നെഞ്ച് തകർക്കുന്ന ക്രൂരത, അതും ലുക്കീമിയ ബാധിച്ച പതിനാലുകാരിയോട്

64

Dr Varun Raj
Consultant Medical Oncologist
Medical Trust Hospital

നെഞ്ച് തകർക്കുന്ന ക്രൂരത . ഇതേക്കുറിച്ച് എഴുതണ്ട എന്ന് പല പ്രാവശ്യം കരുതിയതാണ്, പല സഹപ്രവർത്തകരും പിന്തിരിപ്പിച്ച് തുമാണ്. പക്ഷേ ഒരു കുരുനിന്നോട് ചെയ്ത ക്രൂരത ഈ പുറംലോകം അറിഞ്ഞേ മതിയാകൂ. നാലുദിവസം മുമ്പാണ് ആ കുട്ടിയെ കൊണ്ട് അവർ എന്റെ OP യിൽ വരുന്നത്. 14 വയസ്സുള്ള പെൺകുട്ടി, ദേഹമാസകലം എല്ലു നുറുങ്ങുന്ന വേദന കൊണ്ട് അവൾക്ക് അനങ്ങാൻ പോലും കഴിയുന്നില്ല. രക്തം പരിശോധിച്ചപ്പോൾ പ്ലേറ്റ്ലെറ്റ് കൗണ്ട് 6000 മാത്രമേയുള്ളൂ. എപ്പോൾ വേണമെങ്കിലും തലച്ചോറിൽ നിന്നോ അല്ലെങ്കിൽ മറ്റ് ആന്തരികാവയവങ്ങൾ നിന്നോ ബ്ലീഡിങ് വന്ന് മരണംവരെ സംഭവിച്ചേക്കാവുന്ന അവസ്ഥ. ആ കുട്ടിക്ക് അക്യൂട്ട് ലുക്കിമിയ (ALL) അഥവാ ബ്ലഡ് ക്യാൻസർ ആണ്. രണ്ടുമാസം മുമ്പ് എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ നിന്ന് അസുഖം കണ്ടുപിടിച്ചിരുന്നു. കുട്ടികളിൽ ഈ കാൻസർ വന്നാൽ കൃത്യമായ ചികിത്സ ചെയ്താൽ അസുഖം മാറാനുള്ള സാധ്യത 80 ശതമാനത്തിൽ കൂടുതലാണ്. സാമ്പത്തിക ബുദ്ധിമുട്ട് കാരണം അവരെ പിന്നീടുള്ള ചികിത്സയ്ക്കായി തിരുവനന്തപുരം ആർസിസി ലേക്ക് റെഫർ ചെയ്തിരുന്നു.

മറ്റു പലരുടെയും ഉപദേശങ്ങൾ കേട്ട് അവർ അഭിപ്രായങ്ങൾക്കായി പലസ്ഥലങ്ങളിലും അലഞ്ഞുനടന്നു. ലുക്കിമിയ അതിസങ്കീർണമായ ഒരു രോഗമാണ്. അതിൽ സ്പെഷ്യൽ ട്രെയിനിങ് കിട്ടിയ എക്സ്പേർട്ട് ഡോക്ടേഴ്സ് (മെഡിക്കൽ ഓങ്കോളജിസ്റ്റ് /ഹെമറ്റോളജിസ്റ്റ് ) മാത്രമേ അത് ചികിത്സിക്കാൻ സാധിക്കുകയുള്ളൂ. അവർ കോട്ടക്കൽ ആര്യവൈദ്യശാലയിൽ എത്തിയെങ്കിലും അവിടെ ലുക്കിമിയ ചികിത്സിക്കുന്ന ഇല്ല എന്നും സപ്പോർട്ട് കെയർ മാത്രമേ നൽകാൻ സാധിക്കൂ എന്നും പറഞ്ഞ് തിരിച്ചയക്കുകയാണ് ചെയ്തത് (I really appreciate the professionalism & genuiness ).

തെറ്റിദ്ധരിപ്പിക്കുന്ന ഉപദേശങ്ങൾ കേട്ട് ആ കുട്ടിയുടെ മാതാപിതാക്കൾ അവസാനം എത്തിച്ചേർന്നത് കോട്ടയത്ത് മണർകാട് ഉള്ള ഒരു ചികിത്സാകേന്ദ്രത്തിൽ ആണ്. അവിടുത്തെ ഡോക്ടർ ലുക്കിമിയ പൂർണമായും സുഖപ്പെടുത്താം എന്ന് പറഞ്ഞു ഈ കുട്ടിയിൽ ചികിത്സ തുടങ്ങി. അയാൾ ഒരു എംബിബിഎസ് ഡോക്ടർ ആണ് എന്ന് പറയാൻ ഞാൻ ലജ്ജിക്കുന്നു. പക്ഷേ അയാൾ ഇപ്പോൾ പ്രാക്ടീസ് ചെയ്യുന്നത് സിദ്ധ / ഒറ്റമൂലി മറ്റോ ആണ്. 14 വയസുള്ള ഒരു പിഞ്ചു കുഞ്ഞിന്റെ ജീവൻ പന്താടി കൊണ്ട് വേണമായിരുന്നോ അയാളുടെ പരീക്ഷണം.?

ഇതുപോലെയുള്ള പല വിദ്വാന്മാരുടെ യും തട്ടിപ്പുകൾ ഇതിനുമുമ്പും കണ്ടിട്ടുണ്ട്. അസുഖം മാറാൻ സാധ്യത ഇല്ലാത്തവരിൽ പാലിയേറ്റീവ് കെയർ എന്ന രീതിയിൽ ഇതുപോലെ ചെയ്യുമ്പോൾ ഞങ്ങൾ പലപ്പോഴും കണ്ണടക്കാറും ഉണ്ട്. പക്ഷേ ഇത് അങ്ങനെയല്ല. ലുക്കിമിയ ചികിത്സിക്കാനുള്ള യാതൊരു സംവിധാനങ്ങളും ഇല്ലാതെ അതിനുള്ള യാതൊരു expertise ഉം ഇല്ലാതെ മാതാപിതാക്കളെ തെറ്റിദ്ധരിപ്പിച്ച് ചികിത്സയുമായി മുന്നോട്ട് പോകുമ്പോൾ അത് ആ കുട്ടിയെ മരണത്തിലേക്ക് തള്ളിവിടുന്നതിന് തുല്യമാണ്. ആധുനിക വൈദ്യശാസ്ത്രത്തിൽ ഇതിന് കൃത്യമായ ചികിത്സയുണ്ട്. അതുവഴി രോഗം പൂർണമായി മാറി വീണ്ടും സന്തോഷകരമായ ജീവിതത്തിലേക്ക് തിരിച്ചു വരാനുള്ള സാധ്യത 80 ശതമാനത്തിൽ കൂടുതൽ ആണ് എന്നുള്ള സത്യം മറക്കരുത്.

അവൾക്ക് ഇപ്പോൾ വീണ്ടും ശരിയായ ചികിത്സ കിട്ടാൻ തുടങ്ങിയപ്പോൾ പതിയെ മെച്ചപ്പെട്ടുവരുന്നു. ആ കുട്ടിയുടെ വേദനയോടെയുള്ള കരച്ചിൽ ഇപ്പോഴും മറക്കാൻ കഴിയുന്നില്ല. ഇതുപോലെ എത്ര ആൾക്കാരെ ഇവർ തട്ടിപ്പിന് ഇര ആക്കിയിട്ടുണ്ടാവും. മിക്കപ്പോഴും പുറംലോകം അറിയാറില്ല. ആ കുട്ടിയുടെ മാതാപിതാക്കളെ പൂർണമായി കുറ്റപ്പെടുത്താൻ കഴിയില്ല. വ്യാജ വാഗ്ദാനങ്ങളിലും തെറ്റായ ഉപദേശങ്ങളിലും വീണു പോയതാകാം. പക്ഷേ ബ്ലഡ് ക്യാൻസർ മാറ്റി തരാം എന്ന് പറഞ്ഞ് പൊടിയും അരിഷ്ടവും കഴിപ്പിച് പറ്റിച്ച് ജീവിക്കുന്നവരെ എന്താണ് വിളിക്കേണ്ടത്?, അവരെ എന്താണ് ചെയ്യേണ്ടത്.? അത് നിങ്ങൾക്ക് വിടുന്നു. നന്ദി