ചില സാംസ്‌കാരിക നായകരുടെ മുഖംമൂടി അഴിഞ്ഞുവീഴുന്നു

1608

ചിലരുടെ അടക്കംപറച്ചിലുകൾ കേട്ടും ചില സുഹൃത്തുക്കളുടെ പ്രേരണയിലും ആണ് എച്‌മുക്കുട്ടിയെ വായിച്ചത് . ഒരു രാത്രി തുടങ്ങിയ വായന പിറ്റേന്നു പുലർച്ചെവരെ നീണ്ടു. ഒരുപാടിടങ്ങളിൽ കണ്ണുനിറഞ്ഞു. .മാനവികതയുടെ ആദർശമണിഞ്ഞു നടക്കുന്ന ഒട്ടനവധി സംസ്കാരിക-സാഹിത്യനായകർ ഇവിടെ വിചാരണചെയ്യപ്പെടുന്നു. നമ്മൾ അനുഭവിക്കത്തതെന്തും നമുക്ക് വെറും കഥകളായി തോന്നുമെങ്കിലും ഇവിടെ അങ്ങനെയല്ല. ഇതുവരെ തൊണ്ണൂറ്റിയെട്ടു ഭാഗങ്ങളായിക്കഴിഞ്ഞ ‘എൻറെ രക്തവും മാംസവും…നിങ്ങൾക്കായി’ എന്ന് പേരിട്ട ആ കുറിപ്പുകളിൽ വായനക്കാർ ജീവിക്കുകയാണ്. ഈ ആത്മകഥാ കുറിപ്പുകളിലൂടെ സഞ്ചരിക്കുമ്പോൾ, ഇതുവരെ വിശുദ്ധിയുടെ പൊന്നാടകൾ ചാർത്തി നിങ്ങൾ ആദരിച്ച പലരെയും നിങ്ങൾ ശപിച്ചേയ്ക്കാം, ആ പൊന്നാടകൾ വാങ്ങി തീയിലിട്ടു ചുട്ടെരിച്ചേയ്ക്കാം.ഒറ്റരാത്രികൊണ്ട് ഇതുവരെ എഴുതിയ ഭാഗങ്ങളത്രയും വായിച്ചുകഴിഞ്ഞപ്പോൾ ഹൃദയവ്യഥയോടെ എനിക്കിങ്ങനെ എഴുതണമെന്നുതോന്നി..

*
നിശ്ചയദാർഢ്യത്തിന്റെയും സൗന്ദര്യത്തിന്റെയും സ്ത്രീശിൽപം കണ്ട യുവതി
അത് കൊത്തിയെടുത്ത ശില്പിയെ പ്രണയിക്കുകയും അയാളോടൊത്തു
ജീവിക്കാൻ തുടങ്ങുകയും ചെയ്യുന്നു. ജീവിതത്തിന്റെ ശിൽപം അത്രമേൽ മനോഹരമാകുമെന്ന് നിശ്ചയമായും അവൾ കരുതിക്കാണും.

എന്നാലോ ശില്പിയുടെ പണിയായുധങ്ങൾ വീടിനുള്ളിലേക്കെത്തുമ്പോൾ അവയൊരുമിച്ചു പാട്രിയാർക്കിയുടെ വികലമായ ശില്പം അവളിൽ കൊത്താനാരംഭിക്കുന്നു.ഉളികൾ അവളെ ക്രൂരമായി മുറിവേല്പിച്ചുകൊണ്ടിരുന്നു,
ചുറ്റിക അത്രയും നിർദ്ദാക്ഷണ്യത്തോടെ അവളെ മർദ്ദിച്ചുകൊണ്ടിരുന്നു. ശില്പി വിരൂപനായിത്തുടങ്ങുന്നു!

ഒരു കല്ലിൽ നിന്നും ആവശ്യമില്ലാത്ത ഭാഗങ്ങൾ ചീന്തിയെറിയുമ്പോൾ അതൊരു മനോഹരശില്പമാകുന്നു എങ്കിൽ തന്റെ മനസ്സിൽ നിന്നും ചീന്തിയെറിഞ്ഞതെല്ലാം സന്തോഷങ്ങളുടെയും പ്രതീക്ഷകളുടെയും സ്വപ്നങ്ങളുടെയും ചീളുകളായിരുന്നു എന്നവൾ മനസിലാക്കുന്നു.

നോക്കൂ..ക്ഷതങ്ങളിൽ നിന്നും പ്രവഹിക്കുന്ന ധൂളിയെ നീക്കംചെയ്യാൻ മെല്ലെയൊന്നു ഊതുക പോലും ശില്പി ചെയ്യുന്നില്ല. ആ സാന്ത്വനം പോലും അവൾക്കന്യമാകുന്നു.
ഇനി കടഞ്ഞെടുക്കപ്പെടുന്നത് നിത്യദുഃഖത്തിന്റെ ശില്പം മാത്രമെന്ന തിരിച്ചറിവിൽ
ഒരുപാടു ക്ഷതങ്ങളുടെ വേദനയിലും, പണിയായുധങ്ങൾ തട്ടിയെറിഞ്ഞു ഇറങ്ങി നടക്കുന്നു.

വികല ശില്പികളുടെ സമൂഹത്തിനു ഭൗതികരൂപത്തിൽ പിടികൊടുക്കാതെ ആ ശില്പം തന്റെ ജീവിതത്തിലെ തിക്തമായ കാലത്തിന്റെ
ലാൻഡ് മാർക്കായി കുറേക്കാലം നിലകൊള്ളുന്നു.വിവാദങ്ങളുടെ മഴയും വെയിലും അപവാദകാക്കകളുടെ കാഷ്ഠവും ഏറ്റു തളരാതെ ശിൽപം അങ്ങനെ നിൽക്കവേ, പ്രധാനശില്പിയും സൂത്രധാരനായ കാലം തെല്ലു പശ്ചാത്താപത്തോടെ അവളുടെ അഭ്യുദയകാംക്ഷികളുടെ കൈകളിലൂടെ കരവിരുത് അസാധ്യമായി പുറത്തെടുത്തു അവളെ ആർജ്ജവമുള്ള ശില്പമായി കൊത്താനാരംഭിക്കുന്നു

Rajesh Shiva


സന്തോഷങ്ങളുടെയും പ്രതീക്ഷകളുടെയും സ്വപ്നങ്ങളുടെയും കൽചീളുകളെ ഭൂതകാലത്തിന്റെ പണിപ്പുരയിൽ നിന്നും പെറുക്കിയെടുത്തു അവളിൽ യോജിപ്പിക്കുകയും ചിലപ്പോൾ ചെറുതായി അടർത്തിക്കളയുകയും ചെയ്യുന്നു…ഇതിന്റെ തുടർച്ചകളിൽ ഇനിയെന്തായാലും ശാശ്വതമായ സന്തോഷത്തിന്റെ ശില്പമാക്കി ജീവിതത്തെ സ്ഥാപിക്കപ്പെടട്ടെ….എന്ന ആശംസിക്കുന്നു.തീവ്രമായ ഒരു പണിയായുധത്താൽ നീയിപ്പോൾ വായനക്കാരെയും കൊത്താൻ ആരംഭിച്ചിരിക്കുന്നു.

ശില്പത്തിൽ നിന്നും ശാപധൂളികൾ കയറിയ ശ്വാസകോശങ്ങളിൽ ചോരപൊടിഞ്ഞു പുഴുവരിച്ച
ഞരക്കത്തോടെ ശില്പിയെ കാണണം എന്നാഗ്രഹിക്കുന്നവരാകും നിന്റെ അക്ഷരങ്ങളുടെ ആസ്വാദകർ.
മാനവികബോധമില്ലാത്തവനെയും മാനവികതയോയുടെ കാണാൻ ആഗ്രഹിക്കുന്ന ഒരാളെന്ന നിലയിൽ ഞാനതാഗ്രഹിക്കുന്നില്ല.
നാളെ കുറ്റബോധത്തിലായിരിക്കണം ശില്പി തന്റെ ഉളി കൊണ്ട് ആഴത്തിൽ സ്വയം മുറിവേൽപ്പിക്കേണ്ടത് .
*

നിങ്ങളും വായിച്ചിരിക്കണം… ഒരു സ്ത്രീ കടന്നുപോയ തീക്ഷ്ണമായ അനുഭവങ്ങളെ. ഈ ലിങ്കിലൂടെ പോകൂ  Echmu Kutty