വിദ്യാഭ്യാസം കച്ചവടം ചെയ്യപ്പെടട്ടെ

718

ഏറെ വർഷങ്ങളായി കേരളത്തിന്റെ രാഷ്ട്രീയ സാംസ്ക്കാരിക രംഗങ്ങളെ പ്രക്ഷുബ്ധമാക്കുന്ന ഒരു വിഷയമാണ് വിദ്യാഭ്യാസ രംഗത്തെ നൈതികത. എന്നാൽ ഇക്കാര്യത്തിൽ വസ്തുനിഷ്ഠമായ ഒരു ചർച്ചയോ അവലോകനമോ നടന്നിട്ടില്ല എന്നത് ഖേദകരമാണ്. അത് കൊണ്ടാകാം ഈ പ്രശ്നം പരിഹരിക്കപ്പെടാതെ കിടക്കുന്നത്. അതിനുള്ള ഒരു എളിയ കാൽവെപ്പാണ് ഈ ലേഖനം.

അടിസ്ഥാനപരമായിട്ട് മനസ്സിലാക്കേണ്ടത് ഇത് കേവലം ഒരു രാഷ്ട്രീയ വിഷയമല്ല; മറിച്ച് സദാചാര വിഷയമാണ് എന്നതാണ്. സദാചാര വിഷയമെന്നത് ചില്ലറക്കാര്യമല്ല. യേശുകൃസ്തുവും ശ്രീബുദ്ധനും മുഹമ്മദ് നബിയുമെല്ലാം തീർപ്പ് കൽപ്പിച്ച് സീല് ചെയ്ത മേഖലയാണ് അത് എന്നതാണ് ചുരുങ്ങിയത് മതവിശ്വാസികളെങ്കിലും വിശ്വസിക്കുന്നത്. കണ്ട അണ്ടനും അടകോടനുമൊന്നും അഭിപ്രായം പറയേണ്ടതല്ല ഇത് എന്നർത്ഥം.

എന്നാൽ നിരീശ്വരവാദികൾക്കെങ്കിലും ഇത് ബോധ്യമാകണമെന്നില്ലല്ലോ. അത് കൊണ്ടാവാം കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ ചുറ്റിപ്പറ്റി മാത്രം ഈയിടെ ഇറക്കുമതി ചെയ്യപ്പെട്ടിട്ടുള്ള ചില പുതിയ സദാചാര തത്വങ്ങളുടെ ഉപജ്ഞാതാക്കൾ മുഖ്യമായും നിരീശ്വരവാദികളാണെന്ന് കാണാം. അതേ സമയം ഇതിന് ഞാൻ ഏതെങ്കിലും ഒരു മുന്നണിയെ മാത്രം കുറ്റപ്പെടുത്തുന്നില്ല. ഇരു മുന്നണികൾക്കും ഇക്കാര്യത്തിൽ ഏതാണ്ട് ഒരേ നിലപാടാണല്ലോ ഉള്ളത്. ഇരു മുന്നണികളിലും നിരീശ്വരവാദികൾക്കും കുറവില്ല.

നിരീശ്വരവാദികൾക്കും അഭിപ്രായസ്വാതന്ത്ര്യം വക വെച്ച് കൊടുക്കുന്നതിൽ നമുക്ക് വിരോധമില്ല. നിരീശ്വരവാദികളുടെ സദാചാര അടിത്തറ എന്താണെന്ന് ചോദിക്കുന്നുമില്ല. യേശുകൃസ്തുവിനും ശ്രീബുദ്ധനും മുഹമ്മദ് നബിക്കുമെല്ലാം അഭിപ്രായം പറയാമെങ്കിൽ എന്ത് കൊണ്ട് ആന്റണിക്കും അച്യുതാനന്ദനും എം എ ബേബിക്കും ആയിക്കൂട എന്ന് ചോദിക്കാനുള്ള അവകാശം അവർക്കുണ്ട്. അവരോട് ക്ഷമിക്കുക.

പക്ഷെ ഇവിടെ ചെയ്യേണ്ട കാര്യം ഈ വിഷയം പൊതുജനമധ്യത്തിൽ ചർച്ചക്ക് വെക്കേണ്ടതുണ്ട്. അല്ലാതെ അത് അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നത് സെക്കുലർ തത്വങ്ങൾക്കെതിരാണ്. പ്രത്യേകിച്ച് മതം രാഷ്ട്രീയത്തിൽ ഇടപെടരുത് എന്ന് ആണയിടുന്നവർ തന്നെ തങ്ങളുടെ പുത്തൻ സദാചാര നിയമങ്ങൾ സമൂഹത്തിൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നത് ശരിയല്ല. അതിനാൽ അവയുടെ ശാസ്ത്രീയതയും പ്രായോഗികതയും നൈതികതയും തെളിയിക്കേണ്ടതുണ്ട്. ഏതെങ്കിലും വിഭാഗങ്ങൾക്കെതിരെ അന്യായമായ നിലപാടാണ് എടുക്കുന്നതെങ്കിൽ അത് ഇന്ന് കാണുന്നത് പോലുള്ള സംഘർഷങ്ങൾക്ക് വഴി വെക്കും. അശാസ്ത്രീയമായ നിലപാടാണ് എടുക്കുന്നതെങ്കിൽ അത് സമൂഹത്തിന്റെ പുരോഗതിക്ക് അത് തടസ്സം നിൽക്കും.

ഇവിടെ വിഷയത്തിന്റെ മർമ്മം പരിശോധിക്കാം. വിദ്യാഭ്യാസ മേഖലയെ മാത്രം തിരഞ്ഞു പിടിച്ച് ആക്രമിക്കുന്നതിന്റെ അടിസ്ഥാനമെന്താണ്? എന്താണ് “വിദ്യാഭ്യാസക്കച്ചവടം” എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത്? കച്ചവടം ഒരു മോശമായ കാര്യമാണോ? കച്ചവടക്കാർ കൊള്ളരുതാത്തവരും കള്ളന്മാരുമാണോ? മഹാന്മാരായ മതസ്ഥാപകർ പോലും അതനുവദിച്ചിട്ടുണ്ടല്ലോ. അവരൊക്കെ നമ്മുടെ നിരീശ്വരവാദികളെക്കാൾ മോശക്കാരായിരുന്നോ?

“വിദ്യാഭ്യാസം അരിക്കച്ചവടമല്ല” എന്നാക്ഷേപിക്കുമ്പോൾ അരിക്കച്ചവടം മോശമാണെന്ന് ആർ പറഞ്ഞു? മനുഷ്യന്റെ അടിസ്ഥാനാവശ്യങ്ങളിൽ മുൻഗണന വിദ്യാഭ്യാസത്തേക്കാൾ ഭക്ഷണത്തിനല്ലേ? അപ്പോൾ അരിക്കച്ചവടം വിദ്യാഭ്യാസത്തേക്കാൾ മഹത്തരമല്ലേ?

ഇനി നമുക്ക് വിദ്യാഭ്യാസം മാത്രം കച്ചവടം ചെയ്യരുത്, മറ്റ് കച്ചവടമെല്ലാം ഓക്കെയാണെന്ന ഒരു പുതിയ സദാചാരനിയമം ചുമ്മാ പരീക്ഷിച്ച് കളയാം. അപ്പോൾ ചില സങ്കീർണ്ണതകൾ ഉയരുന്നുണ്ട്. ഒരു കാര്യം കൈമാറ്റം ചെയ്യപ്പെടണമെങ്കിൽ അത് നാല് രീതിയിലേ സാധ്യമാകൂ. ഒന്നുകിലത് വെറുതെ കൊടുക്കണം, അല്ലെങ്കിൽ കച്ചവടം ചെയ്യണം, അല്ലെങ്കിൽ അത് മോഷ്ടിക്കണം, അതുമല്ലെങ്കിൽ പിടിച്ച് പറിക്കണം.

ആദ്യത്തെ ഓപ്ഷന് വേണ്ടി നിയമ നിർമ്മാണം നടത്താൻ പറ്റില്ലെന്നു വ്യക്തമാണ്. കാരണം വെറുതെ കൊടുക്കൽ ഒരാളുടെ സ്വാഭീഷ്ടപ്രകാരം ചെയ്യുന്നതാണ്. അവസാനത്തെ രണ്ട് ഓപ്ഷനുകൾ നിരീശ്വരവാദികൾ പോലും അംഗീകരിക്കുമെന്നും തോന്നുന്നില്ല. പിന്നെ കച്ചവടമല്ലാതെ എന്ത് വഴിയാണുള്ളത്?

ആവശ്യങ്ങൾ അതിരില്ലാത്തതും വിഭവങ്ങൾ പരിമിതമാണെന്നും സാമ്പത്തിക ശാസ്ത്രത്തിന്റെ മൗലിക തത്വമാണ്. ഒരു സാധനവും എല്ലാവർക്കും ഇഷ്ടം പോലെ വെറുതെ കൊടുക്കാൻ പറ്റാത്തതിനാൽ അത് ക്രമീകരിക്കുന്നതിനുള്ള ശാസ്ത്രീയ രീതിയാണ് കച്ചവടം. ഇല്ലെങ്കിൽ ആർക്കും ഒന്നും കിട്ടലുണ്ടാവില്ല. അത് കൊണ്ടാണ് അരിക്ക് പോലും കച്ചവടം അനുവദനീയമാക്കിയിരിക്കുന്നത്. എങ്കിൽ എന്തു കൊണ്ട് വിദ്യാഭ്യാസത്തിന് മാത്രം ആ പൊതുനിയമം ബാധകമല്ലാതാകും?

ഒരു വിദ്യാഭ്യാസ സംരംഭകനോട് ലാഭമെടുക്കാൻ പാടില്ലെന്ന് പറയുമ്പോൾ എന്താണ് അത് വ്യജ്ഞിപ്പിക്കുന്നത്? ലാഭം വേണമെങ്കിൽ നിങ്ങൾ ഇതിൽ പണം വേസ്റ്റാക്കേണ്ടതില്ല. മറിച്ച് നല്ല ലാഭം കിട്ടുന്ന മദ്യക്കച്ചവടത്തിലോ മറ്റോ മുതൽ മുടക്കുക. അങ്ങനെയൊരു സന്ദേശം ഇതിൽ നിന്ന് കിട്ടുന്നില്ലേ? വിദ്യാഭ്യാസക്കച്ചവടത്തേക്കാൾ നിരുപദ്രവകരമാണോ മദ്യക്കച്ചവടം? മദ്യശാലകളോട് കാണിക്കാത്ത വിരോധം സ്വാശ്രയ സ്ഥാപനങ്ങളോട് കാണിക്കുന്നത് ഇത് കൊണ്ടാണോ? നിരുപദ്രവമെന്ന് തോന്നുന്ന സദാചാര നിർമ്മിതി പോലും കൊണ്ട് വരുന്ന ഭവിഷ്യത്ത് നോക്കുക.

വിദ്യാഭ്യാസത്തിൽ നിന്ന് ലാഭവും പ്രതീക്ഷിക്കുന്നില്ലെങ്കിൽ മരണാനന്തരത്തിലോ ദൈവത്തിലോ പോലും വിശ്വസിക്കാത്ത നിരീശ്വരവാദികൾ പിന്നെ അതിൽ നിന്ന് പുണ്യമാണോ പ്രതീക്ഷിക്കുന്നത്? അവർ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒന്നും നടത്താത്തതിന് കാരണം അങ്ങനെ ഒന്നും കിട്ടാനില്ലാത്തതിനാലാണോ?

നൈതികമായ മറ്റ് പ്രശ്നങ്ങളും ഇവിടെ ഉയരുന്നുണ്ട്. സ്വയം പാലിക്കാത്ത ഒരു കാര്യം മറ്റുള്ളവരോട് പറയരുതെന്ന് അംഗീകൃത തത്വമാണ്. ഒരു നഴ്സറി സ്ക്കൂൾ പോലും നടത്താത്തവർ സ്വന്തം കച്ചവട സ്ഥാപനങ്ങളിൽ എത്ര വേണമെങ്കിലും ലാഭമെടുക്കുന്നു. അതേ സമയം വിദ്യാഭ്യാസസ്ഥാപനങ്ങൾ നടത്തുന്നവരോട് സ്വന്തം മക്കളെ ഫ്രീയായി പഠിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നു. ഇതെത്രത്തോളം ശരിയാണ്?

ഈ പുതിയ തത്വം കേരളത്തിൽ മാത്രം, അതും ഈ കാലത്ത് മാത്രം ബാധകമാണോ? മറ്റ് സംസ്ഥാനങ്ങളിലൊന്നും ഈ പ്രശ്നമില്ലല്ലോ? അവിടെയുള്ളവർക്ക് നമ്മുടെയത്രയും ബുദ്ധിയും നീതിബോധവുമില്ലേ? അത് തന്നെ ഇത് അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മാത്രം ബാധകമാണോ? കോച്ചിംഗ് സെന്ററുകൾക്കും ഇൻസ്റ്റിറ്റ്യൂട്ടുകൾക്കും പ്രൈവറ്റ് ട്യൂഷനുമൊന്നും ഇത് ബാധകമല്ലേ? രാഷ്ട്രീയ പാർട്ടികൾ പുറത്തിറക്കുന്ന പ്രസിദ്ധീകരണങ്ങളിലും മാധ്യമങ്ങളിലും ലാഭമെടുക്കാൻ പാടില്ലല്ലോ? അതും വിദ്യാഭ്യാസത്തിന്റ പരിധിയിൽ പെടുന്നതല്ലേ? സദാചാര നിയമങ്ങൾ സാർവ്വകാലികവും സാർവ്വലൗകികവുമാണെന്ന പരമ്പരാഗത സങ്കൽപ്പമാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്.

ഇതിന്റെ ഫലമെന്താണ്? ഫീസ് കുറയുകയും വിദ്യാർത്ഥികൾക്ക് പഠനത്തിനുള്ള സാധ്യതകൾ കൂടുകയും ചെയ്യുന്നുണ്ടോ? ഒരിക്കലുമില്ല. ഇത്തരം നിയന്ത്രണങ്ങൾ മൂലം ചില വൻകിട സ്ഥാപനങ്ങൾക്ക് മാത്രം നില നിൽക്കാൻ സാധിക്കുകയും അവർ വിദ്യാഭ്യാസം കുത്തകയാക്കി മാറ്റി കുട്ടികളോട് അമിത ഫീസ് വാങ്ങുകയും ചെയ്യുന്നു. എന്നാൽ സ്വതന്ത്രമായ മൽസരം നടന്നിരുന്നുവെങ്കിൽ ഇത് സംഭവിക്കുമായിരുന്നില്ല. അവിടെയും അവസരം ലഭിക്കാത്ത കുട്ടികൾ അന്യസംസ്ഥാനങ്ങളിലേക്ക് ചേക്കേറാൻ നിർബന്ധിതരാകുന്നു. (അവിടെ പോയി അവരുടെ പഠിപ്പ് മുടക്കാൻ നമുക്കാവില്ലല്ലോ) . അങ്ങനെ കേരളത്തിന്റെ വികസനത്തിന് ഉപയോഗപ്പെടേണ്ട കോടികൾ അനാവശ്യമായി മറ്റ് സംസ്ഥാനങ്ങളിലേക്കൊഴുകുന്നു. സാമ്പത്തിക ശാസ്ത്രത്തിന്റെ നിയമങ്ങൾ മറ്റ് ഉൽപ്പന്നങ്ങൾക്കെന്ന പോലെ വിദ്യാഭ്യാസത്തിനും ബാധകമാണെന്ന് തന്നെയാണ് ഇത് വ്യക്തമാക്കുന്നത്.

മറ്റൊരു പ്രത്യാഘാതം വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഫീസിലുള്ള നിയന്ത്രണങ്ങൾക്കനുസരിച്ച് അടിസ്ഥാനസൗകര്യങ്ങൾ വെട്ടിക്കുറക്കാൻ നിർബന്ധിതരാകുന്നു. ഇത് കുട്ടികളുടെ കാര്യശേഷിയെയും മത്സരക്ഷമതയെയും ബാധിക്കുന്നു. പുറം രാജ്യങ്ങളിലും മറ്റും അനേകർ ജോലി നോക്കിപ്പോകുന്ന കേരളത്തെ സംബന്ധിച്ച് ഇതിന്റെ പ്രാധാന്യം പറഞ്ഞറിക്കേണ്ടതില്ല. വെറുതെ ഒരു സർട്ടിഫിക്കറ്റ് കിട്ടുന്നതാണോ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. അത് വ്യാജന്മാർ ഇഷ്ടം പോലെ നൽകുന്നുണ്ടല്ലോ?

ഈ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും വിദ്യാഭ്യാസം ജനകീയമാക്കുന്നതിനും സ്വാശ്രയ സ്ഥാപനങ്ങൾ വഹിക്കുന്ന പങ്ക് തിരിച്ചറിയപ്പെടേണ്ടതുണ്ട്. സർക്കാർ ചെയ്യേണ്ടതും എന്നാൽ ചെയ്യാത്തതുമായ കാര്യമാണ് അവർ ചെയ്യുന്നത്. അതിനാൽ അവയെ പോൽസാഹിപ്പിക്കുകയാണ് വേണ്ടത്. തൊഴിലാളികളുടെയും മറ്റും അവകാശങ്ങൾക്ക് വേണ്ടി വാചാലമാകുന്നവർ വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുന്നവർ പ്രതിഫലമെടുക്കുന്നതിനെ എതിർക്കുന്നത് എങ്ങനെ ന്യായീകരിക്കും? ആ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ആയിരങ്ങളെ അവർ പരിഗണിക്കാത്തതെന്ത്?

പാവപ്പെട്ട വിദ്യാർത്ഥികൾക്ക് സഹായം വേണമെന്നുള്ളത് ശരിയാണ്. പക്ഷെ അത് സ്വാശ്രയ സ്ഥാപനങ്ങളുടെ ഉത്തരവാദിത്വം മാത്രമാണെന്ന് കരുതുന്നതാണ് തെറ്റ്. “ലാഭമെടുക്കാൻ അവകാശമുള്ള” മറ്റുള്ളവർക്കാണ് അതിന് കുടുതൽ ഉത്തരവാദിത്വം. അതിന് വേണ്ടി എല്ലാവർക്കും ബാധകമായിട്ടുള്ള ഒരു പ്രത്യേക ടാക്സ് കൊണ്ട് വരുന്നതിന് നമുക്ക് സർക്കാരിൽ സമ്മർദ്ദം ചെലുത്തിക്കുടേ?

ഇനി ഇതിന്റെ രാഷ്ട്രീയ-സാമുദായിക വശങ്ങൾ പരിശോധിക്കാം. ആരാന്റെ ചിലവിൽ മക്കളെ ഫ്രീയായി പഠിപ്പിക്കാം എന്ന് പാമരജനങ്ങളെ വ്യാമോഹിപ്പിച്ച് അതിൽ നിന്ന് രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണ് ഇവിടെ സ്ഥാപിത താൽപ്പര്യക്കാർ ചെയ്യുന്നത്. കുറച്ച് ഭാഗ്യശാലികൾക്ക് അതിനവസരം ലഭിച്ചേക്കാം. ബാക്കിയുള്ളവർ തമിഴ്നാട്ടിലേക്കും കർണ്ണാടകത്തിലേക്കും വണ്ടി കയറേണ്ടി വരുമെന്നുറപ്പാണ്. പക്ഷെ ഇതിലും ഗുരുതരമായ പാർശ്വ ഫലം സമൂഹത്തിലുണ്ടാകുന്ന സംഘർഷങ്ങളാണ്. വർഗ്ഗീയ ധ്രുവീകരണം വരെ ഇത് മൂലമുണ്ടാകുന്നു. (ഈ ധ്രുവീകരണം തന്നെയും മുതലാക്കാൻ നോക്കുന്നവരുമുണ്ട്.) ഇവിടെ പ്രധാനമായും സ്വാശ്രയ/എയിഡഡ് സ്ഥാപനങ്ങൾ നടത്തുന്നത് വിവിധ ജാതി/മത വിഭാഗങ്ങളാണ്. തങ്ങളുടെ സമുദായങ്ങളുടെ ഉന്നമനം പ്രാഥമികമായി ലക്ഷ്യം വെച്ചാണ് അവ നടത്തുന്നതെങ്കിലും മറ്റ് സമുദായങ്ങൾക്കും അതിന്റെ ഗുണഫലം കിട്ടുന്നുണ്ട്. മതങ്ങൾ വഹിക്കുന്ന നിർമ്മാണാത്മകമായ പങ്കാണ് ഇത് ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ ക്രിയാത്മകമായ ഒന്നും ചെയ്യാതെ മറ്റുള്ളവരുടെ പ്രയത്നഫലം ചുളുവിൽ തട്ടിയെടുക്കുകയും അതേ സമയം അവരെ കച്ചവടക്കാരെന്ന് ആക്ഷേപിക്കുകയും അവരുടെ സ്ഥാപനങ്ങൾ ആക്രമിക്കുകയും ചെയ്യുന്ന തികച്ചും സദാചാര വിരുദ്ധമായ പ്രവർത്തനമാണ് ഇവിടെ നടക്കുന്നത്. അതിന് പറ്റിയ സദാചാരനിയമങ്ങളാണ് അവരുടെ ഈ സൃഷ്ടിയെന്ന് മനസ്സിലാക്കാം.

സദാചാര വിഷയങ്ങളിൽ കൃത്രിമം കാണിക്കുന്നത് എത്ര ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ഇതെല്ലാം തെളിയിക്കുന്നു. അതിനാൽ കച്ചവടം മോശമായ ഒരു സംഗതിയല്ലെന്നും വിദ്യാഭ്യാസത്തിന് മാത്രമായി പ്രത്യേക സദാചാര നിയമങ്ങൾ ഇല്ലെന്നും നാം അംഗീകരിക്കേണ്ടതുണ്ട്. മതാചാര്യന്മാർ പോലും കച്ചവടം ചെയ്യുകയും അതിന് അനുവാദം നൽകുകയും ചെയ്തത് കൊണ്ട് അവർ മോശക്കാരായിരുന്നില്ലെന്നും സമൂഹനന്മക്കും സമാധാനത്തിനും അത് അത്യാവശ്യമാണെന്നുമാണ് ഇവിടെ വ്യക്തമാകുന്നത്.

ചെയ്യാത്തത് പറയരുതെന്നും, അന്യന്റെ മുതൽ ആഗ്രഹിക്കരുതെന്നും, സ്വപ്രയത്നത്താൽ സ്വന്തം കാര്യങ്ങൾ നിറവേറ്റണമെന്നുമെല്ലാം പറഞ്ഞത് കൊണ്ടാണ് അവർക്ക് അവരുടെ കാലഘട്ടത്തിൽ പല എതിർപ്പുകളും നേരിടേണ്ടി വന്നത്. എന്നാൽ അവരുടെ നയങ്ങൾ ശരിയായിരുന്നെന്ന് പിന്നീട് ലോകം അംഗീകരിച്ചു-നിരീശ്വരവാദികൾ പോലും. അത് തന്നെ പ്രഖ്യാപിക്കാൻ ഇന്നും ഏതെങ്കിലും രാഷ്ട്രീയപ്പാർട്ടി തയ്യാറാകുമോ? ജനങ്ങളുടെ അധമചിന്തകളെ പരിപോഷിപ്പിച്ച് അതിൽ നിന്ന് രാഷ്ട്രീയമുതലെടുപ്പ് നടത്താൻ ശ്രമിക്കാതെ സത്യം ഉള്ളത് പോലെ പറയാൻ- വിദ്യാഭ്യാസം മോഷ്ടിക്കുകയോ പിടിച്ച് പറിക്കുകയോ അല്ല കച്ചവടം ചെയ്യുകയാണ് വോണ്ടതെന്ന് – ആരുണ്ട് തയ്യാർ?

Advertisements