മമ്മൂട്ടി മലയാളസിനിമയിൽ പ്രത്യേകിച്ചും, മറ്റ് ഭാഷകളിൽ സജീവ സാന്നിധ്യമായും നിറഞ്ഞുനിൽക്കുന്ന നടനാണ്. മലയാളികളുടെ സ്വന്തം മെഗാസ്റ്റാർ. അദ്ദേഹത്തിന്റെ പുത്രൻ ദുൽഖറോ മലയാളമുൾപ്പെടെ എല്ലാ ഭാഷകളിലും സുപ്പർഹിറ്റുകൾ തീർത്തു മുന്നേറുകയാണ്. എല്ലാ ഭാഷകളിലും അദ്ദേഹത്തിന് ശക്തമായ ഫാൻ ബേസും നിലവിൽ വന്നുകഴിഞ്ഞു. എന്നാൽ അച്ഛനും മകനും എന്ന് ഒരുമിച്ചു അഭിനയിക്കും എന്നാണു ആരാധകർ ഉറ്റുനോക്കുന്നത്. വാപ്പച്ചിയ്‌ക്കു സമമതമെങ്കിൽ അത്തരമൊരു പ്രോജക്റ്റ് സാധ്യമാകും എന്ന് ദുൽഖർ മറുപടി പറഞ്ഞിരുന്നു. “വാപ്പയുടെ ഒരു കടുത്ത ഫാൻ എന്ന നിലയിൽ എനിക്ക് അദ്ദേഹത്തോടൊപ്പം അഭിനയിക്കാൻ നല്ല ആഗ്രഹമുണ്ട്. പക്ഷെ, അക്കാര്യത്തിൽ അവസാന തീരുമാനം അദ്ദേഹത്തിന്റെതായിരിക്കും. എന്റെ കരിയറിനെ കുറിച്ച് കമന്റുകളൊന്നും വാപ്പ അങ്ങനെ പറയാറില്ലെങ്കിലും ഉമ്മയോട് സംസാരിക്കുന്നതിൽ നിന്നും മറ്റും മനസ്സിലായത്, ഞാനെല്ലാം എന്റേതായ വഴിയെ ചെയ്യുന്നതിൽ അദ്ദേഹത്തിന് ഏറെ അഭിമാനമുണ്ട് എന്നാണ്” എന്നാണ് ദുൽഖർ അഭിപ്രായപ്പെട്ടത്.
എന്നാലിപ്പോൾ രസകരമായൊരു ചോദ്യത്തിന് രസകരമായൊരു ഉത്തരം പറഞ്ഞിരിക്കുകയാണ് ദുൽഖർ. ‘ആർ. ബൽകി സംവിധാനം ചെയ്ത പാ സിനിമയിൽ അഭിഷേക് ബച്ചൻ, അമിതാഭ് ബച്ചന്റെ അച്ഛനായി അഭിനയിച്ചിരുന്നു. വളരെ സാങ്കൽപ്പികമായി ചോദിക്കുകയാണ്, അത്തരമൊരു പ്രൊജക്റ്റ് താങ്കൾക്കും മമ്മൂക്കയ്ക്കുമായി എത്തിയാൽ എങ്ങനെയാവും പ്രതികരണം?’ എന്ന അവതാരകയുടെ ചോദ്യത്തിനാണ് ദുൽഖർ രസകരമായ മറുപടി പറഞ്ഞത്. അദ്ദേഹത്തിന്റെ ഉത്തരം ഇങ്ങനെ
‘‘അതത്ര വിചിത്രമൊന്നുമായിരിക്കില്ല, അദ്ദേഹത്തെ നോക്കൂ, എന്റെ വാപ്പച്ചി. ഞാനിപ്പോഴേ താടി കറുപ്പിക്കാൻ മസ്കാരയൊക്കെ ഇടാൻ തുടങ്ങി. താടിയിൽ ഇടക്കിടയ്ക്ക് പിടിക്കുന്നതുകൊണ്ട് മസ്കാര പറ്റി എന്റെ വിരലിങ്ങനെ കറുത്തൊക്കെ ഇരിക്കും. എനിക്ക് എന്തായാലും ഏജിങ് പ്രകടമാവുന്നുണ്ട്. പക്ഷേ അദ്ദേഹത്തിന്റെ കാര്യം അങ്ങനെയല്ല. എനിക്കറിയില്ല ആള് എന്താണ് ചെയ്യുന്നതെന്ന്. അതുകൊണ്ട് തന്നെ ഏറെ സാധ്യതയുണ്ട്, ഈ പോക്ക് പോകുകയാണെങ്കിൽ കുറച്ച് നാൾ കഴിഞ്ഞാൽ ഞാൻ മൂപ്പരുടെ വാപ്പയായി അഭിനയിക്കേണ്ടി വന്നെന്ന് ഇരിക്കും, അതും വേറെ മേക്കപ്പ് ഒന്നും കൂടാതെ തന്നെ’ – ദുൽഖറിന്റെ മറുപടി ഇങ്ങനെ ആയിരുന്നു.