എഴുത്താണി കേക്കിന്റെ വിശേഷങ്ങളുമായി തോമസ് ഐസക്

553

എഴുത്താണി കേക്കിന്റെ വിശേഷങ്ങൾ അവതരിപ്പിച്ചുകൊണ്ട് മന്ത്രി തോമസ് ഐസക്  ഫേസ് ബുക്കിലിട്ട പോസ്റ്റ് വൈറൽ ആകുന്നു.പോസ്റ്റിന്റെ പൂർണ്ണരൂപം താഴെ വായിക്കാം 

”എഴുത്താണി കേക്ക് തിന്നിട്ടുണ്ടോ? ഇല്ലെങ്കില്‍ വിശേഷം കേട്ടോളൂ. മൈദ, മുട്ട, പഞ്ചസാര മറ്റൊരു ചേരുവയുമില്ല. പച്ചവെള്ളം ചേരാതെ ഇവ മൂന്നും കുഴച്ചു പരുവപ്പെടുത്തുന്നു. ഇത് അച്ചില്‍ ചെറുകേക്കായി രൂപപ്പെടുത്തി വെളിച്ചെണ്ണയില്‍ തയ്യാറാക്കുന്നു. വെള്ളം ചെര്‍ക്കാത്തതിനാല്‍ ആഴ്ചകളോളം കേടു കൂടാതിരിക്കും. ശരാശരി 5000 കേക്ക് ഒരു ദിവസം വിറ്റുപോകും. ചായയും കേക്കുമാണ് കോമ്പിനേഷന്‍. കാറിലും മറ്റും വരുന്നവര്‍ 10 -20 കേക്കുകള്‍ പാക്കറ്റിലാക്കി കൊണ്ട് പോകുന്നത് സാധാരണമാണ്. ഗള്‍ഫുകാര്‍ തിരികെ പോകുമ്പോള്‍ വലിയൊരു പാക്കറ്റ് എഴുത്താണി കേക്കുമായാണ് പോകുന്നത്.

അബ്ദുല്‍ റഹിമിന്‍റെ വാപ്പ തുടങ്ങിയതാണ്‌ കട. മൂപ്പര്‍ രണ്ടാം ലോക മഹായുദ്ധകാലത്ത് മിലിട്ടറിയില്‍ ആയിരുന്നു. 1948 ല്‍ തിരികെ വന്നപ്പോള്‍ 2 മുറി പീടികയില്‍ ചെറിയൊരു ചായക്കട തുടങ്ങി. അന്ന് തുടങ്ങിയതാണ്‌ കേക്കിന്‍റെ കച്ചവടം. അന്ന് പലഹാരങ്ങള്‍ പലതുമുണ്ടായിരുന്നു. ഇപ്പോള്‍ കേക്ക് മാത്രമാണ് പലഹാരം. മട്ടന്‍ കറിയുണ്ടാക്കും. ഒരൊറ്റ കറി മാത്രം. പൊറോട്ട, ഇടിയപ്പം, അപ്പം , ദോശ എന്നിവയോടൊപ്പം കൂട്ടി കഴിക്കാന്‍. ഒരു ദിവസം ഒരു ക്വിന്‍റല്‍ മൈദ വേണം. അതിനൊത്ത ആട്ടിറച്ചി കറിയും തയ്യാറാക്കും.

ബാപ്പയുടെ കാലത്ത് തന്നെ 2 മുറി പീടിക 6 മുറിയായി. പക്ഷെ രണ്ടു പീടിക നിരപ്പേ തുറക്കുകയുള്ളൂ. ബോര്‍ഡ് പോലും വച്ചിട്ടില്ല. തിരക്കിനൊരു കുറവുമില്ല. പീടികയ്ക്ക് മുന്നില്‍ നിരനിരയായി കാറുകള്‍. ഇപ്പോള്‍ ഉള്ളിലേക്ക് ചില അഡീഷനല്‍ ഹാളുകളും തയ്യാറാക്കിയിട്ടുണ്ട്.

അന്നന്ന് ഉണ്ടാക്കുന്ന മട്ടനും പൊറോട്ടയും മറ്റും അന്നു തന്നെ ഫിനിഷ് ചെയ്യും. അത് കൊണ്ട് ഫ്രിഡ്ജ് , കോള്‍ഡ് സ്റ്റോറെജ് ഒന്നും തന്നെയില്ല. കുണ്ടറയില്‍ കണ്‍വെന്‍ഷന് പോകുന്ന വഴിയാണ് കേരളപുരത്ത് ചായ കുടിക്കാന്‍ കയറിയത്. എഴുത്താണി കേക്ക് ഒന്നാന്തരമെന്ന് സര്‍ട്ടിഫൈ ചെയ്തു. ഞാന്‍ ചെന്നതറിഞ്ഞു അബ്ദുല്‍ റഹീമുമെത്തി. കൊല്ലത്തെ രാഷ്ട്രീയ നേതാക്കന്മാര്‍ എല്ലാം സ്ഥിരം ഇവിടെ വരുമായിരുന്നത്രെ. അദ്ദേഹം തന്നെയാണ് കേക്കിന്‍റെ പാചകരഹസ്യം പറഞ്ഞു തന്നത്. കേക്ക് മാത്രമല്ല , മട്ടന്‍ പോലും പാക്ക് ചെയ്ത് ഗള്‍ഫില്‍ കൊണ്ട് പോകാറുണ്ടത്രെ. എന്തേ ഒന്ന് മോഡേണാക്കി കൂടാ. അതിന്‍റെയൊന്നും ആവശ്യമില്ല . ആളുകള്‍ കേട്ടറിഞ്ഞു വന്നു കൊള്ളും. വൃത്തി , രുചി, പാരമ്പര്യം , അതാണ്‌ ഞങ്ങളുടെ ബ്രാന്‍ഡ്‌.”

Previous articleറോസലിൻഡ ഫ്രാങ്ക്‌ളിനെ കുറിച്ച് എന്തറിയാം ?
Next articleഭഗത്‌സിംഗ് അച്ഛനയച്ച കത്ത്
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.