Share The Article

എഴുതിയത് : Veena JS

ഒരേ സമയം വിഷമവും അമർഷവും തോന്നിയ ഒരു സംഭവമാണ് എഴുതുന്നത്. ഇന്നലെ ഒരു സുഹൃത്ത് വിളിച്ചു. പതിനെട്ട് വയസ്സുള്ള അവന്റെ സഹോദരി കഴിഞ്ഞ വർഷം ആത്മഹത്യ ചെയ്തിരുന്നു. പരീക്ഷാ സംബന്ധമായ stress ആകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നു കരുതുന്നു.

ഏതൊരു അസ്വാഭാവികമരണത്തിലും 174/176CrPC പ്രകാരം പോലീസ്/മജിസ്ട്രേറ്റ് അന്വേഷണം/inquest നടത്തും. മരണത്തിലേക്ക് നയിച്ച കാര്യങ്ങൾ വിലയിരുത്തി മൃതശരീരം പോസ്റ്റ്മോർട്ടം ചെയ്യാൻ അയക്കും. ഈ അന്വേഷണം നടക്കുമ്പോൾ സ്ഥലത്തെ രണ്ടോ അതിലധികമോ പ്രധാനവ്യക്തികൾ (മിക്കപ്പോഴും പഞ്ചായത്ത് വാർഡ് മെമ്പർ/കൗൺസിലർ etc) മൃതദേഹത്തിന് സമീപം ഉണ്ടാവണം എന്നാണ് CrPC വ്യവസ്ഥ ചെയ്തിരിക്കുന്നത്.

(മരിച്ചത് സ്ത്രീയാണെങ്കിൽ ഒരു women പോലീസ് സംഘത്തിൽ ഉണ്ടാകും. സ്ത്രീകളായ വാർഡ് മെമ്പറെ വെക്കാൻ പോലീസ് ഉദ്യോഗസ്ഥർ പരമാവധി ശ്രമിക്കുകയും ചെയ്യും. CrPC പറഞ്ഞിട്ടില്ലെങ്കിലും അടുത്ത ഒരു ബന്ധു കൂടെ inquest സമയം ഉണ്ടാവുമെന്നത് പോലീസിന്റെ ഭാഗത്തു നിന്നുള്ള appreciate ചെയ്യപ്പെടേണ്ട ഒരു നൈതികതയാണ്.)

Inquest ഒന്നുകിൽ മരണസ്ഥലത്തൊ അല്ലെങ്കിൽ മോർച്ചറിയിൽ വച്ചോ ആകും നടക്കുക. മൃതദേഹത്തിന് പരമാവധി സ്വകാര്യത നൽകിയാണ്അന്വേഷണം. ദേഹത്തുള്ള മുറിവുകൾ, പാടുകൾ അങ്ങനെ എല്ലാമെല്ലാം പോലീസ് മേല്പറഞ്ഞവരുടെ സാന്നിധ്യത്തിൽ എഴുതിയടുക്കും.

പോസ്റ്റ്‌മോർട്ടം കഴിഞ്ഞ ശേഷം, inquest സമയം കൂടെയുണ്ടായിരുന്ന ഒരു പ്രധാനവ്യക്തി(വനിതയായ വാർഡ് മെംബർ) ചെയ്ത പരിപാടിയാണ് സുഹൃത്ത് പറഞ്ഞത്.

മരിച്ച വ്യക്തിയുടെ അമ്മായിയോടും കുടുംബശ്രീയിലും മറ്റുനാട്ടുകാരോടും ആ സ്ത്രീ പിന്നീട് പോയി സംസാരിക്കുന്നു.
“മൃതദേഹം മുഴുവൻ താൻ കണ്ടു,
അതിൽ അടിച്ച പാടുകൾ കണ്ടു, നിങ്ങൾ ഉപദ്രവിച്ചതല്ലേ,
മൃതദേഹം കിടത്തിയത് താഴെ ആയിരുന്നു.
മാന്തിയ പാടുകൾ ഉണ്ട്.
ഒരാൾക്കും ഈ ഗതി വരുത്തല്ലേ”
ഇത്രയുമാണ് വാർഡ് മെംബർ മരണത്തിൽ തകർന്ന ആ കുടുംബത്തോട് പോയി പറഞ്ഞത്.

വളരെ അസ്വസ്ഥരായ കുടുംബാംഗങ്ങൾ പോസ്റ്റ്‌ മോർട്ടം ചെയ്ത ഡോക്ടറോട് കാര്യങ്ങൾ തിരക്കുന്നു. വാർഡ് മെംബർ പറഞ്ഞ “അടിച്ച” പാടുകൾ postmortem hypostasis ആയിരുന്നു. അതായത് മരണശേഷം രക്തക്കുഴലുകളുടെ ശക്തിയില്ലാതാവുന്നതോടെ രക്തം ശരീരത്തിന്റെ dependent ഭാഗങ്ങളിലേക്ക് (കിടക്കുന്ന പൊസിഷനിൽ ഉള്ള ബോഡി എങ്കിൽ പുറംഭാഗമാണ് dependent position. തൂങ്ങിനിൽക്കുന്ന ഭാഗമെങ്കിൽ കൈകാലുകളുടെ താഴ്ഭാഗം.) നീങ്ങും. ഇതിന്റെ തുടക്കം ഒരുപക്ഷെ തുടകളുടെയോ കൈകളുടെയോ മുൻഭാഗം ഒക്കെ ആവാം. വട്ടത്തിലുള്ള പാടുകൾ ആയി തുടങ്ങുന്നത് സമയം നീങ്ങുന്നതനുസരിച്ചു വലുതാകും. ഇത് മൃതശരീരശാസ്ത്രം അറിയാത്ത സാധാരണക്കാരെ സംബന്ധിച്ചിടത്തോളം അടിച്ച പാടോ പൊള്ളിയ പാടോ ആയിത്തോന്നാം.

മൃതദേഹം ഒരിക്കലും വെറും തറയിൽ കിടത്താറില്ല. സൗകര്യങ്ങൾ പരിമിതമായ അവസ്ഥയിൽ പോലും ഏറ്റവും സ്വകാര്യതയും മാന്യതയും നൽകിയാണ് പോലീസ് മൃതദേഹഅന്വേഷണം നടത്താറ്. കൈവിരൽ അറ്റത്തുള്ള കുഞ്ഞു പോറലുകൾ/ബ്ലഡ്‌ സ്റ്റെയിൻ എന്നിവ പോലും പോലീസ് റിപ്പോർട്ട്‌ ചെയ്യാറുണ്ട്.

മാന്തിയ പാടുകൾ/പോറലുകൾ കണ്ടാൽ തിരിച്ചറിയാത്ത ഫോറൻസിക് ഡോക്ടർമാരുമില്ല.
ഈ വാർഡ് മെംബർ അന്വേഷണസമയത്ത് വാ തുറന്നിട്ടില്ല എന്ന് അവിടെ ഉണ്ടായ ബന്ധു പറയുന്നുമുണ്ട്. മേല്പറഞ്ഞ തോന്നലുകളൊക്കെ പോയി പറയേണ്ടത് പോസ്റ്റ്മോർട്ടം കഴിഞ്ഞ ശേഷമല്ല. കുടുംബത്തോടുമല്ല. Inquest സമയത്ത് പോലീസിനോടും പിന്നീട് ഡോക്ടർ ചോദിക്കുകയാണെങ്കിൽ ഡോക്ടറോടും ആവണം.

ഇവിടെ വാർഡ് മെംബർ മൃതദേഹഅന്വേഷണത്തിലെ സാക്ഷി എന്ന നിലയിൽ ഗുരുതരമായ വിട്ടുവീഴ്ചയാണ് വരുത്തിയത്. മൃതദേഹത്തോടുള്ള ഹീനമായ അനാദരവും അവരുടെ വാക്കുകളിൽ ഉണ്ടായിരുന്നു. മൃതദേഹം മുഴുവൻ കണ്ടു എന്നൊക്കെ പറഞ്ഞത് എന്തിനാണെന്ന് മനസിലാവുന്നില്ല. അമ്മ അടിച്ചതാണോ എന്നൊക്കെയുള്ള ഒറ്റചോദ്യം മതി ഒരു വലിയ post trauma അവസ്ഥയിൽനിൽക്കുന്ന ആ അമ്മ പോയി ആത്മഹത്യ ചെയ്യാൻ മൃതശരീരം അന്വേഷണവിധേയമാക്കുമ്പോൾ ഇത്തരത്തിലുള്ള വാർഡ് മെംബർമാർ നിൽക്കരുത് എന്ന് ആവശ്യപ്പെടുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ പോകരുത്. വളരെ ഗൗരവപരമായ കാര്യങ്ങൾ ആണെന്നും മൃതദേഹത്തിന്റെ സ്വകാര്യത എന്നത് ജീവിച്ചിരിക്കുന്നവരുടെ സ്വകാര്യത പോലെയോ അതിലധികമോ വലിയതാണെന്നും മനസിലാക്കേണ്ടതുണ്ട്. ഇത്തരത്തിൽ മോശം കാര്യങ്ങൾ ചെയ്യുന്നവർക്കെതിരെ പോലീസിൽ പരാതിപ്പെടുക തന്നെ വേണം. മേൽപ്പറഞ്ഞ കേസിൽ മരിച്ചത് സ്ത്രീയായതുകൊണ്ടും കൂടെയാണ് അവർ പരാതിപ്പെടാൻ പോകാത്തത്. വീണ്ടും വീണ്ടും ആളുകളുടെ കുത്തിനോവിക്കൽ ആർക്കാണ് താല്പര്യം?

Inquest സമയം കൂടെയുണ്ടായിരുന്ന പ്രധാനവ്യക്തികൾ ഇത്തരത്തിൽ പ്രചരണം നടത്തരുത് എന്ന കാര്യത്തിൽ കർശനമായ ചട്ടം വെക്കേണ്ടതുണ്ട്. മേല്പറഞ്ഞ രീതിയിൽ സംശയം ഉള്ള പ്രധാനവ്യക്തികൾക്ക് പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌ ആകുമ്പോൾ പോലീസിൽ നേരിട്ടന്വേഷിക്കാവുന്നതാണ്. ഇത്തരം സാഹചര്യങ്ങളിലെ സാക്ഷി എന്നതിന്റെ പ്രാധാന്യം ആരും ഇല്ലാതാക്കരുത്. സാക്ഷികളില്ലാതെ പോലീസിന് മൃതദേഹത്തിന്റെ അന്വേഷണം ചെയ്യാൻ പറ്റില്ല. മനുഷ്യത്വം കൈവിടാതിരിക്കുക.

Image may contain: text and nature

ഇന്ത്യയിലെ ആദ്യത്തെ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.