ഈ പ്രപഞ്ചത്തിൽ ഭൂമിയ്ക്കുള്ള സ്ഥാനം

12700 കിലോമീറ്റർ വ്യാസവും 40000 കിലോമീറ്റർ ചുറ്റളവുമുള്ള നമ്മുടെ ഭൂഗോളത്തിന് ഈ വിശാല ബ്രഹ്മാണ്ഡത്തിൽ ഒരു മണൽതരിയുടെ സ്ഥാനം പോലുമില്ലെന്നും നമുക്ക് ഊർജം നല്കുന്ന സൂര്യനക്ഷത്രത്തിന് 13 ലക്ഷം ഭൂമികൾ കൂട്ടിവെച്ചത്ര വ്യാപ്തമുണ്ടെന്നും നമുക്കിന്നറിയാം. ഭൂമിയുടെ 11 മടങ്ങ് വ്യാസവും 300 മടങ്ങ് ദ്രവ്യമാനവുമുള്ള വ്യാഴം ഉൾപ്പെടെ സൗരയൂഥത്തിലെ ഗ്രഹങ്ങളും ഉപഗ്രഹങ്ങളും ചിന്നഗ്രഹങ്ങളും ഉല്ക്കാശിലകളുമെല്ലാം ചേർന്നാലും സൂര്യപിണ്ഡത്തിന്റെ ഒരു ശതമാനം പോലും വരില്ലെന്നും നാം മനസ്സിലാക്കുന്നു. സൂര്യനിൽ നിന്നും പ്രകാശത്തിനു 15 കോടി കിലോമീറ്റർ ദൂരം സഞ്ചരിച്ച് ഭൂമിയിലെത്താൻ വെറും 8 മിനിറ്റ് സമയമേ വേണ്ടൂ. സെക്കന്റിൽ ഏതാണ്ട് 3ലക്ഷം കിലോമീറ്ററാണ് പ്രകാശത്തിന്റെ സഞ്ചാരവേഗത.

മണിക്കൂറില് 1000 കിലോമീറ്റർ വേഗത്തിൽ പറക്കുന്ന ഒരു വിമാനത്തിൽ നാം സൂര്യനിലേക്ക് ഒരു യാത്ര പുറപ്പെടുന്നുവെന്ന് സങ്കല്പ്പിക്കുക. അവിടെ എത്താൻ 17 വർഷം വേണ്ടി വരും! ഈയിടെ സൗരത്തറവാട്ടിൽ നിന്നും പുറത്താക്കപ്പെട്ട പ്ലൂട്ടൊയിലേക്ക് അതേ വാഹനത്തിൽ ഒരു വിനോദയാത്രകൂടിയാവാമെന്നു വെച്ചാലോ; 600 കൊല്ലത്തെ യാത്ര വേണ്ടി വരും.

സൂര്യന്റെ ഏറ്റവും ‘അടുത്ത’ കൂട്ടുകാരനായ ആൽഫ സെന്റോറി എന്ന നക്ഷത്രത്തിലേക്ക് വെറും നാലു പ്രകാശവർഷമേ ദൂരമുള്ളു. ഭൂമിയിൽ നിന്ന് നമുക്ക് ആ നക്ഷത്രത്തെ ‘ഇപ്പോൾ ’ കാണണമെങ്കിൽ നാം നാലു കൊല്ലം കഴിഞ്ഞു നോക്കിയാൽ മതി എന്നർത്ഥം . ആ നക്ഷത്രത്തിനടുത്തുള്ള ഒരു ഗ്രഹത്തിൽനിന്ന് ഒരാൾ ഭൂമിയിലുള്ള തന്റെ കൂട്ടുകാരനെ മൊബൈൽ ഫോണില് വിളിക്കുന്നു എന്നു സങ്കല്പ്പിക്കുക. പ്രകാശവേഗത്തിൽ സഞ്ചരിക്കുന്ന റേഡിയോ സന്ദേശം ഇവിടെയെത്താൻ നാലു കൊല്ലം പിടിക്കും. ഹലോ എന്നു വിളിച്ചാല് തിരിച്ചുള്ള മറുപടി ഹലോ കേൾക്കാൻ അയാള് 8കൊല്ലം കാത്തിരിക്കേണ്ടി വരും! നമ്മുടെ ഏറ്റവും അടുത്തുള്ള നക്ഷത്രത്തിന്റെ കഥയാണിത്.

സൂര്യനുൾപ്പെടെ 1000 കോടിയിൽപരം നക്ഷത്രങ്ങള് ഉൾക്കൊള്ളുന്ന ഒരു താരകുടുംബമാണു നമ്മുടെ ഗ്യാലക്സിയായ ആകാശഗംഗ. ഒരു നെയ്യപ്പത്തിന്റെ ആകൃതിയിൽ ചിതറിക്കിടക്കുന്ന ഈ നക്ഷത്രസമൂഹത്തിന്റെ വ്യാസം ഒരു ലക്ഷം പ്രകാശവർഷമാണെന്നു കണക്കാക്കിയിരിക്കുന്നു. അതായത് ഇതിന്റെ ഒരറ്റത്തുനിന്ന് മറ്റേ അറ്റത്തേക്കു, സെക്കൻറിൽ 300000 കി.മീ സഞ്ചരിക്കുന്ന പ്രകാശത്തിന് പോലും പാഞ്ഞെത്താൻ ഒരു ലക്ഷം കൊല്ലം വേണമെന്ന്!!! ഇത് നമ്മുടെ ഗ്യാലക്സിയുടെ മാത്രം കാര്യം. എന്നാൽ ശക്തമായ ടെലസ്കോപ്പുകളുടെ ദൃശ്യസീമയിൽ മാത്രം ചുരുങ്ങിയത് 1000കോടി ഗ്യാലക്സികളെങ്കിലും ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. അതില് നമ്മുടെ തൊട്ടയലത്തുള്ള ഗ്യാലക്സിയിലേക്ക് 10 ലക്ഷം പ്രകാശവർഷം ദൂരമുണ്ടെന്നും പറയപ്പെടുന്നു!!!

ഇപ്പോൾ നാം ആകാശത്തു നോക്കി കണ്ടുകൊണ്ടിരിക്കുന്നത് ദശലക്ഷക്കണക്കിനു വർഷങ്ങൾക്കു മുൻപ് നമ്മുടെ ഭൂമിയും സൂര്യനും നമ്മളുമൊക്കെ ജന്മം കൊള്ളുന്നതിനും എത്രയോ മുൻപ് ആകാശത്തു നടന്ന സംഭവങ്ങളുടെ ‘തത്സമയദൃശ്യങ്ങൾ ’ ആണെന്നു ചുരുക്കം!!! ഇപ്പോള് അവിടെ എന്തു നടക്കുന്നു എന്നറിയാൻ നാം 10 ലക്ഷം വർഷം കഴിഞ്ഞു ടെലസ്കോപ്പ് എടുത്താൽ മതിയാകും.

മുകളില്‍ പറഞ്ഞ മുഴുവന്‍ ഗാലക്സികളും ഉള്‍പ്പെടുന്ന ദൃശ്യ പ്രപഞ്ചം ആകെ മുഴുവന്‍ പ്രപഞ്ചത്തിന്റെയും മൂന്നോ നാലോ ശതമാനം മാത്രം ആണെന്നുള്ളതാണ് രസകരം . മുഴുവന്‍ പ്രപഞ്ചത്തിന്റെ 90 ശതമാനവും കാണാനും അറിയാനും കഴിയാത്ത രീതിയിൽ നിലനിൽക്കുന്ന തമോദ്രവ്യ (Dark Matter)മാണ്. ഭൂമിയിലെ മുഴുവന്‍ മണല്‍ തരികളില്‍ ഒരു മണല്‍ത്തരിക്ക് എത്രമാത്രം സ്ഥാനം ഉണ്ടോ അത്രയുമാണ് ഈ വലിയ പ്രപഞ്ചത്തില്‍ ഭൂമിക്കു ഉള്ള സ്ഥാനം . പിന്നെ മനുഷ്യന്റെ കാര്യം പറയണോ ?

(കടപ്പാട്)

You May Also Like

ലോകത്തു ഇത്രയുംപേർ കൊല്ലപ്പെടാനും ഇത്രയും കുറ്റകൃത്യങ്ങൾ നടക്കാനും കാരണമായ മറ്റൊരു ലോഹം ഇല്ല, എന്നാൽ സ്വർണ്ണത്തെ കുറിച്ച് നിങ്ങളറിയാത്ത കാര്യങ്ങളുണ്ട്

അറിവ് തേടുന്ന പാവം പ്രവാസി മഞ്ഞ നിറം സ്വാഭാവികമായി ഉള്ള ഒരേയൊരു ലോഹം ഏതാണ്? സ്വർണ്ണത്തിനെ…

ഒരു പുസ്തകം മാത്രം ഉള്ള ലൈബ്രറി എവിടെ ?

ലൈബ്രറി എന്നു കേൾക്കുമ്പോൾ ആയിരക്കണക്കിന് പുസ്തകങ്ങൾ നിറഞ്ഞ ഒരിടമാവും നമ്മുടെയൊക്കെ മനസ്സിലേക്ക് ഓടിയെത്തുക. എന്നാൽ ജപ്പാനിലെ ഇസ്സാത്സു ലൈബ്രറി അങ്ങനെയല്ല.

എന്താണ് Doomsday Clock (ഡൂംസ്‌ഡെ ക്ലോക്ക്) അഥവാ അന്ത്യദിന ഘടികാരം?

എന്താണ് ഡൂംസ്‌ഡെ ക്ലോക്ക് (Doomsday Clock ) അഥവാ അന്ത്യദിന ഘടികാരം? അറിവ് തേടുന്ന പാവം…

സൗദി അറേബ്യയിലെ ഹായിലിനടുത്ത ജുബ്ബ സ്വദേശികളുടെ ആതിഥേയത്വം അൽപ്പം വ്യത്യസ്തമാണ്

അറിവ് തേടുന്ന പാവം പ്രവാസി അറബികള്‍ക്കിടയില്‍ സൗദി അറേബ്യയിലെ ഹായിലിനടുത്ത ജുബ്ബ സ്വദേശികളുടെ ആതിഥേയത്വം അൽപ്പം…