നോട്ടുനിരോധനത്തിന്റെ രണ്ടാം വാർഷികത്തിൽ കുറപ്പൊന്നും കണ്ടില്ലല്ലോ എന്ന് ചിലരൊക്കെ ചോദിച്ചിരുന്നു. നോട്ടുനിരോധനം പ്രഖ്യാപിച്ച അന്നു രാത്രി തന്നെ ഈ തീരുമാനം ഭ്രാന്താണെന്ന് വ്യക്തമാക്കി ഞാനൊരു പത്രസമ്മേളനം നടത്തിയിരുന്നു. തുടർന്നെഴുതിയ കുറിപ്പുകളിൽ ഈ തീരുമാനം സാമ്പത്തിക മാന്ദ്യത്തിന് കാരണമാകുമെന്നും മുന്നറിയിപ്പു നൽകിയിരുന്നു.

താല്‍ക്കാലികമായിട്ടാണെങ്കിലും പണ ലഭ്യതയിലും പണത്തിന്റെ കൈമാറ്റ വേഗതയിലും വരുന്ന കുറവ് ഉല്‍പ്പാദന വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുമെന്ന് സാമ്പത്തികശാസ്ത്രത്തിന്റെ ഹരിശ്രീയെങ്കിലും പാസായവർക്ക് അറിയാം. ഈ സ്ഥിതിവിശേഷത്തിന് തടയിടണമെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ ചെലവുകള്‍ ഗണ്യമായി ഉയര്‍ത്തണം. അങ്ങനെയൊരു ധനനയമല്ല ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ പിന്തുടരുന്നത്. ഇക്കാര്യങ്ങളെല്ലാം കണക്കിലെടുക്കുന്ന ആർക്കും 2016 നവംബർ 8നു പ്രഖ്യാപിച്ച നോട്ടുനിരോധനം ഭ്രാന്തു തന്നെയാണ്.
സാമ്പത്തികശാസ്ത്രവിധിപ്രകാരം ഒരു ന്യായീകരണവുമില്ലെന്ന വാദത്തിൽ ഞാനിപ്പോഴും ഉറച്ചു നിൽക്കുന്നു. ഈ വാദങ്ങളെ അന്ന് എതിർത്തവർ ധാരാളമുണ്ടായിരുന്നു. എന്നാൽ അവരൊന്നും നോട്ടു നിരോധനത്തിന്റെ രണ്ടാം വാർഷികത്തിൽ നേട്ടങ്ങളുടെ പട്ടിക നിരത്തുന്നില്ല. അതിനർത്ഥം, പൊടുന്നനെ പ്രഖ്യാപിച്ച നോട്ടുനിരോധനത്തിന്റെ പ്രത്യാഘാതങ്ങൾ മനസിലാക്കുന്നതിൽ അവർക്കു പിഴവുണ്ടായി എന്നാണ്.
നമ്മുടെ പ്രധാനമന്ത്രിയും സർക്കാരും നിയോലിബറൽ ധനനയം പിന്തുടരുന്നു എന്നാണല്ലോ വെപ്പ്. എന്നാൽ ഈ ധനനയം കൊണ്ട് അവരെന്താണ് ഉദ്ദേശിക്കുന്നത് എന്ന് അവർക്കുതന്നെ പിടിയുണ്ടോ എന്നറിയില്ല. പണത്തിന്റെ ലഭ്യതയിൽ ഏറ്റക്കുറച്ചിൽ വരുത്താതെ ദേശീയ വരുമാനത്തിന്റെ നിശ്ചിത ശതമാനത്തിൽ നിലനിർത്തണമെന്നതാണ് ഈ നയത്തിന്റെ കാതൽ. അങ്ങനെ പണം കൊണ്ടു കളിക്കരുത് എന്നു പറയുമ്പോൾ പണത്തെത്തന്നെ റദ്ദാക്കിയിരിക്കുകയാണ്. നാഗ്പൂരിലെ കണക്കെഴുത്തുകാരുടെ യുക്തിയല്ലാതെ, മറ്റേതെങ്കിലും സാമ്പത്തിക വിദഗ്ധർ ഈ ഭ്രാന്തിനു കൂട്ടുനിന്നു എന്നു കരുതാനാവില്ല.
നോട്ടുനിരോധനം മൂലം രാജ്യത്തു സാമ്പത്തികമാന്ദ്യമുണ്ടാകുമെന്ന മുന്നറിയിപ്പ് യാഥാർത്ഥ്യമായിരിക്കുകയാണ്.
ഭരണാധികാരിയുടെ ഭ്രാന്തിന് പിഴ മൂളുകയാണ് രാജ്യവും ജനതയും. അതാണ് നോട്ടുനിരോധനത്തിന്റെ ബാക്കിപത്രം.