രജിത് ലീല രവീന്ദ്രൻ
ലാൽ ജോസ് സംവിധാനംചെയ്ത ‘അച്ഛനുറങ്ങാത്ത വീട്’ എന്ന സിനിമയിൽ അച്ഛനായ സലിംകുമാറിന്റെ സാമുവൽ പുറത്തു നിന്നു വരുമ്പോൾ, പീഡനത്തിനിരായ മകൾക്കു വേണ്ടിയുള്ള കാവൽക്കാരായ രണ്ടു പോലീസുകാർ മകൾ കുളിക്കുന്നത് ഒളിച്ചുനോക്കുന്നതാണ് കാണുന്നത്. ആ കാഴ്ച കണ്ടു തകർന്നു, നിസ്സഹായനായ അച്ഛൻ, കുളി കഴിഞ്ഞു വന്ന മകളെ,എന്തിനാണ് നീയൊക്കെ എന്റെ പെണ്മക്കളായി ജനിച്ചത് എന്നും ചോദിച്ചു തല്ലുകയായിരുന്നു.
ഒരുകാലത്തു വാർത്തകളിൽ നിറഞ്ഞു നിന്നിരുന്ന സൂര്യനെല്ലിയിലെ പെൺകുട്ടിയെ കുറിച്ച് ഇടയ്ക്കിടെ ഓർക്കാറുണ്ടായിരുന്നു. അവളുടെ ജീവിതം എങ്ങനെയായിരിക്കു മെന്നതിനെ പറ്റി, രോഗപീഡകളാൽ വലയുന്നെന്നു പണ്ടെവിടെയോ വായിച്ച അവളുടെ അച്ഛന്റെ കാലിലെ നീരിനെ കുറിച്ച്, പുറം ലോകവുമായുള്ള ബന്ധം ഇല്ലാതായി പോയ അവളുടെ അമ്മയെയും, സഹോദരിയെയും കുറിച്ച് . അതിനേക്കാളൊക്കെ മുകളിൽ സ്നേഹം, ഇഷ്ടം, പ്രതീക്ഷ എന്നീ വാക്കുകൾക്ക് അവളിന്ന് കാണുന്ന അർത്ഥം എന്തെന്നതിനെ കുറിച്ച്. കഴിഞ്ഞദിവസം മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രിയ എ എസ് ന്റെ ‘അത്’ എന്ന കഥ വായിച്ചപ്പോൾ തൊട്ടടുത്ത വീട്ടിലെ അടുക്കള പുറത്തെ കാപ്പിച്ചെടിയിലെ പൂക്കളെ നോക്കി നിൽക്കുന്ന, കാപ്പിച്ചെടി തന്റെ കുട്ടിക്കാലമാണെന്ന് പറയുന്ന,ഇപ്പോഴും പെൺകുട്ടിയെന്ന പേരിനപ്പുറം വരാത്ത നാൽപ്പതുകാരിയെ വീണ്ടും ഓർത്തു.
കേരളത്തിൽ സ്ത്രീകൾക്കെതിരെ നടന്ന പീഡനങ്ങളുടെ ചരിത്രം എഴുതിയ ഗീത ടീച്ചറുടെ പുസ്തകത്തിൽ തിരുവനന്തപുരം ജില്ലയിലെ ഒരു സ്ഥലത്ത് പീഡനത്തിനിരയായ പെൺകുട്ടിയെ കട്ടിലിന്റെ ചുറ്റും ഓടിച്ച ‘മഹാനടനെ’ കുറിച്ച് പറയുന്നുണ്ട്. ആ കൊച്ചു പെൺകുട്ടി ഓടുമ്പോൾ ഈ കളി കൊള്ളാം, എനിക്ക് ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞു അവളെ ഓടിപ്പിടിച്ച നടനെ,ഗീത ടീച്ചറുമായുള്ള സംഭാഷണത്തിൽ അവൾ ഓർത്തെടുക്കുന്നുണ്ട്.അതു വായിച്ചതിൽ പിന്നെയാണ്,അയാൾ എത്ര അഭിനയ പ്രതിഭയായാലും, എത്ര ചിരിപ്പിക്കുന്ന രംഗങ്ങളിൽ അഭിനയിച്ചാലും നിസംഗത എന്റെ മുഖത്ത് വരാറുള്ളത്. പാവപ്പെട്ട ഒരു പെൺകുട്ടിയുടെ ജീവിതം ഇല്ലാതാക്കിയ അവളുടെ സ്വപ്നങ്ങളും, പ്രതീക്ഷകളും നിശ്ചലമാക്കിയ അയാളോടുള്ള രോഷം ഒരു കാലത്തും ഇല്ലാതാവുന്നുമില്ല.