ഒരു കുഞ്ഞ് ജനിച്ചാൽ ലിംഗമില്ലെങ്കിൽ ലിംഗമുള്ള മറ്റൊരാൾക്ക് കൈമാറുന്ന വരെയുള്ള സൂക്ഷിപ്പുകാരാണ് ഇന്ത്യയിൽ മാതാപിതാക്കള്‍

32

Edwin Peter

കേരളത്തില്‍ ലിംഗസമത്വമുണ്ട് എന്ന് ഇങ്ങോട്ട് ഫോൺ വിളിച്ച് വാദിച്ച ഒരു കൂട്ടുകാരി എനിക്കുണ്ടായിരുന്നു. (വായിക്കുന്നെങ്കിൽ മുഴുവനും വായിക്കണേ… കൊറേ ട്വിസ്റ്റുള്ളോണ്ടാ! ) “നീ പറഞ്ഞ് നടക്കുന്നത് പോലെയല്ല. എന്നെയും എന്റെ അനിയനേയും ഒരുപോലെയാണ് വീട്ടുകാർ കാണുന്നത്. അങ്ങിനെയുള്ള വീടുകളില്ല എന്ന് ഞാൻ പറയുന്നില്ല. പക്ഷേ വിദ്യഭ്യാസമുള്ള മാതാപിതാക്കള്‍ അങ്ങിനെയല്ല. എന്റെ അച്ഛൻ ഡോക്ടറാണ് അമ്മയ്ക്കും ഉയർന്ന വിദ്യഭ്യാസമുണ്ട്. വിദ്യാഭ്യാസം ഉയരുന്നതിനനുസരിച്ച് ഇത് ഇല്ലാതായിക്കോളും. നിങ്ങൾ കാര്യങ്ങളെ എക്സാഗെറേറ്റ് ചെയ്യുകയാണ്”

ഒരു കുഞ്ഞ് ജനിച്ചാൽ കാലിനിടയിൽ ലിംഗമില്ല എന്ന് കണ്ടാൽ ലിംഗമുള്ള മറ്റൊരാൾക്ക് കൈമാറുന്ന വരെയുള്ള വസ്തുവിന്റെ സൂക്ഷിപ്പ് കാരാണ് ഇന്ത്യയിൽ മാതാപിതാക്കള്‍. നിന്റെ വീട്ടുകാർ അങ്ങിനെയാണെന്ന് ഞാൻ പറയുന്നില്ല. പക്ഷേ കുറേയാൾക്കാർ അങ്ങിനാണ്. അവർക്ക് ഒരു പോത്തിനെ വാങ്ങിയത് പോലാണ് പെൺമക്കള്‍.

വിശക്കുമ്പോൾ കാടി കലക്കിക്കൊടുക്കും പുല്ല് തീറ്റാൻ കൊണ്ടോവും കുളത്തിൽ ആനന്ദത്തോടെ കുളിക്കാനുള്ള സ്വാതന്ത്യം ‘കൊടുക്കും’. പോത്ത് വളരുന്നതിനനുസരിച്ച് പുല്ല് തിന്നുമ്പോൾ കെട്ടുന്ന കയറ് കൂടുതലഴച്ച് കൊടുക്കും. ഒന്ന് പോത്തിന്റെ വിശപ്പ് മാറണം, രണ്ട് പോത്തിന് അത്യാവശ്യം സ്വാതന്ത്ര്യം അനുവദിക്കുന്നതിൽ നന്ദിയുണ്ടാവേം ചെയ്യും. കയറ് ഇത്രേയുള്ളൂ എന്ന് അറിയുന്ന പോത്തും വലിച്ച് കെട്ടിയ പോത്തും കരഞ്ഞ് ഒച്ചയെടുക്കും. കാര്യാക്കണ്ട നല്ല രണ്ടടി കൊടുത്താൽ മതി.കയറിന് നല്ല നീളമുള്ള പോത്തുകളും കിടന്നിടത്ത് തന്നെ വേണ്ട പുല്ലുള്ള പോത്തുകളും ഇവരെന്തിനാണിങ്ങനെ കരയുന്നതെന്ന് ചിരിക്കും. “ഉടമ ഒരു കള്ളനും കൊടുക്കാതെ വിശാലമായ തൊഴുത്ത് പണിത് ഞങ്ങളെയൊക്കെ വളർത്തുന്നുണ്ടല്ലോ? നന്ദി വേണം നന്ദി”. നല്ലപോത്ത് കല്ല്യാണമാർക്കറ്റിൽ വേഗം വിറ്റുപോകും. ഇവടെ ചെറിയ വ്യത്യാസമുണ്ട്. പോത്തിനെ ഇങ്ങോട്ട് കാശുവാങ്ങിയാണ് വിൽക്കുന്നതെങ്കിൽ പെണ്ണിനെ അങ്ങോട്ട് കാശുകൊടുത്താണ് തലയിൽ നിന്നൊഴുവാക്കുന്നത്. മാർക്കറ്റിൽ വിറ്റു പോവാത്ത പോത്ത് കച്ചവടക്കാരന്റെ ഉള്ളിലെ തീയ്യാണ്. പിന്നെ പോത്തിനേക്കൊണ്ടെന്തിന് കൊള്ളാം!” ഇനിയാണ് ട്വിസ്റ്റ്…

ഞാനിങ്ങനെ ആരേം കണ്ടിട്ടില്ലേ’ എന്ന് പറഞ്ഞ് വച്ചിട്ടുപോയയാൾ പിറ്റേന്ന് പിന്നേം വിളിച്ചു. അവൾ ഭക്ഷണം കഴിക്കുമ്പോൾ അച്ഛനോട് സെക്കന്‍ഡ് സ്റ്റെഡ് കുത്തിക്കോട്ടേയെന്ന് ചോദിച്ചു. “അയ്യോ മോളേ കോസ്റ്റോകോൺഡ്രൈറ്റിസ് വരാന്‍ സാധ്യതയുണ്ട് അത് ചെയ്യണ്ട” എന്ന് ഡോക്ടറച്ഛൻ പറഞ്ഞു. ‘ആദ്യത്തെ കാത് കുത്തിയപ്പോഴും ഇതേ കോസ്റ്റോകോൺഡ്രൈറ്റിസ് ഒന്നും ഇണ്ടായില്ലേ’ എന്ന് മനസ്സിൽ വന്നെങ്കിലും അത് കടിച്ചിറക്കി “എന്നാ മൂക്കുകുത്താലേ?” എന്ന് ചോദിച്ചു. ഇത്തവണ ഉത്തരം പറഞ്ഞത് അമ്മയാണ്.”എല്ലാ ആണുങ്ങൾക്കും മൂക്ക് കുത്തുന്നത് ഇഷ്ടമല്ല. മൂന്നു നാല് കൊല്ലത്തിനുള്ളിൽ നിന്നെ കെട്ടിച്ച് വിടും. അപ്പൊ ആ ചെക്കന് ഇഷ്ടമാണെങ്കിൽ നീ കാതോ മൂക്കോ കുത്തിക്കോ. നിന്റെ ഇഷ്ടങ്ങൾക്ക് ഞങ്ങള്‍ എന്നെങ്കിലും എതിര് നിന്നിട്ടുണ്ടോ?” ഇനിയാണ് ട്വിസ്റ്റോട് ട്വിസ്റ്റ്…
ഇത്രേം പറഞ്ഞിട്ട് ഓള് എന്നോട് പറയാ…” സമാധാനത്തോടും സന്തോഷത്തോടെയും ജീവിച്ചിരുന്ന എന്റെ ജീവിതം നീ നശിപ്പിച്ചു. ഇനി മേലാൽ ഇങ്ങനെ ആവശ്യമില്ലാത്ത കാര്യൊന്നും ഒരാളോടും പറഞ്ഞേക്കരുത്. ഞങ്ങളൊന്നും സമാധാനത്തോടെ ജീവിക്കുന്നത് നിനക്കിഷ്ടമല്ല” എന്ന്പുല്ല്… എനിക്കെന്തിന്റെ കേടാർന്നു!