ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ഇത്തരം തടങ്കൽപ്പാളയങ്ങളാണ് പൗരത്വ രജിസ്റ്ററിന്റെ ബാക്കിപത്രം

340

Dr.T.M Thomas Isaac

പൌരത്വഭേദഗതി നിയമത്തെക്കുറിച്ചുള്ള പ്രസക്തമായ ഒരു ചോദ്യത്തിനും ബിജെപി നേതാക്കൾക്ക് മറുപടിയില്ല. ആസാമിൽ പൌരത്വ പട്ടികയ്ക്കു പുറത്തുപോയ, മുസ്ലിം വിഭാഗത്തിലല്ലാത്ത 13 ലക്ഷം മനുഷ്യർക്ക് പൌരത്വ ഭേദഗതി നിയമം വഴി പൌരത്വം തിരിച്ചു കിട്ടുമോ എന്ന ചോദ്യത്തെ നേരിടാനാകാതെ ചാനൽ ചർച്ചയിൽ ഒരു ബിജെപി നേതാവ് കിടന്നുരുളുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ സൂപ്പർഹിറ്റാണ്. യഥാർത്ഥ പ്രശ്നങ്ങളോട് ബിജെപിയ്ക്കുള്ള പൊതുസമീപനം തന്നെയാണ് അതിൽ വെളിവാകുന്നത്. പൌരത്വ ഭേദഗതി നിയമം സംബന്ധിച്ച് പ്രതിപക്ഷം പരത്തുന്നത് Image may contain: 1 person, beard and glassesഅടിസ്ഥാനരഹിതമായ ആശങ്കയാണെന്ന് ആവർത്തിച്ച് പറയുന്ന ബിജെപി നേതാക്കളോട് ആസമിലെ മൂർത്തമായ അനുഭവത്തെക്കുറിച്ച് ചോദിച്ചാൽ മേൽ സൂചിപ്പിച്ച ഉരുളലാണ് ഉത്തരം.

അവിടെ 19 ലക്ഷം പേരാണ് ഒറ്റയടിക്ക് ഇന്ത്യൻ പൌരന്മാരല്ലാതായി മാറിയത്. അവരിൽ തലമുറകളായി ഇന്ത്യയിൽ ജനിച്ചു ജീവിച്ച അനേകം പേരുണ്ട്. ഹിന്ദുക്കളാണ് മഹാഭൂരിപക്ഷം. മുസ്ലിങ്ങളിൽ ഇന്ത്യൻ പ്രസിഡന്റായിരുന്ന ഫക്രുദീൻ അലി അഹമ്മദിന്റെ കുടുംബമുണ്ട്. സർക്കാർ സർവീസിലുള്ളവരും പെൻഷൻ പറ്റിയവരുമുണ്ട്. 1220 കോടി രൂപ ചെലവിട്ടാണ് ആസാം പൌരത്വപ്പട്ടിക തയ്യാറാക്കിയത്. മുൻ ഇന്ത്യൻ പ്രസിഡന്റിന്റെ കുടുംബത്തിനു പോലും ഈ പൌരത്വം തെളിയിക്കൽ പരീക്ഷ വിജയിക്കാനായില്ലെങ്കിൽ, സാധാരണക്കാരുടെ കാര്യം പറയണോ?

പൌരത്വ പരിശോധനയിൽ പരാജയപ്പെട്ടവരോട് ട്രിബ്യൂണലിനെയും കോടതികളെയും സമീപിക്കാനാണ് ബിജെപി നേതാക്കൾ ആക്രോശിക്കുന്നത്. നേരത്തെ പറഞ്ഞ ചർച്ചയിലെ ബിജെപി പ്രതിനിധി പറഞ്ഞതും അതാണ്. അതായത്, ഈ വലിയൊരു പ്രതിസന്ധി തരണം ചെയ്യാനുള്ള രാഷ്ട്രീയ ഇച്ഛാശക്തിയോ ദൂരക്കാഴ്ചയോ ബിജെപിയ്ക്കില്ല. അക്ഷരാഭ്യാസം പോലുമില്ലാത്ത, കൂലിപ്പണിക്കാരും പരമദരിദ്രരുമാണ് ഈ പൌരത്വപ്പട്ടികയിൽ നിന്ന് പുറത്തായ മഹാഭൂരിപക്ഷവും. അവരോടാണ്, പരാതിയുണ്ടെങ്കിൽ കോടതികളെ സമീപിക്കൂ എന്ന് ഇന്ത്യ ഭരിക്കുന്ന രാഷ്ട്രീയ പാർടിയുടെ പ്രതിനിധികൾ ആക്രോശിക്കുന്നത്.

ആസാമിൽ തയ്യാറാക്കിയതുപോലെ ഇന്ത്യയൊട്ടാകെ പൌരത്വപ്പട്ടിക തയ്യാറാക്കാൻ ഇറങ്ങിയിരിക്കുകയാണ് ബിജെപി. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളും അനധികൃത കുടിയേറ്റക്കാരെക്കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണോ? ഇത്തരം കുടിയേറ്റക്കാരുടെ സംസ്ഥാനം തിരിച്ചുള്ള കണക്ക് കേന്ദ്രസർക്കാരിന്റെ കൈവശമുണ്ടോ? ഉണ്ടെങ്കിൽ അതല്ലേ ആദ്യം പുറത്തു വിടേണ്ടത്? പിന്നെ അവരുൾപ്പെട്ട ക്രിമിനൽ കേസുകളുടെ കണക്കുകളും.

ഇന്ത്യയിലെ അനധികൃത കുടിയേറ്റക്കാരുടെ വിശദവിവരങ്ങൾ ആവശ്യപ്പെട്ട ബിജെപി എംപി കപിൽ മൊറേശ്വർ പാട്ടീലിന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായി നൽകിയ മറുപടി പൊതുരേഖയാണ്. അത്തരമൊരു കണക്കും കേന്ദ്രത്തിന്റെ കൈവശമില്ലെന്നായിരുന്നു മറുപടി. (There is no accurate central data regarding exact number of such illegal immigrants). ഇത്തരത്തിൽ ഒരു കണക്കുകളും കൈവശമില്ലാതെയാണ് “എല്ലാ വിദേശികളെയും ഇന്ത്യൻ മണ്ണിൽ നിന്ന് തുരത്തു”മെന്ന് ഗീർവാണം മുഴക്കിയത്. ഇന്ത്യാക്കാരെ മുഴുവൻ തങ്ങൾക്കു മുന്നിൽ വരി നിർത്തി, മതാടിസ്ഥാനത്തിൽ പൌരത്വ സർട്ടിഫിക്കറ്റ് വിതരണം ചെയ്യാമെന്നായിരുന്നു, ആ ഗീർവാണത്തിനു പിന്നിലെ വ്യാമോഹം. ഏറ്റവും അധമമായ സങ്കുചിതവർഗീയതയിൽ ഇരുപത്തിനാലു മണിക്കൂറും ആണ്ടുമുങ്ങുന്നവർക്ക് ഭരണാധികാരം കിട്ടിയാൽ നാട് വേറെന്തു പ്രതീക്ഷിക്കാനാണ്?

2011ലെ സെൻസസ് പ്രകാരം 55 ലക്ഷം പേരാണ് ഇന്ത്യയിലെ അഭയാർത്ഥി ജനസംഖ്യ. അതിൽ ബംഗ്ലാദേശ് അഭയാർത്ഥികൾ 23ലക്ഷത്തോളം വരും. അവരിൽ 17 ലക്ഷം പേരും 1991നു മുമ്പ് കുടിയേറിയവരാണ്. അവരങ്ങനെ ഇന്ത്യയെമ്പാടും വ്യാപിച്ചു കിടക്കുകയൊന്നുമല്ല. അതിർത്തി സംസ്ഥാനങ്ങളിലാണ് മഹാഭൂരിപക്ഷവും. 82 ശതമാനം പേരും പശ്ചിമ ബംഗാളിലാണ്. ഒമ്പതു ശതമാനം ത്രിപുരയിൽ. മൂന്നു ശതമാനം ആസാമിൽ. ആസാമിലെ അനുഭവം നമ്മൾ കണ്ടു. അപ്പോൾ മറ്റു സംസ്ഥാനങ്ങളിലെന്തായിരിക്കും സ്ഥിതി?

ബിജെപിയ്ക്കു മുന്നിൽ പൌരത്വം തെളിയിക്കേണ്ട ദുഃസ്ഥിതി ഓരോ ഇന്ത്യാക്കാരനിലും അടിച്ചേൽപ്പിക്കപ്പെടുകയാണ്. പൌരത്വപരിശോധനയുടെ മാനദണ്ഡങ്ങളെല്ലാം ആസാമിൽ അമ്പേ പരാജയപ്പെട്ടുപോയതാണ്. ആസാമിലെ ബിജെപി നേതാക്കൾ തന്നെയാണ് ആ പൌരത്വപ്പട്ടികയുടെ ഏറ്റവും വലിയ വിമർശകർ. ആസാമിലെ സ്വന്തം പാർട്ടിക്കാരെപ്പോലും പൌരത്വപരിശോധനയുടെ മാനദണ്ഡങ്ങൾ ബോധ്യപ്പെടുത്താൻ ബിജെപി നേതാക്കൾക്ക് കഴിഞ്ഞിട്ടില്ല.

പൌരത്വപ്പട്ടികയിൽ അംഗത്വം കിട്ടാത്തവർക്കു വേണ്ടി പടുകൂറ്റൻ ഭിത്തികളുള്ള തടങ്കൽപ്പാളയങ്ങൾ ഒരുങ്ങുകയാണ് ആസാമിൽ. ഇന്നലെവരെ ഇന്ത്യാക്കാരായി ജീവിച്ചവരാണ് സ്വന്തം നാട്ടിൽ തടങ്കൽപ്പാളയങ്ങളിൽ അടയ്ക്കപ്പെടുന്നത്. അങ്ങനെ തടങ്കൽപ്പാളയത്തിലേയ്ക്ക് പോകുന്നവരുടെ കൂട്ടത്തിൽ ഇന്ത്യയുടെ മുൻപ്രസിഡന്റിന്റെ കുടുംബവും. ഇന്ത്യാക്കാരാണെന്ന് തെളിയിക്കാനുള്ള രേഖകളില്ലത്രേ അവരുടെ കൈവശം.

ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ഇത്തരം തടങ്കൽപ്പാളയങ്ങളാണ് പൌരത്വ രജിസ്റ്ററിന്റെ ബാക്കിപത്രം. അതനുവദിക്കാനാവില്ല. അതിലേയ്ക്കുള്ള ഏതു ശ്രമത്തെയും അവസാന നിമിഷം വരെയും ചെറുക്കും.