യോനിയിൽ മുളകുപൊടി തേച്ചാൽ എങ്ങിനിരിക്കും? ലിംഗത്തിൽ ക്രിക്കറ്റ് ബോൾ കൊണ്ടാലോ?

584

✒️ Edwin Jilsy Peter

യോനിയിൽ മുളകുപൊടി തേച്ചാൽ എങ്ങിനിരിക്കും? ലിംഗത്തിൽ ക്രിക്കറ്റ് ബോൾ കൊണ്ടാലോ?

(ഇനി പറയുന്ന എല്ലാം സാങ്കൽപ്പികമാണ്. അങ്ങിനെ അല്ലെന്ന് തോന്നിയാൽ വെറും യാദൃച്ഛികം!)

സംഭവം -1
കൂട്ടുകാരിയുടെ അനിയത്തിക്ക് മാനസികരോഗമാണ് (schizophrenia). എല്ലാ മാനസിക രോഗങ്ങൾക്കും കാരണം ബാധ കൂടിയതാണെന്ന് അറിയാത്തവർ കേരളത്തില്‍ കുറവായിരിക്കും. സ്വാമിയും നാട്ടുവൈദ്യനുമായയാൾ ബാധ ഒഴിപ്പിക്കാനെത്തി. തലച്ചോറിലോട്ട് നേരിട്ടെത്തുന്ന ശാസ്ത്രീയ ചികിത്സാ രീതിയായിരുന്നു. 22 വയസ്സായ ആ കൊച്ചിന്റെ യോനിയിൽ സ്വാമി മുളക്പൊടി തേച്ചു! യോനിയിൽ ഒരുപാട് ന്യൂറോൺസ് ഉള്ളതിനാൽ അവിടെ ഒരു തലച്ചോറിലിരിക്കുന്നുണ്ടെന്ന് കണ്ടെത്തിയത് ഈ വൈദ്യരാണെന്നാണ് നാസ പറയുന്നത്.

സംഭവം – 2
വൈകുന്നേരം ക്രിക്കറ്റ് കളിക്കിടയിൽ ലിംഗത്തിൽ പന്തുകൊണ്ടു. വീട്ടിൽ വേദനയോടെ തിരിച്ചെത്തി. നോക്കുമ്പോൾ ലിഗോദ്ധാരണമുണ്ടായിട്ടുണ്ട്. അസഹ്യ വേദനയും. ഞാൻ പറഞ്ഞു കൊടുത്തു – “ആറ് മണിക്കൂറിൽ കൂടുതല്‍ വൈകിക്കുന്നത് മണ്ടത്തരമാണ്. ആറുമണിക്കൂർ വേദനയോടെ ലിംഗോദ്ധാരണം ഉണ്ടാകുന്നത് നിസ്സാരമായി കാണരുത്. കോശങ്ങള്‍ നശിക്കാൻ സാധ്യതയുണ്ട്. ഇനിയും വൈകാതെ ആശുപത്രിയില്‍ പോകണം” പക്ഷേ…

പിറ്റേന്ന് രാവിലെ വരെ അവൻ പോയില്ല. കാരണം എന്താണെന്നോ? വീട്ടുകാരും നാട്ടുകാരും ലിഗോദ്ധാരണം ഉണ്ടായതറിയുമെന്ന നാണക്കേട്. രാത്രിമുഴുവനും അസഹ്യമായ വേദനയും സഹിച്ച് മണിക്കൂറുകളോളം ഉദ്ധരിച്ച ലിംഗവുമായി ആരോടും പറയാതിരുന്നു!

അറിയാൻ മേലാഞ്ഞിട്ട് ചോയിക്ക്യാ… ലൈംഗികാവയവങ്ങളും അവയവങ്ങളാണെന്ന് നമ്മളെന്നാ ഇനി പഠിക്കാൻ പോണേ? അതിനും രോഗങ്ങൾ വരും. മറ്റ് അവയവങ്ങളെ ചികിത്സിക്കുന്നതുപോലെ ചികിത്സിക്കണം. നേർത്ത തൊലിയുള്ള ലൈംഗികാവയവങ്ങളിൽ മുളക് പൊടി തേക്കുന്നതല്ല മാനസിക രോഗത്തിന് ചികിത്സ. എല്ലാത്തിനുമുപരിയായി തലച്ചോറിലെ കുഴപ്പത്തിന് പാവം യോനിയെന്ത് തെറ്റ് ചെയ്തു?!

തലമുടി ഭംഗിയാക്കാനും മസ്സിലുണ്ടാക്കാനും പണിയെടുക്കുന്നതിന്റെ പകുതിയെങ്കിലും കഷ്ടപ്പെട്ട് അറിവുണ്ടാക്കിയാൽ ലൈംഗികാവയങ്ങൾക്ക് കുറച്ചൂടെ സമാധാനം കിട്ടിയേനേ…! രോഗങ്ങൾ ഇല്ലാതിരുന്നേനേ…! ലൈംഗികാവയങ്ങളെല്ലാം ‘അശ്ലീലമാവുന്ന’, പരസ്യമായി ഇതേപ്പറ്റിയൊന്നും പറയാന്‍ പാടില്ലാത്ത നാട്ടില്‍, ഇങ്ങനൊക്കെയുണ്ടായില്ലെങ്കിലേ അത്ഭുതമുള്ളൂ.

നമ്മുടെ തെറികൾ തന്നെ നോക്കൂ. എല്ലാം ലൈംഗികാവയവങ്ങളാണ്. നമ്മളെ ലൈംഗികാവയവത്തിന്റെ പേരുവിളിക്കുന്നതിനേക്കാൾ അപമാനമായി വേറൊന്നുമില്ല. എന്നാ എല്ലാവരുടേയും ഉത്ഭവം ഇവിടുന്നാണ് താനും! ബാക്കിയെല്ലാം പഠിപ്പിക്കുന്ന ബയോളജി ടീച്ചർ പറയും എട്ടാം പാഠം നിങ്ങൾ വീട്ടിൽ പോയി വായിച്ചാൽ മതിയെന്ന്. ഒരു ശരാശരി മലയാളിക്ക് ആൻജിയോഗ്രാമും ആൻജിയോപ്ലാസ്റ്റിയും എങ്ങിനാ ചെയ്യാ എന്നറിയാം. പക്ഷേ…

ലൈംഗികാവയവങ്ങൾ എന്താ കറുത്തിരിക്കുന്നേ എന്നറിയില്ല, ബ്രാ എന്നും ഇടുന്നോണ്ട് എന്തേലും ഉപകാരമുണ്ടോ എന്നറിയില്ല, മരുന്ന് തേച്ചാൽ ലിംഗത്തിന് നീളം കൂടുമോ എന്നറിയില്ല, യോനിയിലൂടെയാണോ മൂത്രം വരുന്നതെന്നറിയില്ല, സെക്സും ജെൻഡറും തമ്മിലുള്ള വ്യത്യാസം പോലും അറിയില്ല. ലൈംഗികതയെപ്പറ്റിയും ലൈംഗികാവയവങ്ങളെപ്പറ്റിയും ഒരു ചുക്കുമറിയില്ല.
എവിടൊക്കെ അറിവില്ലായ്മയുണ്ടോ, ഉറപ്പിച്ചോളൂ അവിടൊക്കെ ചൂഷണവുമുണ്ടാകും!