പ്രതീക്ഷിച്ചതുതന്നെ സംഭവിച്ചു, ജെഎൻയുവിൽ അക്രമം നടത്തിയ ഗുണ്ടകൾക്കെതിരെ കേസില്ല, അക്രമത്തിനിരയായ പെൺകുട്ടികൾക്കെതിരെ കേസെടുക്കുകയും ചെയ്തു

406
Dr.T.M Thomas Isaac
പ്രതീക്ഷിച്ചതുതന്നെ സംഭവിച്ചു. ജെഎൻയുവിൽ അക്രമം നടത്തിയ ഗുണ്ടകൾക്കെതിരെ കേസില്ല. അക്രമത്തിനിരയായ പെൺകുട്ടികൾക്കെതിരെ കേസെടുക്കുകയും ചെയ്തു. മേൽപ്പറഞ്ഞ ഗുണ്ടാപ്പടയുടെ തലവന്മാർ ആരെന്ന് ഇനി അന്വേഷിക്കേണ്ടതില്ല. പക്ഷേ, ഇതുകൊണ്ട് ജെഎൻയുവിലെ കുട്ടികൾ പിന്മാറുമെന്നോ പൗരത്വനിയമത്തിലെ വർഗീയ ഭേദഗതിയ്ക്കെതിരെയുള്ള പ്രക്ഷോഭം അവസാനിക്കുമെന്നോ ബിജെപിയും ആർഎസ്എസും കരുതേണ്ടതില്ല.
പേടിപ്പിക്കുക, അതിന് ഏതറ്റം വരെയും പോവുക. അതാണ് സംഘപരിവാറിന്റെയും കേന്ദ്രസർക്കാരിന് നേതൃത്വം നൽകുന്നവരുടെയും അടവ്. തെരുവു ഭരിക്കാൻ അക്രമികളെ തുടലഴിച്ചു വിടുകയും അവർക്കനുകൂലായി ഭരണസംവിധാനത്തെ ദുരുപയോഗം ചെയ്യുകയുമാണ്. തങ്ങൾക്കെതിരെ പ്രതിഷേധിക്കുന്നവരെ അക്രമിച്ചും നിയമപരിരക്ഷ നിഷേധിച്ചും നിശബ്ദരാക്കാമെന്നും പിന്തിരിപ്പിക്കാമെന്നുമുള്ള വ്യാമോഹമാണ്. നാസികളും ഫാസിസ്റ്റുകളും പരീക്ഷിച്ചു വിജയിച്ച തന്ത്രത്തിന്റെ തനിയാവർത്തനം. അതാണ് രാജ്യത്ത് ഇന്നു നടക്കുന്നത്.
ജെഎൻയുവിനെ സംഘപരിവാർ ലക്ഷ്യമിട്ടു തുടങ്ങിയിട്ട് കാലം കുറെയായി. അപവാദങ്ങളിലൂടെ കുട്ടികളെയും അധ്യാപകരെയും തേജോവധം ചെയ്തും കുട്ടികളെ കള്ളക്കേസുകളിൽ കുടുക്കിയും ശാരീരികമായി അക്രമിച്ചും കഴിഞ്ഞ കുറേ നാളുകളായി ജെഎൻയുവിനെ തകർക്കാനുള്ള പ്രക്രിയ തുടരുകയാണ്. അതിന്റെ മറ്റൊരു ഘട്ടമാണ് കഴിഞ്ഞ ദിവസം ഹോസ്റ്റലിൽ ഗുണ്ടാപ്പട നടത്തിയ വിളയാട്ടം.
ഇത് പ്രക്ഷോഭരംഗത്തുള്ള മറ്റു സർവകലാശാലകൾക്കും കുട്ടികൾക്കുമുള്ള മുന്നറിയിപ്പു കൂടിയാണ്. രാജ്യതലസ്ഥാനത്തു പ്രവർത്തിക്കുന്ന ലോകാരാദ്ധ്യമായ ഒരു സർവകലാശാലയ്ക്ക് ഈ ഗതിയാണെങ്കിൽ മറ്റിടങ്ങളിൽ എന്തായിരിക്കും എന്ന മുന്നറിയിപ്പ്.
എന്നാൽ, പ്രതിഷേധസ്വരങ്ങളെയും പ്രക്ഷോഭമുൻകൈകളെയും ഇങ്ങനെ നിശ്ചേതമാക്കാൻ സംഘപരിവാറിന് കഴിയില്ല. പൗരത്വനിയമത്തിലെ വർഗീയഭേദഗതിയ്ക്കെതിരെ കുട്ടികളുടെ നേതൃത്വത്തിൽ ഇന്ത്യയിലാകമാനം അരങ്ങേറുന്ന പ്രക്ഷോഭത്തിന്റെ മുന്നറിയിപ്പ് വ്യക്തമാണ്. ഈ ദുർഭരണം ഏറ്റവും ദോഷകരമായി ബാധിക്കുന്നത് തങ്ങളെയാണ് എന്ന് ഇന്ത്യയിലെ വിദ്യാർത്ഥി സമൂഹം തിരിച്ചറിയുകയാണ്. ഈ ദുർഭരണം തുടർന്നാൽ ഭാവിയിലെ ഇന്ത്യ എന്തായിരിക്കുമെന്ന് നിശ്ചയമായും അവർ ഭയപ്പെടുന്നുണ്ട്. ആ ഭയമാണ് അവരിൽ പിന്മാറാൻ കൂട്ടാക്കാത്ത പോരാട്ടവീര്യം നിറയ്ക്കുന്നത്. സമാനരാഷ്ട്രീയം കൈകാര്യം ചെയ്യുന്ന എല്ലാവരെയും ഒന്നിപ്പിക്കുന്ന രാഷ്ട്രീയ കൂട്ടായ്മകൾ കാമ്പസിനുള്ളിൽ ഉണ്ടാകുന്നതിന്റെ കാരണവും അതാണ്. സംഘപരിവാറിനെതിരെ ഇന്ത്യയിൽ രൂപപ്പെടേണ്ട ഒറ്റക്കെട്ടായ ചെറുത്തുനിൽപ്പുകളുടെ മാതൃകകൾ കാമ്പസിനുള്ളിൽ സൃഷ്ടിക്കുകയാണ് ദീർഘവീക്ഷണവും രാഷ്ട്രീയബോധവുമുള്ള വിദ്യാർത്ഥി സമൂഹം. അതിന്റെ ഐക്കണായി മാറുകയാണ് ജെഎൻയുവിലെ എസ്എഫ്ഐ നേതാവ് ഐഷ ഘോഷ്. ഈ രാഷ്ട്രീയ ഉൾക്കാഴ്ചയ്ക്ക് സംഘപരിവാർ നൽകിയ ഉപഹാരമാണ് ആ സഖാവിന്റെ തലയിലെ പതിനാറു തുന്നലുകൾ.
Advertisements