വൈദ്യുതി പോലെ എല്ലാ വീടുകളിലും ഇന്‍റര്‍നെറ്റ് എത്തുകയാണ്

0
380

Dr.T.M Thomas Isaac

അങ്ങനെ കിഫ്ബിയുടെ മറ്റൊരു സ്വപ്നപദ്ധതി കൂടി യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നു. വൈദ്യുതി പോലെ എല്ലാ വീടുകളിലും ഇന്‍റര്‍നെറ്റ് എത്തുകയാണ്. നവകേരളത്തിന്‍റെ സാമൂഹ്യജീവിതത്തില്‍ അടിസ്ഥാനവിപ്ലവം സൃഷ്ടിക്കുന്ന കെ ഫോണ്‍ പദ്ധതിയ്ക്ക് മന്ത്രിസഭ ഭരണാനുമതി നല്‍കി. സര്‍ക്കാരിന്‍റേതും അല്ലാത്തതുമായ സേവനങ്ങളും, ആരോഗ്യ സാമൂഹ്യക്ഷേമ സൗകര്യങ്ങളും വിനോദവിജ്ഞാനസേവനങ്ങളും ഒരു ക്ലിക്കിനപ്പുറം ജനങ്ങള്‍ക്ക് കരഗതമാക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

ഇന്‍റര്‍നെറ്റ് സൗകര്യം പൗരാവകാശമായി മാറുമ്പോള്‍ നമുക്കു ലഭിക്കുന്ന സേവനങ്ങളുടെ ഗുണമേന്മ ഉയരും. സര്‍ക്കാര്‍ സംവിധാനങ്ങളുടെ കാര്യക്ഷമത വ‍ര്‍ദ്ധിയ്ക്കും. വിനോദ വിജ്ഞാന സേവനങ്ങള്‍ നാടിന്‍റെ മുക്കിലും മൂലയിലും എത്തുന്നതോടെ ജീവിത ഗുണനിലവാരം ഉയരും. ഈ നേട്ടങ്ങളെല്ലാം മുന്നില്‍ കണ്ടാണ് 2017-18ലെ ബജറ്റില്‍ കെ ഫോണ്‍ പദ്ധതി പ്രഖ്യാപിച്ചത്. പാവപ്പെട്ട 20 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യ ഇന്‍റര്‍നെറ്റ് കണക്ഷന്‍. മറ്റുള്ളവര്‍ക്ക് കുറഞ്ഞ ചെലവില്‍ ഇന്‍റര്‍നെറ്റ് സേവനം. അതാണ് കെ ഫോണിന്‍റെ ലക്ഷ്യം.

കടമ്പകളില്ലാതെ ഇന്‍റര്‍നെറ്റ് സേവനം സാധാരണക്കാരനും ലഭ്യമാകണം. ഡിജിറ്റല്‍ ഡിവൈഡ് അപ്രത്യക്ഷമാകണം. പൗരസേവനങ്ങള്‍ സാര്‍വത്രികമായി ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകുന്നതിന്‍റെ മുന്നുപാധിയാണ് ഹൈ സ്പീഡ് കണക്ടിവിറ്റിയുള്ള ഇന്‍റര്‍നെറ്റ് സൗകര്യം. വൈദ്യുതി കണക്ഷന്‍ എങ്ങനെയാണോ നമ്മുടെ ജീവിതം മാറ്റിമറിച്ചത്, അതിലും വലിയ കുതിച്ചു ചാട്ടമാണ് ഇന്‍റ‍ര്‍നെറ്റ് കണക്ഷന്‍ ഓരോ വീട്ടിലുമെത്തുന്നതോടെ സാധ്യമാകുന്നത്.

1548 കോടി രൂപയാണ് പദ്ധതിച്ചെലവ്. 2020 ഡിസംബറോടെ ഈ പദ്ധതി യാഥാര്‍ത്ഥ്യമാകും. കെഎസ്ഇബിയും ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡും ചേര്‍ന്നുള്ള സംയുക്ത സംരംഭരമാണ് കെ ഫോണ്‍ പദ്ധതി നടപ്പാക്കുന്നത്. കേരളത്തിലുടനീളം ഏറ്റവും മികച്ച ഓപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖല സ്ഥാപിക്കും. അതുവഴി എല്ലാ വീടുകളിലും സര്‍ക്കാര്‍ ഓഫീസുകളിലും വിദ്യാലയങ്ങളിലും ഹൈ സ്പീഡ് കണക്ഷന്‍ ലഭിക്കും. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് കണ്‍സോര്‍ഷ്യത്തിനാണ് ടെന്‍ഡര്‍ നല്‍കിയിരിക്കുന്നത്. ഇന്‍റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍ ലൈസന്‍സ് ഉള്ളവര്‍ക്ക് കെ ഫോണ്‍ ശൃംഖല ഉപയോഗപ്പെടുത്തി മികച്ച സേവനങ്ങള്‍ ലഭ്യമാക്കാം.