സൂഫി OTT യിൽ വന്നപ്പൊ എതിർത്ത സംഘത്തിൻ്റെ നേതാവാണ് ദൃശ്യത്തിൻ്റെ നിർമ്മാതാവ്

106

Binoy K Elias

ദൃശ്യവും സൂഫിയും തിയറ്ററുകളും.

മലയാള സിനിമ ലോകത്തെ പുനർനിർവചിക്കാൻ പോകുന്ന ചലച്ചിത്രങ്ങളായി കണക്കാക്കപ്പെടും സൂഫിയും സുജാതയും ദൃശ്യം2 വും. മലയാളത്തിൽ ഒടിടി റിലീസ് തുടക്കമിട്ടത് സൂഫിയാണെങ്കിൽ ഓൺലൈൻ പ്ലാറ്റ്‌ഫോം ജനകീയമാക്കിയത് മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിൻ്റെ ദൃശ്യം 2 ആണ്. കേവലം വീട്ടിൽ ഇരുന്നുകൊണ്ട് റിലീസ് സിനിമ കണ്ടു എന്നതല്ല ഇതിന്റെ പ്രസക്തി. മലയാള സിനിമയുടെ നിർമാണ-വിതരണ-പ്രദർശന രീതികളിൽ നിർണായകമായ പൊളിച്ചെഴുത്ത് വരുത്താൻ കഴിയുന്ന നീക്കത്തിൻ്റെ തുടക്കമാണിത്.

പരമ്പരാഗത പ്രൊഡക്ഷൻ ഹൗസുകൾ, വിദേശമലയാളി നിർമാതാക്കൾ, സിനിമാപ്രവർത്തക-താര നിർമാതാക്കൾ, വിതരണക്കാർ, തിയറ്റർ ഉടമകൾ, സാറ്റലൈറ്റ് റൈറ്റ്, ഓഡിയോ റൈറ്റ് തുടങ്ങിയ നിർമാണ ഘടകങ്ങളുടെ മേൽക്കോയ്മ, നിയന്ത്രണം എന്നിവ നഷ്ടമാകുന്നതിൻ്റെ തുടക്കമാകാമിത്.

കേന്ദ്രീകൃത മൂലധനശക്തികൾ നമ്മുടെ വിനോദോപാദികളുടെ നിയന്ത്രണം ഏറ്റെടുത്തു കഴിഞ്ഞു. ധാരാളം പണം ഒഴുകി ഈ വിനോദോപാദി മേഖലകൾ അതിരുകൾ ഭേദിച്ചു വളരും കളിക്കാർക്കും അനുബന്ധ പ്രഫഷനലുകൾക്കും കൂടുതൽ അവസരമൊരുങ്ങും, തർക്കമില്ല. എന്നാൽ, ഈ മേഖലകളിലെ ജനകീയമായ അവസരങ്ങൾ ഇല്ലാതാകും എന്നതാണ് ഈ കേന്ദ്രീകൃത മൂലധന നിക്ഷേപം ഉയർത്തുന്ന വെല്ലുവിളി. ഇതേ പെരഡൈമാണ് ഓൺലൈൻ റിലീസുകൾ സിനിമാ വ്യവസായത്തിൽ സൃഷ്ടിക്കുന്നത്.
മലയാള സിനിമാ മേഖലയിൽ ഓൺലൈൻ റിലീസ് വെല്ലുവിളിയാകുന്നത് വിതരണ, പ്രദർശന മേഖലകളിലാണ്. സിനിമ തിയറ്ററുകൾ പ്രത്യക്ഷമായും പരോക്ഷമായും തൊഴിൽ നൽകുന്ന നിരവധി ജീവിതങ്ങളാണ് ഇതിന്റെ അടിസ്ഥാന ഇരകൾ. ദൃശ്യം2 എന്ന സിനിമ, ഈ വ്യവസായത്തിലെ ഗെയിം ചെയ്ഞ്ചർ ആകുന്നത് ഇങ്ങനെ കൂടിയാണ്.

NB :സൂഫി OTT യിൽ വന്നപ്പൊ എതിർക്കാൻ നിന്ന തിയേറ്റർ സംഘത്തിൻ്റെ നേതാവാണ് ദൃശ്യത്തിൻ്റെ നിർമ്മാതാവ് എന്നതാണ് ഇതിലെ തമാശ. സ്വന്തം പണത്തിൻ്റെ കാര്യം മാത്രം സിന്ദാബാദ്.