ഇവരാരും നാളെ രാവിലെ പൗരത്വനിയമം പിൻവലിക്കും എന്ന് കിനാവ് കണ്ട് പുറത്തിറങ്ങി വന്നവരല്ല, പക്ഷെ ഈ മതിൽ കടന്നേ ഭരണഘടനയിൽ തൊടൂ

157
E Ramachandran
“ഒഹ്.. മോദി പേടിച്ച് നിയമം പിൻവലിച്ചുകാണും..””മതിലു കെട്ടിക്കഴിഞ്ഞെങ്കിൽ ഇനി അക്ഷയയിൽ ക്യൂ നിൽക്കൂ..” എന്ന് തൊട്ട് പരിഹസിക്കുന്നവരുണ്ട്. അപ്പൊ നിങ്ങക്ക് ഇതുവരെ മനസിലായിട്ടില്ല.
ഇന്ന് ലക്ഷക്കണക്കിനാളുകൾ കൈകോർത്ത് തെരുവിൽ നിരന്നു നിന്നിരുന്നു. അവരിൽ വിവാഹപ്പന്തലിൽ നിന്ന് സർവാഭരണ വിഭൂഷിതരായി വഴിയിലേക്കിറങ്ങി വന്നിട്ടുണ്ട്. നടക്കാൻ കഴിയാതെ വീൽ ചെയറിൽ സഞ്ചരിക്കുന്നവരുണ്ട്. കമ്യൂണിസ്റ്റ് പാർട്ടിയിലല്ലാത്ത, പാർട്ടിക്ക് വോട്ട് ചെയ്യാത്ത വെറും സാധാരണക്കാരുണ്ട്.. മുപ്പതും നാല്പതും കിലോമീറ്ററുകൾ യാത്ര ചെയ്ത് വന്നവരുണ്ട്. കൊച്ചു കുഞ്ഞുങ്ങളുണ്ട്. കൈക്കുഞ്ഞുമായി വന്ന യുവതികളുണ്ട്. എഴുന്നേറ്റ് നടക്കാൻ പ്രയാസപ്പെടുന്ന വന്ദ്യവയോധികരുണ്ട്.
Image result for മനുഷ്യ മഹാശൃംഖലഇവരാരും നാളെ രാവിലെ പൗരത്വനിയമം പിൻവലിക്കും എന്ന് കിനാവ് കണ്ട് പുറത്തിറങ്ങി വന്നവരല്ല. ഇതൊരു നീണ്ട പോരാട്ടമാണെന്ന് അവർക്കറിയുകയും ചെയ്യാം.അക്കണ്ട ആളുകളത്രയും പുറത്തിറങ്ങി വന്നത് ഒരു കാര്യം ഉറക്കെ വിളിച്ചു പറയാനാണ്.ഞങ്ങൾ ഇന്ത്യയിലെ ജനങ്ങൾ, ഇന്ത്യയെന്ന പരമാധികാര, ജനാധിപത്യ, മതനിരപേക്ഷ, സ്ഥിതിസമത്വ, റിപ്പബ്ലിക്കിൻ്റെ പൗരന്മാർ.
ഇന്ത്യൻ ഭരണഘടനയ്ക്കും, ഐക്യത്തിനും, മതേതരത്വത്തിനും ക്ഷതമേൽപ്പിക്കാനുള്ള ഒരു ശ്രമത്തെയും ഞങ്ങൾ അനുവദിച്ചു തരില്ല. മിണ്ടാതെ വീട്ടിലിരിക്കില്ല.ഒരിക്കൽക്കൂടി ആവർത്തിക്കാം..
ഈ മതിൽ കടന്നേ ഭരണഘടനയിൽ തൊടൂ.