മുപ്പത് വയസ്സിൽ കൂടിയ സ്ത്രീകൾ ഗർഭിണികളായി ചെല്ലുമ്പോൾ വഴക്ക് പറയുന്ന ഗൈനക്കോളജിസ്റ്റുകൾ ഉണ്ടെന്ന് കേൾക്കുന്നു

184

മുപ്പത് വയസ്സിൽ കൂടിയ സ്ത്രീകൾ ഗർഭിണികളായി ചെല്ലുമ്പോൾ വഴക്ക് പറയുന്ന ഗൈനക്കോളജിസ്റ്റുകൾ ഉണ്ടെന്ന് കേൾക്കുന്നു.

മുപ്പതിൽ കൂടിയ സ്ത്രീയെ കണ്ടാൽ വിവാഹിത അല്ലെന്ന് തോന്നിയാലുടൻ ചോദ്യം ചെയ്യുന്ന ഗൈനീസ് ഉണ്ടെന്നും കേൾക്കുന്നു. ഇത് ഒരു തരത്തിലും കേട്ട് നിൽക്കേണ്ടതില്ല. വളരെ വൃത്തികെട്ട സമീപനമാണ് അത്തരം ഡോക്ടർമാർ കാണിക്കുന്നത്. പ്രായം കൂടുന്തോറും ഗർഭത്തിൽ, പ്രസവത്തിൽ ബുദ്ധിമുട്ട് ഉണ്ടായേക്കാം എന്ന കാര്യം ഒക്കെ സാമൂഹികശാസ്ത്രീയവശങ്ങൾ കൂടെ പരിഗണിച്ചിട്ട് പറയണം. ശാസ്ത്രീയമായി റിസ്കുകൾ ഉണ്ടെങ്കിൽ പോലും അത് തീർക്കേണ്ടത് at risk ആണെന്ന് നിങ്ങൾ വിചാരിക്കുന്ന ഗർഭിണികളിൽ അല്ല. ശാസ്ത്രീയറിസ്കുകൾ ഉണ്ടെങ്കിൽ തന്നെ സാമൂഹികസാഹചര്യങ്ങൾ അനുസരിച്ചു അതിനെ മറികടക്കാൻ അല്ലെങ്കിൽ അഭിമുഖീകരിക്കാൻ ഡോക്ടർമാർ തയ്യാറാവേണ്ടതാണ്.

ഇങ്ങനെ വഴക്ക് കേൾക്കുന്ന പല സ്ത്രീകളും വീട്ടിലും നാട്ടിലും ഉള്ള പെൺകുട്ടികൾക്ക് ശല്യമാകും വിധം “അയ്യോ താമസിപ്പിക്കല്ലേ വേഗം ഗർഭിണി ആയിക്കോ” എന്ന ഉപദേശവും നൽകാറുണ്ട്. ഗർഭസംബന്ധമായ അവശതകൾ ഒരേ വ്യക്തിയിൽ പല ഗർഭസമയത്ത് പലതായിരിക്കും. ഒരാൾക്ക് പോലും അത് മറ്റൊരാളുടേതിനു സമാനമായിരിക്കില്ല.

ലോകത്തിലെ വന്ധ്യത തുടച്ചു മാറ്റാൻ നിയോഗിക്കപ്പെട്ടവർ ആണ് തങ്ങൾ, അതിനാൽ വന്ധ്യതക്ക് കാരണമായേക്കാവുന്ന പ്രായക്കൂടുതലിനെ വഴക്ക് പറഞ്ഞു പ്രതിരോധിക്കാം എന്നൊക്കെ വിചാരിക്കുന്നത് സ്വന്തം മനസ്സിൽ തന്നെ മതി ഗൈനീസെ. ഒരു കണക്കിനാണ് പല സ്ത്രീകളും തങ്ങൾക്ക് അനുയോജ്യമായ ജീവിതസാഹചര്യങ്ങൾ വരാൻ കാത്തിരിക്കുന്നത്. പലർക്കും അതിനു കഴിയാറില്ല. അച്ഛൻ അമ്മ തൊട്ട് അപ്പറത്തെ വീട്ടിലെ മുതുമുത്തശ്ശിക്ക് കണ്ണടക്കാൻ പോലും പെണ്ണിന്റെ കല്യാണവും പിന്നൊരു കുഞ്ഞിക്കാലും കണ്ടേ തീരൂ എന്നാണ്. കല്യാണത്തിനും പിന്നെയുള്ള ചടങ്ങുകൾക്കുമുള്ള കോഴിക്കാൽ ആണ് ചിലരുടെയൊക്കെ മെയിൻ എന്ന് ഞാൻ പറയാതെ നിങ്ങൾക്ക് അറിയാമല്ലോ. മറ്റു ചിലർക്ക് (അതൊരു ഭൂരിഭാഗം) തങ്ങൾ വഹിക്കുന്ന ഭാരം മറ്റൊരാൾ കൂടെ വഹിക്കുന്നത് കാണാൻ ഉള്ള ആഗ്രഹം. ജോലിയായി settle ആയിട്ടു മതി കല്യാണം എന്ന് വിചാരിക്കുന്നവർ പോലും ഇതുപോലുള്ള കോഴിമൂരിക്കാലുകൾക്ക് വേണ്ടി ജീവിതം പാഴാക്കുമ്പോൾ ആണ് പാഴിന്റെ മേൽ പാഴ് പോലെ ഗൈനീസിന്റെ തള്ളൽ. തള്ളൽ അല്ല വഴക്ക്. വഴക്ക് പറയാൻ ഇവരാരുവാ. ഫീസ് കൊടുക്കുന്നതിനു സേവനം (ശാസ്ത്രീയമായും നൈതികമായുമുള്ള സേവനം) ലഭ്യമാക്കുക മാത്രമാണ് അവരുടെ ജോലി.

ലോകത്തുടനീളം സ്ത്രീകൾ മുപ്പതിന് മേൽ പ്രസവിച്ചു തുടങ്ങിയിട്ട് കാലം കുറെയായി. വന്ധ്യത സ്ത്രീകൾക്ക് മാത്രമല്ല കൂടുന്നത്. വന്ധ്യത ഇല്ലാതെ ആകാൻ വേണ്ടി അല്ല സ്ത്രീകളുടെ ജീവിതം. ജീവിതം സന്തോഷഭരിതമാക്കാൻ കുഞ്ഞുങ്ങൾ വേണമെന്ന് വിചാരിക്കുന്നവർക്ക് മാത്രം എടുക്കാവുന്ന ഓപ്ഷൻ ആണ് ഗർഭം എന്നത്. ഇനി വന്ധ്യതക്ക് കാരണം/ അപകടമുള്ള
ഗർഭം, എന്നിവയുടെ കാരണം സ്ത്രീയുടെ പ്രായം തന്നെ ആണെന്ന് വെക്കുക. അത് ഗൈനക് ഡോക്ടർമാർ പറയേണ്ടത് തങ്ങളെ സമീപിക്കുന്ന ഗർഭിണികളായ സ്ത്രീകളോടല്ല. അതിനാണ് നിങ്ങൾ പത്രദൃശ്യമാധ്യമങ്ങളെ വിവരവിതരണത്തിന് വേണ്ടി ഉപയോഗിക്കേണ്ടത്. അതും അല്ലെങ്കിൽ നിങ്ങളുടെ വിവരം നിങ്ങളുടെ ആശുപത്രിയിൽലെ ബോർഡുകളിൽ കാണിക്കണം. ഏത് പ്രായത്തിൽ അമ്മയാകാം എന്നതിനപ്പുറം ഉള്ള ചിന്തകൾ ആണ് ഇന്നത്തെ കാലഘട്ടത്തിന് ആവശ്യം. അത് സ്ത്രീകളും കുടുംബങ്ങളും മനസിലാക്കണം.

NB: എന്നാ മുപ്പത് വയസ്സ് കഴിഞ്ഞ സ്ത്രീ അബോർഷൻ വേണമെന്ന് പറഞ്ഞു വന്നാൽ ഇതേ ഗൈനീസ് കൊല്ലുന്നത് പാപം എന്ന മന്ത്രം തുടങ്ങും. അപ്പൊ ഒരിക്കലും ഇല്ലാത്ത പോലെ അബോർഷൻ റിസ്ക് പ്രസവത്തിലേതു പോലെ ആകും 🤭🤭🤣 ഓരോരോ ഗൈനക് രീതികൾ.