അബോർഷനോട് സമൂഹവും കേരളത്തിലെ ആരോഗ്യവിഭാഗവും കാണിക്കുന്ന അവഗണന സ്ത്രീവിരുദ്ധതയാണ്

336

Dr.Veena J S എഴുതിയത്.

ഇന്ത്യയിൽ അബോർഷൻ നിയമവിധേയമാണ്, സുരക്ഷിതമായ അബോർഷൻ ചെയ്യാൻ ആശുപത്രികളെ മാത്രം സമീപിക്കുക എന്ന് എഴുതിവെച്ചിട്ടുള്ള ഏതെങ്കിലും ഒരു ഗവണ്മെന്റ് ആശുപത്രിയെങ്കിലും ഉണ്ടോ???

പ്രസവം മാത്രം ആശുപത്രിയിൽ നടന്നാൽ മതിയോ? അബോർഷൻ പോലെ തന്നെ പ്രസവത്തിനും സ്ത്രീയുടെ ജീവനെടുക്കാൻ കഴിയും എന്നതും ഒരു ഗർഭനിരോധനമാർഗവും നൂറുശതമാനം സുരക്ഷിതമല്ലെന്നതും ഗർഭനിരോധനമുൾപ്പെടെയുള്ള ലൈംഗികശാരീരികകാര്യങ്ങൾ ഭൂരിഭാഗം സമൂഹത്തിന് ഇന്നും അജ്ഞാതം ആണെന്നതുമായ സത്യങ്ങൾ നിലനിൽക്കെ അബോർഷനോട് മാത്രം കാണിക്കുന്ന ഈ അവഗണന എത്രമാത്രം സ്ത്രീവിരുദ്ധമാണെന്നും ഇത് സ്ത്രീശരീരത്തിനുമേലുള്ള പുരുഷാധികാരവ്യവസ്ഥിതിയാണെന്നും പ്രത്യേകം പറയേണ്ടതില്ലല്ലോ?

വിവാഹേതരബന്ധത്തിൽ ഉണ്ടായ കുഞ്ഞുങ്ങളെ കൊന്ന സ്ത്രീകളെ കഴിഞ്ഞ മാസങ്ങളിൽ മാധ്യമങ്ങൾ ആഘോഷിച്ചിട്ടുണ്ട്. വിവാഹബന്ധത്തിൽ ഉണ്ടായ കുഞ്ഞിനെ കൊന്ന മാതാപിതാക്കളെയും ഇതേ മാധ്യമങ്ങൾ ആഘോഷിച്ചിട്ടുണ്ട്. സേഫ് പീരിയഡ് ഉണ്ടെന്നു വിചാരിച്ചാവും അവർ സെക്സിലേർപ്പെട്ടത്. അല്ലെങ്കിൽ ശുക്ലസ്ഖലനത്തിനു മുന്നേ ലിംഗം പിൻവലിച്ചിട്ടുണ്ടാകും, അല്ലെങ്കിൽ അറിയാതെ ശുക്ലസ്ഖലനം നടന്ന് കാണും. നമ്മുടെ നാട്ടിൽ ഇന്നും ആളുകൾ അവലംബിക്കുന്ന ഗര്ഭനിരോധനമാര്ഗങ്ങൾ ഇതൊക്കെയാണ് !

അവിവാഹിതരായ യുവതികൾക്ക് ഗർഭനിരോധനം പരാജയപ്പെട്ടതാണ് കാരണം ആണെങ്കിൽ ഗർഭഛിദ്രം അനുവദിക്കില്ല എന്ന് “പറയാതെ പറയുന്നത്” ഇൻഡ്യൻ നിയമത്തിലെ വിക്ടോറിയൻ മൊറാലിറ്റിയാണ്. അത് മാറിയേ തീരൂ. പുതിയ നിയമനിർമാണം നടക്കുക തന്നെ വേണം. ഇനി അത് നിലനിർത്താൻ ആണുദ്ദേശം എങ്കിൽതന്നെ മറ്റൊരു ചോദ്യം ഉയർന്നു വരുന്നു. വിവാഹേതരബന്ധത്തിൽ നിന്നുണ്ടാവുന്ന കുഞ്ഞിന് സമൂഹത്തിൽ ഉണ്ടാവുന്ന നഷ്ട്ടങ്ങൾ എത്രമാത്രമാണ്? ആ കുഞ്ഞു ജനിക്കുന്നതോടെ ആ അമ്മയുടെ മാനസികനില എന്തായിരിക്കും? ആ ഒരു ക്ലോസ് വെച്ച്തന്നെ അബോർഷൻ ലഭ്യമാക്കാവുന്നതാണ്. ഗർഭനിരോധനമാർഗങ്ങൾ എത്ര മനുഷ്യർക്കറിയാം എന്നതും പ്രധാനപ്പെട്ട ചോദ്യം

സെക്സ് ചെയ്യാതിരുന്നു കൂടെ എന്ന ചോദ്യം ചോദിക്കരുത് പ്ലീസ്. അത് വളരെ ജൈവപരമായ ശരീരചോദനയാണെന്നു മനസിലാക്കുക. അഭയാർത്ഥികേന്ദ്രങ്ങളിൽ കിടന്ന് എങ്ങനെ സെക്സ് ചെയ്യും എന്ന ചോദ്യം വരെ ഉയർന്ന, അത്രയും സാംസ്കാരികമായ അധഃപതനത്തിൽ നിൽക്കുന്ന നാട്ടിൽനിന്നും കൂടുതൽ ഒന്നും പ്രതീക്ഷിക്കുന്നില്ല. പക്ഷെ നമ്മൾ മാറിയേ തീരൂ.

സ്ത്രീരോഗപ്രസവവിഭാഗം സ്ത്രീവിരുദ്ധമായി നിലനിന്നുകൂടാ. ഗർഭനിരോധനവും ലൈംഗികതയുമെല്ലാം പാഠ്യപദ്ധതിയിൽ ഉണ്ടാവണം. അങ്ങനെ ഉൾപെടുത്തപ്പെട്ടാലേ ആളുകൾ അതിനെ ശാസ്ത്രീയമായി സമീപിക്കുള്ളൂ. ഇരുപതാം വയസ്സിൽ പ്രസവം നിർത്തിയ, രണ്ടുകുഞ്ഞുങ്ങളുടെ അമ്മയായ യുവതിയെ കണ്ട നടുക്കം ഇന്നും മാറിയിട്ടില്ല . അവരുടെ നിർബന്ധപ്രകാരം ആണ് ഇരുപത്തിരണ്ടാമത്തെ വയസ്സിനു മുന്നേ സ്വകാര്യആശുപത്രിയിൽ ഈ നിയമലംഘനപ്രക്രിയ നടന്നത്. അമ്മയാവണം എന്നൊന്നു ശെരിക്കും ആഗ്രഹം വന്നേക്കാവുന്ന പ്രായത്തിൽ അതിന് സാധ്യമല്ലാത്ത വിധം ട്യൂബുകൾ മുറിച്ചു വെക്കുന്ന, മരണം പോലും റിസ്ക് വരുന്ന ശാശ്വതസ്ത്രീഗർഭനിരോധനരീതികൾ (permanent sterilisation) നിരുത്സാഹപ്പെടുത്തേണ്ടവയാണെന്ന് ഒരു പുരോഗമനസമൂഹത്തിന് മാത്രമേ മനസിലാകൂ. “സ്ത്രീസൗഹാർദം”എന്ന മനുഷ്യാവകാശമേഖലയിൽ നമ്മൾ അത്രമേൽ പരാജിതരാണ്.

വിവാഹേതരബന്ധത്തിൽ ഏർപ്പെടുന്ന ഭൂരിഭാഗം സ്ത്രീകളും കുഞ്ഞിനുവേണ്ടി ആഗ്രഹിക്കുന്നുണ്ടാവില്ല. എന്തിനധികം പറയണം. വിവാഹബന്ധത്തിൽ ലൈംഗികപ്രക്രിയ നടക്കുമ്പോൾ എല്ലാ തവണയും ആരാണ് കുഞ്ഞിന് വേണ്ടി ആഗ്രഹിക്കുക. കുഞ്ഞെന്നുള്ള ചിന്ത പോലും മിക്ക സന്ദർഭങ്ങളിലും ലൈംഗികപ്രക്രിയയെ മരവിപ്പിക്കാറില്ലേ???? കുഞ്ഞുണ്ടാകാൻ വേണ്ടിയാണു സെക്സ് ചെയ്യുന്നതെങ്കിൽ ലൈംഗികആരോപണക്കേസിൽ സഭയെക്കൊണ്ട് മാപ്പ് പറയിപ്പിച്ച എത്രയെത്ര ബിഷപ്പുമാർ എന്തിനായിരുന്നു ഉഭയസമതപ്രകാരം നടക്കേണ്ടിയിരുന്ന സെക്സിനെ കവച്ചുവെച്ച് ബാല/സ്ത്രീലൈംഗികപീഡനം ചെയ്തത്?

ആദ്യലൈംഗികബന്ധം എത്ര വൈകിക്കുന്നുവോ അത്രയും ആരോഗ്യകരമാണ്. ഇന്ത്യയിൽ കാൻസർ കാരണം ഏറ്റവുമധികം സ്ത്രീകൾ മരിക്കുന്നത് ഗർഭാശയഗളകാൻസർ കാരണമാണ്. എന്നാൽ സേഫ് സെക്സ് എന്താണെന്നു പോലും അറിയാത്ത പതിനാറും പതിനെട്ടും വയസ്സുകളിലോ അതിന് മുന്നെയോ നടക്കുന്ന വിവാഹങ്ങൾ ഈയൊരു കാര്യത്തിൽ യാതൊരു മുന്നറിയിപ്പും നൽകുന്നില്ല !

അബോർഷനുമായി ബന്ധപ്പെട്ടു നിൽക്കുന്ന നിയമങ്ങളെയും നടന്ന ചർച്ചകളെയും മറ്റും അവലംബിച്ചും എഴുതിയ പോസ്റ്റുകളുടെ ലിങ്കുകൾ താഴെ കൊടുക്കുന്നു.