മാധ്യമങ്ങള്‍ പൊതുസമൂഹത്തിന്‍റെ കാവല്‍ നായ്ക്കളാണ്, കാവല്‍ നായ്ക്കള്‍ വേട്ടപ്പട്ടികളാകരുത്

200

Dr.T.M Thomas Isaac

എന്താണ് നമ്മുടെ മാധ്യമപ്രവര്‍ത്തകര്‍ക്കു സംഭവിക്കുന്നത് ? ഓമനക്കുട്ടന്‍ സംഭവത്തില്‍ നിന്ന് ചിലരൊന്നും ഒന്നും പഠിച്ചില്ല എന്നാണ് സമീപകാലവിവാദങ്ങള്‍ സൂചിപ്പിക്കുന്നത്. വസ്തുതയ്ക്കു പകരം മാധ്യമങ്ങള്‍ സ്തോഭജനകമായ കഥ നിര്‍മ്മാണത്തിനിറങ്ങിയപ്പോള്‍ സ്റ്റാന്‍ലിയ്ക്കും അമ്മയ്ക്കും ജീവിതം നഷ്ടമായി. കൊല്ലത്തുള്ള ശ്രീഹരിയുടെയും നെല്ലിമൂട് സ്വദേശിനി വിജിയുടെയും ജീവിതത്തെ വിവാദത്തിന്‍റെ ചക്രവാതച്ചുഴിയിലേയ്ക്ക് എടുത്തെറിഞ്ഞതും മാധ്യമങ്ങള്‍ തന്നെ. വസ്തുതയെന്തെന്ന് അന്വേഷിക്കാന്‍ തയ്യാറാകാത്ത മാധ്യമപ്രവര്‍ത്തന ശൈലിയാണ് പ്രതിക്കൂട്ടിലാകുന്നത്. കേട്ടപാതി കേള്‍ക്കാത്ത പാതി, ഹരം പകരുന്ന കഥ മെനയാന്‍ തൂലികയെടുക്കുമ്പോള്‍ അതിസാധാരണക്കാരായ മനുഷ്യരുടെ ജീവിതം കൊണ്ടാണ് തങ്ങള്‍ പന്താടുന്നത് എന്ന് ആരും ഓര്‍ക്കാറില്ല.

മാധ്യമങ്ങളുമായി സംവാദാത്മകമായ ബന്ധം തന്നെയാണ് നിലനിര്‍ത്തേണ്ടത്. രൂക്ഷമായ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകുമ്പോഴും, ആ സംവാദത്തിന്‍റെ ആ തലം നിലനിര്‍ത്തുക തന്നെ വേണം. നിരന്തരമായ മാധ്യമവേട്ടയ്ക്ക് ഇരയായ ഒരു ഭൂതകാലം എനിക്കുമുണ്ട്. നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയനും ആ വേട്ടയെ അതിജീവിച്ചാണ് മുന്നോട്ടു പോയത്. ആ അനുഭവമുള്ളപ്പോഴും രാജ്യത്തെ മറ്റു മാധ്യമങ്ങളില്‍ നിന്നു വ്യത്യസ്തമായി, കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് തങ്ങളുടെ സ്ഥാപനങ്ങളില്‍ സ്വാതന്ത്ര്യം താരതമ്യേനെ കൂടുതലുണ്ടെന്നും, മാനേജ്മെന്‍റിന്‍റെ എഡിറ്റോറിയല്‍ കാര്‍ക്കശ്യങ്ങളെ മറികടക്കാന്‍ ചില അവസരങ്ങളിലെങ്കിലും അവര്‍ക്ക് കഴിഞ്ഞിട്ടുണ്ടെന്നുമാണ് വ്യക്തിപരമായ നിരീക്ഷണം.

ഏറ്റവും ഒടുവില്‍ ഓമനക്കുട്ടന്‍ സംഭവം നോക്കൂ. ആളിപ്പടർന്ന വിവാദത്തിന്റെ കാറ്റൂതി വിട്ടതും മാധ്യമങ്ങൾ തന്നെയാണ്. വസ്തുതയിലേയ്ക്ക് കാമറ തിരിക്കാൻ ചില മാധ്യമപ്രവർത്തകർ തയ്യാറായപ്പോൾ കഥ മാറി.

ഇതുപോലെ കിട്ടുന്ന വിവരങ്ങളുടെ മറുപുറം സത്യസന്ധമായി അന്വേഷിച്ചുപോകുന്നത് ഒരു ശീലമായോ സംസ്ക്കാരമായോ വളരുന്നില്ല. വാർത്താ ഉറവിടത്തിന്റെ താൽപര്യങ്ങൾക്കൊത്ത് തുള്ളുകയല്ല, ലഭിക്കുന്ന വിവരങ്ങള്‍ പലതവണ കൗണ്ടര്‍ ചെക്ക് ചെയ്തിട്ടാണ് വാര്‍ത്ത നല്‍കേണ്ടത് എന്നാണ് അടിസ്ഥാനപാഠം. അതു മറന്ന്, കിട്ടിയ വിവരം പരമാവധി പൊലിപ്പിച്ച് വാർത്താ ഉറവിടത്തെ പ്രീണിപ്പിക്കാനുള്ള അത്യുല്‍സാഹമാണ് പലരും പ്രകടിപ്പിക്കുന്നത്. അതിന്‍റെ ഫലമോ? നിരപരാധികളുടെ ജീവിതം പന്താടപ്പെടും.കുടുംബകോടതിയിലെ ഹര്‍ജികളെ അടിസ്ഥാനമാക്കി വാര്‍ത്ത മെനയുമ്പോള്‍ ഒരു ഭാഗം മാത്രം പൊലിപ്പിക്കുന്നത് നീതിയല്ല എന്ന് സാമാന്യബുദ്ധി ഉപയോഗിച്ചാല്‍ മനസിലാക്കാവുന്നതേയുള്ളൂ. ആവശ്യത്തില്‍ക്കൂടുതല്‍ നിറം കലര്‍ന്നാവും ഓരോ കേസും അവിടെ എത്തുന്നത്. അവിടെ മാധ്യമങ്ങള്‍ കൂടി ഏകപക്ഷീയമായി നിറം കലര്‍ത്തിയാലോ?

സ്റ്റാന്‍ലിയുടെയും അമ്മയുടെയും കാര്യത്തില്‍ അതല്ലേ സംഭവിച്ചത്. അവരുടെ ഭാഗം കൂടി കേട്ടശേഷവും, രണ്ടു ഭാഗത്തെക്കുറിച്ചും സ്വതന്ത്രമായ ഒരു അന്വേഷണം നടത്തിയ ശേഷവുമാണ് വാര്‍ത്ത കൊടുക്കാനിറങ്ങിയിരുന്നതെങ്കില്‍, ആ അമ്മയും മകനും ഇപ്പോഴും ഭൂമിയിലുണ്ടാകുമായിരുന്നു. മാധ്യമപ്രവര്‍ത്തനത്തിന്‍റെ അടിസ്ഥാനപരമായ പ്രോട്ടോക്കോളുകള്‍ മാത്രം പാലിച്ചാല്‍ മതിയായിരുന്നു. ആ ജാഗ്രത ചോരുന്നത് നമ്മുടെ ജനാധിപത്യസംവിധാനത്തെയാകെ തകര്‍ക്കും. മാധ്യമപ്രവര്‍ത്തനം നീതി ഉറപ്പുവരുത്താനാണ്. നീതി ഹനിക്കാനല്ല.

ഇതേ രീതിയാണ് വിജിയുടെ കാര്യത്തിലും മാധ്യമങ്ങള്‍ പിന്തുടര്‍ന്നത്. മന്ത്രി കെ ടി ജലീല്‍ ഇടപെട്ട് വിജിയ്ക്ക് ഒരു ട്രാന്‍സ്ഫര്‍ നല്‍കി എന്നു കേട്ടപ്പോള്‍ത്തന്നെ അവര്‍ കയറെടുത്തു. അനര്‍ഹമായ സഹായമായിരിക്കും അതെന്ന മുന്‍വിധിയോടെ വിവാദം കൊഴുപ്പിച്ചു. യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് ഇത്തരം ആനുകൂല്യങ്ങള്‍ ലഭിക്കുന്നത് മന്ത്രിയുടെ ഇഷ്ടക്കാര്‍ക്കോ ബന്ധുക്കള്‍ക്കോ കടുത്ത സ്വാധീനം ചെലുത്താന്‍ കഴിയുന്ന പ്രമാണിമാര്‍ക്കോ ഒക്കെ ആയിരിക്കുമല്ലോ. അതു തന്നെയായിരിക്കും ഒരു എല്‍ഡിഎഫ് മന്ത്രിയുടെയും മുന്‍ഗണന എന്നവര്‍ തെറ്റിദ്ധരിച്ചു.

പക്ഷേ, വിജി അനാഥയാണ്. ചെറുപ്പത്തിലേ അച്ഛന്‍ ഉപേക്ഷിച്ചു പോവുകയും അമ്മ നഷ്ടപ്പെടുകയും ചെയ്ത ഒരു പാവം പെണ്‍കുട്ടി. പഠിച്ചൊരു നിലയിലെത്തണമെന്ന തീവ്രമായ ആഗ്രഹത്തിന്‍റെ പ്രേരണയില്‍ മാത്രം ജീവിക്കുന്ന കുട്ടി. അങ്ങനെയൊരു കുട്ടിയെ സഹായിച്ചില്ലെങ്കിലാണ്, മാധ്യമങ്ങള്‍ കലി തുള്ളേണ്ടത്. എന്നാലിവിടെയോ? ആ കുട്ടിയ്ക്ക് പഠിക്കാന്‍ മാനുഷികമായ ഒരിടപെടല്‍ മന്ത്രി നടത്തി. ആ കുട്ടിയുടെ മാനസികാരോഗ്യം തകര്‍ക്കുന്ന തരത്തില്‍ വാര്‍ത്തകളും കഥകളും ഊഹാപോഹങ്ങളും. ഒടുവില്‍ ജനങ്ങള്‍ കാര്യമറിയുമ്പോള്‍, വാര്‍ത്ത പ്രസിദ്ധീകരിച്ചവരെന്തു നേടി എന്ന ചോദ്യം മാത്രം ബാക്കി.

ശ്രീഹരിയുടെ കാര്യത്തിലും ഇതല്ലേ സംഭവിച്ചത്? അക്കാര്യം വിശദമായി മെട്രോ വാര്‍ത്തയില്‍ എം ബി രാജേഷ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഇതിനകം ആ ലേഖനം ധാരാളം ഷെയര്‍ ചെയ്യപ്പെട്ടതിനാല്‍ വിശദാംശങ്ങളിലേയ്ക്കു കടക്കുന്നില്ല. ശ്രീഹരിയും പാവപ്പെട്ട കുടുംബത്തിലാണ് പിറന്നത്. ദേവസ്വം ബോര്‍ഡിലെ പാര്‍ട്ട് ടൈം സ്വീപ്പറാണ് പിതാവ്. അമ്മ വീട്ടമ്മ. ഇങ്ങനെയൊരു വ്യക്തിയ്ക്ക് മന്ത്രിയില്‍ എന്ത് അവിഹിതസ്വാധീനമാണ് ചെലുത്താനാവുക എന്ന് മാധ്യമങ്ങള്‍ അന്വേഷിക്കേണ്ടതല്ലേ. ആ അന്വേഷണമാണ് മാധ്യമപ്രവര്‍ത്തകര്‍ ചെയ്യേണ്ടത്. അതിനു പകരം ചെവിയിലെത്തുന്ന അപവാദങ്ങളും ഊഹാപോഹങ്ങളും കെട്ടുകഥകളും എട്ടുകോളത്തില്‍ നീട്ടിവലിച്ചെഴുതുകയും ബ്രേക്കിംഗ് ന്യൂസുകള്‍ പടയ്ക്കുകയുമാണോ ചെയ്യേണ്ടത്?

എല്‍ഡിഎഫ് സര്‍ക്കാരിനെയോ നേതാക്കളെയോ മന്ത്രിമാരെയോ അവരുടെ പ്രവര്‍ത്തനങ്ങളുടെയോ നിലപാടുകളെയോ പേരില്‍ മാധ്യമങ്ങള്‍ രൂക്ഷമായി വിമര്‍ശിക്കുക തന്നെ വേണം. അതാണ് മാധ്യമങ്ങളുടെ ധര്‍മ്മം. പക്ഷേ, ഇടതുപക്ഷ മന്ത്രിമാരില്‍ നിന്ന് നീതി ലഭിച്ചുവെന്ന ഒറ്റക്കുറ്റം ചുമത്തി പാവങ്ങളെ വേട്ടയാടരുത്. അവരുടെ ജീവിതം തകര്‍ക്കരുത്. അതിനപ്പുറം, കിട്ടുന്ന വിവരങ്ങളെ ആവര്‍ത്തിച്ചു പരിശോധിച്ച് അവസാനത്തെ വസ്തുതയും ചികഞ്ഞെടുക്കാനുള്ള രീതിശാസ്ത്രം പിന്തുടരുകയും വേണം. അതാവണം ശൈലിയും സംസ്ക്കാരവും.അതില്ലെങ്കില്‍ ഇനിയും സ്റ്റാന്‍ലിയുടെയും അമ്മയുടെയും അനുഭവം ആവ‍ര്‍ത്തിക്കും.

മാധ്യമങ്ങള്‍ പൊതുസമൂഹത്തിന്‍റെ കാവല്‍ നായ്ക്കളാണ്. ധാര്‍മ്മികതയ്ക്കും മൂല്യബോധത്തിനും കാവല്‍ നില്‍ക്കേണ്ടവര്‍. കാവല്‍ നായ്ക്കള്‍ വേട്ടപ്പട്ടികളാകരുത്.

Dr. T.m തോമസ് ഐസക്