ബാലപാഠങ്ങള്‍

644

ഒരു ഫെബ്രുവരി രണ്ടാം തീയ്യതി പ്രവാസിയാകാന്‍ ഇറങ്ങുമ്പോള്‍ കയ്യില്‍ ഉണ്ടായിരുന്നത് കുറച്ചു സര്‍ട്ടിഫിക്കറ്റ്കളും, എന്തൊക്കയോ ആകാമെന്ന കുറെ വ്യാമോഹങ്ങളും മാത്രമായിരുന്നു . അവിടുന്നു ഇങ്ങോട്ട് 13 വര്‍ഷങ്ങള്‍ …  അറിഞ്ഞതും, അനുഭവിച്ചതും ജീവിതപാഠങ്ങള്‍;

ഒരു മുറിയില്‍ ഒറ്റയ്ക്ക് താമസിക്കുന്ന ഒരാളില്‍നിന്നും കുറെ പേരുടെ കൂടെ, വ്യത്യസ്ത സ്വഭാവമുള്ള മനുഷ്യരുടെ കൂടെ പങ്കുവെച്ചും സ്വയം ക്രമീകരിച്ചും താമസിക്കുന്ന മാനസിക അവസ്ഥയിലേക്ക് എത്തുക,  ഒപ്പം മറ്റുള്ളവരുടെ അസൌകര്യങ്ങളെ കുറിച്ച് കൂടെ ബോധാവാനാകാനുള്ള  അവസരം ഉണ്ടാകുക എന്നതൊക്കെ ജീവിതത്തില്‍ ലഭിക്കുന്ന വലിയ പാഠങ്ങള്‍ആണ്.

പ്രവാസത്തിന്റെ ആദ്യനാളുകളില്‍ ഒരിക്കല്‍ എന്നെ അത്ഭുതപെടുത്തിയത് നാദാപുരത്തുള്ള മോയിദുക്ക ആയിരുന്നു. “ക്യാ കാം ഹേ തുമാരാ” എന്ന് തൊട്ടപ്പുറത്തെ റൂമിലെ പാക്കിസ്ഥാനി എന്നോടു വന്നു ചോദിച്ചപ്പോ , എന്ത് പറയണം എന്നറിയാതെ ഉഴറിയ എന്നെ സഹായിച്ചത് മോയിദുക്ക; “ഉസ്കോ കോയി കാം നഹി ഹേ , വിസിറ്റ് വിസ മേം ഹും” എന്ന് പറഞ്ഞു എന്നെ ഞെട്ടിച്ചു ആ “കഫ്ടീരിയ ജോലിക്കാരന്‍ മാത്രമായ” മോയിദുക്ക…. ഏറെ ബഹുമാനത്തോടെ അദേഹത്തെ മനസുകൊണ്ട് നമിച്ച നെരേം മനസ്സില്‍ പാഞ്ഞുപോയത് “പഠിച്ചതോന്നും ഒന്നുംമല്ല ജീവതത്തില്‍ എന്ന സത്യം”

മൂന്നു വട്ടം സുഗമ ഹിന്ദി പരീക്ഷ പാസായത്തിന്റ സര്‍ട്ടിഫിക്കറ്റ് ബാഗില്‍ വെച്ച് ജോലിക്ക് ദുബായിലേക്ക് വന്ന എനിക്ക് ഹിന്ദിയുടെ ഒരു ചുക്കും അറിയില്ല എന്ന് പഠിപ്പിച്ചത് മോയിദുക്ക… ജീവിത ബാല പാഠങ്ങളുടെ ഏടുകള്‍ അവിടുന്ന്‍അങ്ങോട്ട്‌ മറികുകയായിരുന്നു ഓരോന്നായി.

രാവിലെ എണീറ് പല്ല്തേക്കാന്‍ ബ്രഷും പേസ്റ്റ്മായി പുറത്തു പോയി, പിന്നെ അവ തിരികെവെക്കാന്‍ റൂമില്‍ വന്നു, കുറച്ചു കഴിഞ്ഞു കുളിക്കാന്‍ തോര്‍ത്തും എടുത്ത് പുറത്തുപോയി, സോപ്പെടുക്കാന്‍ തിരികെ റൂമില്‍ വന്നു .. അങ്ങനെ പലവട്ടം റൂമിന്റെ വാതില്‍ തുറന്നും അടച്ചും നിന്ന എന്നോടു ഒരിത്തിരി ദെഷ്യത്തോടെ “ഇവിടെ മനുഷ്യന്മാര്‍ക്ക് ഉറങ്ങണം, എടുക്കനുള്ളതൊക്കെ എടുത്തിട്ടു പോയാമതി” എന്ന് പറഞ്ഞ കാസര്‍ക്കൊടുള്ള അഷറഫ്ക എന്നെ പഠിപ്പിച്ചത് മറ്റൊരു പാഠം ….
ആ സമയത്ത് ഒരല്പം നീരസം അയാളോട് തോന്നിയെങ്കിലും പിന്നിട് അയാള്‍ ജോലിചെയുന്ന ഹോട്ടലിലെ കിച്ചണില്‍ വിയര്‍ത്തു കുളിച്ചു ജോലിചെയ്യുന്ന അദേഹത്തെ കണ്ടപ്പോള്‍ ശരിക്കും അറിഞ്ഞു എന്തിനാണ് എന്നോടു അന്ന് അങ്ങനെ പറഞ്ഞത് എന്ന് … ഒപ്പം  നമ്മുടെ സൌകര്യത്തോടോപ്പം മറ്റുള്ളവരുടെ അസൌകര്യങ്ങളെ കുറിച്ച് ബോധാവാനാകാനുള്ള ജീവിത പാഠത്തിന്റെ മറ്റൊരു ഏടു….

പഠിച്ചതൊന്നും മറന്നിട്ടില്ല ഇന്നോളം .. ഓരോ തവണയും ഈ അനുഭവങ്ങള്‍ എന്നെ ഓര്‍മപെടുത്തികൊണ്ടിരിക്കുന്നുണ്ട്‌ ഓരോ ഇടപെടലുകള്‍ നടത്തുമ്പോഴും…

സ്വന്തമെന്നു പറയാന്‍ ഒരു ബന്ധവും ഇല്ലാതെ പ്രവാസലോകത്ത്‌ എത്തിയ എനിക്ക് ഇസ്മായില്‍ക്ക (ഇസ്മായില്‍ മേലടി) നല്‍കിയത് ഒരു സ്വന്തക്കാരന്റെ സ്നേഹവും കരുതലും ആയിരുന്നു. ഷാര്‍ജയിലെ ആ വീട്ടില്‍ ഞാന്‍ എത്തിയത് എന്റെ സ്വന്തം വീട്ടില്‍ എത്തിയപോലെ ആയിരുന്നു. അതിന്റെ ആശ്വാസം ചെറുതായിരുന്നില്ല… ജീവിതത്തില്‍ ആദ്യമായി ഒരു ടെലഫോണ്‍ കാര്‍ഡ് വാങ്ങിത്തന്നത് റാബിയേച്ചിയായിരുന്നു… രക്തബന്ധങ്ങളെക്കാള്‍ എത്രയോ വലുതാണ്‌ സ്നേഹബന്ധമെന്നും പിറന്നു വീണ കുലമോ മതമോ ദേശമോ അല്ല ഈ ബന്ധങ്ങളുടെ അടിസ്ഥാനമെന്നും പഠിപ്പിച്ച നാളുകളായിരുന്നു അത്.

ഒരു ബന്ധവും ഇല്ലാത്ത എന്നെ സ്വന്തം അനിയനെ പോലെ സ്നേഹിച്ച മുസ്തഫക/ യു എ ഇ ലെ വലിയ സ്റ്റുഡിയോ ശ്രിംഖലയായ (റോസ്സ്റ്റുഡിയോ)  ROSECO ഗ്രുപ്പിന്റെ ഉടമയായ കണ്ണൂരുകാരന് ഈ എന്നെ ഇത്രയേറെ സ്നേഹിക്കേണ്ട ഒരു കര്യവ്യം ഉണ്ടായിരുന്നില്ല. പക്ഷെ.. എനിക്ക് ഒരു ജോലി തന്നത് .. സ്വന്തം വീട്ടിലെ ഒരാളെ പോലെ കണ്ടു കൂടെ കൂട്ടിയത് …

മനസ്സില്‍ ഇന്നും ഒരുപാടു സ്നേഹത്തോടെ ബഹുമാനത്തോടെ മാത്രം ഓര്‍ക്കുന്ന എന്നെ  ഞാന്‍ ആക്കിയ ഒരു പാടു പേര്‍ .. അവരില്‍ ഇവിടെ പരാമര്‍ശിക്കപെടാതെ പോയ ഒട്ടേറെ പേര്‍ …
എഴുതാന്‍ ഏറെയുണ്ട് … അത് മറ്റൊരവസരത്തില്‍ ആവാം

Previous articleകള്ളപ്പണത്തിന്റെ വഴികള്‍ -ഒന്നാം ഭാഗം
Next articleമനോഹരപുരാണം
വായനയെ ഇഷ്ട്ടപെടുന്ന , എഴുത്തിനെ ഇഷടപ്പെടുന്ന , നാടകങ്ങളെ ഇഷ്ടപെടുന്ന ഒരു സാധാരണ പ്രവാസി . ഖത്തറിലെ മലയാളികളുടെ കലാ സാമൂഹിക സാംസ്കാരിക സംഘടനയായ സംസ്കൃതിയുടെ ഒരു സജീവ പ്രവത്തകന്‍ ; ഒരു സ്വകാര്യ പ്രോജക്റ്റ് മാനെജ്മെന്റ് സ്ഥാപനത്തില്‍ ലീഡ് ആയി ജോലി ചെയ്യുന്നു .. സൌഹൃദത്തെയും , സുഹൃത്തുക്കളെയും ഒരു പാടു ഇഷ്ടം ... കലയെയും കലാപ്രവത്ത്നത്തെയും ഏറെ സ്നേഹിക്കുന്ന ഒരു തനി നാട്ടുമ്പുറത്ത്കാരന്‍ ... സ്വദേശം കോഴിക്കോട് ജില്ലയില്‍ പേരാബ്ര .. ഇനിയും അറിയാന്‍ , എന്നെ വായിക്കാന്‍ www.onanalilemazha.com