെയ്ത ഒരു കാര്യമാണ് ഞാനിവിടെ കുറിക്കുന്നത് ഞാൻ സാധരണ ഫേസ്ബുക്കിൽ പോസ്റ്റുകൾ ഇടാറില്ല . സത്യത്തിൽ എനിക്കതിനോട് താൽപ്പര്യമില്ല മനസിലൊന്നും അക്ഷരങ്ങളിലൂടെ മറ്റൊന്നും പുറത്തുവിടുന്ന പുതിയ സംസ്കാരത്തോടു ഒരു വികാരവും തോന്നാറില്ല . പ്രതികരിക്കാൻ തോന്നുന്ന പല കാര്യങ്ങളും ഒരു നോട്ട്ബുക്കിൽ കുറിച്ചുവെക്കാറുണ്ട്. പക്ഷെ ഇത് നിങ്ങളുമായി ഷെയർ ചെയ്യണമെന്ന് തോന്നി. സാലറി ചലഞ്ചിനെതിരെ ഒരു അധ്യാപകസംഘടനയിലെ ചിലർ (അവർ അധ്യാപകരാണോ എന്നെനിക്കറിയില്ല. ആണെന്ന് പറയുന്നു ) കാട്ടിയ ഗംഭീര പ്രകടനം.
പല കോണുകളിൽ നിന്നും സാരി ഉടുത്തവരും നൈറ്റി ഇട്ടവരും ചുരിദാറുകാരും ഒക്കെ ഉത്തരവ് കത്തിക്കുന്നത്…..
ആ തീ ഉടുത്തിരുന്ന തുണിയിൽ കത്തിപിടിച്ചിരുന്നെങ്കിൽ എന്നാശിച്ചുപോകയാണ്.
ഇത് എന്റെ രാഷ്ട്രീയമല്ല രോദനമാണ്. നന്മയുടെ പുറകെ കൊടിപിടിക്കുന്ന ഒരുകൂട്ടം അധ്യാപകരുടെ രോദനം.”ഗുരു “അന്ധകാരം നീക്കി വെളിച്ചം പകരുന്നവർ.എന്ത് ഇരുട്ടാണവർ നീക്കുന്നത്? എന്ത് വെളിച്ചമാണവർ ഒരു തലമുറയ്ക്ക് നൽകുന്നത്?..
ലജ്ജ തോന്നുന്നു കത്തിച്ചതിലല്ല.ആ അധ്യാപക സംഘടനയിലെ അംഗമായിപോയതിൽ.രാഷ്ട്രീയം രാഷ്ട്രത്തെ ചവിട്ടിമെതിക്കുമ്പോൾ ഈ തരംതാണ രാഷ്ട്രീയത്തെക്കുറിച്ചു പറയാൻ വാക്കുകൾ പോരാ.എല്ലാരാഷ്ട്രീയത്തിനും അതാതിന്റെ നിലപാടുകൾ ഉണ്ട് സത്യംതന്നെ പക്ഷെ.. ഇതിനെ അതിജീവനകാലത്തെ സമൂഹനിന്ദയായിട്ടേ കാണാൻ പറ്റുന്നുള്ളു.
ഒരു വർഷം എല്ലാ ആനുകൂല്യങ്ങളും പറ്റിക്കൊണ്ട് 365 ദിവസത്തിനുള്ളിൽ കൂടിപ്പോയാൽ 195 ദിവസം ജോലി ചെയ്യുന്ന ഞാനുൾപ്പെടുന്ന അധ്യാപക സമൂഹം ഈ അതിജീവനകാലത്തു എന്ത് ചെയ്തു ?എന്റെ കുഞ്ഞുങ്ങൾ എന്റെ മുഖത്തു നോക്കി ചോദിച്ചാൽ ഉത്തരമില്ല.പൊലീസ് ജീപ്പിന് കൈകാണിച്ചു പെൻഷൻ തുക ഏൽപ്പിക്കുന്ന അമ്മമാർ…. വിഷുക്കൈനീട്ടം തുടങ്ങി ചെറിയ സമ്പാദ്യങ്ങൾ വരെ ഒരു കൈ നന്മയ്ക്കായി മാറ്റിവയ്ക്കുന്ന കുഞ്ഞുങ്ങൾ.ഇവരൊക്കെ നമ്മെ വിസ്മയപ്പെടുത്തി കൊണ്ടിരിക്കുന്ന സമയത്ത്.കൃത്യമായി അഞ്ചാംതീയതിക്കു മുൻപായി കിട്ടിക്കൊണ്ടിരിക്കുന്ന അഞ്ചക്കശമ്പളത്തിൽ നിന്ന് സേഫ് സോണിലിരിക്കുന്ന എന്നെപ്പോലുള്ളവരോട് ആറു ദിവസത്തെ ശമ്പളം ചോദിച്ച സർക്കാർ ഉത്തരവ് കത്തിച്ച ഈ സംഘടനയിൽ ഇനി ഞാനില്ല.
നാടിനു മാതൃക ആകേണ്ടവരായ നമ്മൾ നമ്മുടെ നാടിനെ കത്തിച്ചുകളയുന്നു, ലജ്ജാവഹം.നമ്മുടെ രാഷ്ട്രീയം രാഷ്ട്രത്തെ തകർക്കുന്നതാകരുത്.നമ്മുടെ ആറു ദിവസത്തെ ശമ്പളം 600 വയറുകൾനിറയ്ക്കട്ടെ.സന്തോഷത്തോടെ നിറഞ്ഞ മനസോടെ മാറ്റിവയ്ക്കണം.അത് തിരിച്ചുകിട്ടിയില്ലെങ്കിലും ദുഃഖിക്കരുത്.നമ്മുടെ അധ്യാപനം മാന്യവും ശ്രേഷ്ഠവുമാണ്. … അത് ഒരു കത്തിതീരലിലൂടെയും ഇല്ലാതാവുന്നില്ല.”ഒരു വിദ്യാർഥിക്ക് കിട്ടാവുന്ന ഏറ്റവും നല്ല പാഠപുസ്തകം ഒരു നല്ല അധ്യാപകനാണ് “….
“നമുക്ക് ആ നല്ല പാഠപുസ്തകമാകാം”.