ബിഎംഎസിന്റെ നേതാവാണ് കസ്റ്റംസ് ഓഫീസിൽ ഇടപെട്ടതെന്നും പാർസൽ വിട്ടുകൊടുക്കാൻ ഭീഷണിപ്പെടുത്തിയതെന്നും വിവരങ്ങൾ പുറത്തുവരുമ്പോൾ പലരുടെയും ആഘോഷങ്ങൾ മങ്ങുന്നു

104

Minister Dr.Thomas Isaac

ദുരൂഹമായ കാരണങ്ങളാൽ പ്രധാനപ്പെട്ട പേരുവിവരങ്ങൾ വെളിപ്പെടുത്തുന്നില്ലെങ്കിലും, സ്വർണക്കടത്തു കേസിൽ മനോരമ ഇന്ന് പുറത്തുകൊണ്ടുവന്നത് നിർണായകമായ വിവരങ്ങളാണ്. “കസ്റ്റംസിൽ ആദ്യം വിളിച്ചത് ട്രേഡ് യൂണിയൻ നേതാവ്” എന്ന തലക്കെട്ടിലുള്ള വാർത്തയോട് എനിക്കുള്ള വിയോജിപ്പ്, ട്രേഡ് യൂണിയൻ നേതാവിന്റെയോ യൂണിയന്റെയോ പേരു പരാമർശിച്ചിട്ടില്ല എന്നതാണ്. എന്നാൽ ആ വാർത്തയിലെ വിവരങ്ങളോ? ഈ കേസിലെ ഏറ്റവും സ്ഫോടനാത്മകമായ വിവരങ്ങളാണ് ആ വാർത്തയിലുള്ളത്.

കള്ളക്കടത്തു സ്വർണം വിട്ടുകൊടുത്തില്ലെങ്കിൽ പണി കളയുമെന്ന് ഒരു ട്രേഡ് യൂണിയൻ നേതാവ് കസ്റ്റംസുകാരെ ഭീഷണിപ്പെടുത്തിയെന്ന വിവരം വാർത്തയിൽ ഹൈലൈറ്റ് ചെയ്തിട്ടുണ്ട്. അതുമാത്രമല്ല ഈ നേതാവ് ചെയ്തത് എന്ന് മനോരമ പറയുന്നു. പിടിക്കപ്പെടുമെന്നായപ്പോൾ പാർസൽ തിരികെ അയയ്ക്കാൻ ഈ നേതാവ് ശ്രമിച്ചെന്നും സ്വപ്ന സുരേഷിനെ തിരുവനന്തപുരം വിടാൻ സഹായിച്ചത് ഈ നേതാവാണെന്നും വാർത്തയിൽ പറയുന്നു.

ഇതു രണ്ടും ഈ കേസിലെ അതി നിർണായകമായ വെളിപ്പെടുത്തലുകളാണ്. ഒരുപക്ഷേ, എട്ടുകോളം ബാനർ ഹെഡ് ലൈനും ന്യൂസ് അവർ ചർച്ചയുമാകേണ്ട വിഷയം. എന്നിട്ടും ഈ നേതാവിന്റെയോ അയാൾ ഉൾപ്പെടുന്ന ട്രേഡ് യൂണിയന്റെയോ ആ ട്രേഡ് യൂണിയനെ നയിക്കുന്ന രാഷ്ട്രീയ പാർടിയുടെയോ പേര് പത്രത്തിൽ പ്രത്യക്ഷപ്പെട്ടില്ല എന്നത് വിചിത്രമായിരിക്കുന്നു. ഈ നേതാവിന് ഉന്നത രാഷ്ട്രീയബന്ധമുണ്ടെന്നും കസ്റ്റംസ് ക്ലിയറൻസ് ഏജന്റുമാർക്കിടയിൽ നല്ല സ്വാധീനമുണ്ടെന്നും തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റിലേയ്ക്കു വരുന്ന മുഴുവൻ പാർസലുകളും ഇദ്ദേഹത്തിന്റെ മേൽനോട്ടത്തിലാണ് പുറത്തേയ്ക്കു കടത്തുന്നതെന്നും മനോരമ പറയുന്നു. ഞാൻ ഈ കുറിപ്പെഴുതുമ്പോൾ ബിഎംഎസ് നേതാവ് ഹരിരാജിന്റെ വീട്ടിൽ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് റെയിഡ് നടത്തിയെന്ന വാർത്തകൾ പുറത്തു വരുന്നുണ്ട്.

ഈ കേസുമായി ബന്ധപ്പെട്ട് ആദ്യം പുറത്തുവന്ന സ്തോഭജനകമായ വെളിപ്പെടുത്തൽ, മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ആരോ കസ്റ്റംസിൽ ബന്ധപ്പെട്ടുവെന്നാണ്. മാധ്യമങ്ങളും പ്രതിപക്ഷവും ആവോളം അക്കാര്യം ആഘോഷിക്കുകയും ചെയ്തിരുന്നു.
എന്നാൽ, ബിഎംഎസിന്റെ നേതാവാണ് കസ്റ്റംസ് ഓഫീസിൽ ഇടപെട്ടതെന്നും പാർസൽ വിട്ടുകൊടുക്കാൻ അവരെ ഭീഷണിപ്പെടുത്തിയെന്നും നടക്കാതെ വന്നപ്പോൾ പാർസൽ തന്നെ തിരിച്ചയയ്ക്കാൻ ശ്രമിച്ചുവെന്നുമൊക്കെയുള്ള വിവരങ്ങൾ പുറത്തുവരുന്നത്. യഥാർത്ഥ വിവരങ്ങളിൽ നിന്ന് ജനശ്രദ്ധ തെറ്റിക്കാൻ ബോധപൂർവം മുഖ്യമന്ത്രിയുടെ ഓഫീസിനെ അവമതിക്കുകയായിരുന്നു എന്നുറപ്പാണ്. യാഥാർത്ഥ്യം ഇങ്ങനെ പുറത്തുവരുമ്പോൾ, കേന്ദ്ര അന്വേഷണ ഏജൻസികളുടെ നിലപാട് എന്തായിരിക്കുമെന്നാണ് നാം ഉറ്റുനോക്കുന്നത്.