കെട്ടിപ്പിടിക്കുന്നത് അത്രമാത്രം തെറ്റാണോ ? ഒരാളുടെ പേർസണൽ സ്‌പേസ് എന്നതിന് എന്തുമാത്രം വിലയുണ്ട് ?

0
345
Dr Veena JS
Birds of Prey സിനിമയിൽ അവസാനം കസാന്ദ്ര ഹാർലിയെ കെട്ടിപിടിക്കുന്ന ഒരു രംഗമുണ്ട്. കൗമാരക്കാരിയായ കസാന്ദ്ര സ്നേഹത്തോടെ ആവേശത്തോടെ കെട്ടിപ്പിടിക്കുമ്പോൾ ഹാർലിയുടെ മുഖത്ത് കുറച്ച് പരിഭവം ഉണ്ടാകുന്നുണ്ട്. ഫോട്ടോ തപ്പി. പക്ഷേ കിട്ടിയില്ല.
അതേപോലൊരു സീൻ ചാർലി ആൻഡ് ചോക്ലേറ്റ് ഫാക്ടറിയിലുണ്ട്. വർഷങ്ങൾക്ക് ശേഷം മകനെ(ചാർലി) തിരിച്ചറിയുന്ന അച്ഛൻ അവനെ കെട്ടിപ്പിടിക്കാൻ ശ്രമിക്കുന്ന രംഗം. കെട്ടിപ്പിടിക്കുമ്പോൾ മകന്റെ മുഖഭാവം. (വർഷങ്ങൾക്ക് ശേഷം ആയതുകൊണ്ടാകാം എന്ന ചിന്ത വരുമ്പോഴും, വർഷങ്ങൾ കൊണ്ട് വ്യക്തിയിൽ മാറ്റങ്ങൾ ഉണ്ടാകാം എന്നും parent ആണെങ്കിൽപോലും വ്യക്തിയുടെ അതിരുകൾ മാനിക്കേണ്ടതിന്റെ ആവശ്യകതയും നമുക്ക് ഇവിടെ ചർച്ച ചെയ്യാം)
ഒരാൾ മറ്റൊരാളെ കെട്ടിപ്പിടിക്കുമ്പോൾ, മറ്റേയാൾക്ക് അത്ര സുഖിക്കാത്തത്/
സന്തോഷിക്കാൻ ആവാത്തത്/
സ്നേഹമുണ്ടെങ്കിൽപോലും സന്തോഷിക്കാൻ ആവാത്തത്/
കെട്ടിപ്പിടിക്കാൻ മനസ്സിൽ ആഗ്രഹം ഉണ്ടെങ്കിൽപ്പോലും കെട്ടിപ്പിടിക്കപ്പെടുമ്പോൾ comfortable ആകാൻ പറ്റാത്തത്
ഈ അവസ്ഥകളെല്ലാം complicated ആണെന്നാണ് പലരുടെയും ചിന്ത.
സത്യത്തിൽ ഇത് വളരെ സിമ്പിൾ ആയ കാര്യമാണ്. Personal Space എന്നത് എത്രമേൽ തങ്ങൾ സ്വയം നിർവചിച്ചിട്ടുണ്ടെന്ന് എന്ന് പോലും പലർക്കും സ്വയം അറിയാൻ ബുദ്ധിമുട്ടാണ്. ചില encounters നടക്കുമ്പോൾ മാത്രമാണ് അത് തിരിച്ചറിയപ്പെടുക. തിരിച്ചറിയുമ്പോഴേക്കും ഒരു ഹഗ്ഗിൽ അമർന്ന് നിർവചിച്ച കാര്യം ഓർമ വന്നു മുഖഭാവം മാറും. ചിലപ്പോൾ മുഖഭാവം മാറാതെ മനസ്സ് വ്യാകുലമാകും.
“ഇത് പിന്നെ complicated അല്ലാതെ എന്ത് തേങ്ങയാണ്” എന്ന് വിചാരിക്കുന്നവർ ഉണ്ടാകും അല്ലേ?? സത്യത്തിൽ ഒരാളെ കാണുമ്പോഴേക്കും ചാടിക്കേറി കെട്ടിപ്പിടിക്കാൻ പോകുന്നവർക്കും (ഉദാഹരണം ഞാൻ തന്നെ.അക്കുമ്മ അക്കുയെ കണ്ടാൽ എനിക്ക് എന്റെ ജീവനെ കണ്ടപോലെയാണ്. പഴേ കാമുകൻ ജീവനല്ല. ThugLIFEജീവനെയാണ് ഉദ്ദേശിച്ചത്
കെട്ടിപ്പിടിക്കുന്നത് നോർമൽ അല്ലേ എന്ന് വിചാരിക്കുന്നവർക്കും തന്നെയാണ് പ്രശ്നം.
Active ആയി ഒരാൾ പ്രവർത്തിക്കുമ്പോൾ പാസ്സീവ് ആയി ഒരാൾ അയാൾക്ക്‌ സമീപം ഉണ്ടെങ്കിൽ അയാളുടെ comfortനാണ് പ്രാധാന്യം നൽകേണ്ടത്.
എല്ലാവരെയും കെട്ടിപ്പിടിക്കാൻ comfortable ആയ ഒരാൾ അല്ല ഞാൻ. വളരെ അടുപ്പം തോന്നുന്നവരെ മാത്രമേ എനിക്ക് കെട്ടിപ്പിടിക്കാൻ പറ്റൂ. എന്തിന്, വളരെ അടുപ്പം ഉള്ളവരോട് മാത്രമേ എനിക്ക് അടുത്തിരുന്നു ചിരിച്ചു സംസാരിക്കാനോ ഇടപഴകാനോ കഴിയൂ. ഒത്തിരി അടുപ്പം ഉള്ളവർ ആണെങ്കിലും ഞാനോ അവരോ വിയർത്തിരിക്കുമ്പോൾ എനിക്ക് കെട്ടിപ്പിടിക്കാൻ ഇഷ്ടമല്ല. വിയർപ്പിനെ, ശരീരസ്രവങ്ങളെ എനിക്ക് താല്പര്യമില്ല. ഇന്റിമേറ്റ് നിമിഷങ്ങളിൽ പല്ല് തേക്കാതെ ഉമ്മ വെക്കാനോ കുളിക്കാതെ സെക്സ് ചെയ്യാനോ സെക്സ് ചെയ്ത് കഴിഞ്ഞാൽ ഉടനെ ശരീരം വൃത്തിയാക്കാതെയോ ഇരുന്നാൽ എനിക്ക് ബുദ്ധിമുട്ടാണ്. കുളിച്ച് കഴിഞ്ഞാൽ കുളിക്കാത്ത ആളെ കെട്ടിപ്പിടിക്കാനും എനിക്ക് ബുദ്ധിമുട്ടാണ്. ഇത് പറയുമ്പോൾ “ഓഹ് നിന്നെ പണ്ടാരോ പീഡിപ്പിച്ചിട്ടുണ്ടല്ലേ” എന്ന വൃത്തികെട്ട തമാശ പറയുന്നവരെ ജീവിതത്തിൽ നിന്നും എന്നന്നേക്കുമായി മാറ്റിനിർത്തുന്ന വൃത്തി പോലും എനിക്കുണ്ട്. പീഡനം പോലും തമാശ ആകുന്നവർ അരികിലുണ്ടാകാൻ അർഹരല്ല എന്ന വൃത്തി ആണ് ഞാൻ എനിക്ക് നിർവചിച്ചിട്ടുള്ള വൃത്തിയിൽ ഒന്ന്. ഇത് വളരെ സിമ്പിൾ ആണ് ചിലർക്ക് മനസിലാകുകയേ ഇല്ലാ.
ചില സാഹചര്യങ്ങൾ നോക്കാം.
“അവൾ സ്ത്രീയല്ലേ/ട്രാൻസ്സ്ത്രീയല്ലേ, അതുകൊണ്ട് അവളെ കെട്ടിപ്പിടിച്ചാൽ എന്ത്” എന്ന് വിചാരിക്കുന്ന സ്ത്രീകൾ ഉണ്ട്.
“അവൾ ആണല്ലേ/ട്രാൻസ്മാനല്ലേ, അതുകൊണ്ട് അവനെ കെട്ടിപ്പിടിച്ചാൽ എന്ത്” എന്ന് വിചാരിക്കുന്ന ആണുങ്ങൾ ഉണ്ട്.
“അവൾ ലെസ്ബിയൻ അല്ലേ. സോ അവളെ കെട്ടിപിടിച്ചാൽ പ്രശ്നമാണ്” എന്ന് വിചാരിക്കുന്ന സ്ത്രീകൾ ഉണ്ട്. “അവൻ ഗേ അല്ലേ അവനെ കെട്ടിപ്പിടിച്ചാൽ പ്രശ്നമാണ്” എന്ന് വിചാരിക്കുന്ന ആണുങ്ങൾ ഉണ്ട്. “ലെസ്ബിയൻ/ഗേ ആയതുകൊണ്ടെന്താ. കെട്ടിപ്പിടിക്കാം” എന്ന് വിചാരിക്കുന്നവരും ഉണ്ട്.
“അവൾ ലെസ്ബിയൻ അല്ലേ. അവളെ കെട്ടിപ്പിച്ചാൽ ഒരു പ്രശ്‌നവുമില്ല” എന്ന് വിചാരിക്കുന്ന ഹെറ്ററോആണുങ്ങൾ ഉണ്ട്. “അവൻ ഗേ അല്ലേ അവനെ കെട്ടിപ്പിടിച്ചാൽ ഒരു പ്രശ്നവുമില്ല” എന്ന് കരുതുന്ന heteroസ്ത്രീകൾ ഉണ്ട്.
ഈ സാഹചര്യങ്ങളിൽ എല്ലാം ചിന്താരീതിയാണ് complicated. ഏറ്റവും സിമ്പിൾ ആയ ഒരു കാര്യമാണ് പലരും complex ആക്കുന്നത്. ഒരാളുടെ gender/gender identitity/sexual orientation എന്നിവയൊക്കെ നിങ്ങളുടേതിന് സമാനമോ സമാനമല്ലാത്തതോ ആവട്ടെ. അയാളുടെ personal spaceനകത്തു നിങ്ങൾ അനുവദിക്കപ്പെട്ടിട്ടുണ്ടോ എന്നത് മാത്രമാണ് പ്രധാനം. “ഒരാൾ പുരുഷനോട് ആകൃഷ്ടയാകുന്ന transwoman ആയതുകൊണ്ട് അവളെ കെട്ടിപ്പിടിക്കാൻ ലെസ്ബിയൻ ആയ ഒരു സ്ത്രീക്ക് അനുവാദം ആവശ്യമില്ല” എന്നത് സ്വീകാര്യമല്ല. തിരിച്ചും അങ്ങനെയാണ്. “ഒരാൾ സ്ത്രീയോട് ആകൃഷ്ടനാകുന്ന transman ആയതുകൊണ്ട് അവനെ ഗേ ആയ ഒരു പുരുഷന് കെട്ടിപ്പിടിക്കാൻ അനുവാദം ആവശ്യമില്ല” എന്നതും സ്വീകാര്യമല്ല.
കുമ്പളങ്ങി നൈറ്റ്‌സിൽ സിമി ഷമ്മിയോട്‌ പറയുംപോലെതന്നെ സിമ്പിൾ ആണ് കാര്യം. “ഏത് ഏട്ടൻ ആയാലും മര്യാദ വേണം”. മര്യാദ ഹിന്ദിയിൽ നിന്ന് ഇഗ്ളീഷിലോട്ട് പോകുമ്പോൾ modesty ആണ്. State of being unassuming. കെട്ടിപ്പിടിക്കൽ/close ആയി നിൽക്കുക എന്നിവ ആരാന് പ്രശ്നമാകില്ല എന്ന ധാരണ മാറ്റണം.
അക്കൂനെ കാണുമ്പോൾ ടോട്ടോച്ചാൻ പുസ്തകം കണ്ടപോലെ ഓടിപ്പോയി കെട്ടിപ്പിടിച്ച സന്ദർഭങ്ങൾക്ക് ഞാൻ അക്കൂനോട് മാപ്പ് പറയണം ശെരിക്കും. അക്കു എനിക്ക് എത്രമേൽ പ്രിയപ്പെട്ടതാകുമ്പോഴും അക്കുവാണ് അക്കുവിന്റെ ലോകത്തെ സാമ്രാട്ട് എന്ന് ഞാൻ മനസിലാക്കണം. അത്രേം simple ആണ് ഇക്കാര്യം.
personal spaceനെ കുറിച്ച് എഴുതിയത് 
അനിയന്റെ കല്യാണത്തിന് വീട്ടിക്കേറി, സോറി വീട്ടിക്കേറാൻ ചെന്നപ്പോ, മുറ്റത്തു വെച്ചുതന്നെ എന്നെ തടഞ്ഞത് ഒരു ചേട്ടന്റെ ചോദ്യമാണ്. “നീ കനകദുർഗയുടെയും ബിന്ദുവിന്റേയും കൂടെ പരിപാടിക്ക് പോയിരുന്നോ???”
ഒരുനിമിഷം ഞാൻ ധ്യനനിമഗ്നയായി. ഞാൻ അവരോടൊപ്പം പോയിട്ടില്ലല്ലോ. ആർപ്പോ ആർത്തവം പരിപാടിയിൽ അവർ വരുന്നത് തന്നെ ഞാൻ അറിഞ്ഞിരുന്നില്ല. ഒരു ഗുമ്മിന് “ആ പോയി” എന്നുപറയാനുള്ള എന്റെ ധൈര്യം ഇവിടത്തെ ഹിന്ദുത്വഇരകൾ ഇല്ലാതാക്കിയതിനാൽ അങ്ങനെ പറഞ്ഞില്ല. പകരം “ഇല്ലാ ചേട്ടാ, അവർ വന്ന സ്ഥലത്ത് ഞാൻ ഉണ്ടായിരുന്നു. അത്രേ ഉള്ളൂ” എന്ന് പറഞ്ഞു. ആശ്വാസമായെന്നു തോന്നുന്നു !!!
ഒരുവിധം വീട്ടിക്കേറി.
കണ്ണിൽകണ്ടവരോടൊക്കെ സ്ത്രീശാക്തീകരണം പ്രസംഗിച്ചു റൂമിലോട്ട് എത്തിയതും മേല്പറഞ്ഞ ചേട്ടന്റെ ഭാര്യ ഓടിവന്ന് എന്റെ ചുരിദാറിന്റെ കഴുത്തുഭാഗം പുറത്തോട്ടു മലർത്തി “ഹോ ബ്രായോക്കെ ഇടാറുണ്ടല്ലേ, ഭാഗ്യം. ഞാൻ വിചാരിച്ച് നീ ഫെമിനിസ്റ്റാണെന്ന്” എന്ന് പറഞ്ഞ് അതിദയനീയത അർഹിക്കുന്ന രീതിയിൽ ആശ്വസിക്കുന്നത് കണ്ടു. “ഇവർ രണ്ടുപേരും സമാനചിന്തകളുടെ അടിസ്ഥാനത്തിൽ കിടിലോസ്‌കിഇണകൾ ആയ സ്ഥിതിക്ക് കുടുംബകലഹമില്ലാത്ത കിനാശ്ശേരി ആണല്ലോ ഇവരുടെ കുട്ടികൾക്ക്” എന്ന് മാത്രം ഞാൻ ഉപരിപ്ലവമായി ആശ്വസിക്കാൻ ശ്രമിച്ചു.
ഒരാളുടെ ശരീരം ഏത് പരിധിവരെ സമീപിക്കാം എന്ന് സ്ത്രീകൾ മനസിലാക്കേണ്ടതുണ്ട് എന്ന് എനിക്ക് അഭിപ്രായമുണ്ട്. ബസ്സുകളിൽ യാത്ര ചെയ്യുമ്പോൾ തിരക്കില്ലെങ്കിൽപ്പോലും സ്ത്രീകൾ വന്നു വല്ലാതെ ചേർന്ന് നിൽക്കുമ്പോൾ എനിക്ക് അസ്വസ്ഥത ഉണ്ടാകാറുണ്ട്. സ്ത്രീ തൊടുമ്പോൾ സ്ത്രീക്ക് അസ്വസ്ഥത ഉണ്ടാകേണ്ട കാര്യമുണ്ടോ എന്നൊക്കെ പലരും ചോദിക്കാറുണ്ട്. ഓഹ് അങ്ങനെയാണെങ്കി നീ ലെസ്ബിയൻ ആണോ bisexual ആണോ എന്നൊക്കെ മാരകമണ്ടത്തരങ്ങൾ ഉയരാറുമുണ്ട്.
ഒരാളുടെ sexual orientation (ലൈംഗികചായ്‌വ്) അയാളെ സ്പർശിക്കുന്നതിൽ മറ്റൊരാൾക്ക്‌ ലൈസൻസ് നൽകുന്നു എന്ന് കരുതുന്നത് എന്ത്തരം ലോജിക് ആണാവോ. താല്പര്യമുള്ള ലിംഗത്തിൽപെട്ടവർ ആണെങ്കിൽ മുഴുവൻ സമയതലോടലും സുഖം തരുമെന്നാണോ !!! ഭാര്യയും ഭർത്താവും തമ്മിലും , പ്രേമത്തിലുള്ളവർ തമ്മിലും ഏതൊരു രണ്ട് വ്യക്തികൾക്കിടയിലുംപോലും പേർസണൽ സ്പേസ് എന്നത് ബഹുമാനിക്കപ്പെടണം എന്നത് നമ്മൾ അറിയേണ്ടതില്ലേ?
മാനസികമായ സ്പേസ് മാത്രമല്ല ചിലർക്ക് ആവശ്യം. ശാരീരികമായ സ്പേസും ആവശ്യമായിവരും. ആ സ്പേസിനെ ബഹുമാനിക്കാൻ എല്ലാവരും പഠിക്കണം.
കുട്ടികളുടെ സ്പേസ് ഏറ്റവും important ആണ്. കുഞ്ഞുങ്ങളെ കാണുമ്പോളെക്കും കവിളുകൾ വലിച്ച്പറിക്കുന്നത് ചിലരുടെ വിനോദമാണ്. പ്രത്യേകിച്ചും കവിളുകൾ തടിച്ച കുട്ടികളുടെ !
തടിച്ച കുഞ്ഞുകുട്ടികളുടെ വയറും നെഞ്ചും എല്ലാം ചിലർ പറിച്ചെടുക്കുന്നത് കാണാം. expressions സാധ്യമായ കുഞ്ഞുങ്ങൾ ആണെങ്കിൽ അവരുടെ അനുവാദം ചോദിച്ചറിഞ്ഞ ശേഷം മാത്രം ഉമ്മ നൽകാൻ, തൊടാൻ ഉള്ള പക്വത സ്ത്രീകൾ അടക്കമുള്ളവർ കാണിക്കേണ്ടതാണ്. Expressions സാധ്യമല്ലാത്ത കുട്ടികളെ ദയവുചെയ്ത് അമിതമായി തൊടാതിരിക്കുക. “അധികം തൊടരുതേ” എന്ന് നിങ്ങളോട് പറയാൻ കുട്ടിയുടെ അച്ഛനും അമ്മയ്ക്കും ബുദ്ധിമുട്ടുണ്ടാകും. അത് ഉണ്ടെങ്കിലും ഇല്ലെങ്കിലും കുഞ്ഞിന്റെ ദേഹത്തെ അമിതമായി തൊടാതിരിക്കുക.
കുട്ടികളുടെ നെഞ്ചും കവിളും വയറും മറ്റേതുഭാഗവും ചുമ്മാ മറ്റുള്ളവർക്ക് പറിച്ചെടുക്കാനുള്ളതല്ല, അത് തന്റെ പരമാധികാരപരിധിയിൽ വരുന്നതാണെന്ന് കുഞ്ഞുങ്ങളെ അറിയിക്കണം. ദയവുചെയ്ത് ശ്രദ്ധിക്കുക. കുഞ്ഞുകുട്യോളെ ചിലർ എടുത്ത് പീച്ചുക്കൂട്ടുന്നത് കാണാറുണ്ട്. ദയവുചെയ്ത് ഇമ്മാതിരി ക്രീഡകൾ അവസാനിപ്പിക്കാൻ ശ്രമിക്കൂ. മേൽപ്പറഞ്ഞ പീച്ചിക്കൂട്ടലിനു വിപണിയിൽ ഇഷ്ടംപോലെ റെഡിബെയറുകളെ കിട്ടും. കുട്ടികളുടെ ശരീരത്തെ ഒഴിവാക്കണം.
തിരക്കുള്ള സ്ഥലങ്ങളിൽ പോലും സ്പേസ് മാനിക്കാൻ സാധിക്കും. ട്രെയിനിലും ബസ്സിലും സ്ത്രീകളുടെ ശരീരം തൊടാതെ നിൽക്കുന്ന പരുഷന്മാരെകണ്ട് സ്ത്രീകളും പഠിക്കണം. പല സ്ത്രീകളും പകുതിഭാരം കൊണ്ടുവെക്കുന്നത് മറ്റ് സ്ത്രീകളുടെ മേലെയാണ്. ദേഹത്ത് ചാരിനിൽക്കുന്ന പുരുഷന്മാരെ മാറ്റിനിർത്തുന്ന പോലെ ദേഹത്ത് പകുതിഭാരം കൊണ്ട് തള്ളുന്ന സ്ത്രീകളോട് എതിർപ്പുണ്ടെങ്കിൽ മൗനം ഭഞ്ജിക്കുക. ഇങ്ങനെയൊക്കെയാണ് പേർസണൽ സ്പേസ് എന്താണെന്ന് നമ്മൾ ആളുകളെ അറിയിക്കേണ്ടത്. (സ്ത്രീകളെ അപമാനിക്കുന്ന എഴുത്തായി ഇതിനെ കാണരുത് pls)
ഇനി ആരേലും ബ്രാ ഇട്ടിട്ടുണ്ടോ എന്നറിയാൻ താൽപര്യപ്പെടുന്ന സ്ത്രീകളോട് രണ്ടിൽക്കൂടുതൽ വാക്കുകൾ പറയട്ടെ.
ഞാൻ ബ്രാ ഇട്ടോ ഇട്ടിട്ടില്ലയോ എന്നത് നിങ്ങടെ കാര്യമല്ല. നാല് മല ചേർന്നാൽ നാല് മുലകൾ ചെരൂല്ല എന്ന മാരകവാക്യം അന്വർത്ഥമാക്കുന്ന അപൂർവം ചില അവസരങ്ങൾ നമ്മളായിട്ട് ഒണ്ടാക്കാതെ നോക്കുക.
ചുരിദാർ തുറന്ന് നോക്കാതെ തന്നെ കണ്ണിന്റെ കാഴ്ച മൊത്തമായും ചില്ലറയായും ഉപയോഗിച്ച് “ഓഹ് ഇന്ന് ബ്രാ ഇട്ടിട്ടില്ല അല്ലേ” എന്ന് ചോദിക്കുന്ന മഹതികളും മഹാന്മാരും ഉണ്ട്ട്ടാ. അവരോട് പറയാൻ ഉള്ളത്. ഇത്ര വ്യക്തമായി മുലയളക്കാൻ കഴിയുന്നവർ ഉണ്ടായിട്ടും എന്തുകൊണ്ടാണ് ഒരു സ്ത്രീക്കുപോലും അവർക്ക് യോജിച്ച അളവിലുള്ള ബ്രാ അങ്ങാടിയിൽ കിട്ടാതിരിക്കുന്നത്?????? ബ്രാ ഇട്ടതുകൊണ്ട് മുലകളുടെ ഷേപ്പ് നിലനിർത്തപ്പെടും എന്നൊക്കെ വിചാരിക്കുന്നവർ ഉണ്ടോ??? (കമന്റ്‌ ബോക്സ്‌ link നോക്കുക)
ബ്രാ ഇടാത്തവരോട് അസഹിഷ്ണുത കാണിക്കുന്ന പുരുഷന്മാരോട് പറയാൻ ഉള്ളത് ഇത്രയുമാണ്. Bra measurement എന്ന് ഗൂഗിൾ ചെയ്താൽ സ്വന്തം ബ്രാ അളവ് കണ്ടെത്താൻ കഴിയും. മുലയുണ്ടെങ്കിലും ഇല്ലെങ്കിലും നിങ്ങൾ ഒരു അവധിദിവസം അതും ഫിറ്റാക്കിധരിച്ചു വീട്ടിൽ ഇരിക്കണം. എന്തൊക്കെ സംഭവിച്ചാലും അതഴിച്ചുപോകരുത്. “എന്റെ കണ്ട്രോൾ പരദേവതകളുടെ മുലകളേ” എന്നുംമന്ത്രിച്ചിരുന്നോളണം. കേട്ടല്ലോ. എന്നിട്ട് പറ, ഈ പരിപാടി അത്ര രസമുള്ളതാണോ അല്ലയോ എന്ന്.
ബ്രാ ഇടേണ്ടവർ ഇടട്ടെ. അല്ലാത്തവർ ഇടാതിരിക്കട്ടെ. ഇട്ടിട്ട് വെറുതെയിരിക്കുമ്പോൾ നന്നായി ശ്വാസം വലിക്കാൻ തോന്നുന്നവർ ഉണ്ടെങ്കിൽ അതഴിച്ചുവെച്ചിരിക്കട്ടെന്നേ. ഇതിലൊക്കെ രണ്ടാമതൊരാൾ എന്തിന് പോയി അന്വേഷിക്കണം? ആരാന്റെ നെഞ്ചത്തേക്ക് ഒരു പരിധി കഴിഞ്ഞുള്ള എത്തിനോട്ടവും ഒളിച്ചുനോട്ടവും എല്ലാം വൃത്തികേടാണ്. മാന്യത എന്നത് ആരാന്റെ നെഞ്ചത്തോ മൂട്ടിലോ ഇടുപ്പിലോ അല്ല ഇരിക്കുന്നത്. അത്തരം മാന്യത അടുപ്പിൽക്കൊണ്ട്കളയാനുള്ള കാലമാണിത് ! ഒരാൾക്ക് അയാൾ വിചാരിക്കുന്ന രീതിയിൽ ഇരിക്കാൻ നടക്കാൻ ശ്വസിക്കാൻ അങ്ങനെ ഭരണഘടനാപരമായി അനുവദിക്കപ്പെട്ടിട്ടുള്ള
എല്ലാമെല്ലാം ചെയ്യാനുള്ള അവസരം സമൂഹത്തിൽ ഉള്ളതിനാണ് മാന്യത എന്ന് പറയുന്നത്. ആ രീതിയിൽ സ്വയം പരിശീലനം ചെയ്യാൻ നോക്ക് സഹോ !!!!
പിന്നെ,,, ഈ ബ്രാ ഇടാത്തതല്ല ഫെമിനിസം. ബ്രാ ഇടുന്നതുമല്ല ഫെമിനിസം. ബ്രാ ഇടണോ വേണ്ടയോ എന്നത് തീരുമാനിക്കേണ്ടത് സ്ത്രീയാണ്, മറ്റാരുമല്ല എന്നത് ഉൾപ്പെടുന്നതാണ് ഫെമിനിസം. ലിംഗവിവേചനം ഇല്ലാതെ സ്ത്രീകളുടെ അവകാശങ്ങൾ ഉണ്ടാവണം എന്ന നയമാണ് ഫെമിനിസം. പെണ്ണുങ്ങൾ മാത്രമല്ല ഫെമിനിസ്റ്റ് ആവുക. ഏത് ലിംഗത്തിൽപ്പെട്ട “മനുഷ്യർക്കും” ഫെമിനിസ്റ്റ് ആവാം. പുരുഷൻ ഫെമിനിസ്റ്റ് ആണെങ്കിൽ കുറച്ചുകൂടെ കടുക്കും. പാവാടഅലക്കി മുതൽ കോഴി എന്നുവരെ കേൾക്കേണ്ടതായി വരാം. ലിപ്സ്റ്റിക് ഇട്ട് വാനിറ്റി ബാഗ് തൂക്കി ഇംഗ്ലീഷ് പറയുന്ന “പൊങ്ങച്ചക്കാരികൾ” ആണ് ഫെമിനിസ്റ്റുകൾ എന്നത് മരപ്പാഴുകളായ സിനിമാക്കാർ ഉണ്ടാക്കിയ ചിന്തകൾ ആണെന്ന് മനസിലാക്കുക. ലിപ്സ്റ്റിക് ഇടുന്നതും/ വാനിറ്റി ബാഗ് തൂക്കുന്നതും/ഇംഗ്ലീഷ് പറയുന്നതും ഫെമിനിസവും തമ്മിൽ യാതൊരു ബന്ധവുമില്ല. ഏതൊരു നല്ല മനുഷ്യനും ഫെമിനിസ്റ്റാവാം. എല്ലാവരും ഫെമിനിസ്റ്റ് ആവുന്ന ദിവസം മാത്രം ഫെമിനിസം എന്ന വാക്ക് നമുക്ക് ചരിത്രത്തിലിട്ട് കുഴിച്ചുമൂടാം.
“ഫെമിനിസ്റ്റോ ഞാനോ, അയ്യേ അല്ല. ഞാൻ ഹ്യൂമണിസ്റ്റാ” എന്ന് തള്ളുന്ന ചില “പ്രത്യേകതരം ആളുകളുണ്ട്. കണ്ടില്ലെന്നു നടിക്കുക. യാതൊരു സംവാദത്തിനും സ്കോപ്പില്ലാത്തവർ ആണ് അവർ എന്നും അറിയുക. മനുഷ്യാവകാശത്തിന്റെ ഏറ്റവും നിർണായകഭാഗമാണ് സ്ത്രീകളുടെ അവകാശങ്ങൾ എന്നറിയുന്നവർക്ക്‌ ഫെമിനിസ്റ്റുകൾ ആകാതിരിക്കാൻ കഴിയില്ല എന്ന് മനസിലാക്കുക.
NB: ഈ പോസ്റ്റിനു നല്ലൊരു ഫോട്ടോക്ക്‌ വേണ്ടി hooks of feminism എന്ന് ഗൂഗിൾ സെർച്ച്‌ ചെയ്തു നോക്കിയപ്പോൾ ആണ് Bell Hooks എന്ന തൂലികനാമത്തിൽ എഴുതുന്ന ഗ്ലോറിയ ജീൻസ് വാട്കിൻസ് എന്ന എഴുത്തുകാരിയെപ്പറ്റി അറിയുന്നത്. കിടിലോസ്‌കി ആണെന്ന് തോന്നുന്നു. വിടരുത്
****
ഒരു സ്നേഹിതയ്ക്ക് feedoly ആപ്പിൽ വന്ന മെസ്സേജാണ് ഫോട്ടോയിൽ. ഏതവനാണെന്ന് നമുക്കാർക്കും അറിയില്ലല്ലോ. MBBS പഠിക്കുന്ന സമയത്ത് കന്യകകളെ എങ്ങനെ തിരിച്ചറിയാം എന്ന ഭാഗം പഠിച്ചപ്പോൾ ആദ്യം ചെയ്തതും കണ്ണാടി ശരണം ആയിരുന്നു. ആൺപിള്ളേരെ പോലെ മുണ്ടഴിച്ചു കൂട്ടുകാരനെ കാണിച്ച് “അളിയാ കൊള്ളാമോ” എന്ന് ചോദിക്കാനുള്ള guts ഒരു ആവറേജ് മലയാളിപെൺകുട്ടിക്ക് ഉണ്ടാവില്ല എന്നറിയാമല്ലോ അല്ലേ? ടെക്സ്റ്റിൽ പറഞ്ഞിരിക്കുന്ന പോലെ വടിവൊത്ത മുലകൾ ആണെന്ന സന്തോഷത്തിൽ മുന്നേറി ! എന്നാൽ അന്ന് മുതൽ മുലനോട്ടം ശക്തമാക്കി. Every single breast was different. അതായത് ഒരാളുടെ രണ്ടു മുലകൾ പോലും പരസ്പരം വ്യത്യസ്തമാണ്. (നാലുമല ചേരും നാലുമുല ചേരില്ല എന്നത് വേഗം മാറ്റി കണ്ടം വഴി ഓടാൻ നോക്കിൻ !)
താഴെ കൊടുത്ത മറ്റൊരു ചിത്രത്തിൽ ഉള്ളത് ഒരു മെഡിക്കൽ പുസ്തകത്തിൽ നിന്നുള്ള ഭാഗമാണ്. നിരന്തരം ഹാൻഡിൽ/കൈകാര്യം ചെയ്‌താൽ മാത്രേ മുലകളുടെ ഷേപ്പ് മാറൂ, അതിനാൽ കന്യകാത്വം നിർവചിക്കുന്നതിൽ മുലകൾക്ക് കാര്യമില്ല എന്നാണ് ടെക്സ്റ്റ്‌ പറയുന്നത്. എന്നാ പിന്നെ ഈ തിയറി ഉപേക്ഷിച്ചുകൂടെ?
പക്ഷെ, ഒറ്റ ചോദ്യമേ ഉള്ളൂ. ഈ പറഞ്ഞ ഹാൻഡ്ലിങ് സെക്സിൽ മാത്രമേ നടക്കുള്ളോ?
ഹാൻഡ്ലിങ്/കൈകാര്യം ചെയ്യൽ. അതിന് മറ്റൊരാൾ ഉണ്ടായേ തീരുള്ളോ!!!! സ്വന്തം ഹാൻഡ്ലിങ് ചെയ്താൽ കന്യക അല്ലാതെ ആവുമോ? ഓടുക ചാടുക എന്നിവ ഹാൻഡ്ലിങ്ൽ പെടില്ലേ !!!
എന്തൊക്കെയാണ് മറ്റ് സാഹചര്യങ്ങൾ.
1. കൊഴുപ്പടിയൽ. സ്തനങ്ങളിൽ ഭൂരിഭാഗവും കൊഴുപ്പ് കോശങ്ങൾ ആണ്. കൗമാരത്തിൽ നിന്നും പ്രായം കൂടുമ്പോൾ അതിന്റെ അളവ് കൂടും. അതോടെ ഈ പറഞ്ഞ hemispherical, round ഷേപ്പ് ഒന്നും ഉണ്ടാവില്ല. അല്ലെങ്കിലും ഈ ഷേപ് ഉണ്ടാവണം എന്നില്ല. അതെല്ലാം ഓരോ ശരീരത്തെയും അനുസരിച്ചു വ്യത്യസ്തമാണ് . ഭക്ഷണം, ഓട്ടം, ചാട്ടം, wrong sized ബ്രാ എന്നിവ തൊട്ടു ഈ പറഞ്ഞ സ്വയമോ അല്ല സെക്സോ വഴിയുള്ള ഏതൊരു ഹാൻഡ്ലിങ്ങും സ്തനങ്ങളുടെ ഷേപ്പിനെ ബാധിക്കാം. ഇതൊന്നും ഇല്ലെങ്കിലും ഷേപ് മാറാം.
2 ബ്രാ ഇട്ടത് കൊണ്ട് ഷേപ്പ് നിലനിർത്തപ്പെടുമോ? ഇല്ലാ. ബ്രാ എന്നത് breast സപ്പോർട്ട് ആണ്. Breast pain ഉണ്ടെങ്കിൽ അതിൽ നിന്നും കുറെയൊക്കെ സംരക്ഷണം നൽകാൻ ബ്രായ്ക്ക് കഴിയും. ബ്രാ ഇട്ടത് കൊണ്ട് സ്തനങ്ങൾ തൂങ്ങാതിരിക്കില്ല, ഷേപ്പ് നിലനിർത്തപ്പെടില്ല. അതിന് chest-back-arm-tummy-side വ്യായാമങ്ങൾ must ആണ്. എന്തൊക്കെ exercise ചെയ്താലും തടി കുറയാത്തവർ ഉണ്ടാവും. ശരീരത്തിലെ കൊഴുപ്പ് ഹാനികരമാകാതിരിക്കുക എന്നത് മാത്രമാണ് ഡയറ്റിന്റെയും വ്യായാമത്തിന്റെയും ലക്ഷ്യം ആവേണ്ടത്. വ്യായാമത്തിന് ശാരീരികവും മാനസികവുമായ ഗുണങ്ങൾ ഉണ്ട്.
3 ബ്രാ sizing പോലും മര്യാദക്ക് സ്ത്രീകൾക്കിവിടെ ലഭ്യമാകുന്നുണ്ടോ !! Study result താഴെ ഉണ്ട്. എഴുപത് ശതമാനം സ്ത്രീകളും tight ആയ ചെറിയ ബ്രാകൾ ആണ് ധരിക്കുന്നത്. പലരും വിചാരിക്കും പോലെ ആരേലും കൈവെച്ചിട്ടൊന്നും വേണ്ട ഷേപ്പ് മാറാൻ !! ഗർഭാവസ്ഥയിലും പ്രസവശേഷവും സ്തനവളർച്ച കാരണം size മാറിയേക്കാം. ആ സമയങ്ങളിൽ അളവ് മാറി ബ്രാ ഉപയോഗിക്കേണ്ടതാണ്. പ്രസവശേഷമുള്ള പാലുല്പാദനസമയങ്ങളിൽ ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കിൽ പാല് കെട്ടിക്കിടക്കൽ, തുടർന്നുള്ള ഇൻഫെക്ഷൻ എന്നിവക്ക് കാരണമാകാം. തെറ്റായ സൈസ് ഉള്ള ബ്രാ പലരിലും നെഞ്ചുവേദനക്ക്, പിരിമുറുക്കത്തിന് കാരണമായേക്കാം
അവസാനത്തെ ഫോട്ടോ ഒരു ഡോക്ടർ എഴുതിയതാണ് ! വിവാഹശേഷം സ്ത്രീശരീരത്തിനു കാര്യമായ മാറ്റങ്ങൾ ഉണ്ടാവുംത്രേ !! മുകളിൽ പറഞ്ഞ പോലുള്ള കാര്യങ്ങൾ പഠിക്കുന്ന ഡോക്ടർമാരെ എന്ത് പറയാൻ !
കൃത്യമായ വ്യായാമത്തിലൂടെ ശരീരത്തിന്റെ വടിവുകൾ പൂർണമായും നിലനിർത്തുന്നവർ ഒരുപാടുണ്ട്. അതിനുള്ള മനസും വിൽ പവറും ഉണ്ടാവണം എന്ന് മാത്രം. ഇനി ഹൈമെൻ ആണ് ഉദ്ദേശിക്കുന്നതെങ്കിൽ, നീ പോ മോനെ ദിനേശാ എന്നെ ഉള്ളൂ ഉത്തരം. പല കാരണങ്ങൾ കൊണ്ട് ഹൈമെൻ പൊട്ടും. പ്രസവിച്ചു കഴിഞ്ഞാൽ പോലും യോനി പൂർവസ്ഥിതിയിൽ tight ആവുന്നതിനുള്ള വ്യായാമങ്ങൾ ഉണ്ട്. പ്രസവരക്ഷാ നെയ്യും കൊഴുപ്പും കഴിക്കുന്നതിനു പകരം കൃത്യമായ കലോറിയും മിനറലുകളും വൈറ്റമിനുകളും ലഭ്യമാക്കി വ്യായാമം ചെയ്താൽ ശരീരം പഴയ രീതിയിലേക്ക് കൊണ്ടുവരാം. പ്രസവശേഷം ആണ് സ്തനങ്ങൾക്ക് കുറച്ചെങ്കിലും മാറ്റങ്ങൾ ഉണ്ടാവുന്നത്. മുലഞെട്ടിനു ചുറ്റുമുള്ള areola എന്ന ഭാഗം കുറച്ചുകൂടെ വിസ്താരത്തിൽ ആവാം.
പ്രസവശേഷം സ്തനങ്ങൾ പഴയ ഷേപ്പിൽ ആവാൻ വ്യായാമം ചെയ്യുക. എത്രകാലം മുലയൂട്ടാൻ പറ്റുമോ അത്രയും കാലം മുലയൂട്ടുക. അത് സ്തനാർബുദത്തെ തടയാൻ ഉപകരിക്കും.പാലൂട്ടിയാൽ ഷേപ്പ് പോകില്ല. സൗന്ദര്യം കുറയുകയും ഇല്ലാ. പാലൂട്ടാതെ ഇരുന്നാൽ ഷേപ്പ് പോകാതിരിക്കില്ല. പ്രസവശേഷമുള്ള സ്തനവളർച്ച പലരിലും പ്രകടമാണ്. അതിനു ഷേപ്പുമായി ബന്ധമില്ല.
മെഡിക്കൽ ബുക്കുകൾ gender sensitive ആയി മാറ്റിയെഴുതേണ്ടുന്ന സമയം അതിക്രമിച്ചിരിക്കുന്നു.
NB: അപ്പോ വീട്ടിലെ പെണ്ണുങ്ങളുടെ കുത്തകയായ കഴുകലും ഉണക്കലും ഒതുക്കലും ഭക്ഷണം വെക്കലും കുട്ട്യോളെ നോക്കലും പുരുഷന്മാർ കൃത്യമായി ഭാഗിച്ചു ഏറ്റെടുക്കുക. പെണ്ണുങ്ങൾ വ്യായാമം ചെയ്യാനുള്ള സമയം കണ്ടെത്തട്ടെ. വെറുതെ എന്തിനാണ് മുലകൾ ആരോ എന്നും പിടിച്ചോണ്ടിരിക്കുകയാ എന്ന ചീത്തപ്പേരുണ്ടാക്കുന്നത് !!!!
ആരാൻ പിടിച്ച് തുടങ്ങിയാല് ഉടനെ ബോഡി തൂങ്ങും, വയറു ചാടും എന്നൊക്കെ പറഞ്ഞ് തള്ളുന്നത് ഒന്ന് നിർത്തണം. സെക്സ് മാത്രമേ ചിലർ സദാനേരവും ചിന്തിക്കൂ എന്ന തിയറി വെച്ച് ബാക്കിയുള്ളോർ മുഴോൻ സദാനേരം പിടിച്ചോണ്ടും പിടിക്കപ്പെട്ടോണ്ടും നടക്കുക ആണെന്നുള്ള ബോധം മാറ്റിപ്പിടി!