റിസർവ്വ് ബാങ്ക് ഇപ്പോഴും കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് പുതിയ പണം അച്ചടിച്ച് നൽകാമെന്ന് പറയാൻ തയ്യാറാകുന്നില്ല

0
75

Dr.T.M Thomas Isaac

റിസർവ്വ് ബാങ്ക് ഇപ്പോഴും കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് പുതിയ പണം അച്ചടിച്ച് നൽകാമെന്ന് പറയാൻ തയ്യാറാകുന്നില്ല. എന്നാൽ ഐഎംഎഫ് പോലും വേണമെങ്കിൽ നോട്ട് അടിക്കാമെന്ന് പറഞ്ഞുകഴിഞ്ഞു. ലോകരാഷ്ട്രങ്ങൾക്ക് മറ്റു മാർഗ്ഗങ്ങളൊന്നും ഇല്ലെങ്കിൽ പിന്നെ അവസാന ആശ്രയം ഐഎംഎഫ് ആണ്. അവരുടെ പണത്തിന്റെ പേരാണ് എസ്ഡിആർ (Special Drawing Right). ഒരു എസ്ഡിആർ 1.36 ഡോളറിനു സമമാണ്. ഇപ്പോൾ 2400 കോടി എസ്ഡിആർ പ്രചാരത്തിലുണ്ട്. അവയെല്ലാം അംഗരാജ്യങ്ങളുടെ വിദേശനാണയ ശേഖരത്തിന്റെ ഭാഗമായിട്ടാണ് ഇരിക്കുന്നത്. ഇപ്പോൾ കയറ്റുമതിയെല്ലാം നിലച്ചപ്പോൾ രാജ്യങ്ങൾക്ക് വിദേശനാണയം അല്ലെങ്കിൽ ഡോളർ വരുമാനം ഇല്ല. ഈ പശ്ചാത്തലത്തിലാണ് ഐഎംഎഫ് ദശാബ്ദങ്ങൾക്കുശേഷം വീണ്ടും ഇതുവരെ പുറത്തിറക്കിയ നോട്ടിനു തുല്യമായ എസ്ഡിആർ അടിച്ചിറക്കാൻ ആലോചിക്കുകയാണ്. നമുക്ക് അറിയാമല്ലോ എത്ര യാഥാസ്ഥിതിക നിലപാടാണ് ഐഎംഎഫ് എടുക്കുകയെന്ന്. ഐഎംഎഫിന്റെ എല്ലാ വായ്പകൾക്കും കർശന നിബന്ധനകളുണ്ടാകും. അതുകൊണ്ട് പൊതുവിൽ മറ്റു മാർഗ്ഗങ്ങൾ ഉണ്ടെങ്കിൽ ആരും ഐഎംഎഫിൽ പോകാറില്ല. ആ ഐഎംഎഫാണ് ഒരു നിബന്ധനകളുമില്ലാതെ പണം ഇറക്കാൻ ശ്രമിക്കുന്നത്. ഇനി അമേരിക്കയുടെ സമ്മതംകൂടി കിട്ടിയാൽ മതി. അപ്പോഴാണ് ഇന്ത്യാ സർക്കാർ ഏതാണ്ട് കാൽനൂറ്റാണ്ട് മുമ്പ് ഉണ്ടാക്കിയ ചട്ടവും പറഞ്ഞു വരുന്നത്. ഇത് ശുദ്ധഅസംബന്ധ നയമാണ്. ഈ നയം ഉണ്ടാക്കിയ അന്നത്തെ റിസർവ്വ് ബാങ്ക് ഗവർണ്ണർ രംഗരാജൻ പോലും ഈ നയത്തെ തള്ളിപ്പറഞ്ഞു.