Sanuj Suseelan
കോവിഡ് പിടിച്ചു ശോചനീയാവസ്ഥയിലുള്ള ഒരു കഥയെയും തിരക്കഥയെയും തനിക്കറിയാവുന്ന മരുന്നുകൾ മുഴുവൻ പ്രയോഗിച്ച് രക്ഷപ്പെടുത്താൻ നാദിർഷാ നടത്തുന്ന ശ്രമമാണ് ഈശോ എന്ന ചിത്രം. ആവർത്തന വിരസമായ ഡയലോഗുകളും ഇത്തരമൊരു കഥയിൽ സ്ഥിരം വരുന്ന ക്ലിഷേ കഥാപാത്രങ്ങളും ആർക്കും ഊഹിക്കാവുന്ന ക്ലൈമാക്‌സും കൂടിയായപ്പോൾ എല്ലാം തികഞ്ഞു. ഈ ചിത്രത്തിൽ ഏറ്റവും മികച്ചതും ഓർമ്മയിൽ തങ്ങി നിൽക്കുന്നതും ജാഫർ ഇടുക്കി മാത്രമാണ്. ജയസൂര്യ ഇതിൽ പുതുതായൊന്നും ചെയ്തിട്ടില്ലെന്ന് മാത്രമല്ല ചില സീനുകളിൽ അത്യാവശ്യം മുഷിപ്പിക്കുന്നുമുണ്ട്. കൂടുതലും കോമഡി റോളുകൾ ചെയ്യുന്നതുകൊണ്ടാവണം ജോണി ആന്റണിയുടെ കഥാപാത്രത്തെ ഇൻട്രൊഡ്യൂസ് ചെയ്യുന്ന സീനിൽ അനാവശ്യമായ ഒരു തമാശ ചേർത്തിട്ടുണ്ട്. നല്ല ക്യാരക്ടർ റോളുകൾ വൃത്തിക്ക് ചെയ്യാൻ കഴിവുള്ളയാളാണ് ലവ് പോലുള്ള ചിത്രങ്ങളിൽ തെളിയിച്ചിട്ടുള്ളയാളാണ് അദ്ദേഹം. ജോണി ആന്റണിയെ അത്തരമൊരു മുഴുനീള റോളിൽ കണ്ടാൽ കൊള്ളാമെന്നുണ്ട്. ചിത്രത്തിന്റെ തുടക്കത്തിൽ കാണിക്കുന്ന ആ കൊച്ചു പെൺകുട്ടിയും മനോഹരമായി അഭിനയിച്ചിട്ടുണ്ട്. മികച്ച ഛായാഗ്രഹണം, സൗണ്ട് ഇഫക്ട്സ്, ലൊക്കേഷനുകൾ ഒക്കെയുണ്ടെങ്കിലും ദുർബലമായ കഥയെ മറച്ചു പിടിക്കാൻ അതിനൊന്നിനും കഴിയുന്നില്ല. പക്ഷെ നാദിർഷായ്ക്ക് നല്ലൊരു കഥ കിട്ടിയാൽ ഉഗ്രൻ ത്രില്ലറും എടുക്കാൻ പറ്റുമെന്ന് ഇത് കണ്ടാൽ തോന്നാതിരിക്കില്ല. ഈ കഥയുടെ പേരിലാണല്ലോ കുറച്ചു നാൾ മുമ്പ് കേസും വഴക്കുമൊക്കെ നടന്നതെന്നോർക്കുമ്പോളാണ് ചിരി വരുന്നത്.