1. ഡ്രൈ ഡേ
നന്ദകുമാർ തിരക്കഥയെഴുതി സംവിധാനം ചെയ്ത ഷോർട്ട് മൂവിയാണ് ഡ്രൈ ഡേ. തികച്ചും ഒരു ഹാസ്യാത്മകമായ ഷോർട്ട് ഫിലിം ആണ്. നമ്മുടെ ചുറ്റിനുമുള്ള സൗഹൃദങ്ങളെ കൃത്യമായി വരച്ചുവച്ചിട്ടുള്ള ഒരു ചിത്രമാണ് ഇത്. ഒരു ഡ്രൈ ഡേയിൽ സംഭവിക്കുന്ന കാര്യങ്ങളാണ് മൂവിയുടെ ഇതിവൃത്തം. പഴയകാലത്തിറങ്ങിയ ചില കോമഡി സിനിമകൾ കാണുന്ന മൂഡ് ലഭിക്കുന്ന ഈ ചിത്രത്തിന്റെ ക്യാമറയും എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നത് പ്രിൻസ് കൊല്ലം ആണ്.
മദ്യം എന്ന പാനീയം നമ്മുടെ സമൂഹത്തെ എത്രത്തോളം വലുതായി സ്വാധീനിച്ചത് എന്ന് പറയേണ്ട കാര്യമില്ല. മദ്യത്തെ സദാചാര മലയാളി നോക്കി കാണുന്നത് രണ്ടു രീതിയിലാണ് . ഒന്ന് ദുശീലം, മറ്റൊന്ന് ആരോഗ്യനഷ്ടം. ദുശീലം എന്നതായി മദ്യത്തെ വ്യാഖ്യാനിക്കുന്നത് മദ്യപിക്കുന്നവരുടെ പ്രവർത്തികൾ കാരണമാണ്. കുടിച്ചത് നൂറുമില്ലി കുപ്രസിദ്ധി ആയിരം കിലോമീറ്റർ എന്നോ മറ്റോ കവി കുരീപ്പുഴ ശ്രീകുമാർ നഗ്നകവിതയിൽ എഴുതിയത് എത്ര സത്യം
ഡ്രൈ ഡേ ബൂലോകം ഒടിടിയിൽ കാണാം
നമ്മൾ ചിലരെ കണ്ടിട്ടുണ്ടാകും… ഒരു ജോലിക്കും പോകാതെ ആരുടെകൂടെയെങ്കിലും ഓസിനു കൂടാൻ നടക്കുന്നവർ. കൈയിൽ അഞ്ചുപൈസയുമില്ല… എന്നാലോ ഒരു ഇരയ്ക്കുവേണ്ടിയുള്ള വെള്ളത്തിലെ കൊക്കിനെ പോലെയുള്ള കാത്തുനിൽപ്പ് രാവിലെ മുതൽ തുടങ്ങും. ആരെങ്കിലും ചെന്ന് വീണാലോ , അന്നത്തെ മുഴുവൻ ചിലവും അവന്റെ വക. അവനെ മൊത്തമായി കുളിപ്പിച്ച് കിടത്തും.
അങ്ങനെയിരിക്കെയാണ് ഡ്രൈ ഡേയ്ക്ക് മൂന്നുപേർ മദ്യത്തിനായി പരക്കംപായുന്നത്. ബിവറേജ്ഉം ബാറും തുറന്നില്ലെങ്കിൽ എന്താ… ബ്ലാക്കിന് മദ്യം വിൽക്കുന്ന ചില മിലിട്ടറി സർവീസുകാർ നാട്ടിൽ കാണുമല്ലോ. അല്ലെങ്കിൽ ഡ്രൈ ഡേ പ്രമാണിച്ചു മദ്യം കിട്ടാത്തവർക്കു വേണ്ടി വിലകൂട്ടി വിൽക്കാൻ മദ്യം വാങ്ങി ശേഖരിച്ചു വയ്ക്കുന്നവർ . അങ്ങനെ മദ്യത്തിനായി പരക്കം പായുന്ന സുഹൃത്തുക്കൾ , അവർ മൂവരും ദാഹമേറി വെള്ളം കുടിക്കാൻ നെട്ടോട്ടം ഓടുന്ന ഭാവത്തോടെയാണ് ഒരുതുള്ളി മദ്യത്തിനായി ഓടുന്നത്. ഒടുവിൽ മദ്യം കിട്ടി. പിന്നെ സംഭവിച്ചതോ ? രസകരമായ സംഭവങ്ങൾ.
മദ്യം ലഭിച്ചിട്ടും അവർ മൂവരും ഡ്രൈ ഡേയിൽ തന്നെ തുടരുന്നത് എന്തുകൊണ്ടാകും ? പണംമുടക്കിയ KSEB ക്കാരൻ ബോധരഹിതനായത് എന്തുകൊണ്ടാകും ? ഈ രസകരമായ സിനിമ ഞങ്ങളെ റിലാക്സ് ചെയ്യിക്കും എന്നത് ഉറപ്പ്. വലിയ ഭരിച്ച കഥയൊന്നും വേണ്ട പ്രേക്ഷകരെ രസിപ്പിക്കാൻ എന്നതിന് ഉത്തമോദാഹരണവുമാണ് ഈ ഷോർട്ട് മൂവി.
****
2 . യൂറിൻ
നന്ദകുമാർ കഥയെഴുതി എസ് സുഭാഷ് സംവിധാനം ചെയ്ത രസകരമായ ഷോർട്ട് ഫിലിം ആണ് യൂറിൻ. ഇതും ഡ്രൈ ഡേ പോലെ ആസ്വാദകരെ രസിപ്പിക്കാൻ പോന്ന ഒന്നാണ്. ഒരു ചെറിയ ആശയത്തെ ആദ്യന്തം രസകരമായി അവതരിപ്പിക്കാൻ സാധിച്ചിട്ടുണ്ട്. വി സിനിമാസിന്റെ ബാനറിൽ ആണ് യൂറിൻ നിർമിച്ചിരിക്കുന്നത്. ജെയിൻ ക്രിസ്റ്റഫർ ക്യാമറയും അനൂപ് ജി എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു.
യൂറിൻ എന്ന് കേൾക്കുമ്പോൾ എന്താണ് തോന്നുന്നത് ? വർത്തമാനകാലത്തെങ്കിൽ മനുഷ്യ മൂത്രമോ ഗോമൂത്രമോ എന്നൊരു സംശയം തോന്നിയേക്കാം. എന്നാൽ സംശയിക്കണ്ട മനുഷ്യമൂത്രം തന്നെ. മനുഷ്യ മൂത്രത്തിനും കഥയുണ്ടോ ? സംശയമെന്തു ? മൂത്രം പലരുടെയും ജീവിതത്തെ തന്നെ നിർണ്ണയിക്കുന്ന ഒരു ഘടകമാകുകയാണ് ഇവിടെ.
യൂറിൻ ബൂലോകം ഒടിടിയിൽ കാണാം
സർക്കാർ ജോലി ലഭിക്കുന്ന കഥാനായകന്റെ വീട്ടുകാർ വലിയ പ്രതീക്ഷയിലാണ്. എന്തിലാണ് പ്രതീക്ഷ… ? അത് സ്ത്രീധനത്തിൽ ആണ്. അല്ലെങ്കിലും സർക്കാർ ജീവനക്കാർ എന്നത് ഇവിടെ വിവാഹമാർക്കറ്റിൽ മുന്തിയ ചരക്കുകൾ ആണല്ലോ. പ്രത്യകിച്ചും പുരുഷന്മാർ. പെൺകുട്ടികളുടെ ധനാഢ്യന്മാരായ തന്തമാർ ക്യൂ നിൽക്കുകയല്ലേ റാഞ്ചിക്കൊണ്ടുപോകാൻ. അതല്ലെ സർക്കാർ ജോലി എന്നത് ഇവിടെ ലോട്ടറി ആകുന്നത്. അങ്ങനെ കഥാനായകന് സർക്കാർ ജോലി ലഭിക്കുന്ന സാഹചര്യമാണ് കഥ . പക്ഷെ വീട്ടുകാർ അറിയാതെ ചിലതൊക്കെ ഒപ്പിച്ചുവച്ചിട്ടുണ്ട് നായകൻ.
അങ്ങനെ ഒപ്പിച്ചുവ വച്ചതു വീർത്തു വീർത്തു പത്താംമാസം പെറുമോ എന്ന കണ്ടീഷൻ ആയി. കാമുകിയാണെങ്കിൽ തന്റെ ആശങ്കളും ആകുലതകളും സമയാസമയം കഥാനായകന് ഫോൺ വഴി പുഴുങ്ങി കൊടുക്കുന്നുണ്ട്. എന്നാൽ സംശയം ദൂരീകരിക്കണമല്ലോ . അതിനെന്തു ചെയ്യും ? കാമുകിയുടെ മൂത്രം തന്നെ പോംവഴി. മൂത്രം വഴിയാണല്ലോ ഗർഭം ഉണ്ടോ എന്ന് അറിയുന്നത്.
അങ്ങനെ പ്രേഗ്നെൻസി ടെസ്റ്റ് കിറ്റ് വാങ്ങാൻ പരക്കം പായുന്ന നായകനും സുഹൃത്തും ചെന്നുപെടുന്നതോ നായകന്റെ അച്ഛന്റെ സുഹൃത്തിന്റെ മടയിൽ. അവിടെ നിന്നും ഓടി രക്ഷപെടുന്ന അവർ എന്തായാലും യൂറിൻ കൊണ്ട് ലാബിൽ ടെസ്റ്റ് ചെയ്യാൻ കൊടുക്കുകയാണ് . നായകന്റെ കൂട്ടുകാരൻ ആണ് കൊണ്ടുപോകുന്നതും റിസൾട്ട് മേടിക്കുന്നതും. എന്നാൽ അവൻ ഒപ്പിക്കുന്ന പണി ഒരു ഒന്നൊന്നര പണിയായിപ്പോയി.
റിസൾട്ട് പോസിറ്റിവ് എങ്കിൽ ജീവിച്ചിരിക്കില്ല എന്ന് പറയുന്ന നായകന് പിന്നെന്തു സംഭവിച്ചു ? ശരിക്കും റിസൾട്ട് എന്താണ് ? . കൂട്ടുകാരൻ ഓടി നായകന്റെ വീട്ടിൽ വന്നപ്പോൾ കണ്ട ജനക്കൂട്ടം എന്തായിരുന്നു ? നായകന്റെ മുറിയിലെ ഫാനിൽ അവൻ നോക്കുന്നത് എന്തിനാണ് ? ഈവിധത്തിലുള്ള ഒട്ടനവധി ചോദ്യങ്ങൾക്കുള്ള ഉത്തരം കിട്ടാൻ നിങ്ങൾ മൂവി കാണുക തന്നെ വേണം.
****
3 . കീ ..കീ… പോ.. പോ
സുഭാഷ് രചനയും സംവിധാനവും നിർവഹിച്ച ‘കീ ..കീ… പോ.. പോ ‘ എന്ന ഷോട്ട് ഫിലിമിന്റെ പേര് കേൾക്കുമ്പോൾ തന്നെ അതിലൊരു കുട്ടിത്തം ഉണ്ട്. ശരിക്കും അതുതന്നെയാണ് കീ ..കീ… പോ.. പോ. കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെടാൻ സാധ്യതയുള്ള ഒരു പ്രമേയമാണിത്. വി സിനിമാസിന്റെ ബാനറിൽ ആണ് ചിത്രം അണിയിച്ചൊരുക്കിയത്. കെസി അഭിലാഷ് ഗാനരചനയും സംഗീതവും നിർവഹിച്ചു നന്ദൻ, അഞ്ജലി , തീർത്ഥ എന്നിവർ ആലപിച്ച ഗാനവും ഇതിന്റെ ഹൈലൈറ്റ് ആണ്. സിപി ജോസ് ശക്തികുളങ്ങര ക്യാമറയും നിർവഹിച്ചിട്ടുണ്ട്.
ഇതിന്റെ പ്രമേയവും അതീവ രസകരമാണ്. കഥാനായകന്റെ മകൻ ഒരു വണ്ടിക്കു വേണ്ടി ദുശാഠ്യം പിടിക്കുന്നതും നായകനും സുഹൃത്തുക്കളും ഇല്ലാത്ത പൈസയുണ്ടാക്കി കടകൾ തോറും കയറിയിറങ്ങി കുട്ടികൾക്കുള്ള സൈക്കിളും കാറും മേടിക്കുന്നതും ഒടുവിൽ സത്യമറിഞ്ഞ അവരുടെ അമ്പരപ്പും ആണ് പ്രമേയം. വേണമെങ്കിൽ ഇതിൽ നിന്നൊരു സന്ദേശം നമുക്ക് വ്യാഖ്യാനിച്ചു കണ്ടെത്താവുന്നതാണ്.
കീ ..കീ… പോ.. പോ ബൂലോകം ഒടിടിയിൽ കാണാം
അതായതു കുട്ടികൾ അവരുടെ ബാല്യത്തിൽ ആഗ്രഹിക്കുന്ന ചില കാര്യങ്ങളുണ്ട് അതെന്തെന്നു മനസിലാക്കാതെ രക്ഷിതാക്കൾ അതിനൊക്കെ നിവൃത്തി വരുത്താൻ ശ്രമിക്കുമ്പോൾ അതൊക്കെ വിഫലമായി തീരുകയാണ് ചെയുന്നത്. ഇത് ഒരുപക്ഷെ വിദ്യാഭ്യാസത്തിൽ ആയാലും അങ്ങനെ തന്നെ . രക്ഷിതാക്കൾക്ക് ഇഷ്ടമുള്ളത് പഠിക്കണമോ ..കുട്ടികൾക്ക് ഇഷ്ടമുള്ളത് പഠിക്കണമോ എന്ന ചോദ്യം ഇന്നും ഉത്തരമില്ലാതെ അലയുകയാണ്.
മാത്രവുമല്ല, ആധുനികമായ കളിപ്പാട്ടങ്ങൾ എത്ര വിപണിയിൽ ഇറങ്ങിയാലും ചില ബാല്യങ്ങൾ കണ്ണുടക്കി നിന്നുപോകുന്നത് ചില നൊസ്റ്റാൾജിയകളിൽ ആണ്. പളപളത്ത കളിപ്പാട്ടങ്ങൾ , വിദേശനിർമ്മിത ടോയ്‌സ് ഒക്കെ അവർ കൊതിക്കുന്നത് തന്നെ എന്നാൽ നമ്മളൊക്കെ എന്നോ മറന്നുപോയ ചില കളിപ്പാട്ടങ്ങൾ ഉണ്ട്. അവയുടെ ആത്മാക്കൾ ഗ്രാമങ്ങളുടെ ഇടവഴികളിൽ ഇന്നും ചൂളം വിളിച്ചു ഓടുന്നുണ്ട്. അത്തരമൊരു വാഹനത്തെയാണ് ഇവിടെ കുട്ടി കണ്ടെത്തുന്നത്.
അയ്യായിരം രൂപയുടെ കാറും അത്രതന്നെ വിലയുള്ള സൈക്കിളും അവനുവേണ്ട. അവനുവേണ്ടത് എന്തെന്ന് മാതാപിതാക്കളും സുഹൃത്തുക്കളും അന്വേഷിക്കുന്നുമില്ല. അവർ സ്വയം കണ്ടെത്തുകയാണ്… മുതിർന്നവർ പണവും സമയവും നഷ്ടപ്പെടുത്തുകയാണ് . ഏറ്റവുമൊടുവിൽ ആ കുട്ടി അവനിഷ്ടമുള്ളതു കണ്ടെത്തുകയാണ്. അതുകണ്ടു എല്ലാരും അന്ധാളിച്ചു നിൽക്കുകയാണ്.
ചിരിക്കാനും ചിന്തിക്കാനും പ്രേരണ നൽകുന്ന ഷോർട്ട് ഫിലിം ആണ് കീ…കീ പോ…പോ. നിങ്ങൾ കുട്ടികൾക്ക് ഇത് കാണിച്ചുകൊടുക്കണം. ഇതിലെ ചില മൂല്യങ്ങൾ അവർ പഠിച്ചോട്ടെ …
***