നാഗ്പൂരിലെ ആർഎസ്എസ് കാര്യാലയം വിതരണം ചെയ്യുന്ന സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണോ ഇന്ത്യാക്കാരന്റെ പൗരത്വാവകാശം തീരുമാനിക്കുന്നത്

159

Dr.T.M Thomas Isaac

Dr.T.M Thomas Isaac
Dr.T.M Thomas Isaac

നാഗപ്പൂരിലെ ആർഎസ്എസ് കാര്യാലയം വിതരണം ചെയ്യുന്ന സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ ഇന്ത്യാക്കാരന്റെ പൌരത്വാവകാശം തീരുമാനിക്കാമെന്ന സംഘപരിവാർ വ്യാമോഹത്തിലാണ് പൌരത്വ ഭേദഗതി ബില്ലിലൂടെ പുറത്തുവന്നത്. ഏതു പരിഷ്കൃത സമൂഹത്തെയും ലജ്ജിപ്പിക്കുന്ന മാനദണ്ഡങ്ങൾ ഭാഗമായതിനു കാരണം മറ്റൊന്നല്ല. മാനവികതയും മനുഷ്യത്വവും തൊട്ടുതീണ്ടിയില്ലാത്ത തലച്ചോറിന്റെ ഉടമകളിൽ നിന്ന് ഇത്തരം അതിക്രമങ്ങളേ പുറത്തുവരൂ.

യഥാർത്ഥ പൌരന്മാരെ കണ്ടുപിടിക്കാനെന്ന മട്ടിൽ ഇനി സംഘപരിവാർ അനുഭാവികളുടെ അഴിഞ്ഞാട്ടത്തിനാവും രാജ്യം സാക്ഷ്യം വഹിക്കുക. രേഖകൾ പരിശോധിച്ച് ഇന്ത്യാക്കാരാണ് എന്ന് സർട്ടിഫിക്കറ്റ് നൽകണമല്ലോ. ആധാറും പാസ്പോർട്ട് അടക്കമുള്ള എല്ലാ തിരിച്ചറിയൽ രേഖകളും കൈയിലുണ്ടെങ്കിലും പൌരത്വം കിട്ടണമെന്നില്ല. ആസാമിൽ നാമതു കണ്ടതാണ്.

ചുവപ്പുനാടകളുടെ കുരുക്കുകളിലേയ്ക്കും ഒടുങ്ങാത്ത നിയമവ്യവഹാരത്തിന്റെ സങ്കീർണതകളിലേയ്ക്കും മനുഷ്യജീവിതത്തെ ചവിട്ടിയൊതുക്കുന്ന ഭരണകൂട ഭീകരതയാണ് ഇന്ത്യാക്കാരെ പൊതുവേ കാത്തിരിക്കുന്നത്. ഓർക്കുക. പൌരത്വപ്പട്ടികയിൽ പുറത്തായ രണ്ടു ദശലക്ഷത്തോളം ആസാംകാരിൽ ഭൂരിപക്ഷവും ഹിന്ദുക്കളാണ്. അതുകൊണ്ട്, ഈ ബില്ലിന്റെ കെടുതികൾ ഏതെങ്കിലുമൊരു മതവിഭാഗത്തെ മാത്രമേ ബാധിക്കൂ എന്നൊന്നും ആരും കരുതരുത്. മാത്രമല്ല, മറ്റു രാജ്യങ്ങളിൽ താമസിക്കുന്ന ഇന്ത്യാക്കാരുടെ ജീവിതവും പ്രതിസന്ധിയിലാകും.

Image result for citizenship bill 2019"അഭൂതപൂർവമായ സാമ്പത്തികമാന്ദ്യത്തിലൂടെയാണ് നാം കടന്നുപോകുന്നത്. അതിന്റെ കെടുതികളിൽ നിന്ന് ജനശ്രദ്ധ തിരിക്കലും മതത്തിന്റെ പേരു പറഞ്ഞുള്ള ഈ ചേരിതിരിക്കൽ ശ്രമത്തിലൂടെ സംഘപരിവാർ ലക്ഷ്യമിടുന്നുണ്ട്. പെരുകുന്ന തൊഴിലില്ലായ്മയും കുതിച്ചുയരുന്ന വിലനിലവാരവും ജനജീവിതം ദുസഹമാക്കുന്നു. ജിഎസ്ടി നടപ്പിലാക്കുമ്പോൾ സംസ്ഥാനങ്ങൾക്ക് വാഗ്ദാനം ചെയ്ത നഷ്ടപരിഹാരം വിതരണം ചെയ്യാൻ കഴിയുന്നില്ല. പൊതുവേ ജനങ്ങൾ നിരാശരും രോഷാകുലരുമാണ്. ഈ ജനരോഷം കേന്ദ്രസർക്കാരിനെതിരെ തിരിയാതിരിക്കാനുള്ള ചെപ്പടി വിദ്യ കൂടിയാണ് പൌരത്വഭേദഗതി ബിൽ.

ഇക്കാര്യത്തിൽ സിപിഐഎമ്മിന്റെ നിലപാട് സുചിന്തിതമാണ്. ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍നിന്ന് കുടിയേറുന്നവരില്‍ മുസ്ലിങ്ങളെ ഒഴിച്ചുനിര്‍ത്തുമെന്നും മൂന്ന് അയല്‍രാജ്യങ്ങളില്‍ നിന്നെത്തുന്ന മറ്റ് ആറ് മത വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് പൗരത്വം അനുവദിക്കുമെന്നുമുള്ള ബില്ലിലെ മാനദണ്ഡങ്ങൾ പിൻവലിക്കണം. മതത്തിന്‍റെയോ ജാതിയുടെയോ ഭാഷയുടെയോ സംസ്കാരത്തിന്‍റെയോ ലിംഗത്തിന്‍റെയോ തൊഴിലിന്‍റെയോ ഭേദവിചാരങ്ങളില്ലാതെ ഭരണഘടന ഉറപ്പുവരുത്തിയ ഇന്ത്യന്‍ പൗരത്വാവകാശം ഹനിക്കാൻ പാടില്ല.

ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കുമെതിരെയുള്ള ആർഎസ്എസിന്റെ അസഹിഷ്ണുതയ്ക്ക് അതിന്റെ പിറവിയോളം പഴക്കമുണ്ട്. ഇപ്പോഴാകട്ടെ, ഭരണാധികാരത്തിന്റെയും പാർലമെന്റിലെ ഭൂരിപക്ഷത്തിന്റെയും പിൻബലവും. ആ ബലത്തിലാണ് പൗരത്വ ഭേദഗതി ബില്‍ പാസാക്കിയെടുക്കാനുള്ള ശ്രമം. അതിന്റെ ആത്യന്തികമായ ലക്ഷ്യം കേവലമൊരു മതവിഭാഗമല്ല. വിശാലമായ മാനങ്ങളുള്ള അടിച്ചമർത്തൽ പരമ്പരയ്ക്കാണ് തുടക്കം കുറിക്കുന്നത്. ആദ്യത്തെ ലക്ഷ്യം മുസ്ലിം മതവിഭാഗമാണെന്നേയുള്ളൂ. ആ ലക്ഷ്യം നേടിയാൽ അടുത്ത ഇരയ്ക്കുള്ള ഭേദഗതിയൊരുങ്ങും. ആർഎസ്എസും അവർക്കു വണങ്ങി നിൽക്കുന്ന കോർപറേറ്റുകളും ബാക്കിയാകുംവരെ ഈ കോപ്രായങ്ങൾ തുടരും.

വിട്ടുവീഴ്ചയില്ലാത്ത പ്രതിഷേധമല്ലാതെ നമ്മുടെ മുന്നിൽ മറ്റു വഴികളില്ല. അവസാനശ്വാസം വരെ ചെറുത്തുനിൽക്കാം, ഒറ്റക്കെട്ടായി.