ഇന്നും എന്തൊരു ഉത്സാഹം, എന്തൊരുവാശി. ഇവരെയൊക്കെ കാണുമ്പോൾ നമ്മുടെയും ആത്മവിശ്വാസം വർദ്ധിക്കുന്നു

87
Dr.T.M Thomas Isaac
ജാമിയ മിലിയയുടെ ഏഴാമത് ഗേറ്റിൽ പ്രൊഫ. സോണിയ കാത്തുനിൽപ്പുണ്ടായിരുന്നു. ചുരുങ്ങിയത് ഒരു മണിക്കൂറെങ്കിലും ആയിക്കാണണം അവർ അവിടെ നിൽക്കാൻ തുടങ്ങിയിട്ട്. സമരംമൂലം ട്രാഫിക് ആകെ ബ്ലോക്കാണ്. കാമ്പസിലൂടെ മെയിൻ ഗേറ്റിലേയ്ക്ക് വരാൻ ആവശ്യപ്പെട്ടിട്ട് അവർ മുങ്ങി. പിന്നെ പ്രൊഫസറും കുട്ടികളും റോഡിലൂടെ ഒരു ഓട്ടമാണ്. ഞങ്ങൾ മെയിൻ ഗേറ്റിലെത്തിയപ്പോൾ അവർ അവിടെ ഹാജർ. തർജ്ജിമയില്ലാത്ത എന്റെ പ്രസംഗം അത്ര ഏശിയില്ലായെന്നു തോന്നിയതുകൊണ്ട് Image result for thomas isaacഅവർ തന്നെ മുന്നോട്ടുവന്ന് പ്രസംഗത്തിന്റെ ഒരു സംഷിപ്തരൂപം നൽകി. ഒരു വമ്പൻ കൈയ്യടിയും നേടി. യോഗം തീർന്ന് ഷഹീൻ ബാഗിലേയ്ക്ക് എന്നോടൊപ്പം വരാൻ സോണിയയും തയ്യാർ. കാറിലിരിക്കുമ്പോൾ ഭർത്താവിനു ഭക്ഷണം കൊടുക്കുന്നതിനെക്കുറിച്ച് ആരോടോ വിളിച്ചു പറയുന്നതു കേട്ടു. അപ്പോഴാണ് മനസ്സിലായത് ഭർത്താവ് സിരോഹി, 10 വർഷം മുമ്പ് പക്ഷാഘാതത്തിൽ കിടപ്പുരോഗിയായ വിവരം. ഈ ബുദ്ധിമുട്ടൊക്കെ ഉണ്ടെങ്കിലും കഴിഞ്ഞ ഒരു മാസമായി സോണിയയുടെ ജീവിതം പൂർണ്ണമായും സമരത്തോടൊപ്പമാണ്.
സോണിയ 79 മുതൽ 83 വരെ ജെഎൻയുവിൽ സ്പാനിഷ് ഭാഷ പഠിക്കാൻ ഉണ്ടായിരുന്നു. ഞങ്ങളെല്ലാം ജെപി എന്നുവിളിക്കുന്ന എൻ.ഡി. ജയപ്രകാശ് അവിടെ റഷ്യൻ ഭാഷ പഠിക്കാൻ ഉണ്ടായിരുന്നു. ജയപ്രകാശ് പറഞ്ഞതു പ്രകാരമാണ് സോണിയ എന്നെ കാത്തു നിന്നത്. ഭർത്താവ് സിരോഹി 1981ൽ ജെഎൻയു വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ്. ഇരുവരും എസ്എഫ്ഐ പ്രവർത്തകർ. പഠിത്തം കഴിഞ്ഞ് സോണിയ ഹൈദ്രാബാദിലെ എഫ്ലൂവിൽ അധ്യാപികയായി. സിരോഹി ഈനാടിൽ പത്രപ്രവർത്തകനായി. അവിടെവച്ചായിരുന്നു പക്ഷാഘാതം. അങ്ങനെ ഇരുവരും ഡൽഹിയിലേയ്ക്ക് തിരിച്ചുപോന്നു. സോണിയയ്ക്ക് ജാമിയാമില്ലയിൽ ലത്തീൻ അമേരിക്കൻ പഠനങ്ങളുടെ കേന്ദ്രം സംഘടിപ്പിക്കുന്നതിന്റെ ചുമതല ലഭിച്ചു. മകൻ ഇപ്പോൾ സോഫ്ട് വെയർ എഞ്ചിനീയറാണ്.
ഏതാണ്ട് എല്ലാ സമരവക്താക്കളെയും സോണിയയ്ക്ക് അറിയാമെന്നു തോന്നുന്നു. ഒരു മാസത്തിലേറെയായി അവർ ഏതാണ്ട് പൂർണ്ണസമയം സമരവേദികളിലാണ്. അസാമാന്യ ഹിന്ദി തർജ്ജിമ. എന്റെ പ്രസംഗം അവരുടെ ഹിന്ദിയിലായപ്പോൾ എന്തായിരുന്നു ആരവം!
തിരിച്ചു കാറിലേയ്ക്ക് നടക്കുമ്പോൾ സോണിയ എന്നോട് ചോദിച്ചു. സഖാവിന് എന്നെ ഓർമ്മയുണ്ടോ? പെട്ടെന്നാണ് ഞാൻ ഓർത്തത്. ഒരു 20 വർഷമായിക്കാണും ക്യൂബൻ പ്രതിനിധികളുമായി അവർ ആലപ്പുഴയിൽ വന്നിരുന്നു. സ്പാനിഷ് ഭാഷാ പണ്ഡിതയായ അവരായിരുന്നു തർജ്ജിമക്കാരി. അന്നു പരിചയപ്പെട്ടതാണ്. ഇന്നും എന്തൊരു ഉത്സാഹം, എന്തൊരുവാശി. ഇവരെയൊക്കെ കാണുമ്പോൾ നമ്മുടെയും ആത്മവിശ്വാസം വർദ്ധിക്കുന്നു.