തോമസ് ഐസക് എഴുതുന്നു

ബിജെപിയുടെ സംസ്ഥാനാധ്യക്ഷപദം കേരളവികസനം അട്ടിമറിക്കാനുള്ള സുവർണാവസരമാക്കുകയാണ് അഡ്വ. പിഎസ് ശ്രീധരൻ പിള്ള. കേരളത്തിൻ്റെ ദേശീയപാതാ വികസനം അട്ടിമറിച്ച അദ്ദേഹത്തെ നാടിൻ്റെ പൊതുശത്രുവായി പ്രഖ്യാപിച്ച് സാമൂഹ്യമായി ബഹിഷ്കരിക്കുകയാണ് വേണ്ടത്. രാഷ്ട്രീയനിലപാടുകളിലെ കേവലമായ അഭിപ്രായവ്യത്യാസമായി ഈ പ്രശ്നത്തെ ചുരുക്കാനാവില്ല. ഈ നാടിൻ്റെ ഭാവിവികസനത്തെ പിൻവാതിലിലൂടെ അട്ടിമറിച്ച ശേഷം വെളുക്കെച്ചിരിച്ച് പഞ്ചാരവർത്തമാനവുമായി നമ്മെ വീണ്ടും വഞ്ചിക്കാൻ അദ്ദേഹത്തെ അനുവദിക്കണോ എന്ന് നാടൊന്നാകെ ചിന്തിക്കണം.

No photo description available.ഈ സർക്കാരിൻ്റെ കാലത്ത് ദേശീയപാതാ വികസനം നടക്കില്ലെന്ന് ഉറപ്പുവരുത്തുകയാണ് ദേശീയപാതാ വികസന അതോറിറ്റി. കേരളത്തോടുള്ള മോദി സർക്കാരിൻ്റെ പകപോക്കലാണ് ഇതുവഴി വ്യക്തമാകുന്നത്. അതിനൊരു ചട്ടുകമായി നിന്നുകൊടുക്കുന്നത് ബിജെപിയുടെ സംസ്ഥാനാധ്യക്ഷനും. എങ്ങനെയും ഈ നാടിനെ നശിപ്പിക്കാനും പിന്നോട്ടടിക്കാനുമാണ് അവർ അഹോരാത്രം പരിശ്രമിക്കുന്നത് എന്നതിന് മറ്റൊരു തെളിവു കൂടി.

2020ൽ പദ്ധതി പൂർത്തിയാക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ സംസ്ഥാനത്തിൻ്റെ ചുമതലകൾ നിറവേറ്റുകയാണ് പിണറായി വിജയൻ സർക്കാർ. തൊണ്ടയാട‌്, രാമനാട്ടുകര, വൈറ്റില, കുണ്ടന്നൂർ മേൽപ്പാലങ്ങളുടെ നിർമാണം സംസ്ഥാന സർക്കാർ ഏറ്റെടുത്തു. തൊണ്ടയാട്, രാമനാട്ടുകര മേൽപ്പാലങ്ങൾ കഴിഞ്ഞ ഡിസംബറിൽ നാടിനു സമർപ്പിച്ചു. വൈറ്റില, കുണ്ടന്നൂർ മേൽപ്പാലങ്ങളുടെ നിർമ്മാണം കിഫ്ബി ഏറ്റെടുത്ത് അതിവേഗം പൂർത്തീകരിക്കുന്നു. കരമന–-കളിയിക്കാവിള റോ‌ഡ‌ും കിഫ്ബിയിൽ പെടുത്തി നാലുവരിപ്പാതയാക്കുന്ന പ്രവർത്തനം പുരോഗമിക്കുന്നു.

Image may contain: 1 person, beard and glassesവെല്ലുവിളികൾക്കു മുന്നിൽ അടിപതറി 2013ൽ ഉമ്മൻചാണ്ടി സർക്കാർ ഉപേക്ഷിച്ചതാണ് കേരളത്തിൻ്റെ ദേശീയപാതാവികസനം. ഭൂമി ഏറ്റെടുക്കലായിരുന്നു പ്രധാന വെല്ലുവിളി. എന്നാൽ, എൽഡിഎഫ് സർക്കാർ പ്രശ്നങ്ങൾ ഒന്നൊന്നായി പരിഹരിച്ചു. കണ്ണൂർ കീഴാറ്റൂർ, മലപ്പുറം ഉൾപ്പെടെ പല സ്ഥലങ്ങളിലും ബിജെപിയും യുഡിഎഫ‌് നേതാക്കളും കുത്തിത്തിരിപ്പിനും കലാപത്തിന‌ും ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. സ്ഥലമേറ്റെടുക്കാനായി ത്രീ എ വിജ്ഞാപനമിറക്കി പദ്ധതി ട്രാക്കിലായപ്പോഴാണ‌് രാഷ്ട്രീയവിരോധം തീർക്കാൻ കേന്ദ്രം പദ്ധതി അട്ടിമറിച്ചത‌്.

നവകേരളത്തിൻ്റെ നട്ടെല്ലാണ് നാലുവരിയിലെ ദേശീയപാത. വികസനലക്ഷ്യങ്ങൾ അതിവേഗം കരഗതമാക്കാൻ ആദ്യം പിന്നിടേണ്ട നാഴികക്കല്ലാണ് ദേശീയപാതാവികസനം. ഭാവിതലമുറയുടെ വികസനപ്രയാണങ്ങൾ സുഗമമാക്കാനുള്ള ഈ സുപ്രധാന മുന്നുപാധിയെയാണ് പി എസ് ശ്രീധരൻ പിള്ള നീചമായി അട്ടിമറിച്ചത്. അദ്ദേഹത്തിനും അദ്ദേഹത്തിൻ്റെ പാർടിയ്ക്കും കേരളം മാപ്പു നൽകില്ല.

====

ശ്രീധരൻ പിള്ള പറഞ്ഞ എങ്ങുംതൊടാത്ത മറുപടി

പ്രളയബാധിതരായ ഒരു കൂട്ടം ജനങ്ങൾ അവരുടെ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് എന്നെ വന്നു കണ്ടിരുന്നു. ഇടപ്പള്ളി മൂത്തകുന്നം ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് 1972 ൽ ഭൂമിയേറ്റെടുത്തെന്നും എന്നിട്ടും ഒന്നും നടന്നിട്ടില്ലെന്നും ഇപ്പോൾ വീണ്ടും ഭൂമി ഏറ്റെടുക്കാൻ നോട്ടിഫിക്കേഷൻ വന്നെന്നും അവർ പറഞ്ഞു. പ്രളയത്തെത്തുടർന്ന് ദുരിതത്തിലായ തങ്ങൾക്ക് പെട്ടെന്നുള്ള ഈ സ്ഥലമെടുപ്പ് ബുദ്ധിമുട്ടിലാക്കുന്നുവെന്നും ഇത് തുടർന്ന് പോയാൽ ആത്മഹത്യയല്ലാതെ മറ്റൊരു മാർഗമില്ലെന്നുമാണ് അവർ നിവേദനം നൽകിയത്.

Image may contain: 1 person, smiling, glasses and close-upനിവേദനവുമായി വന്നവരിൽ എല്ലാ പാർട്ടിയിൽ പെട്ട ആളുകളും ഉണ്ടായിരുന്നു. ഒരു ജനാധിപത്യ പ്രസ്ഥാനത്തിന്റെ പ്രസിഡന്റ് എന്ന നിലയിൽ ചെയ്യേണ്ടത് അവരുടെ നിവേദനം മുകളിലേക്ക് അയക്കുക എന്നതാണ്. ജനങ്ങൾ പ്രളയത്താൽ ദുരിതമനുഭവിക്കുന്നുണ്ടെന്നും അവിടുത്തെ സ്ഥലമെടുപ്പ് നടപടികൾ താത്കാലികമായി കുറച്ചു സമയത്തേക്ക് നിർത്തണമെന്നുമാണ് നിതിൻ ഗഡ്കരിക്കയച്ച കത്തിൽ വ്യക്തമാക്കിയത്.അതും നിയമപരമായി ചെയ്യാൻ സാധിക്കുമെങ്കിൽ മാത്രം . 2018 സെപ്റ്റംബർ 14 നാണ് അയച്ചത്.

ജനങ്ങളുടെ ആശങ്ക അറിയിച്ചു കൊണ്ടുള്ള നിവേദനം ഉത്തരവാദപ്പെട്ടവർക്ക് അയച്ചു കൊടുത്തതിന് എന്നെ സാമൂഹ്യമായി ബഹിഷ്കരിക്കണം എന്നാണ് ശ്രീ തോമസ് ഐസക്ക് പറഞ്ഞത്. ഞാനെന്താണ് കത്തിൽ പറഞ്ഞിരിക്കുന്നതെന്ന് സാമാന്യ വിദ്യാഭ്യാസമുള്ള ആർക്കും മനസ്സിലാകും.

മുഖ്യമന്ത്രി പറഞ്ഞത് ഞാൻ സാഡിസ്റ്റാണെന്നാണ് . ജനങ്ങൾ പരാതിയുമായി അദ്ദേഹത്തിന്റെ അടുത്തും എത്തിയിരുന്നു. എന്നിട്ടത് ചവറ്റുകുട്ടയിലിട്ടെന്നാണ് സമരസമിതിയുടെ നേതാവ് പറയുന്നത്. പ്രളയം മൂലം ദുരിതത്തിലായ ഒരു സമൂഹം നിവേദനവുമായി എത്തിയപ്പോൾ അതിനു പുല്ലുവില കൽപ്പിച്ച മുഖ്യമന്ത്രിയാണോ അതിനെ അനുഭാവ പൂർവ്വം പരിഗണിച്ച ഞാനാണോ സാഡിസ്റ്റ് ?

കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി കേന്ദ്രസർക്കാർ രാഷ്ട്രീയം നോക്കാതെ പെരുമാറിയിട്ടുണ്ടെന്ന് അങ്ങയുടെ മന്ത്രിസഭയിലെ പൊതുമരാമത്ത് മന്ത്രി ബഹുമാനപ്പെട്ട ജി.സുധാകരൻ നിരവധി തവണ പറഞ്ഞിട്ടുണ്ട്. ദയവായി അങ്ങ് അതൊക്കെ ഒന്ന് പരിശോധിക്കേണ്ടതാണ്.

=====

തോമസ് ഐസക്കിന്റെ മറുപടി

എനിക്ക് ഇംഗ്ലീഷ് അറിയില്ല എന്ന ശ്രീധരൻ പിള്ളയുടെ പരാതി പരിഹരിക്കാൻ സന്തോഷമേയുള്ളൂ. അറിയാത്തത് പഠിച്ചല്ലേ പറ്റൂ. ട്യൂഷൻ വല്ലതും ആവശ്യമാണെങ്കിൽ ശ്രീധരൻ പിള്ളയുടെ സഹായം തേടുകയും ചെയ്യാം. പക്ഷേ, ഞാൻ ഇംഗ്ലീഷ് പഠിച്ചതുകൊണ്ട്, മോദി സർക്കാർ കേരളത്തോടു ചെയ്ത മഹാ അപരാധത്തിനു പരിഹാരമാകുമോ?

ഈ സർക്കാർ അധികാരമേറ്റ ശേഷം ദേശീയപാതാവികസനത്തിനുവേണ്ട നടപടികൾ ഏറ്റവും വേഗത്തിൽ പൂർത്തീകരിക്കുകയാണ്. 2020ൽ പദ്ധതി പൂർത്തിയാക്കുമെന്ന നിശ്ചയദാർഢ്യത്തോടെയാണ് ഭൂമി ഏറ്റെടുക്കലും പാലം നിർമ്മാണവും മറ്റു നടപടികളും സംസ്ഥാനത്തിൻ്റെ ഭാഗത്തു നിന്ന് പൂർത്തീകരിക്കുന്നത്. ഇത്ര വേഗത്തിൽ ഈ നടപടികൾ പൂർത്തീകരിക്കുന്ന മറ്റൊരു സംസ്ഥാനം ഇല്ലതന്നെ. ആ ദൃഢനിശ്ചയമാണ് കാസർകോടു മുതൽ ഇടപ്പള്ളി വരെയുള്ള നിർമ്മാണ പ്രവർത്തനം ടെൻഡറിംഗ് ഘട്ടത്തിലാക്കിയത്. അതുവരെ എത്തിയപ്പോഴാണ് പൊടുന്നനെ ദേശീയപാതാ അതോറിറ്റിയുടെ അട്ടിമറി. ഈ ഘട്ടത്തിലാണ് ശ്രീധരൻ പിള്ളയുടെ കത്ത് പുറത്തു വരുന്നത്.

അദ്ദേഹം പറയുന്നത് പ്രളയ സമയത്ത് തനിക്കു ലഭിച്ച നിവേദനം അയച്ചു കൊടുക്കുക മാത്രമാണ് ചെയ്തത് എന്നാണ്. കൂട്ടത്തിൽ ഭൂമി ഏറ്റെടുക്കൽ “കുറച്ചു സമയ”ത്തേയ്ക്ക് നിർത്തിവെയ്ക്കണമെന്ന ശുപാർശയും. ഇപ്പോ കുറച്ചു സമയത്തേയ്ക്കല്ല, അനന്തമായിത്തന്നെ പദ്ധതി നീട്ടിവെച്ചിരിക്കുന്നു. കേരളതാൽപര്യം സംരക്ഷിക്കാൻ ശ്രീധരൻ പിള്ളയിൽ നിന്ന് എന്തെങ്കിലും ഇടപെടലുണ്ടായോ?

പ്രളയത്തിൻ്റെ പശ്ചാത്തലത്തിലാണ് താൻ ഇടപെട്ടത് എന്നാണ് ബിജെപി അധ്യക്ഷൻ്റെ വാദം. Image may contain: 1 person, beard and glassesപ്രളയസമയത്ത് എവിടെയാണ് സ്ഥലമേറ്റെടുക്കൽ നടന്നത്? എല്ലാ പ്രവർത്തനങ്ങളും നിർത്തിവെച്ച സമയമാണത്. സർവേയോ, അതിരു സ്ഥാപിക്കലോ, ഭൂമി ഏറ്റെടുക്കലോ ഒന്നും ആ സമയത്തു നടന്നില്ല. നടക്കാത്ത പരിപാടി നിർത്തിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടുവെന്നാണോ ശ്രീധരൻ പിള്ള വാദിക്കുന്നത്?

പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങൾ സംസ്ഥാന സർക്കാരിൻ്റെ നേതൃത്വത്തിലാണ് നടന്നത്. പുനരധിവാസ പ്രവർത്തനങ്ങളും യുദ്ധകാലാടിസ്ഥാനത്തിലാണ് മുന്നേറിയത്. ഭൂമി ഏറ്റെടുക്കൽ മാത്രമല്ല, മറ്റു ജപ്തി നടപടികൾ, വായ്പാ തിരിച്ചടവ് ഒക്കെ നിർത്തിവെച്ച സമയത്താണ് ഏതോ ഒരു നിവേദനത്തിൻ്റെ മറവിൽ ദേശീയപാതാ വികസനത്തിന് ഹാനികരമായ വിവാദ ഇടപെടൽ ശ്രീധരൻ പിള്ള നടത്തിയത്. സദ്ബുദ്ധിയായിരുന്നെങ്കിൽ, ഇക്കാര്യം ശ്രീധരൻ പിള്ള സംസ്ഥാന സർക്കാരിൻ്റെ ശ്രദ്ധയിലും പെടുത്തുമായിരുന്നു. അങ്ങനെയല്ലല്ലോ സംഭവിച്ചത്.

ഇക്കാര്യത്തിൽ ശ്രീധരൻ പിള്ളയുടെയും കൂട്ടരുടെയും യഥാർത്ഥ താൽപര്യം കീഴാറ്റൂരിൽ നാം കണ്ടതാണ്. ദേശീയപാതാവികസനവുമായി ബന്ധപ്പെട്ട വിഷയം സംസ്ഥാന സർക്കാരിനെതിരെ കലാപമുണ്ടാക്കാനുള്ള അവസരമായി ഉപയോഗിക്കാൻ പരമാവധി ശ്രമിച്ചത് നാം മറന്നിട്ടില്ല. പ്രശ്നങ്ങൾ പരിഹരിക്കാനല്ല, ഊതിപ്പെരുപ്പിച്ച് പരമാവധി സംഘർഷം മൂർഛിപ്പിക്കാനാണ് കീഴാറ്റൂരിൽ ബിജെപി ശ്രമിച്ചത്.

കേന്ദ്രസർക്കാരിൻ്റെ പദ്ധതിയാണ് ദേശീയപാതാവികസനമെന്ന് മേനിനടിക്കുന്ന ബിജെപി ആ പദ്ധതി വിജയിപ്പിക്കാൻ എന്താണ് ചെയ്തത്? അനിശ്ചിതമായി പദ്ധതി വൈകിപ്പിക്കാൻ കീഴാറ്റൂരിൽ ആവുംമട്ടിലെല്ലാം
പരസ്യമായിത്തന്നെ ഇടപെട്ടു. ഏറ്റവും ഒടുവിൽ സംസ്ഥാന സർക്കാരിൻ്റെ നിലപാടു കേന്ദ്ര ദേശീയപാതാ അതോറിറ്റിയ്ക്കും പരിസ്ഥിതി വകുപ്പിനുമൊക്കെ അംഗീകരിക്കേണ്ടി വന്നു. പക്ഷേ, എത്ര സമയം വൈകി? ആർക്കാണ് ഉത്തരവാദിത്തം? ശ്രീധരൻ പിള്ളയടക്കമുള്ള ബിജെപി നേതാക്കൾക്കു തന്നെ.

കേരളത്തിൻ്റെ വികസനം തടസപ്പെടുത്തുന്നതിന് പരസ്യമായും രഹസ്യമായും ചെയ്ത അനേകം ദുഷ്കർമ്മങ്ങളുടെ ഒരു തെളിവു മാത്രമാണ് ശ്രീധരൻ പിള്ളയുടെ കത്ത്. കീഴാറ്റൂരിലെ പണി പരസ്യമായിട്ടായിരുന്നെങ്കിൽ, ഇടപ്പള്ളിയിലെ പണി രഹസ്യമായിരുന്നു എന്നു മാത്രം. പദ്ധതി അട്ടിമറിക്കാനും വൈകിപ്പിക്കാനും അനന്തമായി നീണ്ടുപോകാനും എവിടെയൊക്കെ പഴുതു കണ്ടോ, അവിടെയെല്ലാം ശ്രീധരൻ പിള്ള ഇടപെട്ടിട്ടുണ്ട്. ഏതെങ്കിലും വാക്കിലോ വ്യാകരണത്തിലോ പിടിച്ചാലൊന്നും ആ കുരുക്ക് അഴിഞ്ഞുപോകില്ല.

നമ്മുടെ ഭാവി വികസനത്തെ ഏറ്റവും ആഴത്തിൽ സ്വാധീനിക്കുന്ന ഇക്കാര്യം നടന്നുകിട്ടാൻ കേരളം ഒറ്റക്കെട്ടായി നിൽക്കുകായാണ് വേണ്ടത്. രാഷ്ട്രീയമായ ഒരഭിപ്രായവ്യത്യാസവും ഇക്കാര്യത്തിൽ നമുക്കു പരിഗണിക്കുക വയ്യ. ദേശീയപാതാ വികസനം അത്രമേൽ നമുക്ക് അനിവാര്യമാണ്. അങ്ങനെയൊരു ഉത്തരവാദിത്തബോധം ഏതെങ്കിലും ഘട്ടത്തിൽ ബിജെപി പ്രകടിപ്പിച്ചിട്ടുണ്ടോ?

ദേശീയപാതാ വികസനം കേരളത്തിൽ അനന്തമായി വൈകിപ്പിക്കാൻ ബന്ധപ്പെട്ടവർ തീരുമാനിച്ച വിവരം ഇതിനകം പുറത്തുവന്നിട്ടുണ്ട്. അതിനെതിരെ എന്തെങ്കിലുമൊരു വാക്ക് ഇക്കഴിഞ്ഞ പത്രസമ്മേളനത്തിലും അദ്ദേഹം ഉരിയാടിയിട്ടില്ല. പാതാവികസനനടപടികൾ ഇത്രയധികം മുന്നോട്ടു പോയ മറ്റൊരു സംസ്ഥാനവുമില്ല. കാസർകോടു മുതൽ ഇടപ്പള്ളി വരെ ഇനിയൊരു നടപടിയും ബാക്കിയില്ലാത്ത വിധത്തിൽ ടെൻഡറിംഗിനു കാത്തിരിക്കുകയാണ്. നീതി പൂർവമാണ് കേന്ദ്രസർക്കാരിൻ്റെ ഇടപെടലെങ്കിൽ, ആദ്യഘട്ടം ടെൻഡറിംഗ് കേരളത്തിലാണ് നടക്കേണ്ടത്. അതു ചെയ്യാതെ അനന്തമായി പദ്ധതി വൈകിപ്പിച്ച് കേരളത്തെ ശിക്ഷിക്കുകയാണ് കേന്ദ്രസർക്കാർ ചെയ്തത്.

അതിനെതിരെ ഒരു പ്രതിഷേധവും ശ്രീധരൻ പിള്ളയ്ക്കും ബിജെപിയ്ക്കുമില്ല. ഏറെ നാളായി പലതരത്തിൽ ആഗ്രഹിച്ച ഒരു കാര്യം നടന്നുകിട്ടിയതിന്റെ ക്രൂരമായ സംതൃപ്തിയാണ് അദ്ദേഹത്തിന്റെ വാക്കിലും ഭാവത്തിലും. ദേശീയപാതാ വികസനം അട്ടിമറിക്കാൻ രഹസ്യമായും പരസ്യമായും ശ്രീധരൻപിള്ളയും സംഘവും നടത്തിയ അധ്വാനമാണ് ഇപ്പോൾ ഫലം കണ്ടത്. ഇതിനുള്ള ശിക്ഷ അവർക്കു കേരളം നൽകുക തന്നെ ചെയ്യും.

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.