ശബ്ദിക്കാനുള്ള അവകാശമാണ് ജനാധിപത്യത്തിൽ ഏറ്റവും വലുത്, അനീതി കണ്ടിട്ട് പ്രതികരിക്കാത്തവർ രാജ്യദ്രോഹികളാണ്

407
Dr.T.M Thomas Isaac

ശബ്ദിക്കാനുള്ള അവകാശമാണ് ജനാധിപത്യത്തിൽ ഏറ്റവും വലുത്, അനീതി കണ്ടിട്ട് പ്രതികരിക്കാത്തവർ രാജ്യദ്രോഹികളാണ്

പൗരത്വനിയമ വിരുദ്ധ പ്രക്ഷോഭത്തിൽ ഇന്ന് ഏറ്റവും ശ്രദ്ധേയമായ പേര് കണ്ണൻ ഗോപിനാഥനാണ്. 370-ാം വകുപ്പ് റദ്ദാക്കി ഒരു സംസ്ഥാനത്തെ ഗളഹസ്തം ചെയ്ത് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെയും രാഷ്ട്രീയ-സാമൂഹ്യ പ്രവർത്തകരുടെയും വായമൂടിക്കെട്ടി ജനജീവിതം സ്തംഭിപ്പിച്ചതിനെതിരെ പ്രതികരിച്ച് ഐഎഎസ് പദവി രാജിവച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു: “ശബ്ദിക്കാനുള്ള അവകാശമാണ് ജനാധിപത്യത്തിൽ ഏറ്റവും വലുത്. അനീതി കണ്ടിട്ട് പ്രതികരിക്കാത്തവർ രാജ്യദ്രോഹികളാണ്. കാശ്മീരിനുവേണ്ടി നിങ്ങൾ ഇന്നു ശബ്ദിച്ചില്ലെങ്കിൽ നാളെ നിങ്ങൾക്കെതിരായ അനീതി ഉണ്ടാകുമ്പോഴോ ആരും ശബ്ദിക്കില്ല”.

തന്റെ പ്രതിഷേധം രാജിയിലൂടെ പ്രഖ്യാപിക്കുക മാത്രമല്ല, രാജ്യമെമ്പാടും പ്രതിഷേധം സംഘടിപ്പിക്കുവാൻ അദ്ദേഹം മുന്നിട്ടിറങ്ങി. 14 സംസ്ഥാനങ്ങളിലായി 40ൽപ്പരം ജില്ലകൾ ഇതിനകം അദ്ദേഹം സന്ദർശിച്ചു. ചെറുതും വലുതുമായ യോഗങ്ങളിൽ പങ്കെടുത്തു. ഭുവനേശ്വറിലെ സിറ്റിസൺ ഫോറത്തിന്റെ രണ്ടാം വാർഷിക സമ്മേളനത്തിൽ അദ്ദേഹം പങ്കാളിയായിരുന്നു. അദ്ദേഹത്തെ കാണാനും സംസാരിക്കാനും ഒറീസ്സയിലെ പല സ്ഥലത്തുനിന്നും കേട്ടറിഞ്ഞ് ഒട്ടനവധി വിദ്യാർത്ഥികളും ചെറുപ്പക്കാരും എത്തിയിരുന്നു. വളരെ അനായാസമായി അവരോടെല്ലാം ഒത്തുചേരുന്നതിനും സംവദിക്കുന്നതിനും കണ്ണന് കഴിഞ്ഞു.
പൗരത്വനിയമത്തിന്റെ ലക്ഷ്യം മുസ്ലിംങ്ങളെ വേട്ടയാടൽ മാത്രമല്ല, അതിന്റെ അടിസ്ഥാനത്തിൽ ഹിന്ദുക്കളെ വർഗ്ഗീയമായി ഏകീകരിക്കൽ കൂടിയാണ്. ഇത്തരമൊരു വർഗ്ഗീയ ദ്രുവീകരണമാണ് ബിജെപിയുടെ ലക്ഷ്യം. എന്നാൽ ആസൂത്രണം ചെയ്തപ്പോൾ ഉണ്ടായ ആത്മവിശ്വാസം ഇന്ന് ബിജെപിക്ക് ഇല്ല. വർഗ്ഗീയ ദ്രുവീകരണത്തിനുപകരം ഭരണഘടനയും മതനിരപേക്ഷതയും സംരക്ഷിക്കുന്നതിന് ജാതി-മതഭേദമില്ലാതെ യുവതി-യുവാക്കൾ രംഗത്തു വന്നതാണ് അവരുടെ വർഗ്ഗീയ പദ്ധതിയെ പൊളിച്ചത്. കണ്ണൻ ഒരു കാര്യംകൂടി എടുത്തു പറഞ്ഞു. പൗരത്വ നിയമത്തിന് എതിരായ സമരത്തെ സാമ്പത്തിക നയങ്ങൾക്കും തൊഴിൽനിയമ ഭേദഗതിക്കും സംസ്ഥാനാധികാരങ്ങൾ കവരുന്നതിനും എതിരായ സമരങ്ങളുമായി കോർത്തിണക്കേണ്ടതുണ്ട്. ഇതിന് ഇടതുപക്ഷത്തിനേ കഴിയൂ.
എന്റെ പ്രഭാഷണം ഫെഡറലിസത്തിന് എതിരായ ഭീഷണികളെക്കുറിച്ചായിരുന്നു. പൗരത്വ നിയമവിരുദ്ധ പ്രക്ഷോഭവും സംസ്ഥാനാധികാര സംരക്ഷണവും തമ്മിൽ സംയോജിപ്പിക്കുക അനിവാര്യമാണ്. സംസ്ഥാനങ്ങൾ എതിർത്താലും പൗരത്വനിയമം നടപ്പാക്കുമെന്നാണല്ലോ ബിജെപി പറയുന്നത്. ദേശീയ ജനസംഖ്യാ രജിസ്റ്റർ ഉണ്ടാക്കില്ലെന്നു പ്രഖ്യാപിച്ചുകഴിഞ്ഞ കേരളത്തെയും ബംഗാളിനെയും പേരെടുത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി വിമർശിക്കുകയും ചെയ്തിട്ടുണ്ട്. കോൺഗ്രസ് സംസ്ഥാനങ്ങളും ഈ മാതൃക പിന്തുടർന്നാൽ അമിത്ഷായുടെ ഉമ്മാക്കി വിലപോവില്ല. ഇതിനു തടസ്സം നിൽക്കുന്നത് ജനസംഖ്യാ രജിസ്റ്ററിന്റെ നടപടികൾ യുപിഎ കാലത്ത് തുടങ്ങി എന്നതിനാലാണ്. പക്ഷെ ഇന്ന് അതിനെ എതിർക്കാൻ അത് തടസ്സമാകേണ്ടതില്ല. കാരണം അന്ന് പൗരത്വനിയമ ഭേദഗതി ഉണ്ടായിരുന്നില്ലല്ലോ.