എ.ആർ. റഹ്മാന്റെ മാന്ത്രിക സംഗീതത്തിൽ പിറന്ന മനോഹര ഗാനമാണ് മണിരത്നം ചിത്രം ദിൽ സേയിലെ ‘യേ അജ്നബി’.
Akshay Lal
കാവ്യഭാവനയിൽ വിരിയുന്നതുപോലെ, പ്രണയം പലപ്പോഴും ആനന്ദം മാത്രമായിരിക്കില്ല സമ്മാനിക്കുന്നത്. തീവ്രമായ ഹൃദയ നൊമ്പരങ്ങൾക്കും പ്രണയം വഴിമാറാറുണ്ട്.ഓൾ ഇന്ത്യാ റേഡിയോയിലെ പ്രോഗ്രാം എക്സിക്യൂട്ടീവ് അമർകാന്ത് വർമ, അസമിലേക്കുള്ള യാത്രയിലാണ് അപരിചിതയായ ആ പെൺകുട്ടിയെ കണ്ടത്. കണ്ട നിമിഷം തന്നെ ആ സൗന്ദര്യം അമർകാന്തിന്റെ മനസ്സിനെ കീഴടക്കി. എന്നാൽ അമറിനോടു സംസാരിക്കാനോ ഒന്നു കാണാൻപോലുമോ അവൾ കൂട്ടാക്കുന്നില്ല. അടുക്കാനുള്ള അയാളുടെ ശ്രമങ്ങളെല്ലാം അവൾ അതിവിദഗ്ദ്ധമായി ചെറുത്തു. പിന്നീടും പലയിടത്തുംവച്ച് അവൾ അമറിന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടു. ഒരിക്കൽ അവളോടു തന്റെ ഇഷ്ടം തുറന്നു പറഞ്ഞപ്പോൾ കിട്ടിയ മറുപടി വിവാഹിതയാണെന്നായിരുന്നു. എന്നാൽ അവൾ പറഞ്ഞതു കളവാണെന്ന് അയാൾ മനസ്സിലാക്കി. പേരറിയാത്ത ആ പെൺകുട്ടിയുടെ പിന്നാലെയുള്ള യാത്ര അമർ തുടർന്നു. ഹൃദയം നിറയെ പ്രണയവും നോവുന്ന മനസ്സുമായി അപരിചിതയായ ആ പെൺകുട്ടിയെ തേടുന്ന അമറാണ് ഈ ഗാനരംഗത്തിലുള്ളത്.
തന്നിൽനിന്ന് ഏറെയകലെയാണെങ്കിലും എവിടെയെങ്കിലുമിരുന്ന് റേഡിയോയിലൂടെ ഈ ഗാനം കേൾക്കുമെന്ന പ്രതീക്ഷയിലാണ് അവൾക്കായി ഈ ഗാനം സംപ്രേഷണം ചെയ്യുന്നത്. അമറിന്റെ ആഗ്രഹം പോലെ തന്നെ അവളും ഹൃദയത്തിൽ തൊടുന്ന ഈ പ്രണയഗാനം കേൾക്കുന്നുണ്ട്. തനിക്കു പറയാനുള്ളതെല്ലാം ഈ വരികളിലൂടെ അമർ അവളെ അറിയിക്കുന്നു. ഈ വരികൾ അവളെ അസ്വസ്ഥയാക്കുന്നതും ഗാനരംഗത്തിൽ കാണാം. വേദനയോടെ ഈ വരികളിലൂടെ അമർ തന്റെ ഹൃദയം പ്രണയിനിക്കു മുന്നിൽ തുറന്നു കാട്ടുന്നു.
ഹൃദയം തൊടുന്ന, പ്രണയം തുളുമ്പുന്ന വരികളും ഇമ്പമാർന്ന പശ്ചാത്തല സംഗീതവും ഗാനത്തിന്റെ മാറ്റു കൂട്ടുന്നു. റഹ്മാന്റെ മാന്ത്രിക സംഗീതം പാട്ടിലൂടെ ഒരിക്കൽക്കൂടി മനസ്സിനെ മറ്റൊരു തലത്തിലെത്തിക്കുന്നു. ചിത്രത്തിലെ ആറു പാട്ടുകളും ഒന്നിനൊന്നു മികച്ചതായിരുന്നു. ഇതിലെ മറ്റു പാട്ടുകൾക്ക് ഈണം നൽകുമ്പോൾ ചടുലതയെ കൂട്ടു പിടിച്ച സംഗീത മാന്ത്രികൻ, ‘യേ അജ്നബിയിൽ’ പക്ഷേ മിതത്വം പാലിച്ചു. പശ്ചാത്തല സംഗീതത്തിലാണ് അതിന്റെ പ്രതിഫലനം കണ്ടത്. 24 വർഷത്തിനിപ്പുറം ഇന്നും ഈ ഗാനം ആളുകൾക്കു പ്രിയങ്കരമായതിനു കാരണം മറ്റൊന്നുമല്ല , ഇതുപോലൊരു ഗാനം പിന്നീടുണ്ടായിട്ടില്ലെന്നതു തന്നെ. അന്നും ഇന്നും ആളുകൾ ഒരേപോലെ മൂളുന്നു…യേ അജ്നബി തൂ ഭീ കഭീ … ആവാസ് ദേ കഹീ ……