പഴയ സുഹൃത്തുക്കളുടെ ഒരു ചേരലിന് വേണ്ടി ആയിരുന്നു കൊച്ചിയില്‍ ഒരു മുറി എടുത്തു കൂടിയത്. എല്ലാവരും വന്നിട്ട് “സാധനം” വാങ്ങാം എന്ന് കരുതി. ബ്രാന്‍ഡ് അറിയണമല്ലോ ! എല്ലാവരും വന്നപ്പോഴല്ലേ അറിഞ്ഞത് സീസറിനുള്ളത്* സീസറിനു തന്നെ ആണെന്ന്! മണി എട്ടു.ഇനി ബീവരെജസില്‍ പോയി ക്യു ഒക്കെ നിന്ന് സാധനം വാങ്ങാന്‍ സമയം ഇല്ല എന്നോര്‍ത്ത് റൂം ബോയിയോടു ചോദിച്ചു, ഒരു രാജാവിനെ* കൊണ്ട് തരുമോ എന്ന്. രാജാവ് പോയിട്ട് ഒരു തേനീച്ച* പോലും ഇല്ല എന്നും ,ഇവിടെ നിക്കുന്നവര് പുറത്തു പോയി സാധനം വാങ്ങി കൊടുക്കാത്ത ഡീസന്റ് പാര്‍ട്ടിക്കാരും ആണെന്ന് ആ സാര്‍ പറഞ്ഞപ്പോള്‍ രോമാഞ്ചം വന്നു.ഇന്നത്തെ കാലത്തും ഇതേ പോലെ ഉള്ള ആള്‍ക്കാരോ!പക്ഷെ ഒരു ഉപകാരം ചെയ്തു..ഷിപ്യാര്‍ഡിനടുത്ത് എവിടെയോ തറവാട് ഉണ്ട് എന്നുള്ള ഒരു വിക്കി ലീക്സ് !
ഷിപ്യാര്‍ഡു എങ്കില്‍ അത്,എന്നും പറഞ്ഞു എല്ലാവരും കൂടി വെച്ചടിച്ചു.( മദ്യപ്യാനം ഒരു സാമൂഹിക വിപത്താണ് . എന്നാലും ).ഷിപ്യാര്ഡിന്റെ അടുത്ത് ചെന്നിട്ടെങ്ങും ആരും ക്യു നില്‍ക്കുന്നത് കണ്ടില്ല.ക്യു എവിടെ ഉണ്ടോ അവിടെ സാധനം കിട്ടും എന്നാണല്ലോ പണ്ട് ഭരതമുനി നാട്യ ശാസ്ത്രത്തിലൂടെ പറഞ്ഞത് . അപ്പോള്‍ അവിടുന്ന് ഒരു ചേട്ടന് നടന്നു വരുന്നു.കണ്ടിട്ട് ഒരു കുടിയന് ഷേപ്പ് ഉണ്ട് എന്ന് പ്രകാശന് പറഞ്ഞു.ഊഹം തെറ്റിയില്ല..അങ്ങേരു കൃത്യം വഴി പറഞ്ഞു തന്നു. അടുത്ത വളവീന്നു ഉള്ളിലോട്ടെന്നു ! സ്ഥിരം പാര്‍ടി ആരിക്കും . വളവു വളഞ്ഞിട്ടും ഒരു രക്ഷയും ഇല്ല.കുറച്ചു കൂടി ചെന്നപ്പോള്‍ മറ്റൊരാള്‍ ഒരു മരത്തില്‍ പിടിച്ചു നില്ക്കുന്നു ..തമിഴന് ആണ്.. “തണ്ണി എവിടെ കിടയ്ക്കും “എന്ന ചോദ്യത്തിന് ” ആ നില്‍ക്കുന്നത് ആലാണോ അരശാണോ” എന്ന മറു ചോദ്യം ആണ് ഉണ്ടായത്( പാവം വെള്ളം അടിച്ചു പാമ്പായപ്പോള്‍ ഷേപ്പ് മാറി തമിഴന് ലുക്ക് ആയി പോയതാണ് എന്ന് അപ്പോഴാ മനസ്സിലായെ ) “ആല് ആണ്” എന്ന് പറഞ്ഞപ്പോള്‍ “നിനക്കൊക്കെ ആലും അരശും കണ്ടാല്‍ തിരിച്ചറിയില്ലേ” എന്ന് വീണ്ടും അങ്ങേരു.(ഇവിടൊക്കെ എങ്ങനാ അന്താക്ഷരി കളിച്ചാലേ വഴി പറഞ്ഞു കൊടുക്കുക ഉള്ളോ എന്ന് കറിയാപ്പി)”അപ്പൊ അരശാണല്ലേ” എന്ന് പ്രകാശന്.തമിഴന് ലുക്ക്കാരന്‍ പറഞ്ഞു” അല്ല ആല് തന്നെ”.എന്നിട്ട് പറഞ്ഞു “അവിടുന്ന് ഇടത്തേക്ക് തിരിഞ്ഞാല്‍ മതി എന്ന്.” കടയില്‍ ചെന്നപോള്‍ ക്യുവില്‍ ഒരു മുപ്പതു പേര് വരും .അച്ചടക്കത്തോടെ എല്ലാവരും. മുന്നില്‍ നിന്ന ചേട്ടന് പറഞ്ഞു…”ഇവിടെ എല്ലാവരും ഭയങ്കര ഡീസന്റ്റ് ആണ് കേട്ട. കലിപ്പായാല്‍ കടയടക്കും..പിന്നെ നുമ്മ എങ്ങനെ രണ്ടെണ്ണം അടിക്കും.നിങ്ങ പറ”.ഞാന്‍ “ശരി ” എന്ന് മാത്രം പറഞ്ഞു. അപ്പൊ അതാണ് സീക്രട്ട്!ചേട്ടന്റെ മുന്നില്‍ നില്ക്കുന്ന പയ്യന്മാര്ക്ക് പതിനാറോ പതിനേഴോ വരും. ജെട്ടി ഇട്ടിട്ടുണ്ട് എന്നറിയിക്കാന്‍ ആണെന്ന് തോന്നുന്നു രണ്ടു പേരും അതിന്റെ പേര് വലുതായിട്ട് എഴുതിയേക്കുന്നത് കാണിച്ചു നില്ക്കുന്നു. ഇതിലും ഭേദം പട്ടിയുടെ കഴുത്തേല് കേട്ടുന്നപോലെ കെട്ടുന്നപോലെ എലാസ്ടിക് മാത്രം കെട്ടുന്നതായിരുന്നു നല്ലത് എന്ന് ഞങ്ങള്‍ അടക്കം പറഞ്ഞു.
സാധനം വാങ്ങി തിരിച്ചു മുറിയില്‍ വന്നു .രാജാവ് പെട്ടെന്ന് തീര്‍ന്നു. വീണ്ടും ഒരെണ്ണം വാങ്ങാം എന്ന് കരുതി ചെന്നപ്പോള്‍ കുറഞ്ഞത് ഒരു അറുപതു പേര് ക്യുവില്‍.” ഇന്ന് വാങ്ങിച്ചു അടിച്ചതുപോലെ തന്നെ” എന്ന് തിരോന്തോരംകാരന് അവിനാഷ് പിറുപിറുത്തു. സാധനം കിട്ടാത്ത വിഷമത്തില്‍ വണ്ടി സ്റ്റാര്‍ട്ട് ചെയ്തതും, “നിനക്കൊക്കെ വല്ല പാലും വാങ്ങി കുടിക്കാന്‍ മേലെടാ” എന്ന് ഉറക്കെ പറഞ്ഞിട്ട് വിട്ടു പോന്നതും മാത്രം ഓര്‍മ്മയുണ്ട്. സാന്‍ട്രോയുടെ പിന്നില്‍ ഒരു കല്ല് വന്നു വീണ ഒച്ച വണ്ടിയുടെ ഓണര്‍ കറിയാപ്പികേള്‍ക്കാതെ ഇരിക്കാന്‍ പ്രകാശന് ഒന്ന് ഉറക്കെ കൂവി ! ഇന്‍ഡികേറ്ററിനൊക്കെ എന്താ ഇപ്പൊ വില !
അടുത്ത സംഭവം മൂന്നാറില്‍ നിന്നും വരുന്ന വഴി ആയിരുന്നു .സാറന്മാര് കൈ കാണിച്ചു. ഊതിപ്പിച്ചാല്‍ ” കോലക്കുഴല്‍ വിളി കേട്ടോ.. സാറേ” എന്ന പാട്ട് മുഴുവന്‍ പാടുന്ന അവസ്ഥയില്‍ ആയിരുന്നു എല്ലാരും. ഏമാന് പറഞ്ഞു “ഊതെടാ”..ഊതി…കോലക്കുഴല്‍ നാദം കേട്ടു. എമാന് സമാധാനം ആയി. നേരെ സ്റെഷനിലേക്ക്. കേസ് ചാര്‍ജു ചെയ്യുമ്പോ മുട്ടന്‍ കുറ്റം എഴുതാതെ ഇരിക്കാന്‍ ഹേഡിനു ഒരു മുന്നൂറു വേണം എന്ന് പാറാവുകാരന്റെ ഉപദേശം. അല്ലെങ്കില്‍ മദ്യപിച്ചു മദോന്മത്തരായി മദിരാശിയും ( ചെന്നൈ അല്ല ) ആയി ജനങ്ങളുടെ ജീവന് മനപൂര്‍വ്വം ആപത്തു സംഭവിക്കും വിധം അപകടകരമായും, അലക്ഷ്യമായും, വണ്ടി ഓടിച്ചതിന് തൂക്കിക്കൊല വരെ കിട്ടാവുന്ന ചാര്‍ജു ഒക്കെ എഴുതി പിടിപ്പിക്കും എന്ന് പറഞ്ഞപോ മുന്നൂറു രൂപയ്ക്കു ഇത്ര മാത്രം കാര്യങ്ങള്‍ മായിച്ചു കളയാനുള്ള ശക്തി ഉണ്ടോ എന്ന് ഓര്‍ത്തു . ഇനി മൂന്നാറില്‍ അഞ്ഞൂറ് രൂപ നോട്ടു നിരോധിച്ചിട്ടുണ്ടോ ആവോ. മുന്നൂറിന്റെ ശക്തിയില്‍ തല്ക്കാലം ഇറങ്ങി, പിഴ രണ്ടാഴ്ച കഴിഞ്ഞു മൊബൈലില്‍ വിളിച്ചു പറയാം എന്ന് ഏമാന്. രണ്ടാഴ്ച കഴിഞ്ഞു വീട്ടുകാരുടെ കൂടെ ഇരിക്കുമ്പോള്‍ ഒരു വിളി. സ്റ്റെഷനീന്നാ .രണ്ടായിരം ആണ് പിഴ .നാളെ കാശു പിരിക്കാന്‍ ആളു കൊച്ചിയില്‍ എത്തും. വന്നേക്കണം എന്ന്. എപ്പ വന്നു എന്ന് ചോദിച്ചാ മതി. നാളെ കാണാം എന്ന് പറഞ്ഞു കൂട്ടുകാരനോട് പറയുന്നമാതിരി ചിരിച്ചു .ഏമാന് ഫോണ്‍ വെച്ച് എന്ന് ഉറപ്പായതിനു ശേഷം നിന്നെ എത്ര നാളായി കണ്ടിട്ടെടാ എന്ന് കൂടി ഒരു കാച്ചു കാച്ചി…വീട്ടുകാര്‍ അറിയരുതല്ലോ രണ്ടു ലാര്‍ജു വിട്ട വകയില്‍ രൂപാ രണ്ടായിരത്തി മുന്നൂറു പോയ കഥ.
മൂന്നാമത്തെ കഥയിലെ നായകന് നാട്ടുകാരന് തന്നെ. രാത്രി എട്ടുമണിക്ക് ഏകദേശം ഒരു ഫുള്ളിന്റെ മുക്കാല്‍ കയറ്റി നല്ലൊരു മുറുക്കും മുറുക്കി പോകവേ ആയിരുന്നു ഏമാന്മാര് കൈ കാണിച്ചത്. “മുറുക്കാന്‍ തുപ്പെടാ @#$% മോനെ ആദ്യം” എന്ന് പറഞ്ഞപോള്‍ തന്നെ കെട്ടു മുഴുവന്‍ വിട്ടു. തുപ്പി…ഊതി. കോലക്കുഴല്‍ വിളി നാദം കേട്ടു. ഉടനെ അറിയാവുന്ന പോലീസുകാരെ എല്ലാം മൊബൈലില്‍ കറക്കി. കഷ്ട്ടകാലത്തിനു ആരും ഫോണ്‍ എടുത്തില്ല…ഇനി എടുത്താല്‍ തന്നെ ഏമാന് വിടത്തില്ല എന്ന് ഏമാന്റെ ഡ്രൈവര്‍ പറഞ്ഞു..ഇന്ന് ആരെയും കിട്ടിയില്ലത്രേ..നേരെ ജീപ്പിലേക്കു. ബ്ലഡ് എടുക്കാന്‍ ജില്ല ആശുപത്രിയില്‍ ചെന്നപോള്‍ ഡോക്ടര്‍ ചോദിച്ചു ” സത്യത്തില്‍ അടിച്ചിട്ടുണ്ടോ ” നായകന് പറയുന്നു, “ഒരു ഫുള്‍ മുഴുവനായി അടിച്ചിട്ടില്ല, അതോണ്ട് ബ്ലഡ് എടുത്തു ഡോക്ടര്‍ വിഷമിക്കണ്ട, കുറുപ്പടി തന്നേക്ക് എന്ന് ” കുറുപ്പടി കിട്ടി, നായകന് സ്ലോ മോഷനില്‍ സ്റ്റെഷനിലേക്ക്. പിന്നെ രണ്ടു ജാമ്യക്കാരുടെ അകമ്പടിയോടെ വീട്ടിലേക്കു.പിഴ എത്രയാണ് എന്നറിയാന്‍ ഇനി രണ്ടു മാസം കാക്കണം.ഇനി കോടതി വിളിക്കും .സമന്‍സ് വന്നാലായി…സമന്‍സ് മുക്കി വാറണ്ട് ആക്കുന്ന കലാപരിപാടി ഉണ്ടെങ്കില്‍ അവിടെയും നേര്‍ച്ച…മിനിമം അഞ്ഞൂറ്…
ഇനി നാലാമത്തെ സംഭവം. സുഹൃത്തിനെ കാണാന്‍ വേണ്ടി പോലീസ് ക്യാമ്പില്‍ ചെന്നതായിരുന്നു ഞാന്‍. ആളുടെ പേര് പറഞ്ഞപ്പോള്‍ ഒരു പോലീസുകാരന് പറഞ്ഞു സാറ് “മാട്ടായില്‍”*ആണ് എന്ന് .അതെവിടാ സ്ഥലം എന്ന് ചോദിച്ചപ്പോള്‍ അയാള്‍ എന്നെ ഒന്ന് ക്രുരമായി നോക്കി. ഇനി ഇയാളെങ്ങാനും ആണോ ഈ സിനിമേലൊക്കെ പറയുന്ന ഇടിയന് കുട്ടന്‍പിള്ള എന്ന് ഞാന്‍ ഓര്‍ത്തു. അയാള്‍ എന്നെ വയര്‍ലസ് റൂമിന്റെ വെളിയില്‍ കൊണ്ട് നിര്‍ത്തി.അവിടെ കണ്ട പോലീസുകാരനോട് “ഈ മാട്ടാ എന്നാല്‍ എന്താ “എന്ന് ചോദിച്ചു .അയാള്‍ക്ക് പിന്നെ മീശ ഇല്ലാത്ത കൊണ്ട് എനിക്ക് ചോദിക്കാന്‍ പേടി ഇല്ലാരുന്നു. പുതിയ റിക്രുട്ട് ആയ കൊണ്ടാരിക്കും മീശ ഇല്ലാതെ എന്ന് ഞാന്‍ ഓര്‍ത്തു. അയാള്‍ പറഞ്ഞു,”ഈ മാട്ടാ മാട്ടാ എന്ന് പറഞ്ഞാല്‍…ജില്ലയിലെ എല്ലാ ഏമാന്മാരും വയര്‍ലസ്സിലൂടെ വല്യ ഏമാന്റെ തെറി കേള്‍ക്കുന്ന ഒരു പരിപാടി ആണെന്ന്. ഞാന്‍ പയ്യെ ഒരു ജനല്‍ തുറന്നു നോക്കി. അപ്പോള്‍ എന്റെ സുഹൃത്ത് ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുന്ന ഭാഗം ആരുന്നു. ഇന്നലെ എത്ര പെറ്റി കേസ്? അഞ്ചു സാര്‍ ..എത്ര ഹെല്‍മട്റ്റ്.. എട്ടു സാര്‍ ..എത്ര ഡ്രങ്കന്‍ ഡ്രൈവ് ? രണ്ടു സാര്‍…രണ്ടോ…തന്റെ കീഴെ എത്ര ബാറാടോ ? നാല്…അപ്പൊ അവിടെല്ലാം കൂടി ആകെ രണ്ടു പേരാണോ ഇന്നലെ വെള്ളം അടിച്ചിട്ട് വണ്ടി ഓടിച്ചത്….താനൊക്കെ എന്തോന്നിനാടോ തൊപ്പി വെച്ചോണ്ട് നടക്കുന്നെ…ബാക്കി കേള്‍ക്കാന്‍ ഞാന്‍ നിന്നില്ല..ആളു തികയാത്തതിനു ഇനി എന്നെ കൂടി പിടിക്കുമോ.വണ്ടി ഓടിക്കുന്നില്ല എന്നല്ലേ ഉള്ളു… കഷ്ട്ടകാലത്ത് പാലും വെള്ളം കുടിച്ചാലും അത് കോലക്കുഴല്‍ വിളി ആകുന്ന കാലമാണല്ലോ !
മര്യാദക്ക് കേരളത്തില്‍ മദ്യപിക്കാനുള്ള ഒരു സാഹചര്യം ഉണ്ടോ ഇന്ന് ? മദ്യപാനികളെ പീഡിപ്പിക്കുന്നതില്‍ ഇവിടുത്തെ ഭരണ വര്‍ഗം ഒറ്റക്കെട്ടാ.കേരളത്തെ താങ്ങി നിര്‍ത്തുന്നത് താങ്ങ് വില പോലും ഇല്ലാത്ത തേങ്ങ അല്ല എന്നുള്ള നഗ്ന സത്യം ഇവര്‍ അറിയുന്നുണ്ടോ ? കുട്ടികള്‍ പോലും മദ്യപിക്കും എന്നൊക്കെ പത്രക്കാര് എഴുതി വിടുകല്ലേ. ബാറിന്റെ വളവിനു അപ്പുറത്ത് പെറ്റു കിടക്കുവല്ലേ വണ്ടി പിടിക്കാന്‍? പോലീസ് കിടക്കുന്നത് അറിഞ്ഞു നേരത്തെ വിവരം തരുന്ന ഏതോ സോഫ്റ്റ്വെയര് അമേരിക്കയില്‍ ഇറങ്ങി എന്ന് കേള്‍ക്കുന്നു. ഇനി അത് വരാതെ എങ്ങനെ സമാധാനമായി മദ്യപാനികള്‍ ജീവിക്കും?
ആശങ്കകളോടെ ,
ഒരു ( സ്ഥിരം മദ്യപാനിയുടെ) അയല്‍വാസി.
NB:പാലും വെള്ളം മാത്രം കുടിച്ചു വളര്‍ന്നവര്‍ക്കായി തര്‍ജമ…>>>രാജാവ് / സീസര്‍ ( സീസര്‍ ബ്രാണ്ടി )
തേനീച്ച..(ഹണീ ബീ ബ്രാണ്ടി )<<>>മാട്ടാ..ഒരു സാങ്കല്പിക പേര്…സത്യമായിട്ടും<<<
Comments are closed.