ഈഡൻ തിമിംഗലങ്ങളുടെ അസാധാരണമായ ഇരപിടുത്തത്തിന്റെ ദൃശ്യങ്ങൾ ഇടയ്ക്കിടയ്ക്ക് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധയാകർഷിക്കാറുള്ളത് . എന്ത് കൊണ്ട്?
അറിവ് തേടുന്ന പാവം പ്രവാസി
കടപ്പാട്:പ്രശസ്ത വന്യജീവി ഫൊട്ടോഗ്രഫറും , ഗവേഷകയുമായ ബർട്ടി ഗ്രിഗറി
തിമിംഗലങ്ങളുടെ സ്വഭാവരീതികൾ ജന്തു സ്നേഹികൾക്കും , ശാസ്ത്രജ്ഞർക്കും ഒരുപോലെ കൗതുകം ഉണ്ടാക്കുന്നവയാണ്. ഈഡൻ തിമിംഗലങ്ങളുടെ അസാധാരണമായ ഇരപിടുത്തത്തിന്റെ ദൃശ്യങ്ങൾ ഇടയ്ക്കിടയ്ക്ക് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധയാകർഷിക്കാറുണ്ട്. വെള്ളത്തിന്റെ ഉപരിതലത്തിൽ കെണിയൊരുക്കിയാണ് അവയുടെ ഇരപിടുത്തം.വെള്ളത്തിന്റെ ഉപരിതലത്തിൽ വായ പരമാവധി തുറന്നു വെച്ചാണ് ഈഡൻ തിമിംഗലം ഇരകൾക്ക് കെണിയൊരുക്കുന്നത്. തിമിംഗലത്തിന്റെ വായയാണെന്നറിയാതെ ചെറുമീനുകൾ കൂട്ടമായി വായയുടെ ഉള്ളിലേക്ക് വരും. ജലത്തിന്റെ ഉപരിതലത്തിനു മുകളിലേക്ക് വായുടെ വശങ്ങൾ ഉയർന്നു നിൽക്കാതെ അതീവശ്രദ്ധയോടെ കെണിയൊരുക്കുന്നതിനാൽ കെണി തിരിച്ചറിയാനാവാതെയാണ് മീനുകൾ വായ്ക്കുള്ളിൽ അകപ്പെടുന്നത്.
ആവശ്യത്തിന് മീനുകൾ വായിലായി കഴിഞ്ഞാൽ അവയ്ക്ക് രക്ഷപെടാൻ അവസരം നൽകാതെ വായ അടച്ച് തിമിംഗലങ്ങൾ വെള്ളത്തിനടിയിലേക്ക് ഊളിയിടും.തിമിംഗലങ്ങൾ സാധാരണയായി ഇര പിടിക്കുന്ന രീതികൾ പരിശോധിച്ചാൽ അവയിൽ നിന്നും ഏറെ വ്യത്യസ്തമാണ് ഈഡൻ തിമിംഗലങ്ങളുടെ രീതി. സമുദ്രമലിനീകരണമാണ് ഇങ്ങനെയൊരു അസാധാരണമായ രീതി അവ സ്വീകരിക്കാൻ കാരണമെന്നാണ് ഗവേഷകർ ചൂണ്ടിക്കാട്ടുന്നത്.
മലിനീകരണം മൂലം അവയുള്ള പ്രദേശത്തെ സമുദ്രജലത്തിൽ ഓക്സിജന്റെ അളവ് കുറഞ്ഞതാവാം ഇതിനു പിന്നിലെന്നാണ് അവരുടെ അഭിപ്രായം.മാലിന്യങ്ങൾ സമുദ്രത്തിലേക്കൊഴുകിയെത്തുന്നത് മൂലം തിമിംഗലങ്ങൾ ഇരയാക്കുന്ന ചെറുമീനുകൾക്ക് വെള്ളത്തിന്റെ ഉപരിതലത്തിൽ മാത്രമേ ജീവിക്കാൻ സാധിക്കൂ എന്ന സ്ഥിതിയാണ്. ഇതുമൂലം ഇരപിടിക്കാൻ ഈഡൻ തിമിംഗലങ്ങൾ സ്വയം കണ്ടെത്തിയ ഒരു മാർഗമാണ് വെള്ളത്തിന്റെ ഉപരിതലത്തിൽ കെണിയൊരുക്കുകയെന്നത്.