ആത്മ നിർഭർ പാക്കേജ് ഇങ്ങനെ എട്ടുനിലയിൽ പൊട്ടുമെന്ന് ആര് കരുതി?

  0
  87

  ആത്മ നിർഭർ പാക്കേജ് ഇങ്ങനെ എട്ടുനിലയിൽ പൊട്ടുമെന്ന് ആര് കരുതി? കൃഷിക്കാരുടെ മാഗ്നാ കാർട്ട എന്നുപറഞ്ഞു മൂന്നു ഇനങ്ങൾ രണ്ടു പാക്കേജുകളിൽ ഉൾപ്പെടുത്തിയിരുന്നു. അവയ്ക്കെതിരെ പോസ്റ്റ് എഴുതിയപ്പോൾ ഇങ്ങനെ സംഘടിതമായൊരു ചെറുത്തുനിൽപ്പ് പ്രതീക്ഷിച്ചില്ല. അപ്രതീക്ഷിതമായ തിരിവുകളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

  Atmanirbhar Bharat Abhiyan': PM Modi Announces Rs 20 Lakh Crore Economic Package With Focus on Self Reliance | India.comഈ പൊട്ടിത്തെറിയുടെ സാംഗത്യം നമ്മൾ മലയാളികൾക്ക് മനസിലാവണമെന്നില്ല. കാരണം കേരളത്തിൽ സംഘടിതമായ ഉൽപ്പാദകരുടെ മാർക്കറ്റിംങ് യാർഡ് സമ്പ്രദായം ഉണ്ടായിരുന്നില്ല. എന്നോ നിശ്ചലമായിപ്പോയ കോഴിക്കോട്ടെ ഒരു യാർഡ് ഒഴികെ. കൃഷിക്കാരെ ഇടത്തട്ടുകാരുടെ ചൂഷണത്തിൽ രക്ഷിക്കാനാണിവ ഇന്ത്യ മുഴുവൻ സ്ഥാപിച്ചത്. ലൈസൻസുള്ള കച്ചവടക്കാർക്ക് കൃഷിക്കാരിൽ നിന്ന് സുതാര്യമായ രീതിയിൽ ലേലം വിളിയിലൂടെയോ അല്ലാതെയോ ഇവിടെ നിന്നും കാർഷിക ഉൽപ്പന്നങ്ങൾ വാങ്ങാം. സംസ്ഥാന സർക്കാരുകളുടെ നിയന്ത്രണത്തിലായിരുന്നു ഈ കേന്ദ്രങ്ങൾ പ്രവർത്തിച്ചിരുന്നത്. പുതിയ നിയമ പ്രകാരം എവിടെവെച്ചും കാർഷിക ഉൽപ്പന്നങ്ങൾ വിൽക്കാനുള്ള സ്വാതന്ത്ര്യം കൃഷിക്കാർക്കുണ്ടുപോലും. അവർ പൂർണ്ണമായും ഗുണ്ടികക്കാരുടെയും ഊഹക്കച്ചവടക്കാരുടെയും പിടിയിലമരും. കച്ചവടക്കാരാവട്ടെ സ്വതന്ത്രമായി കാർഷിക ഉൽപ്പന്നങ്ങൾ സംസ്ഥാന അതിർത്തി കടത്തി എവിടെ വേണമെങ്കിലും കൊണ്ടുപോകാം. പുതിയ നിയമത്തിൽ കച്ചവടക്കാരെക്കുറിച്ചു പരാമർശമില്ല. കൃഷിക്കാർക്ക് അതിനുള്ള സ്വാതന്ത്ര്യം ഉണ്ടാവുമെന്നാണ് വ്യവസ്ഥ. നമ്മുടെ നാട്ടിൽ ഇത്തരത്തിൽ നിയന്ത്രിത കമ്പോളം ഒരു പരിധിവരെ ഉണ്ടായിരുന്നത് കാപ്പിയുടെയും ഏലത്തിന്റെയും ലേലം വിളിയിലാണ്. രാജ്യത്ത് മറ്റിടങ്ങളിൽ മാർക്കറ്റിംഗ് യാർഡുകളായിരുന്നു ഒരു രക്ഷാകവചം. അവിടങ്ങളിലെ അഴിമതിയേയും കെടുകാര്യസ്ഥതയേയും പഴിക്കാത്ത കൃഷിക്കാർ ഉണ്ടാവില്ല. പക്ഷെ, കച്ചവടക്കാരുടെ കള്ളപ്പാട്ടങ്ങളാവാതെ തങ്ങളെ സംരക്ഷിക്കുന്നതിൽ ഇവയുടെ പങ്ക് ഏവരും അംഗീകരിച്ചിരുന്നു.

  ഇപ്പോൾ ഇല്ലാതായ രണ്ടാമതൊരു നിയമം അവശ്യസാധന നിയമത്തിന്റെ പരിധിയിൽ നിന്ന് കാർഷിക വിഭവങ്ങളെ – ഭക്ഷ്യധാന്യമടക്കം – എടുത്തുമാറ്റിയതാണ്. എത്ര വേണമെങ്കിലും പൂഴ്ത്തിവയ്ക്കാം. എവിടെ വേണമെങ്കിലും കൊണ്ടുപോകാം. ഈ ഊഹക്കച്ചവടം കേരളത്തിലെ അവശ്യസാധന വിലകളെ എങ്ങനെ സ്വാധീനിക്കുമെന്നു വിവരിക്കേണ്ടതില്ലല്ലോ. ഭക്ഷ്യസാധനങ്ങളുടെ വിലക്കയറ്റം മാന്ദ്യകാലത്തും കുതിച്ചുയരുന്ന വേളയിലാണ് കേന്ദ്രസർക്കാർ ഇത്തരമൊരു നീക്കം നടത്തിയിരിക്കുന്നതെന്നത് അമ്പരപ്പിക്കുന്നതാണ്.
  മൂന്നാമത്തെ നിയമം രാജ്യമെമ്പാടും കോൺട്രാക്ട് ഫാമിംങ് നടപ്പാക്കാനുള്ളതാണ്. അഗ്രി ബിസിനസ് കമ്പനികൾക്ക് കരാർ വ്യവസ്ഥയിൽ കൃഷിക്കാർക്ക് മുൻകൂട്ടി ഓർഡർ കൊടുക്കാം. വ്യവസ്ഥകൾ നിശ്ചയിക്കാം. കൃഷിക്കാരെ കുത്തകകളുടെ പാട്ടകൃഷിക്കാരായി മാറ്റുകയാണ്.

  ആത്മ നിർഭർ പ്രഖ്യാപനം മുതൽ പ്രതിഷേധം ഉയർന്നുവന്നതാണ്. പഞ്ചാബ്, ഹരിയാന, പശ്ചിമ യുപി കേന്ദ്രീകരിച്ചാണ് സമരങ്ങൾ വന്നത്. പാർലമെന്റിൽ ഓർഡിനൻസുകൾ നിയമം ആക്കാൻ പോകുന്നുവെന്ന് അറിഞ്ഞപ്പോൾതന്നെ കോവിഡ് എല്ലാം ഉണ്ടായിട്ടും സമരം കനത്തു. കിസാൻസഭയുടെ ഇടതുപക്ഷ ശക്തികളും സമരത്തിനുണ്ട്. കേന്ദ്രം മൈന്റ് ചെയ്തില്ല. നിയമം പാസ്സാക്കി. അപ്പോഴാണ് ഒരു ഞെട്ടൽ ഉണ്ടായത്. കേന്ദ്ര കൃഷി സഹമന്ത്രി ശിരോമണി അകാലിദളിന്റെ ഹർസിമ്രത് ബാദൽ മന്ത്രിസ്ഥാനം രാജിവച്ചു. കേന്ദ്രം കുലുങ്ങിയിട്ടില്ല. രാജ്യസഭയിൽ വോട്ടിനിട്ടു പാസ്സാക്കുമെന്ന വാശിയിലാണ്. രാജ്യസഭയിൽ വോട്ട് അത്ര എളുപ്പമാവില്ല. പ്രതിഷേധം ശക്തിപ്പെടും. കാത്തിരുന്നു കാണാം.