ആനന്ദവല്ലിക്ക് പ്രണാമം

706

ആനന്ദവല്ലി ഇനിയില്ല. ഇനി മുതൽ അവരുടെ ശബ്ദം മാത്രമേയുള്ളു.

അന്തരിച്ച ഡബ്ബിങ് ആർട്ടിസ്റ്റ് ആനന്ദവല്ലിക്ക് പ്രണാമം അർപ്പിച്ചുകൊണ്ട് എഴുത്തുകാരി എസ് .ശാരദക്കുട്ടിയുടെ പോസ്റ്റ്

Saradakutty Bharathikutty

ഹോമറിന്റെ ഒഡിസീയില്‍ ഒരു വരിയുണ്ട്, ”അവന്‍ നിറുത്തി, പക്ഷെ ആ ശബ്ദം അവരുടെ കാതുകളില്‍ ഒരിമ്പമായി തുടര്‍ന്നു…” ആനന്ദവല്ലിയുടെ സംഭാഷണങ്ങള്‍ തിയെറ്റര്‍ വിട്ടിറങ്ങി പോരുമ്പോഴെന്നതു പോലെ തന്നെ ഇന്നും നമ്മുടെ മനസ്സില്‍ ഇമ്പമായി തുടരുന്നു…

ഗീതയുടെയും സുമലതയുടെയും മുഖത്തു നിന്നു നമ്മൾ എന്നും കേട്ട ശബ്ദം.മഞ്ഞിൽ വിരിഞ്ഞ പൂക്കളിൽ പൂർണിമ ജയറാം,, ‘നായിക’യിൽ ശാരദയും പത്മപ്രിയയും, ഭരതത്തിൽ ലക്ഷ്മി, പിന്നെ എത്രയോ ചിത്രങ്ങളിൽ അംബിക, ഉർവശി, മേനക, ചിത്ര, ഇനിയും എത്ര നടിമാർ കന്മദത്തിലെ മുത്തശ്ശിയമ്മ വരെ.. വളരെ വ്യത്യസ്തമായ ശബ്ദവും ഭാവവും.. വ്യത്യസ്തതയുള്ള ഒട്ടേറെ നായികമാരുടെ ശബ്ദമായിരുന്നെങ്കിലും
തൊഴിലിനു പുറത്തവർ താരതമ്യേന നിശ്ശബ്ദയായിരുന്നു.

30 രൂപ മാത്രം ഒരു നാടക നടിക്കു കിട്ടിക്കൊണ്ടിരുന്ന കാലത്താണ് ആനന്ദവല്ലി, നൂറു രൂപയും മറ്റെല്ലാ ചെലവുകളും തന്നാൽ അഭിനയിക്കാനെത്താമെന്ന് കണിയാപുരം രാമചന്ദ്രനോട് അന്നാവശ്യപ്പെട്ടത്. അതൊരു പിടിമുറുക്കലായിരുന്നു. നടിമാരുടെ ആത്മാഭിമാനത്തിനു വേണ്ടിയുള്ള പിടിമുറുക്കൽ എന്നാണവർ തന്നെ അതിനെ ഒരഭിമുഖത്തിൽ വിശേഷിപ്പിച്ചത്.

ഒരേ സിനിമയിൽത്തന്നെ നാലും അഞ്ചും കഥാപാത്രങ്ങൾക്കിവർ ശബ്ദം നൽകി. നമ്മളാരും ആനന്ദവല്ലിയെ മാത്രം കണ്ടില്ല. തിരിച്ചറിഞ്ഞുമില്ല. അത്രക്കു വ്യത്യസ്തമായിരുന്നു ആ ഭാവങ്ങൾ.

അഭിനേതാക്കള്‍ ക്രിയേട്ടിവ് ആയിരിക്കണമെങ്കിലും വോയിസ്‌ കൊടുക്കുന്ന ആർട്ടിസ്റ്റുകള്ക്കാണ് യഥാര്‍ത്ഥത്തില്‍ ഏറ്റവുമധികം ഭാവന വേണ്ടത്. ഒന്നും മുഖത്തു വരാത്ത നായികയേയും ശബ്ദം കൊണ്ടിവർ മികച്ച നടിയാക്കും. ശരീരചലനത്തിനുള്ള സാധ്യതകളുടെ ആനുകൂല്യമില്ലാതെ തന്നെ മൈക്കിന്റെ ചെറിയൊരു ‘O’വട്ടത്തിൽ നിന്നു കൊണ്ടാണ് ഇവർ എല്ലാ ശബ്ദഭാവങ്ങളും കൊണ്ടു വരുന്നത്. അവിടെ നിന്നുകൊണ്ട് ഇവർ ഭാവനയുടെ മസിലുകള്‍ പെരുപ്പിക്കുന്നതു കണ്ട് പലപ്പോഴും അത്ഭുതപ്പെട്ടിട്ടുണ്ട്.
മനസ്സിന്റെ കണ്ണിനെ എഴുതിയ പെയ്ജുമായി കൂട്ടിച്ചേര്‍ക്കലാണിവരുടെ അധ്വാനം.

തോമസ്‌ എഡിസണ്‍ പറഞ്ഞിട്ടുണ്ട്, ”ജീനിയസ് എന്ന് പറയുന്നത് ഒരു ശതമാനം പ്രചോദനവും തൊണ്ണൂറ്റിയൊന്പത് ശതമാനം വിയര്‍പ്പും” ആണെന്ന്. ഭാഗ്യലക്ഷ്മിയേയും ആനന്ദവല്ലിയേയും പോലുള്ള ഡബ്ബിങ്ങ് ആർട്ടിസ്റ്റുകളുടെ കാര്യത്തില്‍ അത് പൂർണ്ണമായും ശരിയാണ്.

ഡബ്ബിംഗ് പൂര്‍ണമായ കലയാണെന്ന് നമ്മെ ബോധ്യപ്പെടുത്തിയവരില്‍ ഏറ്റവും മുന്‍പില്‍ നില്‍ക്കുന്ന
ആനന്ദവല്ലിക്ക് പ്രണാമം.

എസ്.ശാരദക്കുട്ടി
5.4.2019.

Facebook post