21 വയസ്സിനു മുൻപേ സ്റ്റാർഡം കയ്യിൽ വന്നാലോ?

85

Early Bloomer Stars of South India

ഒരു പ്രശസ്തമായ തമാശ ആണ്: “വോട്ടവകാശം 18 വയസ്സിൽ, പക്ഷെ വിവാഹപ്രായം 21 വയസ്സ്. കാരണം രാഷ്ട്രത്തിന്റെ കാര്യങ്ങൾ തീരുമാനിക്കുന്നതിനേക്കാൾ പാടാണ് കുടുംബം നോക്കുന്നത്”. ആൺകുട്ടികൾ 21 വയസ്സ് വരെ സമൂഹത്തിൽ കുട്ടികൾ ആണെന്നാണ് വെയ്പ്പ്.

അപ്പോൾ 21 വയസ്സിനു മുൻപേ stardom കയ്യിൽ വന്നാലോ? തെന്നിന്ത്യൻ സിനിമയിൽ 21 വയസ്സിനു മുൻപ് തന്നെ വളരെ വലിയ വിജയവും ആരാധകരെയും നേടിയ നായകന്മാരെയും അവർ തങ്ങളുടെ stardom/fan power എങ്ങനെ കൈകാര്യം ചെയ്തു എന്നതിനെയും കുറിച്ചാണ് ഈ പോസ്റ്റ് .
[21 വയസ്സിനു മുൻപ് നേടിയ വിജയങ്ങളാണ് ഇവിടെ കണക്കിലെടുത്ത്. നല്ല performances പലരും നടത്തിയിട്ടുണ്ട്.]
ഇവരെയും ഞാൻ വിട്ടുപോയവരെയും കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പറയാം.
[NB:ബാലതാരത്തിനുള്ള അവാർഡിന് അർഹതയുള്ള 15 വയസ്സിൽ ഉർവശി അവാർഡ് നേടിയ മോനിഷയും ഐറ്റം ഡാൻസ് ചെയ്തു യുവാക്കളെ ഹരം കൊള്ളിച്ച ഉണ്ണിമേരിയും ഉള്ളതുകൊണ്ട് നായികമാരുടെ കാര്യം ഞാൻ കൂട്ടുന്നില്ല. ]

Kamal Hassan: കൂടുതൽ ഒന്നും പറയേണ്ട കാര്യമില്ല. നമ്മുടെ സ്വന്തം ഉലകനായകൻ. 6 വയസ്സിൽ മികച്ച ബാലതാരത്തിനുള്ള രാഷ്ട്രപതിയുടെ സ്വർണമെഡൽ. 19 വയസ്സിൽ കന്യാകുമാരി എന്ന മലയാളസിനിമക്കും 20 വയസ്സിൽ അപൂർവ രാഗങ്ങൾ എന്ന തമിഴ് സിനിമക്കും അവാർഡ് നേടി നായകനടൻ എന്ന നിലയിൽ ഉജ്ജ്വലമായ തുടക്കം. പിന്നീട് തിരിഞ്ഞു നോക്കിയിട്ടില്ല. ഇനി ഒരിക്കലും ആരും തൊടാൻ സാധ്യത ഇല്ലാത്ത നേട്ടങ്ങൾക്ക് ഉടമ.

Shankar: എൺപതുകളിലെ മലയാളത്തിന്റെ “romantic hero” . 19 വയസ്സിൽ ചെയ്ത “ഒരു തലൈ രാഗം” എന്ന തമിഴ് സിനിമ 360 ദിവസം ഓടി. 20 വയസ്സിൽ ചെയ്ത മഞ്ഞിൽ വിരിഞ്ഞ പൂക്കൾ 200 ദിവസവും. ഇത്ര ഉജ്ജ്വലമായ തുടക്കത്തിന് ശേഷം ഒരു 6-7 വര്ഷം കൂടെ മലയാളത്തിലെ മുൻ നിര നായകനായി തിളങ്ങിയെങ്കിലും വൈകാതെ പുറന്തള്ളപ്പെട്ടു. അഭിനയത്തിൽ കാര്യമായ പുതുമ ഒന്നും കൊണ്ടുവരാൻ കഴിയാത്തതുകൊണ്ട് ആളുകൾക്ക് ഉണ്ടായ വിരസത തന്നെയാവണം കാരണം.

Karthik: തമിഴകത്തിന്റെ നവരസ നായകൻ. 20 വയസ്സിൽ “അലൈകൾ ഒയ്‌വതില്ലൈ” എന്ന ബ്ലോക്കബ്സ്റ്റർ സിനിമയിലൂടെ അരങ്ങേറ്റം. മികച്ച പുതുമുഖത്തിനുള്ള അവാർഡിനോടൊപ്പം നടൻ എന്ന നിലയിലും യുവതാരം എന്ന നിലയിലും തന്റെ സ്ഥാനം ഉറപ്പിച്ചു. 80കളിൽ ഏറ്റവും മൂല്യമുള്ള യുവതാരം. കമലഹാസന് ശേഷം hatrick അവാർഡ് നേടിയ താരം. 90കളിൽ അദ്ദേഹത്തിന്റെ താരമൂല്യത്തിലും ചില പാളിച്ചകൾ ഉണ്ടായെങ്കിലും പിടിച്ചു നിന്നു. എന്നാൽ 2000 മുതൽ അദ്ദേഹം പിന്തള്ളപ്പെട്ടു. എങ്കിലും 2 പതിറ്റാണ്ടുകാലത്തോളം വളരെ memorable ആയ ഒരു career ആയിരുന്നു അദ്ദേഹത്തിന്റേത്
[Interestingly, ശങ്കറും കാർത്തിക്കും ഒരേ ദിവസം ജനിച്ചവരാണ്.]

Rahman: പദ്മരാജന്റെ കൂടെവിടെയിലൂടെ 16 വയസ്സിൽ അരങ്ങേറ്റം . 17ആം വയസ്സിലെ കാണാമറയത്ത് എന്ന സിനിമയിലൂടെ കേരളത്തിലെ യുവത്വത്തിന്റെ ഹരം ആയി മാറി. അന്നത്തെ മുൻ നിര നായകന്മാരോളം തന്നെ ആരാധികമാർ ഉണ്ടായിരുന്നു അദ്ദേഹത്തിന്. 19 വയസ്സിൽ “പപ്പൻ പ്രിയപ്പെട്ട പപ്പൻ”, “ചിലമ്പ്”, എന്നീ വിജയചിത്രങ്ങളിൽ കേന്ദ്ര കഥാപാത്രമായി. മറ്റു താരങ്ങളുടെ കൂടെ ഉപനായക വേഷങ്ങൾ ധാരാളം ചെയ്തതുകൊണ്ടും ഇടക്ക് മലയാളം വിട്ടു മറ്റു ഭാഷകളിൽ ശ്രദ്ധ ചെലുത്തിയത് കൊണ്ടും തന്റെ താരമൂല്യം ഉറപ്പിച്ചു നിർത്താൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. രണ്ടാം വരവിൽ ധാരാളം നല്ല വേഷങ്ങൾ ചെയ്‌തെങ്കിലും വലിയ താരമൂല്യമൊന്നും നേടാൻ അദ്ദേഹത്തിൽ കഴിഞ്ഞില്ല

Kunchako Boban: മലയാള സിനിമാവ്യവസായത്തിന്റെ മഹാകായന്മാരിൽ ഒരാളായ കുഞ്ചാക്കോയുടെ കൊച്ചുമകൻ. 20 വയസ്സിൽ ഫാസിലിന്റെ industry hit ആയ “അനിയത്തിപ്രാവി”ലൂടെ സ്വപ്നതുല്യമായ തുടക്കം. അതിനു ശേഷവും “നിറം” അടക്കമുള്ള ധാരാളം വിജയ ചിത്രങ്ങളിൽ നായകനായെങ്കിലും പരാജയങ്ങളും അദ്ദേഹത്തിന് അപരിചിതം ആയിരുന്നില്ല. സ്വപ്നക്കൂട് എന്ന വിജയചിത്രത്തിന് ശേഷം തുടരെ പരാജയങ്ങൾ ഉണ്ടായി. ഇതോടെ അദ്ദേഹം വിവാഹിതനാവുകയും സിനിമയിൽ നിന്നു മാറുകയും ചെയ്തു. പിന്നീട് തിരിച്ചു വന്ന ശേഷം നിരന്തര പ്രയത്നത്തിലൂടെ അദ്ദേഹം മലയാള സിനിമയിൽ ഒരു ഇരിപ്പിടം ഉണ്ടാക്കി.
ഈ കൂട്ടത്തിൽ തന്റെ നഷ്ടപ്പെട്ട സ്ഥാനം പ്രയത്നത്തിലൂടെ തിരിച്ചുപിടിച്ചത് ചാക്കോച്ചൻ മാത്രമായിരിക്കും.

Uday Kiran: 20 വയസ്സിൽ “ചിത്രം” എന്ന sensational hit സിനിമയോടെ തെലുങ്കു യുവത്വത്തിന്റെ ആരാധനാപാത്രമായ നടൻ. 21 വയസ്സിൽ “നുവ്വു നെനു “, “മനസന്ത നുവ്വേ” എന്നീ വിജയങ്ങളും കൂടി ആയപ്പോൾ ഇനി തെലുങ്കു സിനിമ ഭരിക്കാൻ പോകുന്നത് ഈ യുവനടൻ ആണെന്നു എല്ലാവരും വിധി എഴുതി. 21 വയസ്സിൽ മികച്ച നടനുള്ള അവാർഡ്, ഡാൻസിലും ഫൈറ്റിലും ഉള്ള നൈപുണ്യം ഒക്കെ ആയപ്പോൾ മക്കൾ വാഴ്ച്ചക്ക് പേര് കേട്ട തെലുങ്കു സിനിമയുടെ ജാതകം തിരുത്തിക്കുറിക്കാൻ പോകുന്ന ആളെന്ന എല്ലാവരും കരുതി. എന്നാൽ ഒരു 4-5 വർഷത്തിനുള്ളിൽ തന്നെ ആ താരത്തിന്റെ മൂല്യം ഇല്ലാതാകുന്ന കാഴചയാണ്‌ എല്ലാരും കണ്ടത്. ചിരഞ്ജീവിയുടെ കുടുംബവുമായി ഉണ്ടായ പ്രശ്നങ്ങളും, താരകുടുംബങ്ങളിൽ നിന്നുള്ള പുതിയ യുവതാരങ്ങളുടെ ഉദയവും എല്ലാം കാരണങ്ങളായി പറയപ്പെടുന്നു. വർഷത്തോളം തെലുങ്കിലും തമിഴിലും struggle ചെയ്തശേഷം വിഷാദരോഗിയായ അദ്ദേഹം 33 വയസ്സിൽ ആത്മഹത്യ ചെയ്യൂകയായിരുന്നു.

Tarun: കമലഹാസനെ പോലെ 8 വയസ്സിൽ “അഞ്ജലി” എന്ന സിനിമയിലെ പ്രകടനത്തിന് ദേശിയ അവാർഡ് നേടിയ ബാലതാരം. വെറും 17 വയസ്സിൽ നായകനായി അഭിനയിച്ച “നുവ്വേ കാവാലി”( “നിറ”ത്തിന്റെ തെലുങ്കു remake) 6 തിയേറ്ററുകളിൽ 365 ദിവസം നിറഞ്ഞോടിയത്തോടെ തെലുങ്കു സിനിമയിലെ മറ്റൊരു പ്രമുഖ യുവതാരമായി മാറി. പിന്നെയും ധാരാളം വിജയ ചിത്രങ്ങളിൽ നായകനായി. എങ്കിലും ഒരിക്കലും തെലുങ്കിലെ ഏറ്റവും മൂല്യമുള്ള യുവതാരമായി ഉയർന്നില്ല.
nb: 2002ൽ “നുവ്വേ നുവ്വേ” എന്ന വിജയചിത്രം “പ്രണയമായ്” എന്ന പേരിൽ കേരളത്തിൽ റിലീസ് ചെയ്തപ്പോൾ 21ആം നൂറ്റാണ്ടിൽ കേരളത്തിൽ ഹിറ്റ് നേടുന്ന ആദ്യ തെലുങ്കു
യുവതാരമായി 19 വയസ്സിൽ അദ്ദേഹം. “I’m Very Sorry” എന്ന ഗാനം കേരളക്കര മുഴുവൻ ഏറ്റുപാടി.

Jr NTR: സൗന്ദര്യത്തിനു പേരുകേട്ട തെലുങ്ക് ഇതിഹാസം NTRന്റെ അതെ പേരുള്ള, സൗന്ദര്യം കുറഞ്ഞ ചെറുമകൻ 18-ആം വയസ്സിൽ അരങ്ങേറ്റം കുറിച്ചപ്പോൾ ആർക്കും വലിയ പ്രതീക്ഷകൾ ഉണ്ടായില്ല. പക്ഷെ 18 വയസ്സിലെ “Student No1”, 19 വയസ്സിലെ “ആദി” എന്ന സിനിമകൾ അന്നത്തെ ഏറ്റവും വലിയ വിജയങ്ങളായി. ശേഷം, 20 വയസ്സിൽ “സിംഹാദ്രി” എന്ന സിനിമ 52 തിയേറ്ററുകളിൽ 175 ദിവസം ഓടി സർവകാല റെക്കോർഡ് ഇട്ടു. ശേഷം പല തവണ പരാജയങ്ങളും body shamingഉം മറ്റും നേരിട്ടെങ്കിലും തന്റെ അർപ്പണവും മികച്ച പ്രകടനവും കൊണ്ട് വിമർശകരുടെ വായ അടപ്പിച്ചു. Dance/Fight/ dialogue അങ്ങനെ ഏതിലും ഏറ്റവും മികച്ച കാഴ്ചവെക്കുന്ന തെലുങ്ക് താരം.

ഇന്നും തെലുങ്കിലെ ഏറ്റവു മികച്ച Performerഉം ഏറ്റവും box office power ഉള്ള യുവതാരവുമായി നിലകൊള്ളുന്നു ‘Young Tiger’.
Nitin: 19 വയസ്സിൽ “ജയം” എന്ന trendsetter ചിത്രത്തിൽ അരങ്ങേറ്റം. ശേഷം 20 വയസ്സിൽ, ഇന്നത്തെ തെലുങ്കിലെ അതികായന്മാരായ ദിൽ രാജുവിന്റെ ആദ്യചിത്രമായ “ദിൽ”ലും രാജമൗലിയുടെ “സൈ”യിലും നായകൻ. പക്ഷെ അതിനു ശേഷം 7 വർഷത്തോളം പരാജയങ്ങൾ മാത്രം. 2013ൽ ഒരു മികച്ച തിരിച്ചു വരവ് നടത്തിയെങ്കിലും 2016നു ശേഷം വീണ്ടും പിന്തള്ളപ്പെട്ടു.
ചോക്ലേറ്റ് പയ്യൻ ലുക്കും, എല്ലാ സിനിമയിലും ഒരേ രീതിയിലുള്ള അഭിനയവും കോമഡിയുമാണ് അദ്ദേഹത്തിന് മുൻ നിര താരമാകാൻ കഴിയാത്തതിന്റെ കാരണം എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. അധികം സിനിമകൾ ഞാൻ കണ്ടിട്ടില്ല.

Honourable Mentions:
1. Rishi Kapoor: Bollywood താരം ആണെങ്കിലും 20ആം വയസ്സിൽ “Bobby”യിലൂടെ ഇദ്ദേഹം തെന്നിന്ത്യയിൽ നേടിയ popularity ഇന്നും പലർക്കും അപ്രാപ്യമാണ്
2. Vineeth: 17ആം വയസ്സിലെ “നഖക്ഷതങ്ങൾ” തുടങ്ങി അനവധി മികച്ച സിനിമകളിൽ അഭിനയിച്ചു നല്ല പേര് നേടിയെങ്കിലും യുവതാരം എന്ന് വിളിക്കാവുന്ന തരത്തിൽ ഉയർന്നത് ഒരു 23 വയസ്സ് മുതലാണ്
3. Arvind Swamy: 22ആം വയസ്സിൽ “റോജ”യിലൂടെ ഇന്ത്യ മുഴുവൻ ആരാധകരെ ഉണ്ടാക്കിയ നടൻ
4. Prabhu Deva: 21ആം വയസ്സിൽ “കാതലനി”ലൂടെ ഇന്ത്യ മുഴുവൻ ആരാധകരെ ഉണ്ടാക്കിയ നടൻ/dancer.
5. Abbas: 21ആം വയസ്സിൽ “കാതൽ ദേശത്തി”ലൂടെ തമിഴ് യുവത്വത്തിന്റെ ഹരമായെങ്കിലും പെട്ടെന്ന് തന്നെ താരമൂല്യം നഷ്ടപ്പെട്ടു
6. Vijay : 18 വയസ്സ് മുതൽ നായകൻ ആയെങ്കിലും വലിയ വിജയങ്ങൾ വന്നു തുടങ്ങിയത് 23 വയസ്സ് മുതൽ. ഇന്ന് പക്ഷെ കൂട്ടത്തിൽ ഏറ്റവും ശക്തൻ
7. Prithviraj : 19 വയസ്സ് മുതൽ അഭിനയിച്ചു, നല്ല കഥാപാത്രങ്ങൾ ചെയ്തു എങ്കിലും stardom ഉണ്ടായത് 24 വയസ്സ് മുതലായിരുന്നു. മുകളിലത്തെ listൽ വരാൻ യോഗ്യൻ തന്നെ. പക്ഷെ വിജയങ്ങളും fan powerഉം ആണ് ഞാൻ കണക്കിലെടുത്ത്.
8. Allu Arjun: 21 വയസ്സിൽ “ആര്യ”യിലൂടെ തെന്നിന്ത്യ മുഴുവൻ ആരാധകരെ ഉണ്ടാക്കി
9. Bharath : 20 വയസ്സിൽ “Boys”, “4 the People” എന്നീ സിനിമകളിലൂടെ ജനപ്രീതി നേടിയെങ്കിലും സ്വന്തമായി ഒരു ഹിറ്റ് ഉണ്ടായത് 22 വയസ്സിലെ “കാതൽ” ആണ്. മുൻ നിരയിൽ അധികം നിൽക്കാൻ കഴിഞ്ഞതുമില്ല.