EA Jabbar എഴുതുന്നു
മതത്തിനു പകരം വെക്കാന്‍ നിങ്ങളുടെ കയ്യില്‍ ഒരു പ്രത്യയ ശാസ്ത്രമുണ്ടോ?
പല വേദികളിലും ഉയര്‍ന്നു വരാറുള്ള ഒരു ചോദ്യമാണിത്. മുഹമ്മദ് ഷമീമും കോഴിക്കോട് സംവാദവേദിയില്‍ ഈ പ്രശ്നം ഉന്നയിച്ചിരുന്നു.
മറുപടി പലപ്പോഴും പറഞ്ഞതാണെങ്കിലും ഒരിക്കല്‍ കൂടി :-

പ്രത്യയശാസ്ത്രമല്ല, രീതിശാസ്ത്രമാണു ഞങ്ങള്‍ അവതരിപ്പിക്കുന്നത്.
റെഡി മെയ്ഡ് പ്രത്യയശാസ്ത്രം ഉണ്ടാക്കുന്ന പരിപാടിയുടെ പേരല്ല യുക്തിവാദം. മനുഷ്യര്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ കാര്യ കാരണ വിചിന്തനം ചെയ്ത് നിര്‍ദ്ധാരണം ചെയ്യുന്ന രീതിശാസ്ത്റത്തിന്റെ പേരാണു യുക്തിവാദം. ശാസ്ത്രം അവലംബിക്കുന്ന രീതി !
പ്രശ്നങ്ങള്‍ പലതാണു. അവയുടെ കാരണങ്ങള്‍ വ്യത്യസ്ഥങ്ങളുമാണു. ഓരോ കാര്യത്തിനും അനേകം കാരണങ്ങളുണ്ടാകാം. എല്ലാ പ്രശ്നങ്ങള്‍ക്കും ഒറ്റമൂലിയായ പരിഹാര മാര്‍ഗ്ഗങ്ങള്‍ ഇല്ല. കാരണം പ്രശ്നങ്ങള്‍ വിവിധങ്ങളും വിവിധ കാരാണങ്ങളാല്‍ സങ്കീര്‍ണവുമാണു.
ഒറ്റ കാരണത്താലുള്ളവയാണു എല്ലാ കാര്യങ്ങളും എങ്കിലേ ഒറ്റമൂലി കൊണ്ടു നിര്‍ദ്ധാരണം സാധ്യമാകൂ.
അതു കൊണ്ടാണു റെഡി മെയ്ഡ്ഡ് പ്രത്യയശാസ്ത്രങ്ങള്‍ അസാധ്യമാകുന്നത്.
കാലം മാറുമ്പോള്‍ പുതിയ പ്രശ്നങ്ങളും പ്രതിസന്ധികളും വന്നു കൊണ്ടേയിരിക്കും. അതൊന്നും മുന്‍ കൂട്ടി കണ്ട് പരിഹാരം നിര്‍ദേശിക്കാന്‍ മനുഷ്യര്‍ക്കു സാധ്യമല്ല. മനുഷ്യ സൃഷ്ടിയായ ദൈവങ്ങള്‍ക്കും അതു സാധ്യമായില്ല. ദൈവ സംരക്ഷകരായ മതവാദികള്‍ക്ക് കാലഹരണപ്പെട്ട പ്രത്യയശാസ്ത്രങ്ങളെ കുളിപ്പിച്ചും വെളുപ്പിച്ചും ബുദ്ധിമുട്ടേണ്ടീ വരുന്നതും അതു കൊണ്ടാണു.
പ്രശ്നങ്ങളെ ഓരോന്നോരോന്നായി നിര്‍ദ്ധാരണം ചെയ്ത് ഇന്നത്തേതില്‍ നിന്നും മെച്ചപ്പെട്ട അവസഥയിലേക്കു നാളെ മുന്നേറുക. അതു മാത്രമേ മനുഷ്യ സാധ്യമാകൂ. അപ്രകാരം നേടിയ പുരോഗതിയാണു നമ്മെ ഇവിടെ എത്തിച്ചത്.
അതിനാല്‍ ഏതു പ്രശ്നത്തിനാണു മതത്തിനു ബദല്‍ വേണ്ടത് എന്നു പറഞ്ഞാല്‍ മാത്രമേ യുക്തിപരമായ പരിഹാരമാര്‍ഗ്ഗം ചര്‍ച്ച ചെയ്യാനാകൂ !
“ഒറ്റമൂലം” അല്ലാത്തതിനാല്‍ “ഒറ്റമൂലി’’ ഇല്ല !!
എല്‍ ഡി എഫ് വരും; എല്ലാം ശരിയാകും എന്നതു പോലുള്ള ഉട്ടോപ്യന്‍ മുദ്രാവാക്യക്കാരും ഇതതരം പ്രത്യയശാസ്ത്ര മുന്‍ വിധി കൊണ്ടു നടക്കുന്നവരാണു. വ്യവസ്ഥിതി മാറിയാല്‍ എല്ലാം ശരിയാവും എന്നതു മൂഢ വ്യാമോഹം മാത്രമാണു. ഒറ്റ അട്ടിമറിയാല്‍ എല്ലാം ശരിയാകില്ല, ഓരോന്നോരോന്നായി പതുക്കെ പതുക്കെ ശരിയാക്കിക്കൊണ്ടേയിരിക്കുക മാത്രമേ സാധ്യമാകൂ!
റെഡി മെയ്ഡ് പ്രത്യയശാസ്ത്രങ്ങളെല്ലാം കാലഹരണപ്പെട്ടു എന്നതു പകല്‍ പോലെ വ്യക്തമാണു. വ്യഖ്യാനഫാക്റ്ററികളില് ഉല്പാദിപ്പിക്കുന്ന ഓക്സിജന്‍ കൊണ്ടു മാത്രമാണു ഇസ്ലാം പോലുള്ള പല പ്രത്യയശാസ്ത്രങ്ങളുടെയും ജീവന് ഇന്നു നില നില്‍ക്കുന്നത് !