പെൺമയുടെ ഉൾക്കരുത്തിൽഒരു വള്ളുവനാടൻ വിജയഗാഥ

175

Dwarakanadh Mk

പെൺമയുടെ ഉൾക്കരുത്തിൽ ഒരു വള്ളുവനാടൻ വിജയഗാഥ

ശ്രീമതി. C .R .വിഷ്ണുപ്രിയ

തന്റെ ആഗ്രഹങ്ങളെയും സ്വപ്നങ്ങളെയും പരിമിതികളുടെ നൂലിഴകളിൽ തളച്ചിടാതെ കഠിനാദ്ധ്വാനവും അന്വേഷണത്വരയും കൊണ്ട് പ്രവർത്തന വീഥിയിൽ സധൈര്യം മുന്നേറി ജീവിതവിജയം കൈവരിച്ച് വനിതാ ശാക്തീകരണ രംഗത്ത് പ്രചോദനവും മാതൃകയുമാവുകയാണ് യുവ സംരംഭകയായ സി.ആർ.വിഷ്ണുപ്രിയ. വള്ളുവനാട്ടിലെ പുലാപ്പററ എന്ന സാധാരണ ഗ്രാമത്തിൽ 2004 ൽ
കുടുംബശ്രീ അംഗമായി പൊതുരംഗത്തു വന്ന വിഷ്ണുപ്രിയ , ഇന്ന് സംസ്ഥാനത്താകെ കുടുംബശ്രീ അംഗങ്ങൾക്ക് വിവിധ മേഖലകളിൽ തൊഴിൽ പരിശീലനങ്ങളും നൈപുണ്യ വികസന സാദ്ധ്യതകളും പകർന്നു നൽകുന്ന അംഗീകൃത പരിശീലകയാണ്.

ചുററുപാടുകൾ തീർക്കുന്ന സഹജമായ പ്രതിസന്ധികളെ പെൺമയുടെ ഉൾക്കരുത്തുകൊണ്ട് അതിജീവിച്ച ഈ വനിതാ സംരംഭക വിവിധ ജില്ലകളിൽ സാമൂഹ്യ സംഘടനകളും ദേശസാൽകൃത ബാങ്കുകൾ ഉൾപ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങളും നടത്തുന്ന തൊഴിൽ പരിശീലന പരിപാടികളിൽ സജീവമാണ്. പരിശീലനത്തോടൊപ്പം ആത്മവിശ്വാസവും,തൊഴിൽ സാധ്യതകളും,വരുമാന വർദ്ധനവിനുതകുന്ന വിപണി പരിപാലന രീതികളും സംരംഭകർക്ക് പകർന്നു നൽകുന്നതിൽ ഈ വീട്ടമ്മ വിജയം കൈവരിക്കുമ്പോൾ
തെളിയുന്നത്, സ്ഥിരോത്സാഹത്തിന്റെയും വ്യത്യസ്തതകൾക്കായുള്ള അന്വേഷണങ്ങളുടെയും സ്ത്രീപക്ഷ വിജയ പാതയാണ് .

പതിമൂന്നാം വയസ്സിൽ അമ്മ മരണപ്പെട്ടു. കുട്ടികളുടെ ഭാവിയെ കൂടി കണക്കിലെടുത്ത് അച്ഛൻ പുനർവിവാഹം ചെയ്തു . ഈ ബന്ധത്തിൽ രണ്ടു കുട്ടികളുമുണ്ട്. 19-ാം വയസ്സിൽ അച്ഛനും മരണപ്പെട്ടതോടെ ചെറു പ്രായത്തിൽ തന്നെ ഒരു കുടുംബത്തിന്റെ സംരക്ഷണച്ചുമതല ഏറ്റെടുക്കേണ്ടി വന്നു.

ഒരു ഗ്രാമീണ കർഷക കുടുംബത്തിലേക്കാണ് വിവാഹത്തോടെ വിഷ്ണുപ്രിയ കടന്നു ചെന്നത് . ജീവിത പങ്കാളി ഹോട്ടൽ മേഖലയിൽ പാചകരംഗത്താണ് പ്രവർത്തിച്ചിരുന്നത്. കൃഷിയിൽ നിന്നുള്ള പരിമിതമായ വരുമാനവും അതിന്റെ പിരിമുറുക്കങ്ങളും യാഥാർത്ഥ്യബോധത്തോടെ ഉൾക്കൊണ്ട വിഷ്ണപ്രിയ , മൂന്നു മക്കളോടൊപ്പം തന്റെ സഹോദരങ്ങളുടെ ജീവിത ബാധ്യത കൂടി ഭർത്താവിന്റെ ചുമലിൽ കയറ്റി വക്കുന്നത് ഒഴിവാക്കണമെന്ന് ആഗ്രഹിച്ചു . ആ ഉറച്ച തീരുമാനമാണ് പുതുവഴികൾ തിരഞ്ഞെടുക്കാൻ ഈ വീട്ടമ്മയെ പ്രേരിപ്പിച്ചത്. സാധ്യതകളും സർഗ്ഗാത്മകതയും ഒന്നായി സഞ്ചരിക്കുന്ന മേഖലകൾ തിരയുന്ന ഒരു സംരംഭകത്വ മനസ്സ് ഈ യുവതിയിൽ നേരത്തെ തന്നെ പിറവിയെടുത്തിരുന്നു താനും…

കുടുംബശ്രീയിലൂടെ സാമൂഹ്യ രംഗത്ത് കടന്നു വരുമ്പോഴും വിഷ്ണുപ്രിയ പുതിയ സാദ്ധ്യതകൾ കണ്ടെത്താൻ നിരന്തരമായി ശ്രമിക്കുകയായിരുന്നു.2004 ൽ സാക്ഷരതാ മിഷനു കീഴിൽ സ്വന്തം ചിലവിൽ ബ്യുട്ടീഷ്യൻ കോഴ്സിൽ പരിശീലനം നേടി. തുടർന്ന് അതിന്റെ പരിശീലകയായി. അതിൽ നിന്ന് ലഭിക്കുന്ന ചെറിയ വരുമാനം ഉപയോഗിച്ച് പാവ നിർമ്മാണം .. ജുവലറി മേക്കിംഗ്… തുടങ്ങിയ നിരവധി മേഖലകളിൽ പരിശീലനം നേടിയപ്പോഴും ട്രെയിനറായി മാറാൻ സ്വയം പരുവപ്പെടുക എന്ന ലക്ഷ്യം കൈവരിക്കാൻ കഠിന പരിശ്രമം നടത്തിയിരുന്നു.

2008 ൽ പുലാപ്പറ്റയെന്ന തന്റെ ഗ്രാമത്തിലെ വനിതകൾക്ക് തൊഴിൽ പരിശീലനം നൽകാനായി പുലാപ്പററയിൽ ഒരു സ്കിൽ ഡവലപ്മെന്റ് ഇൻസ്ററിറ്റ്യൂട്ട് ആരംഭിച്ചു. ടെക്സ്റ്റയിൽ , ജുവലറി മേക്കിംഗ് ,ചുമർചിത്ര നിർമ്മിതി ,മൊബൈൽ റിപ്പയറിംഗ് തുടങ്ങി 19 ഇനങ്ങളിലായിരുന്നു പരിശീലനം. പരിശീലനത്തിന്റെ ഗുണനിലവാരവും വ്യത്യസ്തതയും വിലയിരുത്തി ഈ സംരംഭത്തിന് SGSY
ജില്ലാതല അംഗീകാരം ലഭിച്ചു. ആറു ജില്ലകളിൽ എം.പാനൽ പട്ടികയിൽ ഇടം നേടി.

ഇതിനിടയിൽ പ്രശസ്തമായ ഒരു മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് “how to groome ourself …ഒരു സംരംഭകയായി എങ്ങിനെ നമുക്ക് സ്വയം രൂപപ്പെടാം” എന്ന മേഖലയിൽ പ്രത്യേക പരിശീലനം നേടി. വ്യക്തിത്വ വികസനം , ആശയ വിനിമയം , നെഗോസിയേഷൻ തുടങ്ങിയ വ്യവസായത്തിന്റെ മർമ്മ ബിന്ദുക്കളിൽ ലഭിച്ച അറിവുകൾ വിഷ്ണുപ്രിയയിലെ സംരംഭകത്വ ചിന്തകളെ രാകി മിനുക്കി യെടുക്കുകയായിരുന്നു

പരിശീലന സ്ഥാപനം വിപുലീകരിച്ച് 2011ൽ ഒററപ്പാലത്ത് “അപ്സര ട്രെയിനിങ് ഇൻസ്ററിറ്റ്യൂട്ട് ഫോർ സ്കിൽ ഡവലപ്മെന്റ് & മാനേജ്മെന്റ് “എന്ന സംരംഭമാരംഭിച്ചു. കൃത്യമായ ചുവടുകളിലൂടെ വിഷ്ണുപ്രിയയെന്ന സംരംഭക നയിക്കുന്ന ഈ പരിശീലന സ്ഥാപനം ഇന്ന് “കുടുംബശ്രീയുടെ അക്രഡിറ്റ് ഏജൻസിയാണ്.”

കേരള സംസ്ഥാന വ്യവസായ വികസന കോർപ്പറേഷൻ , കേരള ഫോക് ലോർ അക്കാഡമി ,സിഡ്കോ എന്നീ വിഭാഗങ്ങളിൽ ട്രെയിനിങ്ങ് മേഖലയിൽ ഇന്ന് ഈ തൊഴിൽ പരിശീലക സ്ഥാപനം എം. പാനൽഡ് ഏജൻസികൂടിയാണ് . സംസ്ഥാന വ്യവസായ ഡയറകടറേറ്റിന്റെ പരിശീലനത്തിന്നായുള്ള അംഗീകാരവും നേടിയിട്ടുണ്ട്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ വസ്ത്രങ്ങൾ ,പ്രകൃതി സൗഹൃദ നാരുൽപ്പന്നങ്ങൾ ,വിവിധ വാദ്യോപകരണങ്ങൾ കരകൗശല വസ്തുക്കൾ എന്നിവയോടൊപ്പം മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെ നിർമ്മാണ , വിപണന , പരിശീലന മേഖലകളിൽ ഈ സ്ഥാപനം നിരവധി കുടുംബങ്ങൾക്ക് വഴികാട്ടിയാണ്. “ഹരിതകേരളം” പദ്ധതിയിൽ കേരളത്തിലെ. അൻപതിലധികം പഞ്ചായത്തുകളിൽ തുണിസഞ്ചി നിർമ്മിച്ചു നൽകിയതും ഈ സ്ഥാപനമാണ്. പത്ത് സ്ഥിരം ജീവനക്കാരും , പരിശീലനം നേടി സ്വന്തം വീടുകളിൽ തൊഴിലെടുത്ത് സ്ഥാപനം വഴി ഉൽപ്പന്നങ്ങൾ വിപണനം ചെയ്യുന്ന അഞ്ഞൂറിലധികം വീട്ടമ്മമാരുമടങ്ങുന്ന വിപുലമായ “വനിതാ സംരംഭകത്വ സൗഹൃദ ശൃംഘല” വിരിയിച്ചെടുക്കുന്നതിലൂടെ തെളിയുന്നത് , സ്ഥിരോത്സാഹിയായ ഈ വനിതാ സംരംഭകയുടെ നേതൃത്വ പാടവവും നിരീക്ഷണ ബുദ്ധിയുമാണ്.

വനം വകുപ്പിന്റെ “വന സംരക്ഷണ സമിതി”യുടെ നേതൃത്വത്തിൽ നടത്തുന്ന തൊഴിൽ പരിശീലനങ്ങൾ, സെമിനാറുകൾ , വിവിധ വനമേഖലകളിലെ ഉൽപ്പന്നങ്ങളുടെ സംയോജനം , വനമേഖലക്കു പൂറത്തുള്ള മൂല്യവർദ്ധിത ഉൽപ്പന്നങ്ങളെ പരിചയപ്പെടുത്തൽ , പരിശീലനം എന്നിവയിലും വിഷ്ണുപ്രിയ അംഗീകൃത സംരംഭകയാണ്.

“മലബാർ ക്രാഫ്റ്റ് മേള” പോലുള്ള പ്രദർശനങ്ങളിൽ ഈ സ്ഥാപനം ഇടം നേടിയിരുന്നു. ഇതിനകം ഇരുപതിനായിരത്തിലധികം വനിതകൾക്കും , പതിനായിരത്തോളം പുരുഷന്മാർക്കും തൊഴിൽ പരിശീലനവും വിപണിസാധ്യതകളും പകർന്നു നൽകിയ ഈ ട്രെയിനിങ്ങ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ മാനേജിങ് ഡയറക്ടറായ ഈ നാട്ടിൻപുറത്തുകാരി ആകർഷകമായ വാക് ചാതുരിയുടെ ഉടമകൂടിയാണ്. ഇപ്പോൾ ക്രാഫ്റ്റ് നിർമ്മാണമേഖലയിലുള്ളവരെ ഒരു കുടക്കീഴിൽ കൊണ്ടുവന്ന് “ഒന്നിച്ചു വളരാം” എന്ന ആശയത്തോടെ അവർക്ക് മികച്ച വരുമാനം ലഭ്യമാക്കാനുള്ള പരിശ്രമത്തിലാണ് ഈ സംരംഭക .

ഭർത്താവ് കൃഷ്ണകുമാറും ,മക്കളായ അജയ്കൃഷ്ണ ,വിജയ്കൃഷ്ണ , സഞ്ജയ് കൃഷ്ണയും അടങ്ങുന്ന
കുടുംബത്തിന്റെ നാഥ എന്നനിലയിലുള്ള ചുമതലകൾ ഒരു കുറവും കൂടാതെ നിറവേററുന്ന ഈ നാൽപ്പതുകാരിയായ വീട്ടമ്മ , സമയത്തെ കൃത്യമായി ചിട്ടപ്പെടുത്തിയാണ് നിത്യവും ഇടപെടുന്നത്. ആഴമേറിയ വായനയും , യാത്രകളിലൂടെ ലഭിക്കുന്ന അറിവുകളും , ആത്മാർത്ഥതയുള്ള സുഹൃത്ബന്ധങ്ങളും , വേറിട്ട പാതകൾക്കായുള്ള അന്വേഷണവും വിഷ്ണുപ്രിയയെ
കൂടുതൽ സജീവമാക്കുകയാണ്.

” തുറന്ന അവസരങ്ങളുടെ ലോകത്താണ് നാം ജീവിക്കുന്നത്. ഒരു സംരംഭകൻ ഒരു നല്ല സുഹൃത്ബന്ധത്തിന്റെ ഉടമ കൂടി ആകാൻ ശ്രമിക്കണം . നമ്മുടെ മികവുകൾ പോലെ തന്നെ കുറവുകളും തിരിച്ചറിഞ്ഞ് അവ പരിഹരിക്കാൻ ശ്രമിക്കണം . സത്യസന്ധമായി ബിസിനസ്സ് ചെയ്യുക. ആരോഗ്യകരമായ മത്സരബുദ്ധി മാത്രം പിൻതുടരുക. കൂട്ടായി വളരാൻ ശ്രമിക്കുക. താൽപ്പര്യവും , അർപ്പണബോധവും ,കർമ്മശേഷിയും കൈമുതലായുണ്ടെങ്കിൽ നമ്മുടെ ആത്മാഭിമാനവും വ്യക്തിത്വവും നിലനിർത്തി കുടുംബത്തിലും സമൂഹത്തിലും മാന്യതയോടെ ജീവിക്കാനും വളരാനും അവരവരുടേതായ ഇടം കണ്ടെത്താനും ഓരോ വനിതക്കും കഴിയും . വിഷ്ണുപ്രിയ പറയുന്നു.”

അവസരങ്ങൾ കണ്ടെത്തി അത് പ്രയോജനപ്പെടുത്തുവാൻ വനിതാ സംരംഭകർ മുന്നോട്ടു
വന്നാൽ തൊഴിൽ നൈപുണിയും വിപണിയുടെ സാധ്യതകളും അവർക്കായി പരിചയപ്പെടുത്താൻ
സദാ സന്നദ്ധയായ ഈ വനിതാ സംരംഭക വരച്ചെടുക്കുന്നത് സ്വാശ്രയത്വത്തിന്റെ അഭിമാന ചിത്രമാണ്.