കവിത
കരയും വെള്ളവും പോലെ

 Durga Prasad Budhanoor

കരയുംവെള്ളവും പണ്ടേ –
വിടചൊല്ലിപ്പിരിഞ്ഞവർ.
ആദികാലത്തിലന്യോന്യം
പ്രേമിച്ചൊന്നായ്ക്കഴിഞ്ഞവർ.

പുണരും വേലിയേറ്റത്താ-
ലിരുകൈയ്യുകൾ കോർത്തവർ.
പിണങ്ങുമ്പോഴകലുന്നു,
പിന്നിലേക്കു പരസ്പരം.

നഖരത്തിരയാൽ മണ്ണിൻ
നെഞ്ചുകീറുമിടയ്ക്കിടെ;
വെൺനുരച്ചേലയാലൊപ്പി
മുറിവാറ്റിയുണക്കിടും.

കരയും വെള്ളവും തമ്മിൽ
കണ്ടാലേ കലിയെങ്കിലും..
അവർക്കുള്ളിലനുരാഗം –
ആരും കാണാതെയിപ്പൊഴും.

കടലാഴങ്ങളിൽ കാണാം
കരയേറ്റം രഹസ്യമായ്.
കരതൻ ഹൃദയച്ചെപ്പിൽ
കടലിന്നീർപ്പമിപ്പൊഴും…

ദുർഗ്ഗാ പ്രസാദ്

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.