ഡോ. ബാബു പോൾ ഇനിയില്ല എന്നു വിശ്വസിക്കാൻ പ്രയാസം

500

ബഹുമാനപ്പെട്ട മന്ത്രി തോമസ് ഐസക്കിന്റെ (Dr.T.M Thomas Isaac)പേജിൽ ഷെയർ ചെയ്ത പോസ്റ്റ്

ഡോ. ബാബു പോൾ ഇനിയില്ല എന്നു വിശ്വസിക്കാൻ പ്രയാസം. പ്രായമേറുന്തോറും കൂടുതൽ കൂടുതൽ കർമ്മമണ്ഡലങ്ങളിൽ ഊർജസ്വലനായി അദ്ദേഹം വ്യാപൃതനായിരുന്നു. ഏറ്റവും ഒടുവിൽ അദ്ദേഹം ഏറ്റെടുത്ത നൂതനദൌത്യങ്ങളിലൊന്ന് കിഫ്ബി ഡയറക്ടർ ബോർഡ് അംഗത്വമാണ്. ഇത്തരമൊരു സംരംഭത്തിൽ പങ്കാളിയാകുന്നതിന് അദ്ദേഹത്തെ ഡോ. എബ്രഹാമും ഞാനും കൂടി ഒരു ദിവസം രാത്രി വീട്ടിൽ ചെന്നു കണ്ട സന്ദർഭം ഇപ്പോഴും ഓർക്കുന്നു. കിഫ്ബിയുടെ ഓരോ വിശദാംശവും ചോദിച്ചറിഞ്ഞു. എല്ലാ സംശയങ്ങളും വിശദമായി ആരാഞ്ഞു. പിന്നെ തീരുമാനത്തിന് അധികനേരം വേണ്ടിവന്നില്ല. കിഫ്ബിയിലെ ഡയറക്ടർ ബോർഡ് അംഗമായി പ്രവർത്തിക്കാൻ സമ്മതം മൂളി.

കേരളത്തിൻ്റെ വികസനത്തെക്കുറിച്ച് വലിയ സ്വപ്നങ്ങൾ കണ്ട ബാബുപോളിന് കിഫ്ബിയിൽ വലിയ പ്രതീക്ഷയുണ്ടായിരുന്നു. കേരളവികസനത്തിൽ കിഫ്ബി പുതിയ അധ്യായമെഴുതും എന്ന കാര്യത്തിൽ അദ്ദേഹത്തിന് സംശയമുണ്ടായിരുന്നില്ല. കിഫ്ബിയുടെ ഇതുവരെ നടന്ന എല്ലാ യോഗങ്ങളിലും പങ്കെടുക്കുകയും ചർച്ചകളിൽ സജീവമായി പങ്കെടുക്കുകയും ചെയ്തിരുന്നു. കിഫ്ബി ബോർഡിലും ഭൂരിപക്ഷംപേരും ധനകാര്യമേഖലയിൽനിന്നുള്ള സ്വതന്ത്ര ഡയറക്ടർമാരാണ്.

കഴിഞ്ഞ തവണ ധനകാര്യമന്ത്രിയായപ്പോൾ ആദ്യം പോയി കണ്ടത് ഡോ. കെ എൻ രാജിനെയാണ്. അതുകഴിഞ്ഞ് ഡോ. ബാബു പോളിനെ. അച്യുതമേനോൻ്റെ ബജറ്റ് പ്രസംഗങ്ങൾ വായിക്കണമെന്നായിരുന്നു ആദ്യത്തെ ഉപദേശം. വായിക്കുക മാത്രമല്ല, സാമാന്യം സുദീർഘമായ ഒരു ലേഖനവും അവയെക്കുറിച്ച് പിന്നീട് ഞാനെഴുതി. ആ ലേഖനത്തിൽ അദ്ദേഹത്തിൻ്റെ നിരീക്ഷണങ്ങളും പ്രയോജനപ്പെടുത്തിയിരുന്നു.

പിന്നീടും ചില സന്ദർഭങ്ങളിൽ അദ്ദേഹത്തിന്റെ ഉപദേശങ്ങൾ തേടിയിട്ടുണ്ട്. ഉന്നയിക്കുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനും പഠിച്ചു പ്രതികരിക്കുന്നതിനും തയ്യാറായി.
തന്നോട് ഇടപഴകുന്നവരിൽ ആത്മവിശ്വാസം നിറയ്ക്കുന്ന ഒരു പ്രസാദാത്മകത്വം അദ്ദേഹത്തിനുണ്ടായിരുന്നു.

തനിക്കു ശരിയെന്നു തോന്നുന്ന രാഷ്ട്രീയ അഭിപ്രായപ്രകടനങ്ങൾ പംക്തികളിലും മറ്റും തുറന്നു പ്രകടിപ്പിക്കുന്നതിന് അദ്ദേഹം മടിച്ചിട്ടില്ല. വിമർശനങ്ങൾ ഉന്നയിക്കുന്നതിന് വ്യക്തിപരമായ സൌഹൃദം തടസമായിട്ടുമില്ല. പക്ഷേ, ആ വിമർശനങ്ങൾക്കും ഒരു ബാബുപോൾ ടച്ചുണ്ടായിരുന്നു. കാലുഷ്യം ഒട്ടും കലരാതെ പറയാനുള്ളതു പറയാനുള്ള ഒരു സവിശേഷസിദ്ധി.

ജന്മനാടായ പെരുമ്പാവൂരിൽ നിന്ന് തുടങ്ങിയതാണ് പി. ഗോവിന്ദപ്പിള്ളയുമായുള്ള അദ്ദേഹത്തിൻ്റെ ബന്ധം. വിജ്ഞാനത്തോടും സാഹിത്യത്തോടുമുള്ള ഒടുങ്ങാത്ത താൽപര്യവും അക്ഷീണമായ കർമ്മശേഷിയും ആ ബന്ധം കൂടുതൽ ദൃഢമാക്കി. പി.ഗോവിന്ദപ്പിള്ളയുമായി ചേർന്ന് അച്ചൻ, അച്ഛൻ, ആചാര്യൻ എന്ന ജീവചരിത്രഗ്രന്ഥവും തയ്യാറാക്കി. ഡോ. സി എ എബ്രഹാമായിരുന്നു മറ്റൊരു സഹഗ്രന്ഥകാരൻ.

ബാബുപോളിൻ്റെ നർമ്മബോധം പ്രസിദ്ധമാണ്.
കേവലമായ ചിരിയല്ല ആ നർമ്മം ലക്ഷ്യമിട്ടത്. സ്വയംവിമർശനത്തിനു പ്രേരിപ്പിക്കുന്ന ആലോചനാമൃതമായ പരിഹാസവും ആ നാവിൽ ആവശ്യാനുസരണം ഉറവപൊട്ടിയിരുന്നു. ഒരുദാഹരണം പറയാം. ഒരിക്കൽ രണ്ടു സർവെയർമാരുടെ തസ്തിക സൃഷ്ടിക്കാൻ വേണ്ടി റവന്യൂ വകുപ്പിൽ നിന്ന് ഫയലെത്തി. ഒരു തസ്തിക അനുവദിക്കാമെന്നായിരുന്നു ധനവകുപ്പിൻ്റെ നിർദ്ദേശം.

അതേക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കമൻ്റ് ഇന്നും സെക്രട്ടേറിയറ്റിൽ സൂപ്പർഹിറ്റാണ്. സർവെയ്ക്കുള്ള ചങ്ങലയുടെ ഒരറ്റം സർവെയറും മറ്റേയറ്റം ധനസെക്രട്ടറിയും പിടിക്കുമെന്നായിരുന്നു ആ തീരുമാനത്തോടുള്ള ബാബുപോളിൻ്റെ പരിഹാസം. ഇത്തരത്തിൽ കുറിക്കുകൊള്ളുന്ന ഫലിതം അനായാസം പറയാനുള്ള നൈസർഗികശേഷി അദ്ദേഹത്തിനുണ്ടായിരുന്നു. അദ്ദേഹത്തിനു ലഭിച്ച പൊതുസ്വീകാര്യതയിൽ ആ നർമ്മബോധത്തിന് വലിയ പങ്കുണ്ട്.

ഗ്രന്ഥകാരനെന്ന നിലയിലും അദ്ദേഹം മലയാളത്തിൽ ഇരിപ്പടമുറപ്പിച്ചിട്ടുണ്ട്. സർവീസ് സ്റ്റോറിയടക്കം ഒട്ടേറെ പുസ്തകങ്ങൾ അദ്ദേഹം സംഭവന ചെയ്തു. പത്തുകൊല്ലമെടുത്തു രചിച്ച ബൈബിൾ വൈജ്ഞാനഗ്രന്ഥമായ വേദശബ്ദരത്നാകാരം എന്ന ഒറ്റ ഗ്രന്ഥം മതി അദ്ദേഹത്തെ ഭാഷയിലും സാഹിത്യത്തിലും ചരിത്രത്തിലും രേഖപ്പെടുത്താൻ.

മലയാളിയുടെ സാഹിത്യസാംസ്ക്കാരിക രാഷ്ട്രീയ മണ്ഡലങ്ങളിൽ ഇതുപോലെ തലയെടുപ്പോടെ നിന്ന ഐഎഎസ് ഉദ്യോഗസ്ഥർ വിരളം. പ്രിയ സുഹൃത്ത് ബാബുപോളിൻ്റെ വേർപാടിൽ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു. അദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സങ്കടത്തിൽ പങ്കുചേരുന്നു.

Advertisements